പാലക്ക്-തുവരപ്പരിപ്പ് കറി

സലീന ബിൻത് മുഹമ്മദലി

2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

പാലക്ക് നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമായ ഒരുതരം ചീരയാണ്. ഇതിൽ വിറ്റാമിൻ എ, സി, ഇ, കെ, ബി എന്നിവയും; കാൽസ്യം, അയൺ, സിങ്ക്, മെഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു.

ആവശ്യമായ സാധനങ്ങൾ:

പാലക്ക് : ഒരു പിടി.
തുവരപ്പരിപ്പ് (സാമ്പാർ പരിപ്പ്) : മുക്കാൽ കപ്പ്.
സവാള വലുത് : ഒരെണ്ണം (നീളത്തിൽ അരിഞ്ഞത്).
തക്കാളി : 2 എണ്ണം.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : അര ടീസ്പൂൺ.
പച്ചമുളക് : 3 എണ്ണം.
മഞ്ഞൾപൊടി : കാൽ ടീസ്പൂൺ.
മല്ലിപ്പൊടി : 1 ടീസ്പൂൺ.
ഗരംമസാലപ്പൊടി : അര ടീസ്പൂൺ.
എണ്ണ : 2 ടേബിൾ സ്പൂൺ.
ഉപ്പ് : ആവശ്യത്തിന്.

താളിക്കാൻ ആവശ്യമായവ:

ജീരകം : അര ടീസ്പൂൺ
കറി വേപ്പില : കുറച്ച്.
വെളിച്ചെണ്ണ : അര ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം

പാലക് കഴുകി ചെറുതായി അരിഞ്ഞു വെക്കുക. പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ സവാള വഴറ്റുക. വഴന്നു കഴിയുമ്പോൾ പച്ചമുളക്, തക്കാളി എന്നിവ ഇടുക. പിന്നെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കുക. ഇവയെല്ലാം നന്നായി വഴന്നുകഴിയുമ്പോൾ മുകളിൽ പറഞ്ഞിരിക്കുന്ന പൊടിവകകൾ ഇട്ട് വഴറ്റുക.

പാലക്ക് ഇല ഇതിലേക്ക് ഇടുക. ഇല നന്നായി വഴന്നുകഴിയുമ്പോൾ ഉടച്ചുവെച്ചിരിക്കുന്ന പരിപ്പ് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മൂന്നു-നാല് മിനുട്ട് തിളപ്പിക്കുക. ശേഷം തീ അണക്കുക.

പാനിൽ എണ്ണ ചൂടാക്കി ജീരകം, കറിവേപ്പില എന്നിവ വറുത്തു കറിയിൽ ഒഴിക്കുക. പാലക്ക്-പരിപ്പു കറി തയ്യാർ. ചപ്പാത്തിയുടെയും ചോറിന്റെയും കൂടെ ഇത് കഴിക്കാവുന്നതാണ്.