അർബാബിന്റെ മതം തിരയുന്നവർ അറിയാൻ
ഹിലാൽ സലീം സി.പി
2024 ഏപ്രിൽ 06, 1445 റമദാൻ 27

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’ എന്ന ടാഗ് ലൈനോടെ 2008 ആഗസ്റ്റ് മാസത്തിലാണ് ‘ആടുജീവിതം’ എന്ന നോവൽ വെളിച്ചം കാണുന്നത്. ജോലിയാവശ്യാർഥം സുഊദി അറേബ്യയിലേക്കു പറന്ന്, റിയാദിലെ വിമാനത്താവളത്തിൽവച്ച് സ്‌പോൺസറെന്ന് തെറ്റിദ്ധരിപ്പിച്ചയാളുടെ കൂടെപ്പോയി, ഒടുവിൽ വൃത്തിഹീനമായ ഒരു ആടുവളർത്തൽ കേന്ദ്രത്തിൽ (മസ്‌റ) എത്തിപ്പെട്ട മലയാളിയായ നജീബിന്റെ കഥ വിവരിക്കുന്ന ഈ നോവൽ കേരളത്തിൽ പ്രചുരപ്രചാരം നേടി.
കേവലമായ സാഹിത്യസൃഷ്ടി എന്നതിലുപരി മലയാളിയായ ശുക്കൂർ എന്ന വ്യക്തിയുടെ അനുഭവമാണ് താൻ നോവലാക്കി മാറ്റിയതെന്നാണ് ബെന്യാമിൻ ആമുഖത്തിൽ കുറിച്ചത്: ‘നജീബിന്റെ ജീവിതത്തിനു മേൽ വായനക്കാരന്റെ രസത്തിനു വേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാൻ എനിക്ക് തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അർഹിക്കുന്നുണ്ട്, ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ്.’
നോവലിന്റെ കഥാതന്തുവും ഭാവനാവിലാസങ്ങളും എഴുത്തുകാരന്റെ പരമമായ സ്വാതന്ത്ര്യമാണ്. ഷുക്കൂറിന്റെ കഥയിൽ പൊടിപ്പും തൊങ്ങലും വച്ചുകെട്ടാൻ തനിക്ക് തോന്നിയില്ല എന്ന് ആമുഖത്തിൽ പറഞ്ഞ ബെന്യാമിൻ, പതിനാറു വർഷങ്ങൾക്കു ശേഷം നോവൽ കൊട്ടകയിലേക്ക് എത്തുമ്പോൾ പ്രതികരിച്ചത് താനെഴുതിയത് 30% ഷുക്കൂറിന്റെ ജീവിതവും 70% തന്റെതായ ഭാവനയുമാണ് എന്നാണ്. ഈ വൈരുധ്യം കഥാപരിസരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഫലമാണ്. പച്ചപ്പാലും വല്ലപ്പോഴും കിട്ടുന്ന ഖുബ്ബൂസും മാത്രം ഭക്ഷിച്ച് മരുഭൂമിയിൽ മൂന്നു വർഷത്തോളം ജീവിച്ച നജീബ് എന്ന കഥാപാത്രത്തെ നോവലിസ്റ്റ് ഉല്ലേഖനം ചെയ്തപ്പോൾ ഒരു ഘട്ടത്തിൽ തന്റെ ഭാര്യയെ ഓർത്ത് ഒരു പെണ്ണാടിനെ സമീപിക്കുന്ന രംഗം പോലും ചേർത്തുവച്ചിട്ടുണ്ട്. ‘ഒരുപക്ഷേ, യഥാർഥത്തിൽ സംഭവിച്ചിട്ടില്ലാത്ത ഇത്തരമൊരു കഥാതന്തു ഒന്നുകൊണ്ട് മാത്രമാണ് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സാഹിത്യസംബന്ധമായി മധ്യമമായ ഈയൊരു നോവൽ എത്തിപ്പിടിച്ചത്’ എന്നിത്യാദി വിമർശനങ്ങൾ പലകോണുകളിൽനിന്നും പിന്നീട് ഉയർന്നുകേട്ടു.
കേരളത്തിന്റെ വികസനത്തിന് അറേബ്യൻ മണലാരണ്യത്തിന്റെ ഗന്ധമുണ്ട്. ഗന്ധമെന്നത് സുഗന്ധവും ദുർഗന്ധവും ചേർന്നതാണ്. അറേബ്യൻ ഉപദ്വീപിലെത്തി, ശോഷിച്ച ജീവിതസാഹചര്യങ്ങൾ അനുഭവിച്ച് ജീവിതം കരുപ്പിടിപ്പിച്ച പ്രവാസികൾക്ക് സുപരിചിതമായ നോവലിന്റെ ഇതിവൃത്തം മലയാളത്തിലെ ബുദ്ധിജീവി ഇടങ്ങളിലേക്ക് ഉയർത്തിവിട്ട ചില വാചാടോപങ്ങളുണ്ട്. മസ്‌റയിൽ അകപ്പെട്ട നജീബിനോടും കൂടെയുണ്ടായിരുന്ന ഹകീമിനോടും, പിന്നീട് ആടുജീവിതത്തിൽനിന്നും രക്ഷപ്പെടണമെന്ന പ്രതീക്ഷക്ക് പുതുനാമ്പുമായി അവരിലേക്ക് കടന്നുവന്ന സൊമാലിയക്കാരൻ ഇബ്‌റാഹീം ഖാദിരിയോടും അർബാബുമാർ (സ്‌പോൺസർമാർ) ചെയ്ത ക്രൂരതകളെ കുറിച്ചായിരുന്നു പ്രധാനപ്പെട്ട വാഗ്വാദങ്ങൾ. പൈശാചികതയുടെ പാരമ്യത്തിൽ നിസ്സഹായനായ നജീബിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടും മസ്‌റയിൽനിന്നും രക്ഷപ്പെട്ടെന്ന് കരുതിയ ‘ഭീകരരൂപി’യായ അടിമപ്പണിക്കാരന്റെ കൈപ്പത്തിയും അഴുകിയ ശരീരവും കണ്ടപ്പോൾ ഇനിയൊരു രക്ഷ സാധ്യമല്ല എന്ന് കരുതിയേടത്തുനിന്ന് അയാളെ ജീവിക്കാൻ പ്രചോദിപ്പിച്ച ആത്മീയതയും കൂടെ ചർച്ചയാക്കിയിരുന്നു.
ഇന്നിപ്പോൾ (2024 മാർച്ച് മാസം) കഥ സിനിമയായതോടെ ഈ സംവാദങ്ങൾക്ക് വീണ്ടും ചൂടുപിടിക്കുന്നുണ്ട്. എന്നാൽ പതിനാറു വർഷങ്ങൾക്കിപ്പുറം വാഗ്വാദങ്ങൾ ‘പച്ച’പിടിക്കുന്നത് വർഗീയമായ ആഖ്യാനം ചേർത്തുകൊണ്ടാണ് എന്നത് കേരളത്തിന്റെ ഒട്ടും പരിഷ്‌കൃതമല്ലാത്തൊരു മാറ്റത്തെ കൂടി സൂചിപ്പിക്കുന്നുണ്ട്.
അർബാബിന്റെ മതം!
ആടുജീവിതം ഒരു ഇസ്‌ലാമോഫോബിക് ഉൽപന്നമാണ് എന്നതിനോടു യോജിക്കാൻ നമുക്ക് സാധിക്കില്ല. നജീബിനോട് അർബാബ് ചെയ്ത ക്രൂരതകളെ വിവരിക്കുന്നത് ഇസ്‌ലാംഭീതി വളർത്തലല്ല, വാസ്തവമാണ്. അപരിഷ്‌കൃത ജീവിതം നയിക്കുന്ന, ഇസ്‌ലാമിന്റെ കാറ്റു വീശിയപ്പോഴും പാരമ്പര്യ ജീവിതരീതികൾ തുടർന്നുവന്ന, തക്കംപാർത്ത് കൊള്ളയടിച്ചിരുന്ന അറേബ്യയിലെ ബദുക്കളുടെ പിൻഗാമികൾക്കിടയിലേക്കാണ് നജീബ് എത്തിപ്പെടുന്നത്. എഴുത്തുകാരന്റെ അതിശയോക്തി കലർന്ന വർണനകൾ മാറ്റിനിർത്തിയാൽ ഇത് കടൽകടന്ന ചിലരെങ്കിലും ജീവിച്ചുതീർത്ത യാഥാർഥ്യങ്ങൾ തന്നെയാണ്. ആടുജീവിതത്തിലെ ഇസ്‌ലാമോഫോബിക് എലമെന്റുകൾ ചർച്ച ചെയ്യുന്നവർ-ദളിത് ബുദ്ധിജീവികൾ പറയുന്ന വാദങ്ങളിൽ കഴമ്പുണ്ടെങ്കിലും- മുന്നോട്ടുവയ്ക്കുന്ന നിഗമനത്തിൽ കാര്യമായ പ്രശ്‌നങ്ങളുണ്ട്. ഒരുപക്ഷേ, കഥാപരിസരം ഇന്ത്യയിലേതും കഥാനായകനെ ദളിതനായും മാറ്റി പ്രതിഷ്ഠിച്ചാൽ ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത കൈവരിക്കുമോ എന്നതിലെ സാമൂഹിക യാഥാർഥ്യം നമുക്ക് പൂർണമായും ഉൾക്കൊള്ളാൻ സാധിക്കുമ്പോഴും, പ്രസ്തുത കൃതിക്ക് ഇസ്‌ലാം വിരുദ്ധതകൊണ്ടാണ് സ്വീകാര്യത ലഭിച്ചത് എന്നത് തള്ളിക്കളയേണ്ട തീർപ്പാണ്. ഒരുവേള ഇസ്‌ലാമോഫോബിയ എന്ന യാഥാർഥ്യത്തെ വിലകുറച്ച് കാണാൻ പ്രേരിപ്പിക്കാനുതകുന്ന തീർപ്പു കൂടിയാണത്.
ഇസ്‌ലാമിന്റെ പര്യായമാകുന്ന അർബാബ്!
ബെന്യാമിന്റെ കൃതി ഇസ്‌ലാമോഫോബിയയല്ല എന്ന് പറയുമ്പോഴും അതിലെ വൈകാരികമായ ഇതിവൃത്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഇസ്‌ലാംഭീതി വളർത്തുകയാണ് സാമൂഹ്യമാധ്യമങ്ങളിലെ ഹിന്ദുത്വ-കൃസംഘി വർഗീയവാദികൾ. ഒരുപക്ഷേ, ബൗദ്ധികമായി ഇത്രത്തോളം അധഃപതിച്ച നിരൂപണങ്ങൾ ഭൂലോകത്ത് കാണാൻ സാധിക്കില്ല! അർബാബ് അറബിയാണെന്നും ആയതിനാൽ കഥാപാത്രത്തോട് ചെയ്യുന്ന ക്രൂരതകൾ ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണെന്നുമുള്ള ആരോപണമാണ് ഏറെ പ്രചരിക്കപ്പെട്ടത്. ഏതൊരു സമൂഹവും നല്ല മനുഷ്യരെയും നന്മ കുറഞ്ഞവരെയും ഉൾക്കൊള്ളുന്നു എന്ന ബോധ്യത്തിലേക്കെത്താൻ ഇസ്‌ലാം ഭീതിയുടെ മഞ്ഞക്കണ്ണടയും അറബ് വിരുദ്ധതയുടെ തിമിരവും അവരെ അനുവദിച്ചില്ല എന്നുവേണം കരുതാൻ. ഇസ്‌ലാമിന്റെ, തൊഴിലാളികളോടുള്ള സമീപനം പൊതുചർച്ചയ്ക്ക് വിധേയമാക്കുന്നതിൽ നമുക്ക് അഭിമാനം മാത്രമേയുള്ളൂ.
തൊഴിലാളിയുടെ ഇസ്‌ലാം
സന്യാസത്തിന് ഇടംനൽകാത്ത മതമാണ് ഇസ്‌ലാം. ഐഹികലോകത്തെ പാടെ തിരസ്‌കരിച്ച് സന്യാസത്തിലൂടെ ആത്മീയതയുടെ ഉത്തുംഗതയിൽ എത്തുകയെന്ന വീക്ഷണം ഇസ്‌ലാമിന് പരിചയമില്ല. ഒരാൾ പള്ളിയിൽ സദാസമയവും പ്രാർഥനയിൽ മുഴുകുന്നത് നബിﷺ കണ്ടു. ആരാണ് ഈ വ്യക്തിയെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതെന്ന് അവിടുന്ന് ചോദിച്ചു. തങ്ങളിൽ ചിലരാണ് സഹായിക്കുന്നതെന്ന് ആളുകൾ മറുപടി നൽകി. എങ്കിൽ അദ്ദേഹത്തെ സഹായിക്കുന്നവർ അദ്ദേഹത്തെക്കാൾ അല്ലാഹുവിന്റെ പക്കൽ മികച്ചവരാണ് എന്ന് അവിടുന്ന് പറയുകയാണുണ്ടായത്. നമസ്‌കാര ശേഷം ജോലിക്കു പോകാതെ ചടഞ്ഞുകൂടിയിരുന്ന യുവാക്കളെ ആട്ടിപ്പായിച്ച ഉമറുൽ ഫാറൂഖി(റ)ന്റെ നിലപാട് ഇതിനോടു ചേർത്തുവായിക്കേണ്ടതാണ്.

നിഷ്‌ക്രിയത്വത്തെ പരമാവധി നിരുത്സാഹപ്പെടുത്തിയ ഇസ്‌ലാം, സ്വന്തമായി ജോലി ചെയ്ത് ആശ്രിതരെ പോറ്റുന്നതിനെ ഒരു വ്യക്തിയുടെ അഭിമാനകരമായ കാര്യമായാണ് വീക്ഷിക്കുന്നത്. ഒരു മനുഷ്യൻ അയാളുടെ മുതുകത്ത് കയറുകെട്ടി വിറക് ചുമടെടുത്തിട്ടാണെങ്കിലും യാചനയിൽനിന്ന് പിന്തിരിയട്ടെ എന്ന് നബിﷺ അരുളുകയുണ്ടായി. ദാനധർമത്തെയും സകാത്തിനെയും പ്രോത്സാഹിപ്പിച്ച ഇസ്‌ലാം പക്ഷേ, കഴിവുള്ളവന് ദാനം കൊടുക്കുന്നതിനെ നിരുൽസാഹപ്പെടുത്തുന്നുണ്ട്.
ജോലിക്കാരോടുള്ള പെരുമാറ്റം
ആഇശ(റ) ഒരിക്കൽ പറയുന്നുണ്ട്: ‘തിരുനബിﷺ ഒരിക്കൽപ്പോലും ഒരു കുട്ടിയെയോ സ്ത്രീയെയോ തന്റെ കീഴിലുള്ള ജോലിക്കാരനെയോ തല്ലിയിട്ടില്ല.’ റസൂലിന്റെ വീട്ടിൽ ജോലിയാവശ്യാർഥം ചെറുപ്രായത്തിൽത്തന്നെ എത്തിയ അനസ്(റ) അവിടുത്തെ പെരുമാറ്റത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. അനസ്(റ) പറയുന്നു: “പത്തുവർഷം ഞാൻ പ്രവാചകന്റെ കീഴിൽ ജോലി ചെയ്തു. എന്നാൽ ഒരുവട്ടം പോലും ‘ഛെ’ എന്ന വാക്ക് അവിടുന്ന് എന്നോട് പറഞ്ഞിട്ടില്ല. ‘അനസേ, നീ എന്തിനത് ചെയ്തു,’ എന്നോ ‘നീ എന്തേ അത് ചെയ്തില്ല’ എന്നോ പോലുള്ള ഏറ്റവും ചെറിയ നീരസത്തിന്റെ വാക്ക് പോലും അവിടുന്ന് എന്നോട് ഉപയോഗിച്ചിട്ടില്ല.’’
തന്റെ കീഴിൽ വീട്ടിലും യാത്രകളിലും കൂടെയുണ്ടായിരുന്ന അനസി(റ)നോട് പ്രത്യേക വാത്സല്യമായിരുന്നു റസൂലിﷺന്. അവിടുന്ന് അനസിന്റെ മാതാവിനെയും അമ്മായിയെയും സന്ദർശിക്കുകയും അവരോടൊത്ത് ഭക്ഷിക്കുകയും അനസിനു വേണ്ടി പ്രാർഥിക്കുകയും ചെയ്തതായി ഹദീസുകളിൽ കാണാം. പ്രവാചകൻﷺ അല്ലാഹുവോട് അനസിനു സമ്പത്തും സന്താനങ്ങളും ലഭിക്കാനായി പ്രാർഥിച്ചു. പിന്നീട് ഈ പ്രാർഥനയുടെ ഫലമായി അനസ്(റ) ധനാഢ്യനാവുകയും മക്കളും പേരമക്കളുമുണ്ടാവുകയും വൈജ്ഞാനികമായി ഉന്നതിയിലെത്തുകയും ചെയ്തു. പ്രവാചകനിൽനിന്നും രണ്ടായിരം ഹദീസുകൾ നിവേദനം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.
നബിﷺയുടെ അടുക്കൽ ഒരാൾ വന്നു ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്റെ വേലക്കാരൻ ചെയ്യുന്ന തെറ്റുകൾക്ക് എത്രത്തോളം ഞാൻ പൊറുക്കണം?’ നബിﷺ മൗനം ദീക്ഷിച്ചു. എന്നാൽ ചോദ്യകർത്താവ് മൂന്നുവട്ടം ചോദ്യം ആവർത്തിച്ചപ്പോൾ അവിടുന്ന് മൊഴിഞ്ഞു: ‘ദിനേനെ എഴുപതുവട്ടം!’ തനിക്കു കീഴിലുള്ള തന്റെ സഹോദരനെ ശകാരിക്കുന്നതിനെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നതിന്റെ ‘ഗ്രാവിറ്റി’ ഇതിൽ വ്യക്തമാണ്. പ്രവാചകൻﷺ ജോലിക്കാരെ കുറിച്ചു പറഞ്ഞ കാര്യം ശ്രദ്ധേയമാണ്: “നിങ്ങളുടെ പരിചാരകർ അല്ലാഹു നിങ്ങളുടെ അധികാരത്തിനു കീഴിലാക്കിത്തന്ന നിങ്ങളുടെ സഹോദരങ്ങളാണ്. ഒരുവന്റെ കീഴിൽ അങ്ങനെയൊരാൾ ഉണ്ടെങ്കിൽ അവൻ കഴിക്കുന്നത് അവനും (കീഴിൽ ഉള്ളയാൾ) നൽകട്ടെ, അവൻ ധരിക്കുന്നത് അവനും ധരിപ്പിക്കട്ടെ, അവനു കഴിയുന്നതിനപ്പുറം ഭാരം നൽകുകയാണെങ്കിൽ അവനെ സഹായിക്കട്ടെ!’’

തൊഴിലാളികളെ ചൂഷണം ചെയ്യരുതെന്നതിന് വിശുദ്ധ ക്വുർആനിൽത്തന്നെ എമ്പാടും സൂചനകൾ കാണാവുന്നതാണ്. സ്രഷ്ടാവ് സൃഷ്ടികളായ മനുഷ്യരോട് പറയുന്നു: ‘അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല..’(2:286). ശുഐബ്(അ) തന്റെ പെണ്മക്കളെ സഹായിച്ച മൂസാ നബി(അ)യോടു പറഞ്ഞതായി ക്വുർആനിൽ ഇങ്ങനെ കാണാം: ‘...നിനക്ക് പ്രയാസമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം നല്ലനിലയിൽ വർത്തിക്കുന്ന ഒരാളായി നിനക്ക് എന്നെ കാണാം’ (28:27). തൊഴിലാളിയോട് മാന്യമായി പെരുമാറുക എന്നതുപോലെ അയാൾക്ക് സാധിക്കുന്നത് മാത്രം ചെയ്യാൻ കൽപിക്കുക എന്നതും ഇസ്‌ലാമിന്റെ അധ്യാപനമാണ് എന്നു വ്യക്തം.
ഇതിൽനിന്നും സമകാലിക വർക്ക് കൾച്ചറുമായി ബന്ധപ്പെട്ട് നിർധരിക്കപ്പെടുന്ന നിയമങ്ങളും പ്രധാനമാണ്. ഒരു എംപ്ലോയീ/ജോലിക്കാരൻ എത്ര മണിക്കൂറുകൾ ജോലി ചെയ്യണം എന്നത് നിർണയിക്കപ്പെടണം. അധികലാഭത്തിനു വേണ്ടിയോ മറ്റെന്തെങ്കിലും കാരണത്താലോ ഓവർടൈം പണിയെടുക്കാൻ ഓർഡർ നൽകുന്ന തൊഴിൽദാതാക്കളോടുകൂടിയാണ് ഈ നിർദേശം.
രണ്ടാം ഖലീഫ ഉമർ(റ) രാത്രികാലങ്ങളിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ ഇറങ്ങിനടക്കുമായിരുന്നു. ഒരു സ്ത്രീ റേഷൻ കിട്ടാൻ വേണ്ടി തന്റെ കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ അടുത്തദിവസം തന്നെ, മുഴുവൻ കുഞ്ഞുങ്ങൾക്കും-മുലപ്പാൽ കുടിക്കുന്നവർക്കടക്കം-റേഷൻ നൽകാൻ ഉമർ(റ) ഉത്തരവിറക്കുകയുണ്ടായി. ശേഷം, ഈ ഉമർ കാരണം എത്ര പൈതങ്ങൾ വിശന്നുകരഞ്ഞിട്ടുണ്ടാകും എന്ന് സങ്കടപ്പെടാൻ മാത്രം ഹൃദയലോലത കാത്തുസൂക്ഷിച്ച ഉമർ(റ) ഒരു രാത്രി പ്രജകൾക്കിടയിൽ നടക്കവേ ഒരു യുവതിയുടെ വിരഹഗാനം കേൾക്കാനിടയായി. സൈന്യത്തിൽ ജോലിചെയ്യുന്ന തന്റെ ഭർത്താവിന്റെ സാമീപ്യം ആഗ്രഹിച്ചുകൊണ്ടുള്ളതായിരുന്നു അതിലെ വരികൾ. തിരിച്ച് വീട്ടിലെത്തിയ ഖലീഫ തന്റെ മകളായ ഹഫ്‌സ(റ) യോട് എത്രകാലം ഒരു സ്ത്രീക്ക് തന്റെ പുരുഷന്റെ സാമീപ്യമില്ലാതെ കഴിയാൻ സാധിക്കുമെന്ന് അന്വേഷിക്കുകയാണ്. നാലുമാസം, ആറുമാസം എന്നീ ഉത്തരങ്ങളാണ് അദ്ദേഹത്തിനു ലഭിച്ചത്. അതോടെ ഖലീഫയുടെ ഉത്തരവിറങ്ങി; മുസ്‌ലിം സൈന്യത്തിലെ ആരും ആറുമാസത്തിൽ കൂടുതൽ ഒരേസമയം ജോലി ചെയ്യേണ്ടതില്ല. ആറുമാസമായാൽ വീടുകളിലേക്ക് പോയി തിരിച്ചുവരിക!
ഇസ്‌ലാമിക ഭരണാധികാരികൾ നടപ്പിലാക്കിയ ഇത്തരം നിയമങ്ങളുടെ അടുത്തെങ്ങുമെത്താൻ ആധുനികലോകത്തെ ലേബർ നിയമങ്ങൾക്ക് സാധിച്ചിട്ടില്ല എന്നത് ഓരോ രാജ്യത്തെയും നിയമങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ വ്യക്തമാകും.
വരമ്പത്ത് കൂലി!
വിയർപ്പ് വറ്റുന്നതിനു മുമ്പ് കൂലി കൊടുക്കുക എന്നതാണ് ഇസ്‌ലാം മുന്നോട്ടുവച്ച തൊഴിൽ രംഗത്തുള്ള വിപ്ലവകരമായ നിലപാട്. റസൂൽ തിരുമേനിﷺ പറഞ്ഞു: “വിചാരണനാളിൽ മൂന്നുകൂട്ടരെ അല്ലാഹു എതിർക്കും (നിശിതമായി ശിക്ഷിക്കും); അല്ലാഹുവിന്റെ നാമത്തിൽ ശപഥം ചെയ്ത ശേഷം ലംഘിക്കുന്നവൻ, ജോലിക്കാരനെ ജോലിയേൽപിച്ച് അവനെ സമ്പൂർണമായി ഉപയോഗപ്പെടുത്തിയ ശേഷം കൂലി നൽകാത്തവൻ, സ്വതന്ത്രനായ വ്യക്തിയെ അടിമയാക്കി വിറ്റശേഷം ആ പണം കൈക്കലാക്കുന്നവൻ.’’
ജോലി ചെയ്താൽ കൂലി ലഭിക്കുക എന്നത് ജോലിക്കാരന്റെ അവകാശമാണ്. കൊടുക്കുന്നവന്റെ ഔദാര്യമല്ല. മൂസാ നബി(അ)യെ കൃത്യമായ കാലയളവിലേക്ക് കൃത്യമായ കൂലി നിശ്ചയിച്ചുകൊണ്ട് ശുഐബ് നബി(അ) ജോലിക്കാരനായി നിർത്തുന്നതിന്റെ വിവരണം വിശുദ്ധ ക്വുർആനിൽ കാണാം.
ഇസ്‌ലാമിക രാഷ്ട്രത്തിൽ സകാത്തിന്റെ ശേഖരണത്തിനും വിതരണത്തിനുമായി തൊഴിലാളികളെ കൂലിക്ക് നിർത്താമെന്നതിന് വിശുദ്ധ ക്വുർആനിൽ വ്യക്തമായ സൂചന കാണാവുന്നതാണ് (9:60).
തൊഴിലാളികളുമായി ബന്ധപ്പെട്ട, ചില ഇസ്‌ലാമിക നിർദേശങ്ങൾ കാണുക:
1. ജോലിക്കാരനെ പ്രതിഫലത്തെക്കുറിച്ച് സൂചിപ്പിക്കാതെ ജോലി ചെയ്യിക്കുന്നത് പ്രവാചകർﷺ വിരോധിച്ച കാര്യമാണ്.
2. മിനിമം വേതനം എന്നതല്ല, ‘മഅ്‌റൂഫാ’യ വേതനമാണ് ഇസ്‌ലാം കൽപിക്കുന്നത്. അഥവാ വേതനം ജോലിക്കാരന്റെയും കുടുംബത്തിന്റെയും ചെലവുകൾ വഹിക്കാൻ ആ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പ്രാപ്തമായതാകണം.
3. രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്ത് സൈന്യത്തിൽ ജോലി ചെയ്തിരുന്നവർക്ക് നിശ്ചിത വേതനം ലഭ്യമായിരുന്നു. കൂടാതെ അവരുടെ സേവനദൈർഘ്യം, പെർഫോമെൻസ്, വിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ പിന്നീട് ഭേദഗതികൾ കൊണ്ടുവന്നതും കാണാൻ സാധിക്കും.
4. ജീവനക്കാരുടെ വ്യക്തിപരമായ ആവശ്യങ്ങൾ പരിഗണിച്ചുള്ള വേതനം ഉമർ(റ)വിന്റെ കാലഘട്ടത്തിൽ കൊടുത്തത് കാണാൻ സാധിക്കും. യുദ്ധാനന്തരം ലഭിക്കുന്ന (ഗനീമത്ത്) സ്വത്തിൽ അവിവാഹിതരെ അപേക്ഷിച്ച് കുടുംബമുള്ളവർക്ക് ഇരട്ടി കൊടുത്ത നബിﷺയുടെ മാതൃകയും നാം കാണേണ്ടതാണ്.
5. ഒരേ ജോലിക്ക് നൽകുന്ന വേതനവിതരണത്തിൽ വ്യത്യാസം പാടില്ല എന്ന നീതിയുക്തമായ നിലപാട് ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്നു. Equal pay for Equal work എന്ന പൊതുതത്വം ഇവിടെ ഉചിതമാണ്.
കരാറിന് പ്രാധാന്യം നൽകിയ മതം
കപടവിശ്വാസികളുടെ മുഖമുദ്രകളായി തിരുമേനി ﷺ വിവരിച്ചതിലൊന്ന്; ‘കരാർ ചെയ്താൽ ലംഘിക്കും’ എന്നതാണ്. കരാർ പാലനത്തിന് ഏറെ പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. വിശുദ്ധ ക്വുർആനിൽ പലയിടങ്ങളിലായി കരാർ പാലനത്തെ സൂചിപ്പിക്കുന്ന വചനങ്ങൾ കാണാം (2:177, 23:08, 70:32).
അല്ലാഹു പറയുന്നു: “...ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തിവയ്ക്കാൻ നിങ്ങൾ മടിക്കരുത്. അതാണ് അല്ലാഹുവിങ്കൽ ഏറ്റവും നീതിപൂർവകമായതും സാക്ഷ്യത്തിന് കൂടുതൽ ബലം നൽകുന്നതും നിങ്ങൾക്ക് സംശയം ജനിക്കാതിരിക്കാൻ കൂടുതൽ അനുയോജ്യമായിട്ടുള്ളതും..’’(2:282).
ജോലിക്കാരനെ നിർത്തുമ്പോൾ വ്യക്തമായ കരാറുണ്ടായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. ഇരുവിഭാഗവും ചതിക്കപ്പെടാതിരിക്കാൻ അതാണ് ഏറ്റവും ഉത്തമം.
ഇവിടെ വിശദീകരിച്ചത് തൊഴിൽരംഗത്തുള്ള ഇസ്‌ലാമിക നിർദേശങ്ങളുടെ ഒരു ബ്ലൂപ്രിന്റ്മാത്രമാണ്. ഇതിൽ പരാമൃഷ്ടമായ ഓരോ നിയമവും ഏറെ വിശദീകരിച്ചുകൊണ്ടുള്ള കർമശാസ്ത്രഗ്രന്ഥങ്ങൾ ലോകത്തുണ്ട്. മറ്റേതൊരു ദർശനത്തെക്കാളും മനുഷ്യന്റെ ഓരോ വ്യവഹാരത്തിലേക്കും ഊളിയിട്ടിറങ്ങിക്കൊണ്ടുള്ളതും കാലാതിവർത്തിയുമായ നിയമങ്ങൾ നൽകാൻ മനുഷ്യന്റെ സ്രഷ്ടാവിനല്ലാതെ ആർക്കാണ് സാധിക്കുക?
അർബാബ് ഇസ്‌ലാമിന്റെ പ്രതീകമാണോ?
നജീബിന്റെ അർബാബ് എവിടെയും ഇസ്‌ലാമിന്റെ പ്രതീകമാകുന്നില്ല. തന്റെ കീഴിൽ ജോലി ചെയ്യാൻ അന്യനാട്ടിൽനിന്നും വന്ന നിസ്സഹായനായ വ്യക്തിയോട് അങ്ങേയറ്റം ക്രൂരമായി പെരുമാറിയ അർബാബിനെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കാൻ എഴുത്തുകാരനും സംവിധായകനും ശ്രമിച്ചില്ല എന്നതും ശ്ലാഘനീയമാണ്. ഒടുവിൽ ഇബ്‌റാഹീം ഖാദിരി രക്ഷകനായി വരുന്നിടത്ത് മസ്‌റയിൽ നിന്നും രക്ഷപ്പെടുന്ന നജീബിനെപ്പറ്റി വായനക്കാരൻ ആശ്വാസത്തിന്റെ നെടുവീർപ്പിടുമ്പോഴും കഥാതന്തുവിലെ മൃഗഭോഗത്തിൽ പോലും ഇസ്‌ലാമിനെ പ്രതിയാക്കാൻ പാടുപെടുന്ന സംഘപരിവാർ-ക്രൈസ്തവ ഭീകര കൂട്ടങ്ങളെക്കുറിച്ച് ആശ്വസിക്കാൻ മതേതര കൈരളിക്ക് സാധ്യമല്ല എന്നിടത്താണ് യഥാർത്ഥത്തിൽ കഥ പൂർണമാകുന്നത്.

