ദേഷ്യം വരുന്നുണ്ടോ?
ഉസ്മാൻ പാലക്കാഴി
2024 മെയ് 18, 1445 ദുൽഖഅദ് 10
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തൻ. മറിച്ച്, കോപം വരുമ്പോൾ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തൻ’’ (ബുഖാരി)

കോപം! ഒരുപാട് ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന, മനുഷ്യനെ അന്ധനും ബധിരനുമാക്കുന്ന, വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയുംവരെ നശിപ്പിക്കാൻ കാരണമായേക്കാവുന്ന ഒരു ദുഃസ്വഭാവം. കോപിക്കുവാനും കഴിവനുസരിച്ച് അക്രമം കാണിക്കുവാനും ആർക്കും കഴിയും. എന്നാൽ കോപത്തെ അടക്കിനിർത്തുവാനും മാപ്പു നൽകുവാനും കഴിവുള്ളവർ വളരെ വിരളമാണ്.
എതിരാളിയെ എന്ത് ചെയ്യുവാനും ശേഷിയുണ്ടായിരിക്കെ കോപം അടക്കിനിർത്താനും മാപ്പു നൽകാനും കഴിയുന്നവനാണ് യഥാർഥത്തിൽ ശക്തൻ എന്നാണ് നബിﷺ പഠിപ്പിക്കുന്നത്. അവന് ജീവിതത്തിൽ വിജയം കണ്ടെത്താൻ കഴിയും. വേഗം കോപത്തിന് അടിമപ്പെടുകയും അക്രമാസക്തനാവുകയും ചെയ്യുന്നവൻ ദുഃഖിക്കേണ്ടിവരും. അവന്റെ ജീവിതം ദുരന്തമയമായിരിക്കും.
വിശുദ്ധ ക്വുർആനിൽ ഇങ്ങനെ കാണാം: “വൻപാപങ്ങളും നീചകൃത്യങ്ങളും വിട്ടകന്ന് നിൽക്കുന്നവരും കോപംവന്നാൽ മാപ്പ് നൽകുന്നവരും (പ്രതിഫലാർഹരാണ്)’’ (അശ്ശൂറാ: 37).
യൂനുസ് നബി(അ) തന്റെ പ്രബോധനംകൊണ്ട് ഫലം കാണാതെവന്നപ്പോൾ ജനങ്ങളോട് ദേഷ്യപ്പെട്ടുകൊണ്ട് നാടുവിട്ടുപോയ സംഭവം വിവരിക്കെ ക്വുർആനിൽ ഇങ്ങനെ കാണാം: “അദ്ദേഹം കോപിഷ്ഠനായി പോയ സന്ദർഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു...’’ (21:87).
അല്ലാഹുവിന്റെ അനുവാദം കിട്ടാതെ ജനങ്ങളെ വിട്ടേച്ചുകൊണ്ടു പോയത് ഒരു പ്രവാചകന് യോജിച്ചതായിരുന്നില്ല. അതിനാൽ അല്ലാഹു അദ്ദേഹത്തെ പരീക്ഷണത്തിന് വിധേയനാക്കി. കപ്പലിൽ കയറിയ അദ്ദേഹത്തിന് കടലിൽ ചാടേണ്ടിവന്നു. ഒരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും ഏതാനും ദിവസങ്ങൾക്കുശേഷം അത് അദ്ദേഹത്തെ കരയിലെത്തിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു ഞെരുക്കത്തിലും പരീക്ഷണത്തിലും അദ്ദേഹം അകപ്പെടാൻ ഹേതു അദ്ദേഹം ദേഷ്യപ്പെട്ടു പോയതാണ്.
ഒരിക്കൽ ഒരാൾ നബിﷺയുടെ അടുക്കൽ വന്നുകൊണ്ട് എനിക്ക് ഒരു ഉപദേശം നൽകിയാലും എന്ന് പറഞ്ഞപ്പോൾ ‘നീ കോപിഷ്ഠനാകരുത്’ എന്നായിരുന്നു അദ്ദേഹത്തിന് നൽകിയ ഉപദേശം. അതേ അപേക്ഷ പലതവണ ആവർത്തിച്ചപ്പോഴും ‘നീ കോപിഷ്ഠനാകരുത്’ എന്നായിരുന്നു നബിﷺ നൽകിയ ഉപദേശം.
ഒരിക്കൽ ജനങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവാചകൻ ﷺ പറഞ്ഞു: “ആദം സന്തതികൾ വിവിധ തരക്കാരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അറിയുക, സാവധാനം മാത്രം കോപം വരുന്നവരും വേഗം അത് ശമിക്കുന്നവരും അവരിലുണ്ട്. വേഗം ദേഷ്യം വരികയും ശമിക്കുകയും ചെയ്യുന്നവരുമുണ്ട്. സാവകാശം കോപിക്കുന്നവരും സാവധാനം അത് ശമിക്കുന്നവരുമുണ്ട്. അത് രണ്ടും അങ്ങനെ ഒത്തുപോകും. എന്നാൽ അറിയുക; വേഗം കോപിക്കുന്നവരും സാവകാശം ശമിക്കുന്നവരും മനുഷ്യരിലുണ്ട്. അതിനാൽ അവരിലേറ്റവും നല്ലവർ സാവധാനം കോപം വരികയും വേഗം ശമിക്കുകയും ചെയ്യുന്നവരാണ്. എളുപ്പം കോപിക്കുകയും മെല്ലെ മാത്രം ശമിക്കുന്നവരുമാണ് ഏറ്റവും കൊള്ളരുതാത്തവർ.’’
ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഇടവരുത്തുന്ന ഒരു ദുഃസ്വഭാവമാണ് അനിയന്ത്രിതമായ കോപം. അതിനാൽ കോപത്തെ അടക്കിനിർത്താൻ ശ്രമിക്കുക. ശ്രദ്ധിക്കുക. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിൽനിന്ന് രക്ഷനേടുക.

