കേരള മോഡൽ വിദ്യാഭ്യാസം; വേണം ഒരു പുനരാലോചന
സി. മുഹമ്മദ് അജ്മൽ
2024 നവംബർ 16, 1446 ജു. ഊലാ 14

ഇപ്പോഴത്തെ എസ്എസ്എൽസിയുടെ സ്ഥിതി നിങ്ങൾക്ക് അറിയാമല്ലോ! 20 മാർക്ക് ഒരധ്യാപകന് കൊടുക്കാം. അതിനു ചില നിബന്ധനകളുണ്ട്. പക്ഷേ, ഇന്നിപ്പോൾ എന്താണ് സ്ഥിതി? കണ്ണടച്ചുകൊണ്ട് എല്ലാവർക്കും ഇരുപത് മാർക്ക്. അതിനൊരവസരമുണ്ടാവേണ്ടതായിട്ടുണ്ട്. പഠിക്കുന്ന കുട്ടികളെ അംഗീകരിക്കേണ്ടതായിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയിൽ കഴിഞ്ഞ തവണ 99% വിജയം നേടിയപ്പോൾ ആ പരീക്ഷ നടത്തിപ്പിന് ചെലവായത് ഒരു കോടി രൂപയാണ്. അപ്പോൾ ഞാനിവിടെ സൂചിപ്പിച്ചത്, എന്തിനാ ഒരു കോടി ചെലവഴിക്കുന്നത്? എസ്എസ്എൽസി എഴുതിയ എല്ലാവരും ജയിച്ചെന്ന് പ്രഖ്യാപിച്ചാൽ പോരേ?’’ ഈ വാക്കുകൾ ഏതെങ്കിലും പ്രതിപക്ഷ എംഎൽഎയുടെതല്ല. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അധിപനായ മന്ത്രി വി.ശിവൻ കുട്ടി തന്റെ വകുപ്പ് നടത്തുന്ന ഏറ്റവും സുപ്രധാന പരീക്ഷയായ എസ്എസ്എൽസി പരീക്ഷയുടെ നിലവാരത്തെ കുറിച്ചും മൂല്യനിർണയത്തെ കുറിച്ചും തിരുവനന്തപുരത്ത് നടന്ന ഒരു വിദ്യാർഥി സമ്മേളനത്തിൽ നടത്തിയ ശക്തമായ സ്വയം വിമർശനമാണ്!
‘ആൾ പ്രൊമോഷൻ നയം നിർത്തലാക്കാൻ പോവുകയാണ്’ എന്നും ‘അത് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്’ എന്നും മന്ത്രി വിലയിരുത്തി. ഇതോടൊപ്പം ബാലസംഘം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഒരു താക്കീതും കൂട്ടിവായിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “അപ്പോൾ സബ്ജക്ട് മിനിമം ഒന്നും ആവശ്യമില്ല; നമ്മൾ പാസായി പോയാൽ മതി! അതിനു കുറെ വക്താക്കളും! എവിടേക്കാണ് എത്തിക്കുന്നത്? നാം നമ്മുടെ നാടിനെ പുറകോട്ടടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു സമൂഹത്തിൽ ഒരുകൂട്ടം ആളുകളെ ഇത്തരം കാര്യങ്ങൾക്ക് പറ്റാത്തവരാക്കി മാറ്റിത്തീർക്കുകയാണ് ഒരു വിഭാഗം ചെയ്യുന്നത്. എല്ലാ രംഗത്തും മത്സരാധിഷ്ഠിത കാര്യങ്ങളല്ലേ നടക്കുന്നത്?’’
പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സംസാരങ്ങൾ കൂട്ടിവായിക്കുമ്പോൾ ഉയരുന്ന ചില സ്വാഭാവികമായ ചോദ്യങ്ങളുണ്ട്. വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർച്ചയുണ്ട് എന്നും അവിടെ മാറ്റങ്ങൾ വേണമെന്നും ഭരണപക്ഷംതന്നെ വിലയിരുത്തി പുതിയ നിലപാടുകളിലേക്കെത്തുമ്പോൾ -മുഖ്യമന്ത്രി പറഞ്ഞതുപോലെ-അതിനെ എതിർക്കുകയും നമ്മുടെ നാടിനെ പുറകോട്ടടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാരാണ്? നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ എന്താണ്? പരിശോധിക്കാം:
വിദ്യാഭ്യാസം: കേരളം മോഡൽ
മാനവ വിഭവശേഷി സൂചികകളിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസരംഗത്തും അസൂയാവഹമായ നേട്ടങ്ങൾ നമുക്കുണ്ട്. എല്ലാ കുട്ടികളെയും സ്‌കൂളുകളിൽ എത്തിക്കാൻ നമുക്ക് സാധിക്കുന്നു. പല സർക്കാർ സ്‌കൂളുകളും സിബിഎസ്ഇ സ്‌കൂളുകളോട് കിടപിടിക്കുന്നതാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളിൽ നാം കൈവരിച്ച മുന്നോക്കാവസ്ഥ വിദ്യാഭ്യാസ നിലവാരത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ടോ എന്നൊരു വീണ്ടുവിചാരം അത്യാവശ്യമാണ്. 2007ലാണ് ഞാൻ പത്താം ക്ലാസ് പാസ്സാകുന്നത്. അന്ന് പരീക്ഷയെഴുതിയ നാലര ലക്ഷം കുട്ടികൾ 4269 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ+ ലഭിച്ചത്. 2013ൽ മുഴുവൻ വിഷയങ്ങളിലും എ+ ലഭിച്ച കുട്ടികളുടെ എണ്ണം 40000 കവിഞ്ഞു. 2020ൽ പരീക്ഷയെഴുതുന്ന കുട്ടികൾ 4.2 ലക്ഷമായി കുറഞ്ഞപ്പോൾ എ+ കാരുടെ എണ്ണം 40000 ആയി! ഈ വർഷം പരീക്ഷയെഴുതിയ 4.27 ലക്ഷം കുട്ടികളിൽ 71831 പേർക്കാണ് മുഴുവൻ എ+ ലഭിച്ചത്. എന്താണ് ഈ ഡാറ്റ സൂചിപ്പിക്കുന്നത്? ഇതിൽനിന്ന് പ്രത്യക്ഷത്തിൽ ഒരാൾക്ക് എത്താവുന്ന അനുമാനം കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം 2013ൽ നിന്ന് 2024ൽ എത്തുമ്പോഴേക്ക്-അതായത് ഒരു പതിറ്റാണ്ടുകൊണ്ട്-7 ഇരട്ടിയായി വർധിച്ചു എന്നാണ്! എന്നാൽ ഇതല്ല വസ്തുത എന്നത് എല്ലാവർക്കും അറിയാവുന്നതാണ്.
വർഷങ്ങളായി എ+കാരുടെ എണ്ണം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് നമ്മൾ. എന്നാൽ ഇതിൽ എത്രയാളുകൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ഉന്നത കലാലയങ്ങളിൽ എത്തിപ്പെടുന്നുണ്ട്? ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മലയാളികളുടെ എണ്ണം കുറവാണ്. 17000 ആളുകൾ വരുന്ന റാങ്ക് ലിസ്റ്റിൽ ഓരോ വർഷവും 250ൽ താഴെ മലയാളികൾ മാത്രമാണ് ഉണ്ടാവാറ്. CUET പരീക്ഷ വന്നതിനു ശേഷം ഡൽഹി യൂണിവേഴ്‌സിറ്റിയിലും മറ്റു കേന്ദ്ര സർവകലാശാലകളിലും അഡ്മിഷൻ നേടിയ മലയാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. CUET നിലവിൽ വരുന്നതിനു തൊട്ടുമുമ്പുള്ള വർഷം 2500ൽപരം വിദ്യാർഥികൾ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പ്ലസ് റ്റു മാർക്കിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയെങ്കിൽ CUET വന്നതോടെ അത് 400ൽ താഴെയായി കുറഞ്ഞു. ഇതെല്ലാം നമ്മെ ആശങ്കാകുലരാക്കേണ്ടതുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മൾ എത്തുന്നില്ല എന്നു മാത്രമല്ല, കേരളത്തിലെ മത്സര പരീക്ഷകളിലും കേരള സിലബസ് പഠിച്ച വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേരള എഞ്ചിനീയറിംഗ് എൻട്രൻസിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് പ്ലസ് റ്റു മാർക്കും എൻട്രൻസ് മാർക്കും 50% വീതം പരിഗണിച്ചാണ്. ഇത്തവണ രണ്ട് പരീക്ഷകൾക്കും മുഴുവൻ മാർക്ക് വാങ്ങിയ, കേരള സിലബസിൽ പഠിച്ച വിദ്യാർഥിക്ക് ലഭിച്ച റാങ്ക് 25 ആണ്! ഒന്നാം റാങ്ക് ലഭിക്കേണ്ട വിദ്യാർഥിക്ക് എങ്ങനെ 25ാം റാങ്ക് ലഭിച്ചു? കേരള സിലബസിൽ മുഴുവൻ എ+ വാങ്ങിയ കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയതുകൊണ്ട് സിബിഎസ്ഇ കുട്ടികളുടെ റിസൾട്ടുമായി നടത്തിയ നോർമലൈസേഷൻ പ്രക്രിയയിലൂടെ കേരള സിലബസിൽ ഓരോ കുട്ടിക്കും 25ലധികം മാർക്കാണ് നഷ്ടപ്പെട്ടത്! സി ബിഎസ്ഇ വിദ്യാർഥികൾക്ക് 8 മാർക്ക് കൂടുതലും ലഭിച്ചു. ലിബറൽ മൂല്യനിർണയവും വളരെ എളുപ്പമായ പരീക്ഷകളും കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിനയാകുന്നു കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ആരാണ് നയം മാറ്റങ്ങളെ എതിർക്കുന്നത്?
വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട നയം മാറ്റങ്ങളെ എതിർക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞത് ആരെക്കുറിച്ചാണ് എന്ന ചോദ്യത്തിനുത്തരം വളരെ രസകരമാണ്. എ+കാരുടെ എണ്ണം കൂടുതലാണ് എന്നും എട്ടാം ക്ലാസ്സുവരെ തുടർന്ന് വരുന്ന ആൾ പ്രമോഷൻ സിസ്റ്റം മാറ്റി ഓരോ വിഷയത്തിനും മിനിമം മാർക്ക് വാങ്ങണം എന്ന നയം സ്വീകരിക്കും എന്നുമുള്ള പൊതു വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത് ഇടതുപക്ഷ സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വലിയ സ്വാധീനം വർഷങ്ങളായി പരിഷത്ത് പുലർത്തിയിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പരിഷത്തുകാരനായിരുന്നു. പരിഷത്തിന്റെ നിലപാടുകളിൽനിന്ന് സർക്കാർ തിരിഞ്ഞുനടക്കുന്നു എന്ന സൂചനയാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇടതുപക്ഷ സർക്കാരിന്റെ മാറുന്ന വിദ്യാഭ്യാസ നയത്തിനെതിരെ ഇടതുപക്ഷ സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ‘തോൽപിച്ചാൽ നിലവാരം കൂടുമോ’ എന്ന പേരിൽ കാസറഗോഡ് മുതൽ തിരുവനന്തപുരംവരെ വിദ്യാഭ്യാസ ജാഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പരിഷത്തിന്റെ വാദത്തിൽ കുട്ടികളെ തോൽപിക്കുക എന്നത് അരിച്ചുമാറ്റലാണ്. തോൽപിച്ചതുകൊണ്ട് ഗുണനിലവാരം വർധിക്കുമോ എന്നതാണ് പരിഷത്തിന്റെ പ്രധാന ചോദ്യം. ഈ വിഷയത്തിൽ പരിഷത്ത് പുറത്തിറക്കിയ ലഘുലേഖയിൽ നിരവധി വാദമുഖങ്ങൾ ഉയർത്തുന്നുണ്ട്. തോൽക്കുക/ജയിക്കുക എന്ന ദ്വന്ദത്തിൽ ചർച്ചയെ ചുരുക്കിക്കെട്ടുന്നതുകൊണ്ട് ഇവിടെ പ്രത്യേകിച്ച് ഗുണമില്ല. കേവലം ഒരു ആൾ പ്രമോഷൻ സിസ്റ്റം മാത്രമല്ല ഇവിടെ ചർച്ചയാവേണ്ടത്. കുട്ടികളെ തോൽപിച്ചതുകൊണ്ട് മാത്രം ഇതിനു പരിഹാരമാവില്ല; അത് മാത്രമാണ് പോംവഴി എന്ന വാദവും ആർക്കുമില്ല. എന്നാൽ കുട്ടികൾക്കാർക്കും അവരുടെ കഴിവുകൾ കണ്ടെത്താൻ സാധിക്കുന്നില്ല. ഏത് വിഷയങ്ങളിലാണ് അവർ മുന്നിൽ നിൽക്കുന്നത്, അല്ലെങ്കിൽ പിന്നിലായി പോകുന്നത് എന്ന് നിർണയിക്കാൻ കഴിയുന്നില്ല. പിന്നിലാകുന്ന വിഷയങ്ങളിൽ മെച്ചപ്പെടണം എന്ന ഫീഡ്ബാക്ക് നമ്മുടെ വ്യവസ്ഥ അവർക്ക് നൽകുന്നില്ല.
പരീക്ഷകളിൽ എന്ത് ചോദിക്കുന്നു എന്നത് ആർക്കും പ്രവചിക്കാവുന്നതാണ്. അതിനാൽതന്നെ കുട്ടികൾ പരീക്ഷയെ ഗൗരവമായി എടുക്കുന്നില്ല. തലേദിവസം യൂട്യൂബിൽ ക്‌ളാസ്സുകൾ കണ്ട് നല്ല ഗ്രേഡ് നേടിയെടുക്കാവാതേയുള്ളൂ. എട്ടാം ക്ലാസ്സുവരെ എല്ലാവരെയും പാസാക്കുന്നതുകൊണ്ട് അവിടെയും കുട്ടികളും അധ്യാപകരും അക്കാദമിക്‌സിനെ ഗൗരവമായി സമീപിക്കുന്നില്ല. പരിഷത്തിന്റെ രസകരമായ വാദങ്ങളിലൊന്ന് 30% സബ്ജക്ട് മിനിമം വയ്ക്കുന്നത് കേവലം മിനിമം നിലവാരത്തിൽ മാത്രം കുട്ടികളെ എത്തിക്കാൻ അധ്യാപകർക്കുള്ള ഒഴിവുകഴിവാകും എന്നതാണ്. വളരെ വിചിത്രവും യുക്തിക്ക് നിരക്കാത്തതുമായ വാദമാണിത്. ഇപ്പോഴത്തെ രീതിയിലുള്ള ആൾ പ്രൊമോഷൻ സിസ്റ്റത്തിൽ അധ്യാപകന് യാതൊരുവിധ അക്കൗണ്ടബിലിറ്റിയും ഇല്ല. അതിനാൽ 30% പോയിട്ട് അതിലും താഴെയാണ് കുട്ടികൾ ഉള്ളത്.
പ്രഥം എന്ന എൻജിഒ 2022ൽ പുറത്തിറക്കിയ ASER എന്ന വാർഷിക റിപ്പോർട്ട് പ്രകാരം കേരളത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളിൽ രണ്ട് നമ്പറുകൾ കൊടുത്താൽ ഹരിക്കാൻ അറിയാവുന്നത് കേവലം 44% പേർക്കാണ്; സർക്കാർ സ്‌കൂളുകളിൽ 39%വും സ്വകാര്യ സ്‌കൂളുകളിൽ 54%വും. 2012ൽ ഇത് 75% ആയിരുന്നു. ഹൈസ്‌കൂളിൽ എത്തുന്ന പകുതിയിലധികം വിദ്യാർഥികൾക്കും ഹരിക്കാൻ അറിയില്ലെങ്കിൽ നമ്മുടെ കുട്ടികൾ എങ്ങനെയാണ് ഭാവിയിൽ ഉന്നത കലാലയങ്ങളിലും ഉദ്യോഗങ്ങളിലും എത്തിച്ചേരുക എന്ന് ചിന്തിക്കുക. നിരന്തര മൂല്യനിർണയം എല്ലാവർക്കും 20 മാർക്ക് നൽകാനുള്ള കേവലം ഉപാധിയായി മാറിയിരിക്കുന്നു. അത് നേടിക്കഴിഞ്ഞാൽ എഴുത്തുപരീക്ഷയിൽ ജയിക്കാൻ 80ൽ വെറും 10 മാർക്കാണ് വേണ്ടത്. എങ്ങനെ നോക്കിയാലും തോൽക്കാനാണ് പ്രയാസം! എന്നിരിക്കെ ഈ ചർച്ച തോൽവിയിൽ ചുരുക്കിക്കെട്ടുന്നത് മുഖ്യമന്ത്രി പറഞ്ഞതുപോലെ നാടിനെ പിന്നോട്ട് നയിക്കലാണ്.
കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തകർച്ച വ്യാജനിർമിതിയാണ് എന്നൊരു വാദവും പരിഷത്ത് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ കണക്കുകൾവച്ച് ഈ കുറിപ്പിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2.75% പ്രാതിനിധ്യമാണ് നമ്മുടെ ജനസംഖ്യവച്ച് നമുക്ക് പ്രതീക്ഷിക്കാവുന്നത്. ജെഇഇ പരീക്ഷയിൽ ഇത് കേവലം 1.1% മാത്രമാണ്. മറ്റു മത്സര പരീക്ഷകളിലും അങ്ങനെ തന്നെ. നാം അൽപമെങ്കിലും മുന്നിലുള്ളത് NEET പരീക്ഷയിലാണ്-
അതിനു കാരണം എത്ര തവണ വേണമെങ്കിലും റിപ്പീറ്റ് ചെയ്യാം എന്നുള്ളതാണ്. പ്ലസ് ടുവിന്റെ കൂടെത്തന്നെ ക്വാളിഫൈ ചെയ്ത് പോകാവുന്ന പരീക്ഷക്ക് വേണ്ടി മൂന്നോ നാലോ വർഷം ചെലവഴിക്കുന്നത് കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷം നമ്മൾ കാണാതെപോയിക്കൂടാ.
ASER പ്രകാരമുള്ള കണക്കുകൾ നമ്മൾ പറഞ്ഞു. നാഷണൽ അച്ചീവ്‌മെന്റ് സർവേയിലും നമ്മൾ ഇതര സംസ്ഥാനങ്ങളെക്കാൾ പിന്നിലാണ്. ഈ കണക്കുളോടെല്ലാം അന്ധതനടിച്ച് നമുക്ക് എങ്ങനെയാണ് മുന്നോട്ടു പോകാൻ സാധിക്കുക? നിലവാരത്തകർച്ച എന്ന വാദം കോച്ചിംഗ് ക്ലാസ്സുകൾക്ക് വേണ്ടിയുള്ള ഉപാധിയാണ് എന്നതാണ് പരിഷത്തിന്റെ മറ്റൊരു ന്യായം. കോച്ചിംഗ് എന്നത് എന്തോ ഒരു മോശം കാര്യമാണ് എന്നൊരു ആഖ്യാനം സൃഷ്ടിച്ചതുകൊണ്ട് പ്രശ്‌നം തീരുമോ? എവിടെയെല്ലാം പൊതു വിദ്യാഭ്യാസം പൂർണമായും മതിയാവാതെ വരുമോ അവിടെയെല്ലാം പരിശീലനം അഥവാ കോച്ചിംഗ് കടന്നുവരും. നല്ലൊരു ഫുട്‌ബോളറെയുണ്ടാക്കാൻ നമ്മുടെ പൊതുവിദ്യാഭ്യാസ വ്യവസ്ഥക്ക് മാത്രം കഴിയുമോ? അവർക്ക് പ്രത്യേക പരിശീലനം വേണ്ടേ? യുഎസ്എസ്, എൻഎംഎസ്എസ് തുടങ്ങിയ പരീക്ഷകൾക്ക് സ്‌കൂളുകളിൽ തന്നെ പ്രത്യേകം കോച്ചിംഗ് നൽകുന്നില്ലേ? ‘വിജയഭേരി’ പോലെയുള്ള, വിജയ ശതമാനം കൂട്ടുന്നതിൽ ഗണ്യമായ പങ്കുവഹിച്ച പ്രോഗ്രാമുകൾ പ്രത്യേക പരിശീലന പരിപാടികളല്ലേ? അപ്പോൾ, കോച്ചിംഗിനോട് വിമുഖത കാണിച്ചതുകൊണ്ട് കാര്യമില്ല. എന്നാൽ പരിശീലനം എല്ലാവർക്കും പ്രാപ്യമാണോ എന്നത് ന്യായമായ ചോദ്യമാണ്. അതിനുള്ള മാർഗങ്ങൾ സൃഷ്ടിക്കേണ്ടത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാധ്യതയുമാണ്.
കഴിഞ്ഞ മാസമാണ് KITES വകുപ്പിന്റെ കീഴിൽ ‘കീ ടു എൻട്രൻസ്’ എന്ന പേരിൽ സൗജന്യമായ എൻട്രൻസ് പരിശീലന ക്ലാസ്സുകൾ തുടങ്ങിയത്. കോച്ചിംഗിനെ പൂർണമായും തള്ളുന്നതുവഴി കുട്ടികൾക്ക് അവരുടെ സവിശേഷമായ കഴിവുകളെ മുന്നോട്ട് കൊണ്ടുവരാനുള്ള അവസരം കൂടിയാണ് നഷ്ടമാകുന്നത് എന്നതാണ് യാഥാർഥ്യം. ചുരുക്കത്തിൽ, വളരെ ദുർബലമായ വാദങ്ങളാണ് പരിഷത്ത് മുന്നോട്ട് വയ്ക്കുന്നത്. എതിർശബ്ദങ്ങൾ ഉയർത്തിയാൽ അവർ സിബിഎസ്ഇ ലോബിയായി വിശേഷിപ്പിക്കപ്പെടും, എലൈറ്റിസ്റ്റ് ചാപ്പകൾ അവർക്ക് ലഭിക്കും.
സാമൂഹിക നീതിയിൽ കാലൂന്നിത്തന്നെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നതാണ് ഇന്നിന്റെ ആവശ്യം. വിദ്യാഭ്യാസ രംഗത്ത് സോഷ്യലിസം നടപ്പാക്കുന്നത് മേലോട്ട് പൊങ്ങുന്നവനെ പിടിച്ച് താഴോട്ട് വലിച്ച് ശരാശരിയിലേക്ക് കൊണ്ടുവന്നല്ല; പല കാരണങ്ങളാൽ താഴെയായിപ്പോയവരെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രത്യേക പരിശ്രമങ്ങളിലൂടെയാണ്. അതിന് ഇവിടെ പ്രശ്‌നമുണ്ട് എന്ന് സമ്മതിക്കാൻ തയ്യാറാവണം. ആ അംഗീകാരം പരിഷത്തിൽ കാണുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും പ്രസ്താവനകളിലുണ്ട് എന്നത് ആശാവഹമാണ്. നമ്മുടെ കുട്ടികളുടെ ഭാവി സംരക്ഷിക്കാനായി പുതിയ തീരുമാനങ്ങളെടുക്കാനുള്ള ശാസ്ത്രീയ ഇച്ഛാശക്തി ഭരണാധികാരികൾക്കുണ്ടാകും എന്ന് പ്രത്യാശിക്കാം!

