‘നവ ഇസ്വ‌്ലാഹ്’ വാദികൾ പ്രമാണ നിരാസത്തിലേക്കോ?

മൂസ സ്വലാഹി കാര

2024 ആഗസ്റ്റ് 03, 1446 മുഹർറം 28

ഇസ്‌ലാമിനെ അതിന്റെ ആദിമ വിശുദ്ധിയിലേക്ക് നയിക്കുന്ന പ്രവർത്തനമായാണ് ഇസ്വ‌്ലാഹ് എന്ന പദത്തെ മുൻഗാമികൾ പരിചയപ്പെടുത്തുന്നത്. എന്നാൽ ‘പരിഷ്കരണ’ത്തിന്റെ പാരമ്യതയിൽ പ്രമാണ ബഹിഷ്കരണത്തിന്റെ പാതയിലേക്കാണ് ഒരു കൂട്ടർ ചെന്നുകയറുന്നത്. ഇത് വെട്ടിത്തെളിച്ചതാകട്ടെ ക്വുർആൻ സുന്നത്ത് സൊസൈറ്റിയുടെ പൂർവ്വഗാമികളാണ് താനും.

കേടായ ഒന്നിനെ നന്നാക്കിത്തീർക്കുന്ന പ്രവർത്തനമാണ് ഇസ്വ‌്‌ലാഹ്. മുസ്‌ലിം സമുദായത്തിൽ അള്ളിപ്പിടിച്ചിരുന്ന അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, തൗഹീദിനെതിരായ വിശ്വാസങ്ങൾ പോലുള്ള എല്ലാവിധ കേടുപാടുകളും നീക്കം ചെയ്ത് അവരെ ഇസ്‌ലാമിന്റെ ആദിമവിശുദ്ധിയിലേക്ക് നയിക്കുന്ന പ്രവർത്തനത്തെ മുൻഗാമികളായ പണ്ഡിതന്മാർ ഇസ്വ‌്‌ലാഹ് എന്നു വിശേഷിപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

എന്നാൽ ഇന്ന് ഇസ്‌ലാമിന്റെ ആദിമവിശുദ്ധിയിലേക്ക് ക്ഷണിക്കുന്ന പ്രവർത്തനത്തോട് ചില തൽപര കക്ഷികൾക്ക് പുച്ഛമാണുള്ളത്. അവരുടെ വീക്ഷണത്തിൽ ഇസ്വ‌്‌ലാഹ് എന്നത് ഇസ്‌ലാമിനെ കാലത്തിനനുരിച്ച് പരിഷ്‌കരിക്കലാണ്. അതിനുവേണ്ടി പ്രമാണനിഷേധത്തിനും അവർ ധൈര്യം കാണിക്കുന്നു!

നബിﷺയുടെ കാലത്തെ കപടവിശ്വാസികളെക്കുറിച്ച് അല്ലാഹു പറയുന്നു: “നിങ്ങൾ നാട്ടിൽ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, ഞങ്ങൾ സൽപ്രവർത്തനങ്ങൾ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാൽ യഥാർഥത്തിൽ അവർതന്നെയാകുന്നു കുഴപ്പക്കാർ. പക്ഷേ, അവരത് മനസ്സിലാക്കുന്നില്ല’’ (ക്വുർആൻ 2:11,12).

ഞങ്ങൾ നല്ലതു മാത്രമെ ചെയ്യുന്നുള്ളൂ എന്നു വാദിച്ച കപടന്മാരുടെ മറ്റൊരു പ്രതികരണം കാണുക. അല്ലാഹു പറയുന്നു: ‘മറ്റുള്ളവർ വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ ‘ഈ മൂഢൻമാർ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ’ എന്നായിരിക്കും അവർ മറുപടി പറയുക. എന്നാൽ യഥാർഥത്തിൽ അവർ തന്നെയാകുന്നു മൂഢൻമാർ. പക്ഷേ, അവരത് അറിയുന്നില്ല’’ (2:13).

‘ഈ മൂഢൻമാർ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ’ എന്നു ചോദിച്ചവർ ‘ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു’ എന്നു പറഞ്ഞ് തങ്ങളുടെ കാപട്യം പ്രകടമാക്കുന്നത് കാണുക; അല്ലാഹു പറയുന്നു: “വിശ്വാസികളെ കണ്ടുമുട്ടുമ്പോൾ അവർ പറയും; ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്. അവർ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോൾ അവരോട് പറയും: ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങൾ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു’’ (2:14).

“അവരുടെ മനസ്സുകളിൽ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവർക്ക് രോഗം വർധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവർക്കുണ്ടായിരിക്കുക’’ (2:10)

ഇത്രയും പറഞ്ഞത് കാപട്യത്തിന്റെ അടയാളങ്ങളായി അല്ലാഹുവും നബിﷺയും പറഞ്ഞുതന്ന കാര്യങ്ങൾ നമ്മെ ബാധിക്കാതിരിക്കാതിരിക്കാനുള്ള ജാ ഗ്രത പാലിക്കണമെന്ന് അറിയിക്കാൻ വേണ്ടിയാണ്.

സലഫുസ്സ്വാലിഹുകളുടെ വഴിവിട്ട് സഞ്ചരിക്കാൻ തുടങ്ങിയാൽ പിന്നെ സംഭവിക്കുക ഇസ്‌ലാമിന്റെ യഥാർഥ പാതയിൽനിന്നുള്ള വ്യതിചലനമാണ്. ആദർശരംഗത്ത് അവർ ആടിയുലഞ്ഞുകൊണ്ടിരിക്കും. പ്രമാണങ്ങളെ ചോദ്യം ചെയ്യാനും തങ്ങളുടെ പരിമിതമായ ബുദ്ധിക്കനുസരിച്ച് അവയെ വ്യാഖ്യാനിക്കാനും ധൃഷ്ടരാകും.

മർക്കസുദ്ദഅ്‌വ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഭാഗത്തെ പിടികൂടിയിരിക്കുന്ന രോഗം ഇതൊക്കെത്തന്നെയാണെന്നു പറ യേണ്ടിയിരിക്കുന്നു. പ്രഥമ പരിഗണന നൽകേണ്ട തൗഹീദിനെ തഴഞ്ഞും അടിസ്ഥാന പ്രമാണങ്ങളെ ദുർബല ബുദ്ധിയിലേക്ക് ഒതുക്കിയും സച്ചരിതരുടെ നിലപാടുകളെ നിരസിച്ചും ഇവർ മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞു. സർവമത സത്യവാദിയായ ചേകനൂരിനെ നവോത്ഥാന നായകനെന്നു വിശേഷിപ്പിക്കാൻവരെ ഇവരുടെ ഒരു നേതാവ് തയ്യാറായി!

മർകസുദ്ദഅ്‌വ യുവജനവിഭാഗം പ്രസിഡന്റായിരുന്ന സമയത്ത് മുജീബ് റഹ്‌മാൻ കിനാലൂർ എഴുതിയത് കാണുക: “കേരള മുസ്‌ലിം നവോത്ഥാനവുമായി ബന്ധപ്പെട്ട ഈ ലഘു ആമുഖം ചേകനൂർ മൗലവിയെ ഒരു പരിഷ്‌കർത്താവ് എന്ന നിലയിൽ പഠിക്കാൻ ശ്രമിക്കുമ്പോൾ അനിവാര്യമാണ്’’ (ചേകനൂര്: അകവും പുറവും, പേജ് 3).

“ഒരു നവോത്ഥാന ചിന്തകൻ എന്ന നിലയിൽ തനിക്ക് മുമ്പ് ആരും ചെയ്യാത്ത വ്യത്യസ്തമായ യാതൊന്നും ചേകനൂർ മൗലവി ചെയ്തിട്ടില്ല. നവോത്ഥാനാശയക്കാരായ പലരും മുമ്പുതന്നെ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട് താനും. ആ പരമ്പരയിലെ ഒരു കണ്ണിയാണ് വാസ്തവത്തിൽ ചേകനൂർ മൗലവിയും. അപ്പോൾ പിന്നെ ചേകനൂർ മൗലവി സംഭവത്തെ പ്രസക്തമാക്കുന്ന ഘടകങ്ങൾ അദ്ദേഹത്തിന്റെ പരിഷ്‌കരണവാദത്തിനുമപ്പുറത്തേക്കു നീളുന്നുണ്ടെന്ന് സമ്മതിക്കേണ്ടിവരുന്നു’’ (ചേകനൂര്: അകവും പുറവും, പേജ് 3,4).

ചേകനൂരിന്റെ സംഘമായ ‘ക്വുർആൻ സുന്നത്ത് സൊസൈറ്റി’യുടെ അനുയായികൾ പോലും ഒരു പക്ഷേ, അദ്ദേഹത്തെ ഇത്രയധികം പ്രശംസിച്ചിട്ടുണ്ടാവുകയില്ല.

മർകസുദ്ദഅ്‌വയുടെ നേതൃത്വത്തിൽനിന്ന് ഒരാളും ഇന്നുവരെ ഇതിനെ ചോദ്യം ചെയ്തിട്ടുമില്ല! ഇസ്‌ലാമിനെ അടച്ചാക്ഷേപിക്കാൻ തയ്യാറായ ഇയാളെങ്ങനെ നവോത്ഥാന നായകനാകും? മുൻകാല നവോത്ഥാന നായകന്മാർക്ക് ഏൽക്കേണ്ടിവന്ന പീഡനങ്ങളെ ചേകനൂരിന് നേരിട്ടതിലേക്ക് ചേർത്തുപറഞ്ഞതിനു പിന്നിലെ ചേതോവികാരമെന്താണ്?

മുസ്‌ലിം സമുദായം നബിﷺയുടെ കാലംതൊട്ടേ നിരങ്കുശം നിർവഹിച്ചുവന്ന അഞ്ചുനേര നിർബന്ധ നമസ്‌കാരത്തെ രണ്ടു നേരത്തിലൊതുക്കാനും സ്വഹാബിമാരെ കള്ളന്മാരെന്നു മുദ്രകുത്താനുമൊക്കെ തയ്യാറായ ഒരാളെ നവോത്ഥാന നായകനെന്നു വിശേഷിപ്പിക്കുന്നവരുടെയുള്ളിലെ ഇസ്‌ലാമും ഈമാനും എത്തരത്തിലുള്ളതായിരിക്കും?

അധർമങ്ങൾ പലരൂപത്തിൽ ഓരോ കാലഘട്ടത്തിലുണ്ടായപ്പോഴും അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം തൗഹീദ് ഊന്നിപ്പറഞ്ഞും അത് പ്രചരിപ്പിച്ചുമാണ് അവരെ സംസ്‌കരിക്കാൻ ശ്രമിച്ചത്. മുഹമ്മദ് നബിﷺ സ്വീകരിച്ച രീതിയും അതുതന്നെ.

അല്ലാഹു പറയുന്നു: “ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’’ (21:25).

2000ത്തിലെ പിളർപ്പിലേക്കു നയിച്ചതിന്റെ മൂലകാരണം എന്താണെന്ന് ശബാബിൽനിന്നുതന്നെ നമുക്ക് വായിക്കാം: “മുജാഹിദ് പ്രസ്ഥാനത്തിനകത്തുള്ള രണ്ടു ചിന്താധാരകൾ തമ്മിലാണ് ഇതുവരെ ആശയസമരം നടന്നുവന്നിരുന്നത്. ഇസ്‌ലാമിനെയും അതിന്റെ മൂലതത്ത്വമായ ഏകദൈവവിശ്വാസത്തെയും കേവലം ആചാരങ്ങളിൽ മാത്രം ഒതുക്കിനിർത്തുകയും വിശ്വാസത്തിന്റെ താൽപര്യങ്ങളായ വിശുദ്ധമായ പൊതുജീവിതം, അധാർമികതകൾക്കും അനീതികൾക്കുമെതിരെയുള്ള പോരാട്ടം, സാംസ്‌കാരിക ജീവിതത്തിന്റെ മൂല്യവത്കരണം തുടങ്ങിയവയെ അപ്രധാനമായി കാണാനുമുള്ള ഒരു വിഭാഗത്തിന്റെസങ്കുചിത നിലപാടിനെ ചോദ്യം ചെയ്തപ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്’’ (ശബാബ് വാരിക, 2002 ആഗസ്റ്റ് 16, പേജ് 11).

എന്താണ് ഇതിന്റെ നിജസ്ഥിതി? തൗഹീദീ പ്രബോധനത്തെ രണ്ടാം തരമായി ഇക്കൂട്ടർ കാണാൻ തുടങ്ങി. തൗഹീദ്, സലഫി പോലുള്ള പദങ്ങളോട് വിരക്തി കാണിച്ചു. പൊതുതാൽപര്യമേഖലകളിൽ ഇടപെടുന്നതിലായി ശ്രദ്ധ. അങ്ങനെ മുജാഹിദ് പ്രസ്ഥാനത്തെ കേവലമൊരു സാംസ്‌കാരിക കൂട്ടായ്മയാക്കി മാറ്റാൻ ശ്രമം തുടങ്ങി. അതിന് വഴിയൊരുക്കാനായി മുജാഹിദ് യുവതയെ ഉപയോഗിച്ചു. മുജാഹിദ് നേതൃത്വത്തിലെ തലമുതിർന്ന പണ്ഡിതനേതാക്കളെ ജരാനരബാധിച്ചവരെന്നും മസ്തിഷ്‌കം വറ്റിവരണ്ടവരെന്നും വിശേഷിപ്പിച്ച് യുവാക്കളുടെ മനസ്സുകളിൽ അവരോട് നീരസം വളർത്താൻ ശ്രമിച്ചു. ഇതൊന്നും മുജാഹിദ് കേരളം മറന്നിട്ടില്ല.

തങ്ങൾ ചെയ്യുന്ന പ്രമാണവിരുദ്ധമായ പ്രവർത്തനങ്ങളെ ഇസ്വ‌്‌ലാഹ് എന്ന് വിശേഷിപ്പിക്കാനും പ്രാമാണികമെന്നു വരുത്താനുമുള്ള ശ്രമം 2024ലും തുടരുന്നത് കാണുക:

“മതത്തിന്റെ ആശയാടിത്തറകൾ എക്കാലത്തും ഒന്നായിത്തീരുന്നതോടൊപ്പം പ്രബോധനങ്ങൾ കാലബന്ധിതമായി നവീകരിക്കപ്പെട്ടിരുന്നുവെന്നതാണ് ചരിത്രം മനസ്സിലാക്കിത്തരുന്നത്. ഇസ്‌ലാഹ് കാലത്തെയും കാലം ശരിയായ ഇസ്‌ലാഹിനെയും തേടേണ്ടതുണ്ട് എന്നർഥം. നന്മ കൽപിക്കുകയെന്ന ദൗത്യം (ഇസ്‌ലാഹ്) കാലബന്ധിതമാവാതെ വരുന്നതിനെ ഖുർആൻ വിമർശന വിധേയമാക്കുകയും മനുഷ്യൻറെ നഷ്ടമായി പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (103:13)’’ (ശബാബ്, 2024 ജൂൺ 28, പേജ് 13).

കാലത്തിനനുസരിച്ച് പ്രബോധനത്തിന് പ്രാപ്യമായ പുതുമാർഗങ്ങൾ സ്വീകരിക്കാം. എന്നാൽ പ്രബോധനത്തിന്റെ മുൻഗണനാക്രമത്തെ അട്ടിമറിച്ചുകൂടാ. അരിയും പഞ്ചസാരയുമൊക്കെ കൊടുത്ത് പ്രബോധിത സമൂഹത്തിന്റെ മനസ്സകങ്ങളിലേക്കു പാലമിട്ട ശേഷം സാവധാനമെ തൗഹീദ് പ്രബോധനം ചെയ്യാൻ പാടുള്ളൂ എന്ന ശൈലി ഇസ്‌ലാം പഠിപ്പിക്കുന്നതല്ല.

അല്ലാഹു പറയുന്നു: “(നബി യേ,) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു; ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്ന കൂട്ടത്തിലല്ല തന്നെ’’ (12:108).

അല്ലാഹു പറയുന്നു: “അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു’’ (33:36).

പ്രമാണങ്ങളുടെ പ്രാമാണികതയെ ചോദ്യം ചെയ്തും അതിൽ അവ്യക്തത ഉണ്ടാക്കിയും ഇവർ എഴുതിവിട്ടത് കാണുക:

“ക്വുർആനിനെക്കാൾ പ്രാധാന്യം പ്രായോഗികതലത്തിൽ ഹദീസിന് കൽപിക്കുന്ന ഒരു പുതിയ പ്രവണതയും ഇന്ന് ഉടലെടുത്തിട്ടുണ്ട്’ (അത്തൗഹീദ്, ജനുവരി-ഫെബ്രുവരി 2014, പേജ് 5).

“അല്ലാഹുവിന്റെ വചനങ്ങൾ അല്ലാഹു സംരക്ഷണമേറ്റെടുത്തതാണ്. ഹദീസിന് ആ സംരക്ഷണമില്ല’’ (പേജ് 8).

“എന്നാൽ രണ്ടു പ്രമാണങ്ങൾക്കും ഒരേ സ്ഥാനം നൽകണമെന്ന ഒരു വീക്ഷാഗതി പ്രചരിപ്പിക്കപ്പെട്ടുവരുന്നുണ്ട്. ഭംഗ്യന്തരേണ പ്രമാണ നിരാകരണത്തിലേക്കാണതിന്റെ നീക്കം’’ (പേജ് 8).

“ഹദീസിന്റെ പ്രാമാണികതയിൽ അതിരുകവിഞ്ഞ നിലപാട് സ്വീകരിച്ചവരാണ് മൂന്നാമത്തെ വിഭാഗം. ഹദീസിനും ഖുർആനിനും പ്രാമാണികതയിൽ തുല്യസ്ഥാനം നൽകണമെന്ന് വാദിച്ചവരും തീവ്രവാദ നിലപാടുകാരാണ്. മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ പ്രമാണ സ്വീകരണ മാനദണ്ഡത്തെ അട്ടിമറിക്കുന്നതും ആദർശ രംഗത്ത് പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് ഈ നിലപാട്’’ (അത്തൗഹീദ്, ജനുവരി-ഫെബ്രുവരി 2014, പേജ് 12).

ക്വുർആനിനെക്കാൾ പ്രാധാന്യം ഹദീസിന് ആരെങ്കിലും നൽകുന്നതായി അറിയില്ല. സത്യത്തിൽ ഇങ്ങനെയെല്ലാം എഴുതിവിടുന്നതിന്റെ ഉദ്ദേശ്യം ഹദീസുകൾ അത്രവലിയ സ്ഥാനം നൽകേണ്ട പ്രമാണവചനങ്ങളല്ല എന്നു വരുത്തിത്തീർക്കുവാനാണ്. ഭംഗ്യന്തരേണയല്ല, പ്രകടമായിത്തന്നെ പ്രമാണ നിരാകരണത്തിലേക്ക് നീങ്ങുന്നത് ഇക്കൂട്ടരാണ്.

നമസ്‌കരിക്കാനും സകാത്ത് നൽകാനും ക്വുർആൻ പറയുന്നു. എന്നാൽ അവയുടെ പ്രായോഗികരൂപവും വിശദീകരണവും ക്വുർആനിലുണ്ടോ? അത് പഠിപ്പിക്കുന്നത് ഹദീസുകളാണ്.

അല്ലാഹു പറയുന്നു: “നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടിയും അവർ ചിന്തിക്കാൻ വേണ്ടിയും’’ (16:44).

ഇതിൽ പറഞ്ഞ ‘വിവരണ’മാണ് ഹദീസുകൾ. അപ്പോൾ അത് അല്ലാഹു സംരക്ഷിക്കില്ലേ? ഹദീസുകൾക്ക് അല്ലാഹുവിന്റെ സംരക്ഷണമില്ല എന്നു വരുത്തിത്തീർക്കുന്നത് എന്തിനുവേണ്ടിയാണ്?

മതത്തിന്റെ തെളിവുകളാണോ, അവ വഹ്‌യായിരിക്കുമെന്നും അതെല്ലാം സംരക്ഷിക്കപ്പെടുമെന്നും തിരിച്ചറിയാൻ പറ്റാത്തവിധം ഇവർ നേർരേഖയിൽനിന്ന് വഴിമാറിയിരിക്കുന്നു.

അല്ലാഹു പറയുന്നു: “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (15:9).

ഇബ്‌നുൽ ക്വയ്യിം(റഹി) പറയുന്നു: “മതത്തിൽ നബിﷺ പറഞ്ഞതെല്ലാം അല്ലാഹുവിൽനിന്നുള്ള വഹ്‌യാണെന്ന കാര്യം അറിയപ്പെട്ടതാണ്. അല്ലാഹുവിൽനിന്നുള്ള എല്ലാ വഹ്‌യുംഅവൻ ഇറക്കിയ ഉദ്‌ബോധനമാണ്. അല്ലാഹു പറയുന്നു: ‘അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ചുതരികയും...’ (4:113). വേദം ക്വുർആനും ജ്ഞാനം നബിചര്യയുമാണ്. നബിﷺ പറഞ്ഞു: ‘നിശ്ചയം, എനിക്ക് വേദവും അതുപോലുള്ളതും നൽകപ്പെട്ടു.’ അവസാന കാലംവരെ അടിമകൾക്കുമേൽ തെളിവ് നിലനിൽക്കാൻ അദ്ദേഹത്തിലേക്ക് വഹ്‌യായി നൽകിയതും ഇറക്കിക്കൊടുത്തതുമായവയുടെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു’’ (അസ്സ്വവാഹിഖുൽ മുർസല).

പ്രമാണ സംരക്ഷണം ഇത്രത്തോളം വ്യക്തമായിരിക്കെ പിഴച്ച കക്ഷിയായ മുഅ്തസിലികൾ മുന്നോട്ടുവെച്ച ‘ബുദ്ധിക്ക് യോജിക്കാത്ത ഹദീസുകൾ,’ ‘ക്വുർആനിന് എതിരായ ഹദീസുകൾ’ തുടങ്ങിയ ജൽപനങ്ങളെ പിന്തുടരുന്ന ഇക്കൂട്ടർ മുഅ്തസിലീ ചിന്തകൾക്ക് അംഗീകാരം നൽകിയത് കാണുക:

“ഹദീസിൽ പറയുന്ന കാര്യം (മത്‌ന്) വിശുദ്ധ ക്വുർആനിനും മനുഷ്യന്റെ സുവ്യക്തമായ ബുദ്ധിക്കും ചരിത്ര്യസത്യത്തിനും അടിസ്ഥാന തത്ത്വങ്ങൾക്കും മറ്റും എതിരാവാതിരിക്കുകകൂടി ചെയ്യേണ്ടതുണ്ട്’’ (അത്തൗഹീദ്, ജനുവരി-ഫെബ്രുവരി 2014, പേജ് 18).

ഇപ്പറഞ്ഞത് ഒറ്റനോട്ടത്തിൽ ശരിയെന്നു തോന്നിയേക്കാം. അങ്ങനെ ധരിച്ച് സാധാരണക്കാർക്കിട യിൽവരെ ഹദീസ് നിഷേധത്തിന് വളർച്ചയുണ്ടായി.

ഇബ്‌നു തൈമിയ(റഹി) നൽകിയ മറുപടിയാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്: “വ്യക്തമായ ബുദ്ധിക്ക് വിരുദ്ധമായത് അസാധുവാണ്. ക്വുർആനിലോ സുന്നത്തിലോ ഇജ്മാഇലോ തെറ്റായി ഒന്നുമില്ല. എന്നാൽ അതിൽ ചിലർക്ക് മനസ്സിലാകാത്ത വാക്കുകൾ അടങ്ങിയിരിക്കുന്നു, അല്ലെങ്കിൽ അവയിൽനിന്ന് തെറ്റായ അർഥം അവർ മനസ്സിലാക്കുന്നു. കുഴപ്പം അവർക്കാണ്; അല്ലാതെ ക്വുർആനിനോ സുന്നത്തിനോ അല്ല’’ (മജ്മൂഉൽ ഫതാവ).

“സമകാല മനുഷ്യർക്കാവശ്യമുള്ളത് പറയാതെയും പഠിപ്പിക്കാതെയും വന്നാൽ അത് മതപരമായ അപരാധമായി ചിത്രീകരിക്കുന്നവരും പ്രമാണങ്ങളുടെ അക്ഷരപൂജകരും കാലം തേടുന്ന ഇസ്‌ലാഹിനെ താൽപര്യപ്പെടാത്തവരാണ്...പ്രമാണങ്ങളെയും വ്യാഖ്യാനങ്ങളെയും അക്ഷരവായന നടത്തുന്നതും മാനദണ്ഡങ്ങളില്ലാതെ സ്വാഭിപ്രായ പ്രകാരം വ്യാഖ്യാനിച്ച് താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ശരിയല്ല’’ (ശബാബ്, 2024 ജൂൺ 28, പേജ് 15).

പ്രമാണങ്ങളുടെ അക്ഷരപൂജകർ, അക്ഷരപൂജ തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഇവർ പ്രകടമാക്കുന്നത് ഹദീസ് വിമുഖതയാണ്. പ്രമാണങ്ങളെ ‘മാനദണ്ഡങ്ങളില്ലാതെ സ്വാഭിപ്രായപ്രകാരം വ്യാഖ്യാനിച്ച് താൽപര്യങ്ങൾ സംരക്ഷിക്കുന്നവർ’ എന്ന വിശേഷണം ശരിക്കും യോജിക്കുന്നത് സ്വന്തം ബുദ്ധിക്കും യുക്തിക്കുമനുസരിച്ച് പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നവർക്കു തന്നെയാണ്.

അല്ലാഹു പറയുന്നു: “നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും (ധിക്കാരം വന്നു പോകാതെ) സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങൾ പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായ രീതിയിൽ സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങൾ മനസ്സിലാക്കുക’’ (5:92).

ശൈഖ് നാസ്വിറുസ്സഅ്ദി (റഹി) പറയുന്നു: “അല്ലാഹുവിനോടുള്ള അനുസരണവും അവന്റെ ദൂതനോടുള്ള അനുസരണവും ഒന്നുതന്നെയാണ്. ആര് അല്ലാഹുവിനെ അനുസരിച്ചുവോ അവൻ റസൂലിനെയും ആര് റസൂലിനെ അനുസരിച്ചുവോ അവൻ അല്ലാഹുവെയും അനുസരിച്ചു. അല്ലാഹുവും അവന്റെ ദൂതനും പ്രത്യക്ഷമായും പരോക്ഷമായും നിർബന്ധമായും ഐച്ഛികമായും പഠിപ്പിച്ച വാക്കുകളും പ്രവൃത്തികളും അല്ലാഹുവിനോടും അടിമകളോടുമുള്ള ബാധ്യതകളും വിരോധിക്കപ്പെട്ടതായ മുഴുവൻ കാര്യങ്ങളും നിർവഹിക്കൽ ഇത് ഉൾക്കൊള്ളുന്നു.’’

നമസ്‌കാരത്തിൽ സ്വഫ്ഫ് ശരിപ്പെടുത്തൽ നിർബന്ധവും അതിന്റെ പൂർണതയിൽ പെട്ടതുമാണെന്ന് അറിയാത്ത മുജാഹിദുകളുണ്ടോ? വ്യത്യസ്തങ്ങളായ പതിനഞ്ചോളം പദങ്ങളിലൂടെ പഠിപ്പിക്കപ്പെട്ട ഈ അനിവാര്യ ചര്യയെ ‘സ്വഫ്ഫിനിടയിലെ പിശാച്’ എന്ന തലകെട്ടിൽ അതിരൂക്ഷമായി ഇവർ പരിഹസിക്കുന്നത് കാണുക:

“കാൽ വിരലുകൾ ഒപ്പിക്കാതെയും ചേർക്കാതെയും നിന്നാൽ അതിന്നിടയിൽ പിശാച് വന്നുനിൽക്കും എന്നാണത്രെ ഇവരുടെ വാദം. പ്രസ്തുത വാദം ശരിയാണെങ്കിൽ അതിനിടയിൽ മാത്രമല്ല, പിശാച് കാലുകൾക്കിടയിലും രണ്ടാളുടെ തലകൾക്കിടയിലും കയറിനിൽക്കില്ലേ? അങ്ങനെ വരുമ്പോൾ നമസ്‌കരിക്കുന്ന ഓരോ വ്യക്തിയും കാലുകൾക്കിടയിൽ വിടവ് വരുത്താത്തവിധം അറ്റൻഷനായ നിലയിൽ നിൽക്കേണ്ടി വരും. അതുപോലെ ഒരു സ്വഫ്ഫിലെ രണ്ടുപേരുടെ തലകൾ തമ്മിലും ചേർത്തു വെക്കേണ്ടിവരും. തലകൾ ചേർത്തുവെച്ചാലും കഴുത്തുകൾ ചേർത്തു വെക്കാൻ സാധിക്കാത്തതിനാൽ ആ വിടവിലും പിശാച് വന്നു നിൽക്കാൻ സാധ്യതയുമുണ്ട്’’ (ശബാബ്, 2014 ഡിസംബർ 12, പേജ് 32).

സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ ഇപ്രകാരം പരിഹസിക്കുവാനും നിഷേധിക്കുവാനും ധൈര്യം കാണിച്ചവരുടെ ‘കാലം തേടുന്ന ഇസ്‌ലാഹ്’ വാസ്തവത്തിൽ കോലംകെട്ട ഇസ്വ‌്‌ലാഹാണ്. പ്രവാചകനെ സ്‌നേഹിക്കുന്ന ഒരാൾക്ക് ഇത്തരത്തിൽ ഹദീസുകളെ പരിഹസിക്കാൻ കഴിയുമോ?

ശിർക്കിന്റെ വഴികളിൽ വിശ്വാസികൾ പ്രവേശിക്കാതിരിക്കാൻ ഇസ്‌ലാം നിശ്ചയിച്ചുതന്ന കാര്യങ്ങളിൽപെട്ടതാണ് പ്രാർഥനാമന്ത്രവും പുണ്യമാക്കപ്പെട്ട സംസം വെള്ളവും. ഇവ രണ്ടിന്റെയും മഹത്ത്വവും പ്രാധാന്യവും ബോധ്യപ്പെട്ടവരാണ് ശരിയായ തൗഹീദിന്റെ വഴിയിലുള്ളവർ. എന്നാൽ മർകസുദ്ദഅ്‌വക്കാരുടെ ‘പെരുംബുദ്ധി’ക്ക് ഇത് ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ പരിഹസിച്ച് അവഗണിക്കുന്നത് കാണുക:.

“റുഖ്‌യ ശറഇയ്യ; മന്ത്രവാദത്തിന്റെ പുതിയ ബ്രാന്റ്. ചികിത്സയ്ക്കു പകരം മന്ത്രിച്ച് ഊതലും നൂലുകെട്ടലും മന്ത്രിച്ച വെള്ളം കുടിക്കലുമായിരുന്നു പതിവ്. വിവരം കുറഞ്ഞ മൊല്ലമാർ ചെയ്തിരുന്ന ഈ പണി ഇസ്‌ലാമികമല്ല എന്ന് ജനങ്ങളെ പഠിപ്പിച്ചത് മുജാഹിദ് പ്രസ്ഥാനമാണ്. തലമുറകൾക്ക് ശേഷമെങ്കിലും സമുദായം അതുൾക്കൊണ്ടു. ദൗർഭാഗ്യവശാൽ മുജാഹിദുകളായിരുന്ന ചിലർ ഇതേ മന്ത്രിച്ചൂതൽ പുതിയ ബ്രാന്റിൽ വീണ്ടും ഇറക്കിയിരിക്കുന്നു. അതിന്റെ ബ്രാന്റ് നെയിമാണ് റുഖ്‌യ ശറഇയ്യ’’ (ശബാബ്, 2015 ഫെബ്രുവരി 6, പേജ് 32).

“മന്ത്രവാദങ്ങൾക്ക് പ്രാമാണികത്വം നൽകാൻവേണ്ടി റുഖ്‌യ ശറഇയ്യ എന്ന പേരിൽ മന്ത്രവാദത്തിന് മതത്തിന്റെ വർണം നൽകാൻ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നു’’ (ശബാബ്, 2014 ഡിസംബർ 26, പേജ് 25).

“മഴവെള്ളത്തെ സംബന്ധിച്ച് അനുഗൃഹീതമായ വെള്ളമെന്ന് സൂറതു ഖാഫിൽ പറയുന്നുണ്ട്. ഇതിന്റെ വിവക്ഷ രോഗശമനമാണ് എന്നല്ല. സംസം വെള്ളത്തിന് ചരിത്രത്തിലും സ്വഹീഹായ ഹദീസുകളിലും സ്ഥിരപ്പെട്ട പ്രാധാന്യത്തെ ഒരിക്കലും നാം നിഷേധിക്കുന്നില്ല. എന്നാൽ രോഗശമനമാണെന്ന ദുർബല റിപ്പോർട്ടിനെ നാം അംഗീകരിക്കുന്നില്ല’’ (ശബാബ്, 2015 ആഗസ്ത് 14, പേജ് 31).

മന്ത്രവും മന്ത്രവാദവും എന്തെന്ന് നബിﷺ വേർതിരിച്ചു വ്യക്തമാക്കിത്തന്നിരിക്കെ രണ്ടും ഒന്നെന്നു വരുത്താൻ നോക്കുന്നത് സദുദ്ദേശപരമല്ലല്ലോ. നാട്ടിൽ വിവിധ മതക്കാർക്കിടയിൽ നടക്കുന്ന മന്ത്രവാദം പോലെ ഒന്നാണ് നബിﷺ പഠിപ്പിച്ച മന്ത്രം എന്നു വരുത്തിത്തീർക്കാനാണ് ഇവരുടെ ശ്രമം.

ഔഫ് ഇബ്‌നു മാലികി(റ)ൽനിന്ന്: “ജാഹിലിയ്യത്തിൽ ഞങ്ങൾ മന്ത്രിച്ചിരുന്നതിനെ നിങ്ങൾ എങ്ങനെ കാണുന്നു എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ച് തരുക. ശിർക്കില്ലാത്ത മന്ത്രം കുഴപ്പമുള്ളതല്ല’’ (മുസ്‌ലിം).

സംസം വെള്ളം ‘രോഗശമനി’യാണെന്ന നബിവചനം ദുർബലമാണെന്നത് അഹ്‌ലുസ്സുന്നയുടെ വീക്ഷണമല്ല; ഇവരുടെ യോഗത്തിൽ ഉരുത്തിരിഞ്ഞുണ്ടായതാണ്. ചേകനൂർ പറഞ്ഞ ‘സംസം വെള്ളത്തിന് യാതൊരു പുണ്യവുമില്ല,’ ‘സംസം വെള്ളത്തിൽ 99 ശതമാനവും മായം’ പോലുള്ള ജൽപനങ്ങളെ ഇവർ ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്.

പ്രബലമായി സ്ഥിരപ്പെട്ട ക്വബ്ർ ശിക്ഷയെ ഇവർ ഇവരുടെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ വെറും ആത്മീയ അനുഭൂതിയാക്കി അവതരിപ്പിക്കുന്നത് കാണുക: “ഖബ്‌റിൽ വെച്ച് മനുഷ്യന് പകുതി ജീവൻ ഇടുകയും അവനെ ഇരുത്തിയശേഷം രണ്ടു മലക്കുകൾ ഇരുമ്പിന്റെ ദണ്ഡുകൾകൊണ്ട് അവനെ അടിക്കുമെന്നെല്ലാം പറയുന്ന ഹദീസുകൾ ഒരിക്കലും അതിന്റെ ബാഹ്യമായ അർഥത്തിൽ വിവക്ഷിക്കാവുന്നതല്ല. ഹദീസുകൾ സ്വഹീഹാണെന്ന് അംഗീകരിച്ചാൽ തന്നെ മനുഷ്യന്റെ ആത്മാവിന് അനുഭവപ്പെടുന്ന അനുഭൂതികൾ മാത്രമാണിത്’’ (അൽഫനാർ 1435 റജബ്-റമദാൻ, പേജ് 38,39).

പരീക്ഷണമായി ക്വബ്‌റിൽ ശിക്ഷയുണ്ടെന്നത് ക്വുർആനിലും ഹദീസിലും വന്നതാണ്. അത് കേവലം ആത്മീയമാണെങ്കിൽ അതിന് ഗൗരവം കൊടുക്കേണ്ടതുണ്ടോ? അതിൽനിന്ന് രക്ഷ ലഭിക്കാനുള്ള പ്രാർഥന പഠിപ്പിച്ചത് എന്തിനാണ്?

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) ഈ വിഷയത്തിൽ പറഞ്ഞ മറുപടി ഇബ്‌നുൽ ക്വയ്യിം(റഹ്) എടുത്തുദ്ധരിച്ചത് കാണുക: “എന്നാൽ അഹ്‌ലുസ്സുന്ന വൽജമാഅ ഐക്യപ്പെട്ടത് പ്രകാരം, ആത്മാവിനും ശരീരത്തിനും ഒരുമിച്ചാണ് രക്ഷയും ശിക്ഷയും ഉള്ളത്. ആത്മാവ് ശരീരത്തിൽനിന്ന് വേറിട്ട് അനുഗ്രഹിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ശരീരം അതിനോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ പ്രശ്‌നത്തിൽ രണ്ടും ഒരുമിച്ച് ഉണ്ടാകും...’’ (അർറൂഹ്).

“വലത്തുനിന്ന് ഇടത്തോട്ടെഴുതി അറബിപ്പേരിൽ പരിചയപ്പെടുത്തിയവരെല്ലാം ശരി മാത്രമെ പറയൂവെന്നും അല്ലെങ്കിൽ അവർ പറഞ്ഞതേ ശരിയാവൂവെന്നുമുള്ള പ്രമാണവായന ഈ കാലത്ത് സജീവമാണ്. അന്ധവിശ്വാസങ്ങളെയും ആത്മീയ ചൂഷണങ്ങളെയും ഒളിച്ച് കടത്താനാണ് ഇത്തരം അറബി ഭാഷാ പ്രസ്താവനകളിൽ അഭിരമിച്ച് മതപ്രബോധനം നടത്തുന്നവർ പരിശ്രമിക്കുന്നത്. അത് തഖ്‌ലീദിന്റെയും അന്ധമായ അനുകരണത്തിന്റെയും ഒരു രൂപമാണ്. എത്ര വലിയവരായാലും ഖുർആനിക അധ്യാപനങ്ങളോടും പ്രവാചക വചനങ്ങളോടും വിരുദ്ധമായതോ വിയോജിക്കുന്നതോ ആയ പണ്ഡിത വചനങ്ങളെ പ്രമാണ രേഖയായി പരിഗണിക്കാനാവില്ല’’ (ശബാബ് 2024 ജൂൺ 28/ പേജ്, 15)

വലത്തുനിന്ന് ഇടത്തോട്ടെഴുതി അറബിപ്പേരിൽ പരിചയപ്പെടുത്തിയവരെല്ലാം ശരി മാത്രമെ പറയൂഎന്ന വിശ്വാസവും അന്ധവിശ്വാസങ്ങളെയും ആത്മീയ ചൂഷണങ്ങളെയും ഒളിച്ചുകടത്തുന്നതും എതിർക്കപ്പെടേണ്ടതുതന്നെയാണ്.

മേൽ ഉദ്ധരണിയിലെ ‘എത്ര വലിയവരായാലും ഖുർആനിക അധ്യാപനങ്ങളോടും പ്രവാചക വചനങ്ങളോടും വിരുദ്ധമായതോ വിയോജിക്കുന്നതോ ആയ പണ്ഡിത വചനങ്ങളെ പ്രമാണ രേഖയായി പരിഗണിക്കാനാവില്ല’ എന്ന വാചകം മർകസുദ്ദഅ്‌വയുടെ പേരിലറിയപ്പെടുന്ന മുജാഹിദുകൾ മനസ്സിരുത്തി വായിക്കേണ്ടതാണ്.അല്ലാഹു അവ‌െൻറ പ്രവാചകന് ഇറക്കിക്കൊടുത്ത വഹ്‌യിനേക്കാൾ ‘ഞമ്മ‌െൻറ’ ബുദ്ധിയിൽ ഉരിത്തിരിഞ്ഞ അഭിപ്രായങ്ങൾക്കാണ് സ്വീകാര്യത കൽപിക്കേണ്ടത് എന്ന വാദം തിരുത്തേണ്ടതുതന്നെയാണ്.. തിരുത്തലിനെടുക്കുന്ന കാലതാമസം മതനിരാസത്തിലേക്കുള്ള വഴിയും സർവനാശത്തിന് കാരണവുമാണ്.