ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ

സമീഹ എം. അലി

2024 ജൂൺ 08, 1445 ദുൽഹിജ്ജ 01

പ്രക്ഷുബ്ധമായ ജീ വിത സാഹചര്യങ്ങളിലൂടെയാണ് ആധുനിക സമൂഹം കടന്നുപോയിക്കൊ ണ്ടിരിക്കുന്നത്. ഏതു രംഗമാണിന്ന് പ്രക്ഷുബ്ധമല്ലാത്തത്? രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ, സാമൂഹിക രംഗങ്ങളിൽ, വൈയക്തിക ബന്ധങ്ങളിൽ...എല്ലാ രംഗങ്ങളിലും അസ്വാരസ്യങ്ങൾ പടർന്നുകൊണ്ടിരിക്കുന്നു.

ദാമ്പത്യബന്ധത്തിൽ അസ്വാരസ്യം പടരുന്നത് കുടുംബങ്ങളെ മാത്രമല്ല സമൂഹെത്ത തന്നെ ദോഷകരമായി ബാധിക്കുമെന്നതിൽ സംശയമില്ല. മനഃസംഘർഷങ്ങൾ പേറി ജീവിക്കുന്നവർക്കിടയിൽ എന്ത് സമാധാനമാണ് ഉണ്ടാവുക? മനഃസമാധാനം കൊതിക്കുന്ന പലരും വ്യാജ ആത്മീയ അനുഭൂതികൾ ലഭിക്കുന്ന താവളങ്ങളിൽ ചെന്ന് വീഴുന്നു. അവസാനം എല്ലാം തകർന്നടിഞ്ഞ് മാനസിക രോഗികളായി മാറുന്നു.

അലകടൽ പോലെ ആർത്തിരമ്പുന്ന മനസ്സുകൾക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ട് ശാന്തി ലഭിക്കുമെന്നാണ് വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്നത്. ഒരു കൊച്ചു മേൽക്കൂരക്കു കീഴിൽ അന്തിയുറങ്ങുന്ന ദമ്പതികളും അവരുടെ മക്കളുമെല്ലാം ഇസ്‌ലാമിന്റെ തനതായ ആത്മീയ വഴിയിൽ സഞ്ചരിക്കുന്നവരാണെങ്കിൽ അതുകൊണ്ട് ലഭിക്കുന്ന മനഃസമാധാനം അവർണനീയമായിരിക്കും. സുഖദുഃഖ സമ്മിശ്രമായ ജീവിതത്തെ പരിപക്വമായ സമീപനങ്ങൾകൊണ്ട് അവർ സാർഥകമാക്കും.

സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങൾ മാനുഷിക ബന്ധങ്ങൾക്കിടയിൽ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം ഇസ്‌ലാമിക അധ്യാപനങ്ങളിൽനിന്നുള്ള വ്യതിചലനമാണെന്ന് കാണാനാവും. ദമ്പതികൾക്കിടയിലെ അസ്വാരസ്യങ്ങൾക്കും അന്തഃഛിദ്രതകൾക്കും കാരണം ഇതുതന്നെയാണ്. സുഭദ്രമായ അസ്തിവാരത്തിൽ സമാരംഭം കുറിച്ച വൈവാഹിക ബന്ധത്തിലെ വിള്ളലുകൾ അപരിഹാര്യമായി തുടരുന്ന പ്രവണതയാണ് ഇന്നുള്ളത്. സകുടുംബം ജീവനൊടുക്കിയതിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ എന്തിനിവർ ഈ കടുംകൈ ചെയ്തു എന്ന് നാം നമ്മോടുതന്നെ ചോദിക്കാറുണ്ട്. നീറിപ്പുകയുന്ന അന്തരംഗങ്ങളുമായി അഭിനയിച്ചു കഴിച്ചുകൂട്ടുന്നവർക്ക് നില തെറ്റുകയും സ്വയം നാശത്തിലേക്ക് ചാടേണ്ടിവരികയും ചെയ്യുന്നു. ഊഷ്മളമായ ദാമ്പത്യജീവിതം നയിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു എന്നത് യാഥാർഥ്യമാണ്.

ഇഹലോകത്ത് മാത്രമല്ല പരലോകത്തും കുടുംബസമേതം ജീവിക്കുവാൻ കഴിയുക എന്ന ഉദാത്തമായ ലക്ഷ്യം കൈവരിക്കുവാനാണ് ഇസ്‌ലാം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. എന്നാൽ ഇത് മനസ്സിൽ വിഭാവന ചെയ്യാൻ പോലും കഴിയാത്തവണ്ണം മാനസികമായി ജീവിതപങ്കാളിേയാട് വെറുപ്പു നിറഞ്ഞ മനസ്സുമായാണ് പലരും ജീവിക്കുന്നത്. യഥാർഥത്തിൽ പിണഞ്ഞ അബദ്ധങ്ങളത്രയും ഇസ്‌ലാമികമായ അവബോധമില്ലായ്മയാലോ അറിഞ്ഞത് പ്രാവർത്തികമാക്കാൻ ശ്രമിക്കാത്തതിനാലോ ആയിരിക്കാം.

‘പുരുഷൻ അവന്റെ കൈവിരൽ തുമ്പുവരെ പുരുഷൻ തന്നെയാണെന്നും സ്ത്രീ കാൽവിരൽ വരെ സ്ത്രീയാണെ’ന്നുമുള്ള പ്രമുഖ ലൈംഗിക ശാസ്ത്രജ്ഞനായ ‘ഹാവ് ലോക്ക് എല്ലിസ്’ന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. പുരുഷ-സ്ത്രീ അണ്ഡ-ബീജങ്ങൾക്ക് ഇടയിൽ പോലും സ്രഷ്ടാവ് സന്നിവേശിപ്പിച്ചിട്ടുള്ള ആ വ്യതിരിക്തത ശ്രദ്ധേയമാണ്. ചടുലമായി നീക്കങ്ങൾ നടത്തുന്ന പുംബീജവും ശാലീനയായി നാണം കുണുങ്ങി പതിയിരിക്കുന്ന സ്ത്രീയുടെ അണ്ഡവും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ഉത്തമ നിദർശനങ്ങളാണ്. അടിത്തറയിൽനിന്ന് ഉൽഭവിക്കുന്ന ഈ വൈജാത്യങ്ങൾ മൊത്തം മനുഷ്യരുടെ സ്വഭാവ പ്രകൃതങ്ങളിലെല്ലാം നിഴലിച്ചതായി കാണാം.

തന്റെ ഇണയുടെ സ്വഭാവത്തിലും പ്രകൃതത്തിലുമുള്ള മേന്മകളെയും കുറവുകളെയും ഉൾക്കൊള്ളുവാൻ പങ്കാളിക്ക് സാധ്യമാകണം. പരസ്പരമുള്ള പൊരുത്തക്കേടുകൾ ഒരുനിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് തീരുമാനിച്ചാൽ സദാ പൊട്ടലും ചീറ്റലുമായിക്കഴിയുന്ന സമാന്തര രേഖകളായി ദാമ്പത്യം മാറും.