ഉത്തമ ഭാര്യ

ബിസ്മിത എം സൽസബീൽ, വെങ്കിടങ്ങ്

2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അനുഗൃഹീതവുമായ പദവിയാണ് ഭാര്യ എന്നത്. ഒരു ഭാര്യ തന്റെ ഭർത്താവിനെ ബഹുമാനിക്കാനും അനുസരിക്കാനും ബാധ്യസ്ഥയാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അവൾക്ക് ഭർത്താവിനോട് ഏറെ ബാധ്യതകളുണ്ട്; അതോടൊപ്പം അവൾക്ക് ഭർത്താവിൽനിന്ന് അവകാശങ്ങൾ ലഭിക്കാനുമുണ്ട്.

“സ്ത്രീകൾക്ക് (ഭർത്താക്കന്മാരോട്) ബാധ്യതകൾ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവൾക്ക് അവകാശങ്ങൾ കിട്ടേണ്ടതുമുണ്ട്. എന്നാൽ പുരുഷന്മാർക്ക് അവരെക്കാൾ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു’’ (ക്വുർആൻ 2:228).

മാതാപിതാക്കളോട് മക്കൾക്കുള്ള കടമയുടെ ആഴം ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ വിവാഹിതയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾക്ക് അവളുടെ ഭർത്താവിനോടാണ് കൂടുതൽ ബാധ്യതയുള്ളത്. ‘ഞാൻ ആരോടെങ്കിലും ഒരാൾക്ക് സുജൂദ് ചെയ്യാൻ കൽപിക്കുകയാണെങ്കിൽ സ്ത്രീകളോട് അവരുടെ ഭർത്താക്കന്മാർക്ക് സുജൂദ് ചെയ്യാൻ കൽപിക്കുമായിരുന്നു’ (ഇബ്‌നുമാജ) എന്ന നബിവചനം അതാണ് സൂചിപ്പിക്കുന്നത്.

“...നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷൻമാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്...’’ (4:34).

ഭർത്താവിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ഏറെ പ്രതിഫലാർഹമായ കാര്യമാണ്. ഭാര്യമാരിൽ അനുസരണക്കേട് കാണപ്പെടുന്ന സാഹചര്യത്തിൽ അവളെ ഉപദേശിക്കാനും ശിക്ഷനൽകേണ്ട കാര്യങ്ങളിൽ അപമാനിക്കാത്തതും അമിതമാകാത്തതുമായ രൂപത്തിൽ ശിക്ഷ നൽകാനും ഇസ്‌ലാം അനുവാദം നൽകുന്നുണ്ട്. അല്ലാതെ അവളിൽ എന്തെങ്കിലും ന്യൂനത കാണുമ്പോഴേക്കും ‘മൊഴി മൂന്നും ചൊല്ലി’ പിരിച്ചുവിടാനല്ല ഇസ്‌ലാം പറയുന്നത്.

ദാമ്പത്യജീവിതത്തിൽ അങ്ങേയറ്റം ക്ഷമയും വിട്ടുവീഴ്ചയും ആവശ്യമാണ്. അതിനുള്ള കഴിവ് ഭാര്യക്കും ഭർത്താവിനും വേണം. അല്ലാത്തപക്ഷം ആ ദാമ്പത്യം കൊടുങ്കാറ്റിൽ ആടിയുലയുന്ന കപ്പൽ പോലെയായിരിക്കും. ഏതുനിമിഷവും അത് മുങ്ങിപ്പോയേക്കാം. ക്ഷമയുടെ പ്രാധാന്യം സഹോദരിമാർ മനസ്സിലാക്കണം.

വിദ്യാഭ്യാസവും ജോലിയുമുണ്ടെന്നതിനാൽ ഭർത്താക്കന്മാരെ വിലവയ്ക്കാത്ത ഭാര്യമാർ ഇന്ന് ഏറെയുണ്ട്. ഭർത്താക്കന്മാരെ ബഹുമാനിക്കാനും അനുസരിക്കാനും അവർ ഒരുക്കമല്ല. എല്ലാം സ്വന്തം ഇഷ്ടമനുസരിച്ചായിരിക്കും ചെയ്യുക. ലിബറൽ ചിന്ത കടന്നുകൂടിയ സ്ത്രീകളുടെ കാര്യം പിന്നെ പറയാനില്ല! എവിടെ പോകാനും ഭർത്താവിന്റെ അനുവാദം അവർ തേടില്ല. അതാണ് സ്വാതന്ത്ര്യമെന്നും പുരോഗമനമെന്നുമാണ് അവരുടെ വിചാരം. അത് നാശത്തിന്റെ വഴിയാണെന്ന് അവർ തിരിച്ചറിയുന്നില്ല.

സഹോദരിമാർ മനസ്സിലാക്കുക; ആദരവിന്റെ വിഷയം പുരുഷലോകത്തെ ഒരു അടിസ്ഥാന പ്രശ്‌നമാണ്. താൻ ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കപ്പെടണമെന്നതാണ് അവന്റെ ആഗ്രഹം. തന്റെ തീരുമാനത്തിനൊത്ത് ഭാര്യയും കുടുംബവും നീങ്ങണമെന്നാണ്, പുറമെ ആരെന്ത് പറഞ്ഞാലും അവന്റെ ഉള്ളിലിരുപ്പ്. മക്കളുടെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും മുന്നിൽ താൻ പരിഹാസപാത്രമാകുന്നതോ കൊച്ചാക്കപ്പെടുന്നതോ ഒരു പുരുഷനും ഇഷ്ടപ്പെടില്ല. ഇത്തരം ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാത്തതിനാലും ഭർത്താവിന് വേണ്ടത്ര ആദരവും പരിഗണനയും നൽകാത്തതിനാലും വിവാഹമോചനത്തിൽ കലാശിച്ച എത്രയോ ദാമ്പത്യബന്ധങ്ങളുണ്ട്. ചെറിയൊരു പരിശ്രമം വലിയൊരു നേട്ടത്തിന് കാരണമാകുെമന്ന് സഹോദരിമാർ തിരിച്ചറിയുക.