‘ചോര വീണ മൺവഴി’യിൽ വർഗീയത തളിരിടുന്നുവോ?

മുജീബ് ഒട്ടുമ്മൽ

2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

സ്വയംകൃതാനർഥങ്ങളുടെ തടവുകാരായി വർഗീയതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്‌ കേരളത്തിലെ തൊഴിലാളി പാർട്ടി. ധ്രുവീകരണമെന്ന വിനാശത്തിലേക്ക് ആപതിക്കണമോ അതോ സമൂഹത്തിന്‌ താരതമ്യേന പരുക്ക് കുറഞ്ഞ കേ ന്ദഭീഷണിയോട് പ്രതികരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഉന്നത നേതൃത്വമാണ്‌. രണ്ടായാലും പൊതുസമൂഹം പ്രതീക്ഷിച്ചതിന്‌ നേർവിപരീത ദിശയിലേക്കാണ്‌ പാർട്ടി പോയിക്കൊണ്ടിരിക്കുന്നത്.

കമ്യൂണിസ്റ്റുകളും മുസ്‌ലിംകളും വർഗീയവാദികളും ചേർന്ന് ദേശീയ ഐക്യത്തെ തുരങ്കം വയ്ക്കാൻ വ്യവസ്ഥാപിതമായ മാർഗത്തിലൂടെ ഒരു ഗൂഢാലോചന സംഘടിപ്പിച്ചിരിക്കുന്നു. കേരളത്തിൽ അവർ പാകിസ്ഥാന്റെ ഒരു കോഴിക്കുഞ്ഞിനെ വിരിയിക്കുകയാണ്. കാലാന്തരത്തിൽ അതൊരു പൂവൻ കോഴിയാവും. സിംഹത്തിന്റെ മൂന്നിരട്ടി ഭയങ്കരനായ കോഴിപ്പൂവൻ.’ മലപ്പുറം ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ സംഘപരിവാര അനുകൂല മാധ്യമമായ ഫ്രീ പ്രസ് ജേർണൽ എന്ന പത്രം എഴുതിയ വരികളാണിത്. അത്യാധുനിക കാലത്തെ മലപ്പുറം വിരുദ്ധതയുടെ പുതിയ പതിപ്പായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ദി ഹിന്ദു പത്രത്തിനു നൽകിയ അഭിമുഖം ആശ്ചര്യത്തോടെ നമുക്ക് വായിക്കാനാകും.

‘അഞ്ചുവർഷത്തിനിടെ മലപ്പുറത്തുനിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. മുസ്‌ലിം തീവ്രവാദ സംഘങ്ങൾക്കെതിരെ നടപടി എടുക്കുമ്പോൾ സർക്കാർ മുസ്‌ലിംകൾക്കെതിരെയെന്ന് വ്യാജ പ്രചാരണം നടത്തുകയാണ്. വിവാദത്തിന് മുന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.’

മലപ്പുറം ജില്ല രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പറുദീസയാണെന്ന് കാലങ്ങളായി സംഘപരിവാരങ്ങൾ ആവർത്തിച്ച് കൊണ്ടിരുന്ന ആരോപണങ്ങൾ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയിൽനിന്ന് വരുന്നത് നിസ്സാരമായ കാര്യമല്ല. ഭരണപക്ഷത്തെ ഒരു എം എൽ എയുടെ ന്യായമായ ചില പ്രസ്താവനകളോട് ഒരു ഭരണാധികാരി പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ എന്ന് സ്വാഭാവികമായും ചോദിക്കേണ്ടി വരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൊരുൾ സമൂഹം ഗൗരവത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. സമീപകാലത്തായി സംഘപരിവാരങ്ങളെ വെല്ലുന്ന വിധമുള്ള പ്രസ്താവനകൾ നടത്തുന്നതിലെ വികാരമെന്തെന്നും ചർച്ചയിൽ വരണം. മലപ്പുറത്ത് സ്വർണക്കള്ളക്കടത്തും ഹവാലാ ഇടപാടുകളും ഉണ്ടെന്നും അതിന്റെ കണക്കും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അടങ്ങിയിട്ടുണ്ട്.

ഹവാലാ ഇടപാടുകളും സ്വർണ കള്ളക്കടത്തും അതിന്റെ കണക്കുകൾ സമുഹത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ മലപ്പുറത്തെ മാത്രം പരിഗണിച്ചതിലെ രാഷ്ട്രീയമെന്താണ്? ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കാണിതുപയോഗിക്കുന്നതെന്ന് പരാമർശിച്ചിരുന്ന മുഖ്യമന്ത്രി ഹവാല കണക്കുകളെ പോലെ മലപ്പുറത്ത് നടന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളുടെയും അനുബന്ധ കേസുകളുടെയും കണക്കുകൾ കൂടി അവതരിപ്പിക്കണമായിരുന്നു. മലപ്പുറത്തെ ക്രിമിനൽ ജില്ലയായി മുദ്രകുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണം ദുരുപയോഗം ചെയ്യുന്നുവെന്ന ഭരണപക്ഷ എം എൽ എയുടെ ആരോപണത്തെ ശരിവയ്ക്കുന്ന പ്രസ്താവനയാണിത്. മലപ്പുറത്തിന്റെ പ്രതിഛായ തകർക്കാൻ ലക്ഷ്യമിട്ട് കൊണ്ട് തന്നെയാണ് ദേശീയ മാധ്യമത്തിൽ ഇങ്ങനെ പരമാർശിച്ചതെന്ന ആരോപണത്തെയും ശരിവയ്ക്കുന്നുണ്ട്. എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും സംരക്ഷണം നൽകുന്ന മുഖ്യമന്ത്രിയുടെ സമീപനം ആശങ്കയുണ്ടാക്കുന്നുണ്ട്.

തൃശൂരിലെ ആർ എസ് എസ് പഠന ക്യാമ്പിൽ ചെന്ന് ദത്താത്രേയ ഹൊലബലയെ കാണുകയും അവരുമായി ചർച്ച നടത്തുകയും ചെയ്ത എഡിജിപി എംആർ അജിത്കുമാറിന്റ ഔദ്യോഗിക ഇടപെടലുകൾ അന്നത്തെ ചർച്ചാ തീരുമാനങ്ങൾ നടപ്പിലാക്കുകയാണെന്ന്  ന്യായമായും സംശയിക്കാവുന്നതാണ്. മറ്റൊരു നേതാവായ റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്. അതിന്റെ അനുരണനങ്ങളാണ് മലപ്പറം ജില്ലയിലും മുസ്‌ലിം സമുദായത്തിനിടയിലും കേസുകൾ വർധിച്ചു കൊണ്ടിരിക്കുന്നത് എന്നും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് വയ്ക്കാത്തതിന് പോലും വ്യത്യസ്ത എഫ് ഐ ആറുകൾ തയ്യാറാക്കി കേസ് വർധിപ്പിച്ചുകൊണ്ട് മേലുദ്യോഗസ്ഥനെ പ്രീണിപ്പിക്കുന്ന സമീപനവും മലപ്പുറത്തെ പല പോലീസ് സ്റ്റേഷനുകളിൽ ഉണ്ടായിട്ടുണ്ട്. മുസ്‌ലിം നാമധാരിയായിരുന്നെങ്കിൽ ഭരണകക്ഷി എംഎൽഎമാർക്ക് പോലും രക്ഷയില്ലെന്നതാണ് അൻവർ എംഎൽഎ യുമായി ബന്ധപ്പെട്ട ചർച്ചകൾ ബോധ്യപ്പെടുത്തുന്നത്.

ഒരു സഖാവിന്റ രോദനം

മലപ്പുറം ജില്ലയിലെ താനൂർ പോലീസ് സ്റ്റേഷനിൽ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയായപ്പോൾ സി പി എമ്മിന്റ യുവജന പ്രസ്ഥാനത്തിലെ ഒരു പ്രവർത്തകന്റെ വേദന ഫെയ്‌സ്ബുക്കിൽ അദ്ദേഹം എഴുതുകയുണ്ടായി.

രാഷ്ട്രീയ പ്രേരിതമായ സംഭവങ്ങളിൽ ഉടലെടുത്ത ഗൗരവ സ്വഭാവമില്ലാത്ത എണ്ണം കുറഞ്ഞ കേസുകളുടെ പേരിൽ സ്ഥിരം കുറ്റവാളികളുടെ മേൽ നിയമങ്ങൾക്കതീതമായി ഉപയോഗിക്കാറുള്ള സി ആർ പി സി 107 അദ്ദേഹത്തിന്റ മേൽ നടപ്പാക്കാൻ ശ്രമിച്ചു. കീഴടങ്ങി ജാമ്യമെടുക്കാനുള്ള പോലീസിന്റ നിർദേശം അദ്ദേഹം നിരസിച്ച് കോടതിയെ സമീപിച്ചു. പിന്നീട് പോലീസുകാർ അർധരാത്രിയിൽ വീട്ടിൽ വരുമായിരുന്നത്രെ! കാര്യമന്വേഷിച്ച് രാഷ്ട്രീയ നേതാവിനെയോ സുഹൃത്തുക്കളെയോ കൂട്ടാതെ അവിടുത്തെ സി.ഐ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് വിശ്വസിച്ച് സ്റ്റേഷനിൽ ചെന്നപ്പോൾ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്തതാണെന്നു പ്രസ്താവിക്കുകയും 151 സി.ആർ.പി.സി. എഫ് ഐ ആർ ഇടുകയും ചെയ്തുവത്രെ! ആ സമയം ഒരു പോലീസ് ഉദ്യോഗസ്ഥൻ ‘എസ് പി ക്ക് റിപ്പോർട്ട് ചെയ്യാൻ ഇന്നത്തേക്ക് ഒരു കേസെങ്കിലും ആയി’ എന്ന്’ പറയുകയുണ്ടായത്രെ. സ്റ്റേഷനിലും പരിസരത്തും സ്ഥാപിച്ച സി സി ടി വി ക്യാമറകൾ അയാളു ടെ വരവിനെ പകർത്തിയിട്ടുണ്ടാകാമെങ്കിലും അതൊന്നും പരിഗണിക്കാതെ കള്ളക്കേസ് അദ്ദേഹത്തിന്റെ മേൽ ചാർത്തുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം സി സി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളടങ്ങിയ രേഖകൾ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പാലക്കാട് മീനാക്ഷിപുരം സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു റോബറി കേസ് അന്വേഷണത്തിനായി അവിടുത്തെ പോലീസ് അദ്ദേഹം ഉണ്ടായിരുന്ന സ്റ്റേഷനിൽ എത്തിയത്. തന്നെ വിളിപ്പിച്ച് ചോദിക്കുന്നതിന് പകരം ആ കേസിൽ അദ്ദേഹത്തെ പ്രതിചേർക്കുകയാണുണ്ടായതെന്ന് അദ്ദേഹം പരിതപിക്കുന്നുണ്ട്. പിന്നീട് അദ്ദേഹം അതിനെ നിയമപരമായി നേരിട്ടു. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ഓരോ സ്റ്റേഷനിലും ഇങ്ങനെയൊരു ടാർഗറ്റ് നൽകിയിട്ടുണ്ടത്രെ! അത് പൂർത്തിയാക്കിക്കൊടുക്കാൻ വേണ്ടി പല നിരപരാധികളുടെയും മേൽ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കേരളത്തിലെ ഇതര ജില്ലകൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് മലപ്പുറത്തിനുള്ളതെന്ന് നിയമപാലകരിലെ സമുന്നതർ വ്യക്തമാക്കണം.

കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെയും അജണ്ടകളാണിതെന്ന് പറയേണ്ടി വരുന്നത് മലയാളികളെ പരിഹസിക്കുന്നതിന് തുല്യമാണ്. ആർ എസ് എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ള കേരളത്തിൽ അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ അധികാരികൾ അത്രമാത്രം അടിമപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതിലും അതിശയോക്തിയുണ്ട്. തൊഴിലാളിവർഗവീര്യത്തിന് കാവി രാഷ്ട്രീയത്തിന് മുന്നിൽ എവിടെയോ ഒരു പതർച്ച സംഭവിച്ചതുപോലെ. മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിക്കുമ്പോൾ പഴയ പ്രതാപവും ആവേശവും ചോർന്നതുപോലെ. ഫാസിസത്തിന് സൈദ്ധാന്തിക പ്രതിരോധം തീർക്കുന്ന വിഷയത്തിൽ എവിടെയോ ശക്തി ക്ഷയിച്ചത് പോലെ. ചിലപ്പോൾ തോന്നലാവാം. അല്ലെങ്കിൽ ഈ കാലത്തും അറിയാതെ  സ്യൂഡോ സെക്യുലറിസത്തിന്റെ മുഖമൂടി അടർന്ന് വീണ് ശരിയായ മുഖം വികൃതമായി പ്രകടമായതാവാം. അതായിരിക്കും സിപി എമ്മിന്റെ ജയരാജൻമാരുടെയടക്കമുള്ളവരുടെ വാക്കും പ്രവൃത്തിയുമെല്ലാം കേരളം കൗതുകത്തോടെ നോക്കിയിരിക്കുന്നത്

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ തിരക്കേറിയ റോഡിൽ 23 വയസ്സുള്ള മുകേഷ് കുമാർ എന്ന യുവാവ് അനങ്ങാതെ കിടന്ന് മരിച്ചതായി അഭിനയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോ അവസാനിക്കുമ്പോൾ പെട്ടെന്ന് എഴുന്നേറ്റു നിന്ന് പൊട്ടിച്ചിരിക്കുന്നതാണ് ആളുകൾ കാണുന്നത്. വഞ്ചിതരായ കാഴ്ചക്കാർ പോലീസിൽ പരാതി നൽകി. അയാൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. മൃതദേഹം മൂടുന്ന വെളുത്ത ബെഡ് ഷീറ്റ്, മൂക്കിൽ പഞ്ഞി, കഴുത്തിൽ ഒരു പൂമാല എന്നിവ അണിഞ്ഞാണ് അയാൾ നടുറോട്ടിൽ അനങ്ങാതെ കിടന്നത്.

ചോദ്യം ചെയ്യലിൽ ഇന്റർനെറ്റ് സെലിബ്രിറ്റിക്കും പ്രശസ്തിക്കും വേണ്ടിയാണിത് ചെയ്തത് എന്ന് അയാൾ പോലീസിനോട് പറഞ്ഞു. പുതിയ തലമുറയെ ബാധിച്ചിരിക്കുന്ന പ്രധാന കാര്യം ‘റീൽസ് മാനിയ’യാണ്. നഗ്‌നതാപ്രദർശനം മുതൽ അപകടകരമായ പർവതമുനമ്പുകളിൽ നിന്നുവരെ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കാനുളള ത്വരയാണ് യുവാക്കളിൽ കണ്ടുവരുന്നത്.

ഐഎസ് എന്ന ഭീകരസംഘടനയിലേക്ക് കേരളത്തിൽനിന്ന് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന സിപിഎം നേതാവ് പി.ജയരാജന്റ വെളിപ്പെടുത്തൽ ഇത്തരം ഒരു പ്രശസ്തിക്കു വേണ്ടിയാണെന്ന് തോന്നിപ്പോകുന്നുവെങ്കിലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് അതിന്റെ അനന്തരഫലം  എന്നതുകൊ ണ്ട് കൗമാര റീൽസ്‌മാനിയയെ പോലെ എഴുതിത്തളേളണ്ട കാര്യമല്ലെന്നുറപ്പാണ്.

പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥാപുസ്തകത്തിന് പോപ്പുലാരിറ്റി പ്രതീക്ഷിച്ചുകൊണ്ടായിരിക്കണം അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചതെന്നും നിരീക്ഷിക്കാൻ വകയില്ല. സഖാവിന്റെ പ്രസ്താവന ചർച്ചയായതോടുകൂടി ചുവന്ന രാഷ്ട്രീയത്തിന്റെ അധികാര മൺകുടത്തിലേക്ക് ആർത്തിയോടെ നോക്കുന്ന ചില ശുഭ്രവസ്ത്രധാരികളായ തലപ്പാവുകാരും സടകുടഞ്ഞെഴുന്നേറ്റ് സമൂഹമാധ്യമങ്ങളിൽ വന്ന് സഖാവിന് പിന്തുണ പ്രഖ്യാപിച്ചതും നാം കണ്ടു. കേരളത്തിൽ തങ്ങളുടെ ചൂഷണോപാധികൾ സാധാരണക്കാർക്കിടയിൽ പണ്ടത്തെപോലെ ഫലിക്കാത്തതിനാൽ അതിനു കാരണക്കാരായ സലഫികളുടെ മേൽ അരിശം തീർക്കാനാണ് അവർ അവസരം വിനിയോഗിച്ചത്. മതനിരാസത്തിന്റെ ആഗോള നവലിബറൽ ആശയങ്ങളിലെ എൽജിബിടിക്യൂഐ പ്ലസ് എന്ന ജെൻഡർ പൊളിറ്റിക്‌സിൽനിന്നുള്ള ചില അക്ഷരങ്ങൾ ചേർത്തുപിടിച്ച് പത്രങ്ങളിലെ ക്രിമിനൽ കോളങ്ങളിൽ ഇടം പിടിച്ചവർക്കാണ് സലഫികളോട് അടങ്ങാത്ത അരിശമുള്ളതെന്ന് സമൂഹമാധ്യമ രചനകളിൽനിന്ന് സ്പഷ്ടമാണ്.

സമാധാന സന്ദേശമായ ഇസ്‌ലാമിന് രാഷ്ട്രീയമാനം നൽകി, മതനിരപേക്ഷ ഭരണത്തിന് താഗൂത്തിന്റെ ചേരുവ നൽകി അസ്‌പൃശ്യത കൽപിച്ചവരിൽ പോലും തീവ്രത പോരെന്ന് വിലപിക്കുന്ന ചില അടിവേരുകളും സലഫികളിലേക്ക് ചേർത്തുവയ്ക്കാൻ വല്ലാതെ പ്രയാസപ്പെടുന്നതും സമൂഹമാധ്യമങ്ങളിലെ ഫലിതങ്ങളിൽ ചിലതാണ്. അൾജീരിയൻ വിമോചന പോരാട്ടങ്ങൾക്ക് സൈദ്ധാന്തിക ഭൂമികയൊരുക്കിയ മാർക്‌സിസ്റ്റ് ബുദ്ധിജീവി ഫ്രാന്റ്‌സ് ഫാനോൺ ഇത്തരം മനോരോഗികളെ അപഗ്രഥിച്ചത് ഒരു കണ്ണാടിയുടെ ഉപമയിലൂടെയാണ്.

കൊളോണിയലിസം കറുത്ത വർഗക്കാർക്കിടയിൽ സൗജന്യമായി കണ്ണാടി വിതരണം ചെയ്തുവത്രെ! പ്രസ്തുത കണ്ണാടിയിൽ പ്രതിഫലിക്കുന്നത് കറുത്തവന്റെ യഥാർഥ മുഖമല്ല, മറിച്ച് വെളുത്തവർ അവനുമേൽ ആരോപിച്ചിട്ടുള്ള ഭീകര മുഖമാണ്. കണ്ണാടിയെ

വിശ്വസിച്ച് കറുത്ത വർഗക്കാർ സ്വയം ആ കൃത്രിമ മുഖം ഏറ്റെടുക്കുന്നു. ആ മുഖം മറയ്ക്കാൻ വെളുത്തവന്റെ സംസ്‌കാരം ഏറ്റെടുക്കാൻ  അവന്റെ അപകർഷത അവനെ നിർബന്ധിക്കുന്നു. അങ്ങനെയവൻ വെളുത്ത മുഖംമൂടികൾ വാങ്ങിയണിഞ്ഞ് തന്റ സ്വത്വത്തെ മൂടിവയ്ക്കുന്നു.

ഇസ്‌ലാമികാദർശത്തിന്റെ ബാലപാഠം പോലുമറിയാതെ, ഓണം പോലെയുള്ള സവർണാഘോഷ ങ്ങൾക്ക് ബഹുസ്വരതയുടെ മുഖംമൂടി നൽകി അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളിൽ അപകർഷത കീഴടക്കിയ മനോനിലയിൽ അതിനെ വാരിപ്പുണരാനുള്ള വ്യഗ്രത കാണിച്ച അടിവേരുകൾക്ക് ഫാനോണിന്റെ ഉപമ യോജിക്കുമെന്നതാണ് വാസ്തവം. സാമ്രാജ്യത്വം സ്ഥാപിച്ച കണ്ണാടികളെ എറിഞ്ഞുടക്കാതെ അപകർഷതയുടെ തലച്ചുമട് ഇറക്കിവയ്ക്കാൻ ഇത്തരം അടിവേരുകൾക്ക് സാധിക്കുകയില്ലെങ്കിലും മനസ്സിലാക്കാനുള്ള വിവേകമെങ്കിലും ഉണ്ടാകണം. അല്ലാതെ സലഫീവിരുദ്ധ മേൽവിലാസത്തിൽ സാമ്രാജ്യത്വം നടത്തുന്ന നബിചര്യാവിരുദ്ധ യുദ്ധത്തിൽ പങ്കാളിയാകാനുള്ള വിവരക്കേടല്ല വേണ്ടത്. മുതലാളിത്തവും സാമ്രാജ്യത്വവും ‘നബിചര്യ പിന്തുടരുന്നവരാണ് ഭീകരവാദികൾ’ എന്ന പ്രസ്താവനയിൽ നിന്നാരംഭിച്ച് നബിചര്യയാണ് ഭീകരതയുടെ ദർശനമെന്ന് പറയുന്നേടത്ത് എത്തിനിൽക്കുന്നു. കേരളത്തിലെ ഐഎസ് ചർച്ചകളിൽ സലഫികളെ പഴിചാരാൻ ചില മുസ്‌ലിം നാമധാരികളായ, വെളുപ്പ്- ചാര നിറമുള്ള തൊപ്പിവച്ച വിവരദോഷികളെയും കമ്യൂണിസ്റ്റ് ദാർശനികരെയും സംഘരാഷ്ട്രീയത്തെയും പ്രേരിപ്പിക്കുന്ന ഘടകവും സാമ്രാജ്യത്വം സ്ഥാപിച്ച കണ്ണാടികളാണ്.

ഐഎസ്: സമുദായം പ്രതിചേർക്കപ്പെടുമ്പോൾ

സമാധാനത്തിന്റെ ശാദ്വലതീരമായ കേരളക്കരയിലെ മലയാളിപ്രബുദ്ധതയോട് സമരസപ്പെട്ടു പോകാത്ത ഒന്നാണ് ഭീകരത. ഇന്ത്യയുടെ ബഹുസ്വരതയെ ശരിയായ രൂപത്തിൽ കേരളത്തെ പോലെ പ്രകാശിപ്പിക്കുന്ന മറ്റൊരു സംസ്ഥാനവുമില്ലന്നതാണ് സത്യം. അതുകൊണ്ടാണ് ഇത്രയും കാലം വെറുപ്പിന്റെ ശക്തികൾക്ക് ഇവിടെ വേരോടാൻ കഴിയാതെപോയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിൽ താമര വിരിഞ്ഞതുതന്നെ കൊടുംചതിയിലൂടെയാണെന്നത് ഇന്ന് കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. വെറുപ്പിന്റെ വിത്ത് മുളക്കാത്തതിന്റെ അരിശമാണ് കാവിരാഷ്ട്രീയം ഭീകരത മലയാളികൾക്കു മേൽ ആരോപിക്കുന്നതെന്ന് ആർക്കാണ് അറിഞ്ഞ് കൂടാത്തത്? ‘കേരള സ്റ്റോറി’യെന്ന സിനിമയും ഇഡിയുടെ തേരോട്ടവും മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാനുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ നെറികെട്ട കളിയുമെല്ലാം അത് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

മലയാളത്തിന്റെ സൗഹൃദ ഭാവത്തെ തകർക്കാൻ എല്ലാ അടവുകളും പയറ്റിയിട്ടും വിജയിക്കാത്തതി ലുള്ള നിരാശയാണ് കാക്കിയിട്ട നിയമപാലകരിലൂടെ കുരുക്കുകളെറിയാൻ പ്രേരിപ്പിച്ചത്. അതിന് മതനിരപേക്ഷ ഭരണകൂടം കൂട്ടുനിൽക്കുന്നുവെന്ന വേദന എല്ലാവരുടെയും മനസ്സുകളിൽ നീറിപ്പുകയുന്നുണ്ട്. അതിനിടയിലാണ് പി.ജയരാജൻ സഖാവിന്റെ ‘ഐഎസ് റിക്രൂട്ട്‌മെന്റ് ’  പ്രസ്താവന കടന്നുവന്നത്. മൂന്നാം നരേന്ദ്രമോദി മന്ത്രിസഭ അധികാരം ഏറ്റടുത്തതിന് മുമ്പും ശേഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിം സമുദായമാണ് എന്നറിയാത്തവർ ആരുമില്ല. എന്നിട്ടും സാമ്രാജ്യത്വം  ഭീകര പ്രസ്ഥാനമായി വളർത്തിയെടുത്ത ഐഎസിനെ സാമ്രാജ്യത്വവിരുദ്ധനായ സഖാവ് തന്നെ എഴുന്നള്ളിക്കുന്നതിന്റെ പൊരുളെന്താണ്? ആൾക്കൂട്ട ആക്രമണങ്ങളും ബുൾഡോസർ രാജും ജനാധിപത്യ വിരുദ്ധ സമീപനങ്ങളും ന്യൂനപക്ഷധ്വംസനങ്ങളും നടത്തുന്ന, ഡിറ്റൻഷൻ സെന്ററുകളുടെ അധികാരികളുമായ സംഘപരിവാര രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കാനും സൈദ്ധാന്തികമായി നേരിടാനും ഇവർ മടിക്കുകയും ചെയ്യുമ്പോഴാണ് ചുവപ്പിന് നരബാധിച്ചുവെന്ന് വിലയിരുത്തുന്നതിനെ ശരിവയ്‌ക്കേണ്ടി വരുന്നത്. ചുവപ്പൻ വിപ്ലവനായകർ അധികാരസോപാനങ്ങളിലിരുന്നു വാഴുമ്പോഴും യൂറോപ്പിനെ അനുകരി ച്ചുകൊണ്ടുള്ള ഇസ്‌ലാം വെറുപ്പ് കൊച്ചുകേരളത്തിലും നടക്കുന്നുണ്ടെന്ന് ജയരാജ സഖാവ് അറിയാതെ പോയതായിരിക്കാൻ ഇടമില്ല. സമീപകാലത്ത് യൂറോപ്പിൽ നടന്ന ഒരു സംഭവം ഇങ്ങനെയാണ്:

2024 ജൂലൈ 26ന് ബ്രിട്ടനിലെ സൗത്ത് പോർട്ടിൽ യൂറോപ്യൻ വംശജരായ മൂന്ന് പെൺകുട്ടികൾ കൊലചെയ്യപ്പെട്ടു. ബിബി കിങ്, എൽസി സ്റ്റാൻകോം, ആലിസ് അഗ്വെയർ എന്നിവരാണ് കൊല്ലപ്പെട്ടത്. യോഗാ സ്റ്റുഡിയോയിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇവർക്കുനേരെ ആക്രമണം നടന്നത്. എട്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. അലി അൽശകാത്തി എന്ന അഭയാർഥിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആദ്യം വാർത്ത പരന്നത്. ഇതിനെ തുടർന്ന് ടൗണിൽ വലിയ പ്രതിഷേധം അരങ്ങേറി. മുസ്‌ലിം കുടിയേറ്റക്കാരെ ലക്ഷ്യമിട്ടായിരുന്നു മിക്കവാറും ആക്രമണങ്ങൾ നടന്നത്. സൗത്ത് പോർട്ടിലെ മസ്ജിദും താമസസ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. കൂടാതെ പോലീസ് കാറുകൾ കത്തിച്ചു. പോലീസ് നായ്ക്കളെയും ആക്രമിച്ചു. പതിനെട്ട് തികയാത്തതുകൊണ്ട് അക്രമിയുടെ പേരു വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നില്ല. അക്രമങ്ങൾ ശക്തമായതോടെ പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കോടതി പോലീസിന് നിർദേശം നൽകി. ആഫ്രിക്കൻ വംശജനായ, ഇംഗ്ലണ്ടിൽ ജനിച്ച് വളർന്ന, ലങ്കാഷെയറിൽ ജീവിക്കുന്ന ക്രൈസ്തവനായ ആക്‌സിൽ രുദാകുബാന എന്ന കൗമാരക്കാരനായിരുന്നു കൊലപാതകി. ഓട്ടിസം ബാധിച്ചവനായിരുന്നു. പേരുവിവരം പുറത്ത് വന്നിട്ടും അക്രമം പിന്നെയും തുടർന്നുവത്രെ!

വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ കളമശ്ശേരിയിൽ നടന്ന സ്‌ഫോടനം ആരും മറന്നുകാണില്ല. ഒരു സമുദായത്തെ മുൾമുനയിൽ നിറുത്തിയ വാർത്താ അവതാരങ്ങളെയും ആരും മറന്നുകാണില്ല. കൊല്ലത്ത് തട്ടിക്കൊണ്ട് പോകപ്പെട്ട ഏഴ് വയസ്സുകാരിയുടെ പേരിൽ പോലിസ് തയ്യാറാക്കിയ കാരിക്കേച്ചറിൽ ഒരു മുസ്‌ലിം സഹോദരന്റെ രൂപസാദൃശ്യമുണ്ടെന്ന് ആരോപിച്ച് ആ പാവപ്പെട്ടവന്റെ വീട് തകർത്തതും ആരും വിസ്മരിക്കാനിടയില്ല. മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽ ആർഎസ്എസ്സുകാരാൽ കൊല്ലപ്പെട്ട ഫൈസലിന്റെ കൊലയാളികൾക്കെതിരിൽ പ്രോസിക്യൂട്ടറെ വയ്ക്കാനുള്ള മര്യാദപോലും കാണിക്കാത്തത് സോഷ്യലിസ്റ്റ് സർക്കാറാണെന്നത് മറന്നുപോകരുത്. എണ്ണിയാലൊടുങ്ങാത്ത നൊമ്പരങ്ങൾ ഈ സമുദായത്തിന് പങ്കുവയ്ക്കാനുണ്ടായിട്ടും ഐഎസ് ഭീകരത സമുദായത്തിന്മേൽ കെട്ടിവയ്ക്കുന്നത് ആരെ പ്രീണിപ്പിക്കാനാണ് എന്ന് ചോദിക്കേണ്ടിവരുന്നു.

ഐഎസ് പ്രസ്താവനയിലെ മുതലെടുപ്പ് രാഷ്ട്രീയം

ലെബനാനിലെ പേജർ സ്‌ഫോടനത്തിൽ നോർവീജിയൻ പൗരനായ മലയാളി റിൻസൻ ജോസിന്റെ ബൾഗേറിയൻ കമ്പനിയിലേക്കാണ് അന്വേഷണം എത്തിനിൽക്കുന്നത്. പേജർ സ്‌ഫോടനം നടന്ന ദിവസം മുതൽ റിൻസൻ ജോസിനെ കാണാനില്ല എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ധാരാളം ആളുകൾ കൊല്ലപ്പെട്ട പേജർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം റിൻസൻ എന്ന മലയാളിയിൽ വന്നെത്തിയിട്ടും ഇതേക്കുറിച്ച് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടോ? ലെബനാനിൽ എത്തിയതും പേജർ നിർമിച്ച് നൽകിയതും ഒരു മുസ്‌ലിം നാമധാരിയായ മലയാളി യുവാവായിരുന്നുവെങ്കിൽ നമ്മുടെ നാട്ടിലെ ചർച്ച എന്താകുമായിരിക്കും എന്നത് പ്രസക്തമായ ചോദ്യമാണ്.

ലോകത്ത് ഭീകരതയുടെ പരിവേഷം പരികൽപിച്ച് നൽകിയ സംഘങ്ങളുടെ പ്രവർത്തനങ്ങളും അതിൽ ഇയാൾ വഹിക്കുന്ന പങ്കുമെല്ലാം വിശദീകരിച്ചുകൊണ്ട് നമ്മുടെ മാധ്യമങ്ങൾ തകർക്കുമായിരുന്നു. മദ്‌റസാ വിദ്യാഭ്യാസം മുതൽ കുടുംബവും വളർന്ന പശ്ചാത്തലവുമെല്ലാം ചർച്ചകളിൽ വലിയ സ്ഥാനം പിടിക്കുമായിരുന്നു. എന്നാൽ ‘റിൻസൻ ജോസ്’ എന്ന പേരായതുകൊണ്ട് അന്തിച്ചർച്ചകളിലോ വർണാഭമായ പേജുകളിലോ ഈ വാർത്ത ഇടം പിടിക്കാതെ പോയതിലെ യുക്തി എന്തായിരിക്കും എന്നന്വേഷിച്ചിരുന്നെങ്കിൽ ഐഎസ് റിക്രൂട്ട്‌മെന്റിന്റെ ജയരാജ പ്രസ്താവനയുടെ മൂല്യം നമുക്ക് മനസ്സിലാകുമായിരുന്നു. പോപ്പുലാരിറ്റിയും രാഷ്ട്രീയ നിലനിൽപ്പും സാധ്യമാകണമെങ്കിൽ അൽപമൊന്ന് ഹിന്ദുത്വ പ്രീണനമാകാമെന്ന വിലയിരുത്തലായിരിക്കും ഇങ്ങനെയൊരു പക്ഷം ചേരാൻ വിപ്ലവ നായകരെ പ്രേരിപ്പിച്ചത്.

പി.ജയരാജന്റെ ‘ഐഎസ് റിക്രൂട്ട്‌മെന്റ്,’ ‘രാഷ്ട്രീയ ഇസ്‌ലാം’ എന്നീ പ്രസ്താവനകളിൽ ഊർജം ലഭിച്ചവരുടെ രാഷ്ട്രീയവും വിദ്വേഷവും വെറുപ്പും പകയുമൊക്കെയാണെന്ന് ചില രചനകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോള ഭീകരവാദത്തിന് ഇസ്‌ലാമിക പരിവേഷം നൽകാനാണ് അത്തരം രചനകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂരിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരോ ആക്രമണത്തിന് നേതൃത്വം നൽകുന്ന സംഘപരിവാരങ്ങളോ ആരാണ് ഏറ്റവും പ്രിയപ്പെട്ടവർ എന്ന ചോദ്യത്തിന് ചില ‘ക്രിസംഘി’ പ്രസിദ്ധീകരണങ്ങൾ ‘മനോഹരമായി’ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു. രാജ്യത്ത് തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളോ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന മിഷണറി പ്രവർത്തകരോ ഇവർക്ക് പ്രിയപ്പെട്ടതല്ലെന്ന് അവരുടെ അക്ഷരക്കൂട്ടങ്ങൾ മാനവരോട് വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു. ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും പച്ചക്ക് കത്തിച്ചുകൊന്ന അക്രമ രാഷ്ട്രീയമാണ് ഇവർക്ക് ആവേശം. ആഗോള ഭീകരവാദത്തിന്റെ കണക്കുകളെക്കുറിച്ച് നിഷ്പക്ഷ വായനക്ക് തയ്യാറായാൽ പ്രതിക്കൂട്ടിൽ നിറുത്തപ്പെടുന്നതാരായിരിക്കുമെന്ന് കുരിശ് പടയോട്ടം പറഞ്ഞുതരും.

ഐഎസിന്റെ മതവിരുദ്ധ രാഷ്ട്രീയം

1999ൽ ജോർദാൻകാരനായ അബൂമൂസാ അൽസർഖാവിയാണ് ഇറാഖ് കേന്ദ്രീകരിച്ച് ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ’ അഥവാ ഐസിസിന് രൂപം നൽകിയത്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഓരോ മനസ്സിലും ഭീതിവിതച്ചുകൊണ്ടാണ് ലോകത്ത് അത് തേരോട്ടം നടത്തിയത്. 2003ൽ ഇറാഖിൽ സദ്ദാം ഹുസൈനെതിരെ നടത്തിയ അമേരിക്കൻ ആക്രമണമാണ് സംഘടനയെ കൂടുതൽ അക്രമങ്ങളി ലേക്ക് നയിച്ചത്. സദ്ദാം ഹുസൈനെ കീഴടക്കി ഇറാഖിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തതോടെ അൽഖായിദ ശക്തമാകാൻ തുടങ്ങി. പിന്നീട് 2004ൽ സർഖാവി അൽഖായിദയുടെ ഭാഗമായി. സദ്ദാമിനെ നിഷ്‌കാസിതനാക്കിയതും തുടർന്ന് അധികാരത്തിലെത്തിയ അടിച്ചമർത്തൽ ഭരണത്തിൽ പ്രതിഷേധിച്ചും സർഖാവിയുടെ നേതൃത്വം ഇറാഖിൽ തീവ്രവാദ ആക്രമണങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. അമേരിക്കയുടെ പ്രത്യാക്രമണത്തിൽ 2006ൽ സർഖാവി കൊല്ലപ്പെടുകയും ചെയ്തു.

ഇതിനുശേഷം ഇറാഖ് പ്രധാനമന്ത്രി നൂരി അൽമാലികിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ ദുർഭരണം ചെറുക്കാനെന്ന പേരിൽ അൽഖായിദയും വിവിധ തീവ്രവാദഗ്രൂപ്പുകളും ചേർന്ന് 2006 ഒക്ടോബറിൽ ഇറാഖിലെ ആറ് പ്രദേശങ്ങളെ ഉൾപ്പെടുത്തി ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് രൂപീകരിച്ചതായി പ്രഖ്യാപിച്ചു. അക്കാലങ്ങളിൽ ഇറാഖിലെ ബഗ്ദാദിനടുത്ത് ബുക്ക ജയിലിൽ അമേരിക്കൻ തടവുകാരനായി കഴിഞ്ഞയാളായിരുന്നു അബൂബക്കർ അൽബഗ്ദാദി. 2009ൽ മോചിതനായ ശേഷം അമേരിക്കയുടെയും ഇസ്‌റായേലിന്റെയും സഹായത്തോടെ ബഗ്ദാദിയും സഹതടവുകാരും ഐസിസിന്റെ തലപ്പത്തെത്തിയതും അവർക്ക് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ അവസരമൊരു ക്കിയതും അമേരിക്കയായിരുന്നുവെന്ന് ലണ്ടനിലെ ഗാർഡിയൻ ദിനപത്രം വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങ നെ സാമ്രാജ്യത്വം മുസ്‌ലിം ലോകത്തെയും രാഷ്ട്രങ്ങളെയും മാത്രം ലക്ഷ്യമാക്കി പടച്ചുവിട്ട ഈ ഭീകരവാദ സംഘത്തിനെതിരെ മുസ്‌ലിം ലോകം ഒന്നടങ്കം ശബ്ദിച്ചിട്ടുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ അൽഖായിദയെ സൃഷ്ടിക്കുകയും അവരെ പാലൂട്ടി വളർത്തുകയും ചെയ്ത അതേ പാശ്ചാത്യശക്തികൾ തന്നെയാണ് ഇറാഖിലെയും സിറിയയിലെയും തന്ത്രപ്രധാന മേഖലകളിൽ ആധിപത്യം സ്ഥാപിച്ച ഈ ഭീകര സംഘ ത്തിന് ഇസ്‌ലാമിന്റെ മുഖം വികൃതമാക്കാൻ സൗകര്യങ്ങളൊരുക്കിക്കൊടുത്തത്.

അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഏഴ് ചെക്ക്‌പോസ്റ്റുകൾ നിഷ്പ്രയാസം കടന്ന് ഐസിസിന് തിക്രിത്തിലെത്താൻ കഴിഞ്ഞുവെന്നത് അതിന് തെളിവാണ്. ഹാല്ലിബർട്ടൺ പോലുള്ള ആയുധക്കമ്പനി കളുടെ സ്രഷ്ടാക്കളായ അമേരിക്കയാകട്ടെ രാഷ്ട്രീയ നേട്ടത്തോടൊപ്പം സാമ്പത്തികലാഭവും കൂടി ലക്ഷ്യമാക്കുന്നുണ്ട്. ഇസ്‌റായേൽ, അമേരിക്ക, ബ്രിട്ടൺ എന്നീ രാഷ്ട്രങ്ങളുടെ ചാരസംഘടനകളായ മൊസാദും എം സിക്സ്റ്റീനും സി.ഐഎയുമാണ് ഐസിസിന് പിന്നിൽ എന്ന് തുറന്നു പറഞ്ഞവരിൽ അമേരിക്കയിൽനിന്നും പ്രസിദ്ധീകരിക്കുന്ന ‘ദി ഡിപ്ലോമാറ്റ്’ മാഗസിനും ഉണ്ടെന്നത് വിസ്മരിച്ച് കൂടാത്തതാണ്.

നാൽപതിനായിരത്തിലേറെ ഫലസ്തീനികളെ കൊന്നുതള്ളിയ ഇസ്‌റായേലിനെതിരെയോ അവരെ ചേർത്ത് നിറുത്തിയ അമേരിക്കയ്‌ക്കെതിരെയോ ഐസിസ് ചെറുവിരലനക്കിയതായി പോലും  കാണാനാവില്ല. കാരണം, ഇതിനു പിന്നിലെ തിരക്കഥ തയ്യാറാക്കിയത് സാമ്രാജ്യത്വമാണ്. മലയാളികളോട് ധൈര്യത്തോടെ ഈ സത്യം വിളിച്ചുപറഞ്ഞത് ഇടതുപക്ഷ ചാനലായ കൈരളിയാണ്. എന്നിട്ടും പി.ജയരാജൻ സഖാവ് കേരളത്തിലെ മുസ്‌ലിംകളെ ഐസിസുമായി കൂട്ടിക്കെട്ടാൻ നോക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?

ജയരാജൻ സഖാവ് പലപ്പോഴും സലഫിധാരയെ പഴിപറയുന്ന പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ ഐസിസിന്റെ ഭീകരതയോട് ശക്തമായ വൈജ്ഞാനിക പ്രതിരോധം തീർത്തതും സമൂഹത്തെ ബോധവത്കരിച്ചതും സലഫികളാണ്. ലോകരാജ്യങ്ങളിലെ മുഴുവൻ പ്രതിനിധികളും പങ്കെടുത്ത, മുസ്‌ലിംകളുടെ ഏറ്റവും വലിയ കൂടിച്ചേരലായ ഹജ്ജ് കർമത്തോടനുബന്ധിച്ച് നടന്ന അറഫാ പ്രസംഗത്തിൽ സലഫി പണ്ഡിത ലോകത്തിന് നേതൃത്വം നൽകുന്ന അവിടുത്തെ ഗ്രാന്റ് മുഫ്തി ആലുശൈഖ് നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ ഏറിയ ഭാഗവും ‘ദാഇശ്’ എന്ന് അറബിയിൽ നാമകരണം ചെയ്തിട്ടുള്ള ഐസിസിനും അൽഖായിദക്കുമെതിരെയായിരുന്നുവെന്നത് വിസ്മരിക്കരുത്. ആദർശപരമായും സായുധമായും അവർക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെ ഉദ്‌ഘോഷിച്ച പ്രസംഗം ലോകമാധ്യങ്ങൾ റിപ്പോർട്ട് ചെയ്തത് ഓർക്കുന്നത് നന്നാകും.

കേരളത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ‘ഐഎസ് മതനിഷിദ്ധം, മാനവ വിരുദ്ധം’ എന്ന പേരിൽ നടത്തിയ കാമ്പയിൻ മലയാളികൾ ഏറ്റെടുത്തതാണ്. വിസ്ഡം ബുക്‌സ് മലയാളത്തിൽ പുറത്തിറക്കിയ ‘ഐഎസിന്റെ മതം’ എന്ന പുസ്തകം ഐഎസിന്റെ തനിനിറം തുറന്നുകാട്ടുന്നതാണ്.  സലഫി പണ്ഡി

തനായ ശൈഖ് ഇബ്‌റാഹീം ഇബ്‌നു സ്വാലിഹ് അൽമുഹൈമീദ് എഴുതിയ ‘അൽ ഖിസ്സ്വത്തുൽകാമില ലി ഖവാരിജി അസ്‌രിനാ’ എന്ന ഗ്രന്ഥവും ഐസിസിനെതിരെ ശക്തമായ വൈജ്ഞാനിക പിന്തുണ നൽകുന്നതാണ്.

മതേതരത്വം കാപട്യമുക്തമാകട്ടെ

ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തെ പ്രതിഫലിച്ച് നിറുത്താൻ എന്നും പ്രതിബദ്ധതയോടെ പ്രവർത്തിച്ചിരുന്നവരാണ് ഇടതുപക്ഷം. സമീപകാലത്ത് മരണപ്പെട്ടുപോയ സീതാറാം യെച്ചൂരിയെ പോലെയുള്ള നേതാക്കൾ അതിനുവേണ്ടി ശക്തമായി നിലകൊണ്ടവരാണ്. അതിൽനിന്ന് വിഭിന്നമായി അധികാരത്തിന്റെ അപ്പക്കഷ്ണങ്ങളിൽ കടിച്ച് തൂങ്ങി അരുതായ്മകൾക്ക് നേതൃത്വം നൽകുന്ന വിധമാണ് ചില നേതാക്കളുടെ സമീപനം. അത് ന്യൂനപക്ഷങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ നാവിന് പിഴപറ്റി വീണുപോയ പ്രസ്താവനയായി സങ്കൽപിക്കാൻ പോലും സാധിക്കാത്തവിധം ഹിന്ദുത്വ പ്രീണനം ഇവരുടെ അജണ്ടയായിരിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരി ക്കുന്നു. അത്തരം പ്രസ്താവനകൾ മുഖ്യമന്ത്രിയിൽനിന്ന് പോലും പലപ്പോഴായി വന്നുപോയിട്ടുണ്ട്.

ജനാധിപത്യത്തിന്റെ നിലപാടുതറയിലും ഭരണഘടനാമൂല്യങ്ങളിലും ഊന്നിനിന്നുകൊണ്ട് വൈവിധ്യത്തെ ആരോഗ്യപരമായി കൂട്ടിയിണക്കുക എന്നതാണ് പൗരധർമം എന്ന് ഉദ്‌ഘോഷിക്കുന്നവരാണ് നാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ഏറിയകൂറും ഈവിധമാണ് ഇന്ത്യൻ ഭരണകൂടവും സമൂഹവും ഈ വിഷയത്തെ സമീപിച്ചിരുന്നത്. 2014ന് ശേഷം ഈ സവിശേഷതകൾക്ക് മാറ്റം വന്നതായി നാം അറിയുന്നു. മതനിരപേക്ഷതയോടുള്ള ബിജെപിയുടെ സമീപനത്തിൽ വന്ന മാറ്റമാണ് ഇതിന്റെ കേന്ദ്രബിന്ദു. ബിജെപിയുടെ രണ്ട് ഘട്ടങ്ങളെ ഈ സാഹചര്യത്തിൽ നമുക്ക് കാണാനാകും. അകമേ ഭൂരിപക്ഷ വികാരം താലോലിച്ചിരുന്നപ്പോഴും പുറമേക്ക് മതനിരപേക്ഷത പറഞ്ഞ് നടന്നതാണ് ആദ്യഘട്ടം. മറ്റു കക്ഷികൾ ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്ന് ആരോപിക്കാനാണ് അവർ ശ്രമിച്ചത്. സെക്കുലറിസവും സ്യൂഡോ സെക്യുലറിസവും തമ്മിലുള്ള കലഹമായാണ് ഈ ഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അവർ വ്യാഖ്യാനിച്ചത്. തങ്ങൾ മതേതരവാദികളും മറ്റുള്ളവർ കപട മതേതരവാദികളും! വികസനത്തെ കുറിച്ച് അവർ വാചാലരാവുകയും ചെയ്തു.

വാജ്‌പേയിയുടെ ‘ഇന്ത്യാ ഷൈനിംഗ്,’ നരേന്ദമോഡിയുടെ ‘സബ്കാ സാത്ത് സബ് കാ വികാസ്’ എന്നീ മുദ്രാവാക്യങ്ങൾ ചില ഉദാഹരണ ങ്ങളാണ്. എന്നാൽ രണ്ടാം ഘട്ടമെത്തിയപ്പോൾ മതനിരപേക്ഷതയുടെ മൂടുപടം അഴിച്ചുവയ്ക്കുകയും ഹിന്ദുത്വത്തെ പരസ്യമായി പുൽകുകയും ചെയ്തു. ഇതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മതനിരപേക്ഷതയെക്കാൾ ഹിന്ദുത്വത്തിനായി പ്രചാരണ മൂല്യം.

ഇന്നിപ്പോൾ ചില രാഷ്ട്രീയപാർട്ടികളും അവയുടെ നേതാക്കളും പരസ്പരം മത്സരിക്കുന്നത് അവരവരുടെ ജനാധിപത്യ മതനിരപേക്ഷ ബോധ്യം ജനസമക്ഷം അവതരിപ്പിക്കുന്നതിനെക്കാൾ സ്വന്തം ഹൈന്ദവ പാരമ്പര്യം തെളിയിക്കുന്നതിനാണ്. തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും തോളോടുതോൾചേർന്ന് സമൂഹത്തെ ഭയവിഹ്വലരാക്കുന്നു. ഈ ഗണത്തിലേക്ക് കേരളത്തിന്റെ രാഷ്ട്രീയവും അധികാരവും നടന്നടുക്കുന്നതായാണ് സമീപകാല സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ഭീകരതയും തീവ്രവാദവും ആരോപിച്ച് ഒരു സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം നടന്നുകൊണ്ടിരിക്കുന്നു. അധികാരികളുടെ വാക്കും പ്രവൃത്തിയുമാണ് അതിന് സാക്ഷി.