ഇസ്‌ലാമിലെ സ്ത്രീ; യുക്തിവാദികളുടെ യുക്തിരഹിത ആരോപണങ്ങൾ
ഉസ്മാൻ പാലക്കാഴി
2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച് യുക്തിഭദ്രമായി അവതരിപ്പിക്കുന്നവരും എല്ലാ മതങ്ങളെയും വിമർശിക്കുന്നവരുമാണ് കേരളത്തിലെ യുക്തിവാദികൾ എന്ന ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് തെറ്റായ ധാരണയാണ്. യുക്തിയും ബുദ്ധിയുമില്ലാത്ത, കടുത്ത ഇസ്‌ലാംമത വിദ്വേഷം നിറഞ്ഞുനിൽക്കുന്ന, സംഘപരിവാറിന്റെ വാലാട്ടികളായി മുന്നോട്ടുപോകുന്നവരായി ഇക്കൂട്ടർ അധഃപതിച്ചിരിക്കുന്നു.
ഇസ്‌ലാമിനെ വിമർശിക്കുന്നതിൽ യാതൊരു നീതിബോധവും ഇവർ കാണിക്കാറില്ല. ഇസ്‌ലാമിനെ വിമർശിക്കാൻ ലഭിക്കുന്ന ഏതൊരു വിഷയവും ഉപയോഗിച്ച് ഇസ്‌ലാമിനെയും പ്രവാചകനെയും പരിഹസിക്കുന്ന സ്വഭാവവും, സന്ദർഭങ്ങളും പശ്ചാത്തലങ്ങളും പരിഗണിക്കാതെയുള്ള വിലയിരുത്തലു കളിലൂടെ ഇസ്‌ലാമിനെ കടന്നാക്രമിക്കാനുള്ള വാസനയും യുക്തിവാദികൾ ഒരു ഐഡന്റിറ്റിയായി കൊണ്ടുനടക്കുന്നു. ഈ പ്രവണതക്ക് എമ്പാടും ഉദാഹരണങ്ങൾ ഉദ്ധരിക്കുവാൻ കഴിയും.
‘യുക്തിവിചാരം’ മാസികയുടെ 2005 ഫെബ്രുവരി ലക്കത്തിൽ വന്ന ഒരു ലേഖനം ഉദാഹരണമായി എടുക്കാം. ‘മുസ്‌ലിം സഹോദരിമാരുടെ ശ്രദ്ധക്ക്’ എന്ന പേരിൽ മുംതാസ് ബീഗം കോഴിക്കോട് എഴുതിയതാണ് ആ ലേഖനം. നിരവധി തവണ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള, ഇസ്‌ലാമിലെ സ്ത്രീയുടെ വ്യക്തിത്വ, സാമൂഹ്യപരിഗണനകൾ, അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രസ്തുത ലേഖനത്തിൽ ചർച്ച ചെയ്യാൻ ശ്രമിക്കുന്നതെങ്കിലും ആശയപരവും താത്വികവുമായ സംവാദത്തിന്റെ തലത്തിലേക്ക് ഉയരാതെ വിമർശിക്കാൻ വേണ്ടിയുള്ള വിമർശനമായി അവസാനിക്കുകയാണ് ചെയ്യുന്നത്. ‘മുംതാസ് ബീഗം കോഴിക്കോട്’ എന്ന പേരിൽ ഏതോ യുക്തിവാദി പടച്ചുണ്ടാക്കിയ വികലമായ ആ ലേഖനം ആശയ പാപ്പരത്തത്തിന്റെ മികച്ച തെളിവാണ്.
ഇസ്‌ലാമിലെ സ്ത്രീ എക്കാലത്തും വിമർശകരുടെ ഒരു തുറുപ്പുചീട്ടാണ്. ഇസ്‌ലാം സ്ത്രീയെ എങ്ങനെ പരിഗണിക്കുന്നു എന്ന് വസ്തുനിഷ്ഠമായി പരിശോധിച്ചറിയാതെയാണ് വിമർശനങ്ങളെല്ലാം ഉയർന്നു വരാറുള്ളത്. യുക്തിവിചാരത്തിലെ ലേഖനവും അത്തരത്തിലുള്ളതാണ്.
ലേഖനത്തിൽ ഇപ്രകാരം വായിക്കാം: “ചിന്താശേഷിയും ബുദ്ധിയും വിവേകവുമുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ വ്യക്തമാണ് ഇസ്‌ലാമിലെ സ്ത്രീ-പുരുഷ വിവേചനം. മതം അനുസരിച്ച് ജീവിക്കുവാൻ വിധിക്കപ്പെടുന്ന വ്യക്തികൾ എന്ന നിലയിൽ സ്ത്രീയെയും പുരുഷനെയും പരിഗണിക്കുമ്പോൾ പോലും, പുരുഷന് വളരെ പിന്നിലാണ് ഇസ്‌ലാം സ്ത്രീക്ക് കൽപിക്കുന്ന സ്ഥാനം. ഖുർആനും മതത്തിന്റെ ഇതര പ്രമാണങ്ങളും മുന്നോട്ടുവെക്കുന്ന നിയമങ്ങൾ നൂറ് ശതമാനം സ്ത്രീ വിരുദ്ധവും പുരുഷാധിപത്യപരവുമാണ്. ഈ യാഥാർഥ്യം കണ്ടെത്തുവാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഇസ്‌ലാമിൽ മോചനം ലഭ്യമാവുക സാധ്യവുമല്ല.’’
“ഇസ്‌ലാം പുരുഷന് സ്ത്രീക്കുമേൽ നൽകുന്ന അധികാരവും ആധിപത്യവും സുവ്യക്തമായ ഒരു ഖുർആനിക ആശയമാണ്. പുരുഷനെ സ്ത്രീകളുടെ കൈകാര്യകർത്താക്കൾ എന്നാണ് ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നത്. ആടുമാടുകൾ, സ്വത്തുക്കൾ, ഉപഭോഗ വസ്തുക്കൾ തുടങ്ങിയവ പോലെ കൈകാര്യം ചെയ്യാവുന്ന വ്യക്തിത്വമില്ലാത്ത വസ്തുക്കളായി സ്ത്രീകളെ പാർശ്വവൽകരിക്കുന്ന കുടിലത താഴെ പറയുന്ന ഖുർആൻ വചനത്തിൽ കാണാം.’’
തുടർന്ന് ഉദ്ധരിക്കുന്നത് ക്വുർആനിലെ 4:34 വചനമാണ്. ഈ വചനത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘ക്വവ്വാമൂന’ എന്ന പദത്തിൽ പിടിച്ചാണ് ക്വുർആനിന്റെ പുരുഷാധിപത്യ സ്വഭാവം തെളിയിക്കാൻ ശ്രമിച്ചിരിക്കുന്നത്. ക്വുർആൻ വചനങ്ങൾക്ക് ചില പരിഭാഷകളിൽ നൽകിയിരിക്കുന്ന ആശയ വിവർത്തനങ്ങൾ ഉദ്ധരിക്കുകയും സ്വന്തം വിവരമില്ലായ്മ നിരത്തി ആശയപാപ്പരത്തം മറച്ചുപിടിക്കുകയും ചെയ്യുന്ന ശൈലി ഇവിടെ പ്രകടമാണ്
‘ക്വവ്വാമുൻ’ എന്ന പദത്തിന് പൊതുവെ അർഥം കൽപിക്കപ്പെട്ടു വരുന്നത് ‘കൈകാര്യ കർത്താവ്’ എന്നാണ്. കന്നുകാലികളെ പോലെ കൈകാര്യം ചെയ്യാൻ അധികാരമുള്ളവൻ എന്ന് ഇതിനെ വിശേഷിപ്പിച്ചത് യുക്തിവാദിയുടെ വിവരമില്ലായ്മയാണ്. ഒരു യുക്തിവാദി ‘എന്റെ മക്കളുടെ കാര്യമെല്ലാം ഞാനാണ് നോക്കി നടത്തുന്നത്’ എന്നു പറയുമ്പോൾ മക്കളെ കന്നുകാലികളെ പോലെ പരിഗണിക്കുന്നു എന്നാണോ ഉദ്ദേശിക്കാറുള്ളത്? കാര്യങ്ങൾ യഥാവിധി നിർവഹിക്കുന്നവൻ, എല്ലാ ധാർമിക വശങ്ങളും ശ്രദ്ധിച്ചു കാര്യനിർവഹണം നടത്തുന്നവൻ എന്നൊക്കെയാണ് അതിന്റെ വിശാലമായ അർഥം. സ്ത്രീകളെ സംബന്ധിച്ച് സാമൂഹിക, വൈയക്തിക, ശാരീരിക, സാമ്പത്തിക, മേഖലകളിലെല്ലാം നീതിയും അർഹതയും അവകാശവുമായിട്ടുള്ള വശങ്ങൾ പരിഗണിച്ചുകൊണ്ട് കുടുംബത്തിൽ കാര്യങ്ങൾ നിർവഹിക്കുന്നവൻ എന്നാണ് 4:34ലെ ‘ക്വവ്വാമുൻ’ എന്നതിന്റെ അർഥം. ഏതെങ്കിലും തരത്തിലുള്ള അനീതിയോ അതിക്രമമോ ദൈവിക നിയമവിരുദ്ധതയോ ഇല്ലാത്ത കൃത്യതയാണ് പുരുഷനിലെ നിയന്ത്രണാധികാരത്തിന്റെ മാനദണ്ഡവും സവിശേഷതയും. ക്വുർആൻ ചൂണ്ടിക്കാണിക്കുന്ന നീതിയുക്തമായ പരിചരണത്തെ നിരാകരിക്കുന്ന യുക്തിവാദികൾ സ്ത്രീകൾക്കുവേണ്ടി വാദിക്കുന്നവരാകുന്നതെങ്ങനെ?
അമാനി മൗലവി ഈ സൂക്തത്തെ വിശദീകരിക്കവെ എഴുതിയത് കാണുക: “സ്ത്രീകളുടെ നേതൃത്വം പുരുഷൻമാർക്കാണെന്നു പറഞ്ഞതുകൊണ്ട്-ആധുനികതയുടെ ചിത്തഭ്രമം പിടിപെട്ടവർ കരുതാറുള്ളതുപോലെ - സ്ത്രീകൾക്ക് ഇസ്‌ലാം സ്വാതന്ത്ര്യം അനുവദിച്ചിട്ടിെല്ലന്നോ, അവർ പുരുഷൻമാരുടെ അടിമകളായിരിക്കുവാനാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നതെന്നോ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. സ്ത്രീ പുരുഷൻമാർ തമ്മിലുള്ള അവകാശങ്ങളെ ഒറ്റവാക്യത്തിൽ കണക്കുതീർത്തു വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ
(അവരുടെ-സ്ത്രീകളുടെ-മേൽ ബാധ്യതയുള്ളതുപോലെ സദാചാരമര്യാദ പ്രകാരം അവരോടും ബാധ്യതയുണ്ട്. പുരുഷൻമാർക്ക് അവരെക്കാൾ ഒരു പദവിയുണ്ടുതാനും 2:228). കൂടുതൽ വിവരം അവിടെ കഴിഞ്ഞുപോയിട്ടുള്ളതുകൊണ്ട് ഇവിടെ വിവരിക്കുന്നില്ല. ആ പദവിയുടെ വിശദീകരണം മാത്രമാണ് ഈ വചനത്തിൽ കാണുന്നത്. ഈ വചനം അവതരിച്ച സന്ദർഭം കൂടി അറിയുന്നതു നന്നായിരിക്കും. ഒരു പുരുഷൻ തന്റെ മകളെയും കൂട്ടിക്കൊണ്ടു നബിﷺയുടെ അടുക്കൽ വന്ന് അവളെ അവളുടെ ഭർത്താവു തല്ലിയതായി കേസ്സു പറയുകയുണ്ടായി. അതു പാടില്ലാത്തതാണെന്നും, അതിനു പ്രതികാരം ചെയ്യാമെന്നും നബിﷺ പറഞ്ഞു. ഈ അവസരത്തിലാണിത് അവതരിച്ചതെന്നു ഇബ്‌നുജരീർ(റഹി) മുതലായ ചിലർ പല മാർർഗങ്ങളിലൂടെ നിവേദനം ചെയ്തിരിക്കുന്നു. ചില രിവായത്തുകളിൽ ആ സ്ത്രീ അവളുടെ ഭർത്താവുമായി പിണങ്ങിയതുകൊണ്ടാണ് അവൻ അടിച്ചതെന്നും, മറ്റു ചില രിവായത്തുകളിൽ, ഈ വചനം അവതരിച്ചപ്പോൾ നബിﷺ ‘ഞാൻ ഒരു കാര്യം ഉദ്ദേശിച്ചു; അല്ലാഹു മറ്റൊന്നും ഉദ്ദേശിച്ചു’ എന്ന് പറഞ്ഞതായും വന്നിരിക്കുന്നു.’’
സ്ത്രീകളുടെ സുരക്ഷിത ജീവിതത്തിനാവശ്യമായ സംവിധാനങ്ങൾ ശ്രദ്ധിക്കുവാൻ ദൈവിക ഗ്രന്ഥമാ യ ക്വുർആനിലൂടെ പുരുഷന് നൽകപ്പെടുന്ന ചുമതലയെ ‘അവനെ സ്ത്രീയിൽ നിരുപാധികം സ്വാധീനം ചെലുത്തുവാൻ അധികാരപ്പെടുത്തുന്നതാണെ’ന്ന് യുക്തിവാദികൾ ദുർവ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.
ക്വുർആനിലെ സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിക്കപ്പെടുന്ന പരാമർശങ്ങൾ യഥാർഥത്തിൽ സ്ത്രീയെ സുരക്ഷിതമായ ജീവിതത്തിലേക്ക് നയിക്കുന്നതിനാവശ്യമായ സംവിധാനത്തിന്റെ ഭാഗമാണ്. ഈ സംവിധാനത്തെ നിരാകരിക്കുന്നവരാണ് യഥാർഥത്തിൽ സ്ത്രീവിരുദ്ധരുടെ പക്ഷത്ത് അണിനിരക്കുന്നവർ.
‘ഇസ്‌ലാമിലെ സ്ത്രീ-പുരുഷ വിവേചനം വ്യക്തവും ലളിതവുമായി മനസ്സിലാക്കാൻ പറ്റുന്നതുമാണ്’ എന്നു പറയുന്നവർ പക്ഷേ, പ്രകൃതിയിലെ വിവേചനം മറക്കുകയാണോ? പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമായി നിലനിൽക്കവെ അവർക്കിടയിൽ വിവേചനം സ്വാഭാവികമല്ലേ! പുരുഷൻ എന്തുകൊണ്ട് സ്ത്രീയുടെ ചുമതലകൾ വഹിക്കുകയും പ്രസവിക്കുകയും അമ്മയും സഹോദമിയുമായി വർത്തിക്കുകയും ചെയ്യുന്നില്ല? പ്രകൃത്യാതന്നെ സ്ത്രീപുരുഷന്മാർക്കിടയിൽ ചില ഭിന്നതകളും വിവേചനങ്ങളും പ്രകടമാണെന്നിരിക്കെ പുരുഷനെപ്പോലെ സ്ത്രീയും എല്ലാ രംഗങ്ങളിലും പരിഗണിക്കപ്പെടണം എന്ന വാശി ദുർവാശിയല്ലേ?
‘ഇസ്‌ലാം അനുസരിച്ച് ജീവിക്കാൻ വിധിക്കപ്പെടുമ്പോൾ പോലും സ്ത്രീയെ പുരുഷന് പിന്നിലായാണ് ഇസ്‌ലാം പരിഗണിക്കുന്നത്’എന്ന് വിമർശനം ഉന്നയിക്കുന്നവർ മതബാഹ്യമായ മേഖലയിൽ എവിടെ യെല്ലാമാണ് ആധുനിക കാലഘട്ടത്തിലും വനിതകൾ പുരുഷനോടൊപ്പമായി പരിഗണിക്കപ്പെടുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അമൂർത്തമായ ഒരാശയം എന്ന നിലയിൽനിന്ന് അൽപം പോലും ഉയരാൻ കഴിഞ്ഞിട്ടില്ലാത്ത സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കാൻ ഉത്തരാധുനിക സാമൂഹ്യ പിന്തകർക്കു പോലും കഴിയുന്നില്ല എന്നതാണ് വാസ്തവം.
‘ക്വുർആൻ സ്ത്രീയെ വ്യക്തിത്വമില്ലാത്ത വസ്തുവായി കാണുന്നു’ എന്നതും അടിസ്ഥാനരഹിതമായ ആരോപണമാണ്. ഒരാളുടെ വ്യക്തിത്വമെന്നത് അയാളുടെ ജീവശാസ്ത്രസവിശേഷതകളും സാമൂഹി കസ്ഥാനവും ചുമതലകളും ഉത്തരവാദിത്തങ്ങളുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നതാണ്. പുരുഷനാകാൻ ഒരു സ്ത്രീ പരിശ്രമിക്കുകയാണെങ്കിൽ ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ അവയവമാറ്റം നടത്തുക എന്നതല്ലാതെ, മറ്റൊരു യോഗ്യതകൊണ്ടും സാധിക്കുകയില്ല. ഏതൊക്കെ പദവികൾ നേടിയാലും സ്ത്രീ പരിണമിച്ച് പുരുഷനാകുന്നില്ല. അതുകൊണ്ടുതന്നെ സ്ത്രീയെ പരിഗണിക്കുമ്പോൾ ക്വുർആൻ അവളുടെ ജൈവഘടനയും അതിന്റെ സവിശേഷതകളും പരിഗണിച്ചിട്ടുണ്ട്. ആ പരിഗണനയുടെ അടിസ്ഥാനത്തിലുള്ള നീതിപൂർവക നിലപാടുകളാണ് ക്വുർആനിലുള്ളത്. പുരുഷൻ സമൂഹത്തിലും ജീവിതത്തിലും വഹിക്കുന്ന വിപുലമായ ചുമതലകളും ഉത്തരവാദിത്തങ്ങളും സ്ത്രീക്ക് ബാധകമാക്കാതിരിക്കുകയും സ്ത്രീയുടെ നിലനിൽപിനും മുന്നോട്ടുപോക്കിനും പുരുഷന്റെകൂടി പരിചരണവും ശ്രദ്ധയും വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
‘പുരുഷനെ സ്ത്രീയുടെ മേൽ അധികാരപ്പെടുത്തിയിരിക്കുന്നു’ എന്നതിനെ സാമാന്യമായ അർഥത്തിൽ പരിഗണിക്കുന്നതുകൊണ്ടാണ് യുക്തിവാദികൾക്ക് സ്ത്രീകളെ വസ്തുവൽകരിക്കുകയാണ് ക്വുർആൻ ചെയ്തതെന്ന് പറയേണ്ടിവരുന്നത്. ‘ആടുമാടുകളെയും ഉപകരണങ്ങളെയും കൈകാര്യം ചെയ്യുവാൻ ഏൽപിക്കപ്പെടുന്ന കൈകാര്യകർത്താക്കളെ പോലെയാണ് സ്ത്രീകളുടെ ഉത്തരവാദിത്തം ഏൽപിക്കപ്പെടുന്ന പുരുഷന്മാരെ’ന്ന് യുക്തിവാദികൾ തെറ്റായി മനസ്സിലാക്കുകയും ആ തെറ്റായ മനസ്സിലാക്കലിന്റെ ഉത്തരവാദിത്തം ക്വുർആനിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.
ഇസ്‌ലാം ഉപാധികളോടെ പുരുഷന് അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വത്തെയും ലേഖനത്തിൽ കടന്നാക്രമിച്ചിരിക്കുന്നു. ബഹുഭാര്യത്വംപോലെ ബഹുഭർതൃത്വം എന്തുകൊണ്ട് പാടില്ല എന്നാണ് ചോദ്യം. അതിന്റെ അപ്രായോഗികതയും സ്ത്രീക്ക് അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും എന്തൊക്കെയെന്ന് അറിയാതെയല്ല ഈ ചോദ്യം. ഒരു സ്ത്രീക്ക് നാലു ഭർത്താക്കന്മാരുള്ള സാഹചര്യത്തിൽ കുട്ടികളുടെ പിതാവാരെന്നു നിശ്ചയിക്കാൻ ഓരോ പ്രസവശേഷവും ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരും.
ക്വുർആനിലെ 3:195 സൂക്തം ഉദ്ധരിച്ചശേഷം എഴുതുന്നു: “ഇസ്‌ലാം സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ സ്വാതന്ത്ര്യം നൽകുന്നു എന്നതിന്റെ തെളിവായി വിവിധ മുസ്‌ലിം സംഘടനകൾ ഉദ്ധരിക്കുന്ന ഒരു വചനമാണ് മുകളിൽ കാണിച്ചത്. സംഘടനാപ്രവർത്തനത്തിന്റെ കാര്യത്തിൽ സ്ത്രീകളുടെ മാനുഷികമായ ശേഷിയും പങ്കാളിത്തവും ഉപയോഗിക്കുന്നതിനുള്ള ചൂഷണപരമായ നിലപാടാണ് സത്യത്തിൽ 3:195 വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്. ഈ വചനം മക്കയിൽനിന്ന്
മദീനയിലേക്ക് പ്രവാചകനും അനുചരന്മാരും നടത്തിയ പലായന(ഹിജ്‌റ) പശ്ചാത്തലവുമായി ബന്ധപ്പെട്ട പരാമർശമാണ്.’’
“മദീനയിലെ മുസ്‌ലിംകൾക്ക് ഒരു സമുഹമായി വളർന്നുവരാൻ കഠിനമായ പ്രയത്‌നം ആവശ്യമായിരുന്നു. ആ ഘട്ടത്തിൽ സ്ത്രീകളുടെ പങ്കാളിത്തം നേടിയെടുക്കാനുള്ള ഒരു തന്ത്രമെന്ന രീതിയിലാണ് ഈ വചനം ഉപയോഗിക്കപ്പെട്ടത്. അതിനുശേഷം മുസ്‌ലിം സമൂഹം വളർന്ന് മുന്നേറിയപ്പോൾ സ്ത്രീ പിന്തള്ളപ്പെട്ടത് പല ഖുർആൻ വചനങ്ങളിലും കാണാവുന്നതാണ്. അതുപോലെതന്നെ കേസിൽ സാക്ഷി പറയുമ്പോൾ ഒരു പുരുഷന്റെ സാക്ഷിക്ക് തുല്യമാക്കാൻ രണ്ട് സ്ത്രീകൾ വേണം. അതായത് ഒരു പുരു ഷന്റെ പകുതിവിലയേ ഒരു സ്ത്രീക്കുള്ളൂ എന്നർഥം’’ (യുക്തിവിചാരം, 2005 ഫെബ്രുവരി, പേജ് 32-33).
ഇസ്‌ലാം സ്ത്രീക്ക് നൽകുന്ന സ്വാതന്ത്ര്യം യുക്തിപരവും ശാസ്ത്രീയവും നീതിപൂർവകവുമാണ്. മതം, വ്യക്തിജീവിതം എന്നിത്യാദി മേഖലകളിലെല്ലാം സ്ത്രീയുടെ ചിന്താപരവും കർമപരവുമായ പങ്കാളിത്തത്തെ ഇസ്‌ലാം വിലമതിക്കുന്നു. ബുദ്ധിപരമായ സംഭാവനകളും ആത്മീയ ജീവിതത്തിലെ മുന്നേറ്റവും സ്ത്രീക്ക് നിഷേധിക്കപ്പെടുന്നില്ല. സ്ത്രീയായിപ്പോയതിന്റെ പേരിൽ ഒരിക്കലും അവൾ അവഗ ണിക്കപ്പെടുന്നില്ല. ഈ വസ്തുതയുടെ പ്രഖ്യാപനമാണ് 3:195ൽ കാണുന്നത്.
ഹിജ്‌റയുടെ പശ്ചാത്തലത്തിൽ മാത്രം പ്രസക്തമായതും പിന്നീട് ഇസ്‌ലാമിൽനിന്ന് പുറംതള്ളപ്പെട്ടതുമായ ഒരാശയമാണ് 3:199ൽ ഉള്ളതെന്നത് യുക്തിവാദികളുടെതായ ദുർവ്യാഖ്യാനമാണ്.
വീടിന്റെ അതിരുകൾക്കുള്ളിൽ ബന്ധിതമായ വ്യക്തിത്വമായി മുസ്‌ലിം സ്ത്രീയെ ചിത്രീകരിക്കുക വിമർശകരുടെ പതിവാണ്. അത് ചരിത്രമറിയാത്തതുകൊണ്ടോ കണ്ടില്ലെന്നു നടിക്കുന്നതുകൊണ്ടോ ആയിരിക്കാം. പ്രവാചകന്റെ കാലം മുതൽ കുടുംബത്തിലെ ഉത്തരവാദിത്തം നിർവഹിക്കുന്നതോടൊപ്പം ഇസ്‌ലാമിക സമൂഹത്തിന്റെ ബഹുവിധങ്ങളായ കർമമേഖലകളിലെ സ്ത്രീ പങ്കാളിത്തത്തിന് നിരവധി തെളിവുകൾ ചരിത്രത്തിൽനിന്ന് ലഭ്യമാണ്. ക്രൈസ്തവ മിഷണറിമാർ പടച്ചുവിടുന്ന വികല ചരിത്രത്തിൽനിന്ന് ഉദ്ധരിക്കുമ്പോൾ യഥാർഥ ചരിത്രത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. ചരിത്രത്താളുകളിലെ തിളക്കമാർന്ന മുസ്‌ലിം വനിതാ വ്യക്തിത്വങ്ങളെക്കുറിച്ച് കേട്ടുകേൾവിപോലും ഉണ്ടാകാൻ സാധ്യതയില്ലാത്ത യുക്തിവാദികളും ‘യുക്തിവാദിനി’കളും കാര്യമറിയാതെ എന്തൊക്കയോ വിളിച്ചുപറയുകയാണ്.
സാക്ഷി പറയുന്ന ഘട്ടത്തിൽ ഒരു പുരുഷന് പകരം രണ്ട് സ്ത്രീകൾ ആവശ്യമാണ് എന്നു പറഞ്ഞതിനെ വിമർശിക്കുന്നവർ അത് സ്ത്രീകളുടെ മാനസിക-ശാരീരിക ഭിന്നതകളും അവസ്ഥകളും പരിഗണിച്ചായിരുന്നു എന്ന് മനസ്സിലാക്കുന്നില്ല. അത് ശാസ്ത്രീയതയും യുക്തിഭദ്രതയുമുള്ള ഒരു വസ്തുത കൂടിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ‘ഒരുവൾ പിഴച്ചുപോയാൽ മറ്റവൾ ഉണർത്തുവാൻ വേണ്ടി’ എന്ന് പരാമർശിച്ചുകൊണ്ട് ക്വുർആൻ തന്നെ സ്ത്രീകൾ രണ്ടുപേർ സാക്ഷിപറയുന്നതിലെ സാമാന്യ യുക്തി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കടമിടപാട് രേഖപ്പെടുത്തിവെക്കുന്ന രംഗത്തെ സാക്ഷി നിൽക്കലുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പരാമർശം.
ഇവിടെ ക്വുർആൻ കടമിടപാട് രേഖപ്പെടുത്തി വെക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ രീതിയും പഠിപ്പിക്കുകയാണ്. ആളുകൾ തമ്മിൽ കടമിടപാടുകൾ രേഖപ്പെടുത്തുമ്പോൾ സാക്ഷികളായി രണ്ടു പുരുഷന്മാർ ആവശ്യമുണ്ട്. രണ്ട് പുരുഷന്മാർ ഇല്ലായെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. എന്തുകൊണ്ടാണ് ഇവിടെ രണ്ടു സ്ത്രീകൾ വേണമെന്ന് പറഞ്ഞത്? അതിനു ക്വുർആനിൽ തന്നെ ഉത്തരമുണ്ട്: ‘നിങ്ങളിൽ പെട്ട രണ്ടുപുരുഷൻമാരെ നിങ്ങൾ സാക്ഷി നിർത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷൻമാരായില്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന സാക്ഷികളിൽനിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരിൽ ഒരുവൾക്ക് തെറ്റ് പറ്റിയാൽ മറ്റവൾ അവളെ ഓർമിപ്പിക്കാൻ വേണ്ടി.’’
സാധാരണഗതിയിൽ സാമ്പത്തിക ഇടപാടുകളും അതിന്റെ എഴുത്തുകുത്തുകളും മറ്റുമൊക്കെ ചെയ്യു ന്നത് പുരുഷന്മാരാണല്ലോ. അതുകൊണ്ടുതന്നെ പുരുഷന്മാർ അതിൽ പരിചയസമ്പന്നരായിരിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പൊതുവേ സാമ്പത്തിക ഇടപാടുകളുടെ കാര്യങ്ങളിൽ ധാരാളമായി ഇടപെടാത്തവരായതുകൊണ്ടുതന്നെ അവർക്ക് അതിൽ പരിചയക്കുറവുണ്ടാകും. കണക്കും കാര്യവും സ്ത്രീകൾ മറന്നു പോകാൻ സാധ്യത കൂടുതലാണ്. രണ്ടു പേരുണ്ടെങ്കിൽ എന്തെങ്കിലും കാരണവശാൽ ഒരാൾ മറന്നുപോയാൽ തന്നെ മറ്റെയാൾക്ക് ഓർമിപ്പിക്കാമല്ലോ എന്നാണ് ക്വുർആൻ പറഞ്ഞത്.
സ്ത്രീകളുടെ വാക്കിന് തീരെ വിലകൽപിക്കാതെയും സ്ത്രീകള നീതിന്യായ നിർവഹണ മേഖലകളുടെ സമീപത്തുപോലും അടുപ്പിക്കാതെയും നിരവധി വ്യവസ്ഥിതികൾ ലോകത്ത് നിലനിന്നിരുന്ന കാലത്താണ് ക്വുർആൻ സ്ത്രീയെ ഇങ്ങനെ പരിഗണിച്ചതെന്ന കാര്യം ഓർക്കുക. പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിൽ പോലും ബ്രിട്ടനിലെയും മറ്റുപല രാജ്യങ്ങളിലെയും നീതിപീഠങ്ങൾ സ്ത്രീയെ സാക്ഷി പറയുന്നതിൽനിന്ന് വിലക്കിയിരുന്നു എന്ന കാര്യം ഓർക്കുക!
സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്ന യുക്തിവാദികളിൽ എത്രപേർക്ക് സ്വന്തം കുടുംബത്തിൽ അത് പ്രാവർത്തികമാക്കാൻ കഴിയാറുണ്ട് എന്നുകൂടി ചിന്തിക്കുമ്പോഴാണ് അവരുടെ അവകാശ വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാവുക. സ്വന്തം ആദർശത്തിൽ കുടുംബത്തെ വളർത്താൻ കഴിയാത്തതിന്റെയും ഭാര്യമാർ യുക്തിവാദിനികൾ ആയിത്തീരാത്തതിന്റെയും പേരിൽ ദീനദീനം വിലപിച്ച് നടക്കുന്ന നിവേധി പാരമ്പര്യ യുക്തിവാദികളെ കേരളത്തിൽ കാണാം. സ്വന്തം കുടുംബത്തിൽ യുക്തിവാദം പറയാതെ മിണ്ടാപ്പൂച്ചകളായിരിക്കുന്ന പലരുമാണ് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും തലയിൽ കേറി സ്വന്തം പരാജയം മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്.
ഇസ്‌ലാം സ്ത്രീകളോട് കാണിക്കുന്ന ‘വിവേചന’ ത്തെക്കുറിച്ച് ലേഖനത്തിൽ തുടരുന്നത് ഇപ്രകാരമാണ്: “ഈ ഭൂമിയില ജീവിതത്തിലും സംവിധാനത്തിലും മാത്രമല്ല ഖുർആൻ സ്ത്രീകളോട് വിവേചനം കാണിച്ചിട്ടുള്ളത്. ഖുർആൻ ഉയർത്തിക്കാണിക്കുന്ന പരലോകജീവിതത്തിലും സ്ത്രീ പച്ചയായി അവഗണിക്കപ്പെടുകയാണ്. ഖുർആനിലെ സ്വർഗം പുരുഷന്റെ സുഖവാസ കേന്ദ്രമാണ്. സ്ത്രീക്കവിടെ ഒരു പരിഗണനയുമില്ല.’’
യുക്തിവാദത്തിന്റെ കാവിക്കണ്ണട മാറ്റിവെച്ചാൽ ക്വുർആനിനെക്കുറിച്ച് ഇപ്പറഞ്ഞത് ശരിയല്ല എന്ന് വ്യക്തമാകും. സൽകർമങ്ങൾ അനുഷ്ഠിക്കുന്നവർ സ്ത്രീയോ പുരുഷനോ ആയിരുന്നാലും അവരവരുടെ പ്രവർത്തനത്തിന് അനുസൃതമായ പ്രതിഫലം പരലോകത്ത് ലഭിക്കുമെന്നത് ക്വുർആനിലെ ഒരു പൊതുതത്ത്വമാണ്. നിരവധി സ്ഥലങ്ങളിലായി ഊന്നിപ്പറഞ്ഞഞ്ഞിട്ടുള്ള ഈ വസ്തുത നിഷേധിക്കാൻ- ക്വുർആൻ പ്രതിഫലത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നെന്ന് പറയാൻ - നീതിബോധമില്ലാത്തവർക്കേ കഴിയൂ. സ്വർഗനരകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളിലെവിടെയും ലിംഗപരമായ വിവേചനം ക്വുർആനിൽ കാണാൻ കഴിയില്ല. എന്നാൽ ‘അല്ലദീന ആമനൂ,’ ‘മൻ’ തുടങ്ങിയ, സ്ത്രീക്കും പുരുഷനും ബാധകമായ സർവനാമങ്ങൾ ഉപയോഗിച്ചുകൊണ്ട് കാര്യങ്ങൾ വിശദമാക്കുന്നത് ക്വുർആനിലുണ്ട്. ഭാഷയും ക്വുർആനിന്റെ ശൈലിയും അറിയാത്തവർ ഇതിൽനിന്നൊക്കെ വിവേചനം വായിച്ചെടുക്കുന്നത് സ്വന്തം അജ്ഞതയാണ് തെളിയിക്കുന്നത്.
യുക്തിവാദികൾ തെളിഞ്ഞതും പക്ഷപാതരഹിതവുമായ ബുദ്ധിയോടെ ക്വുർആനിലേക്ക് നോക്കട്ടെ കാര്യങ്ങൾ അപ്പോൾ വ്യക്തമാവുകയിന്നെ ചെയ്യും. എന്നാൽ വിമർശകരുടെ ഗ്രന്ഥങ്ങളെ അവലംബിച്ച് ക്വുർആനിൽ തെറ്റു കണ്ടെത്തുന്നവർക്ക് സത്യം മനസ്സിലാക്കാൻ കഴിയില്ല.

