മുഹമ്മദ് നബിﷺ; മാതൃകാ അധ്യാപകന്‍

ഡോ. ടി. കെ. യൂസുഫ്

2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

മാനവസമൂഹത്തിന് വേദം ഓതിക്കൊടുത്ത് അവരെ സംസ്‌കരിക്കാന്‍ നിയമിതനായ മുഹമ്മദ് നബിﷺ അധ്യാപകസമൂഹത്തിന് അനുകരണീയ മാതൃകയാണ്. തിരുമേനിയുടെ നിയോഗ ദൗത്യത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്:

“അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍ തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുളള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു’’ (ജുമുഅ: 2).

‘അല്ലാഹു എന്നെ ഒരു അധ്യാപകനായിട്ടാണ് നിയോഗിച്ചത്’ എന്ന് ധാരാളം ഹദീസുകളില്‍ തിരുമേനിﷺ തന്നെ വ്യക്തമാക്കിയതായി കാണാം. ഒരു നല്ല അധ്യാപകനു വേണ്ട ധാരാളം സ്വഭാവഗുണങ്ങള്‍ തിരുവചനങ്ങള്‍ വിശകലനം ചെയ്താല്‍ നമുക്ക് കണ്ടെത്താനാകും.

ഒരു അധ്യാപകനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം അവന്‍ തന്റെ ജോലിയായ അധ്യാപനത്തിന് മുഖ്യ ശ്രദ്ധ നല്‍കണമെന്നതാണ്. പ്രവാചകന്‍ﷺ ആളുകള്‍ക്ക് എന്തെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നതിന് വർദ്ധിച്ച പ്രാധാന്യം നല്‍കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു ഹദീസ് കാണുക:

അല്ലാഹുവിന്റെ ദൂതര്‍ﷺ പളളിയിലെ രണ്ട് സദസ്സുകള്‍ക്കരികിലൂടെ നടന്നുപോയി. അദ്ദേഹം പറഞ്ഞു: ‘ഈ രണ്ടുകൂട്ടരും നന്മയിലാണ്. അവരില്‍ ഒന്ന് മറ്റവരെക്കാളും ഉത്തമരാണ്. ഒരു കൂട്ടര്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും അവനില്‍ പ്രതീക്ഷവയ്ക്കുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവര്‍ക്ക് നല്‍കും. അവന്‍ ഉദ്ദേശിച്ചാല്‍ അവര്‍ക്ക് തടയപ്പെടും. എന്നാല്‍ ഇക്കൂട്ടര്‍ മതപരമായ അറിവ് പഠിക്കുന്നു, അറിയാത്തവനെ പഠിപ്പിക്കുന്നു. അവര്‍ ഏറ്റവും ശ്രേഷ്ഠരാണ്. ഞാന്‍ അധ്യാപകനായി നിയമിതനായവനാണ്.’ എന്നിട്ട് അദ്ദേഹം അവരുടെ കൂടെ ഇരുന്നു’’ (ദാരിമി).

പഠിതാക്കള്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും നല്‍കേണ്ടത് ഒരു അധ്യാപകന്റെ കടമയാണ്. ഒരു വൈജ്ഞാനികസദസ്സില്‍ തിരുമേനിﷺ അനുവര്‍ത്തിച്ചിരുന്ന കാര്യങ്ങള്‍ ഒരു സുദീര്‍ഘമായ ഹദീസില്‍ വിവരിക്കുന്നുണ്ട്. അതില്‍ പഠിതാവിനെ ശ്രദ്ധിക്കുന്ന കാര്യവും ഊന്നിപ്പറയുന്നുണ്ട്:

“നബിﷺ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടല്ലാതെ ഒരു സദസ്സില്‍ ഇരിക്കുകയോ അവിടെനിന്നും എഴുന്നേല്‍ക്കുകയോ ചെയ്തിരുന്നില്ല. അവിടെ ഇരിക്കുന്ന ഓരോ വ്യക്തിക്കും വേണ്ട പരിഗണന നല്‍കിയിരുന്നു. ഒരു സദസ്സിലുളള ഒരാള്‍ക്കും മറ്റുളളവര്‍ തന്നെക്കാള്‍ തിരുസന്നിധിയില്‍ ആദരിക്കപ്പെട്ടവനാണെന്ന് തോന്നിയിരുന്നില്ല....’’(ത്വബ്‌റാനി).

ഒരു ക്ലാസിലുളള ഓരോ വിദ്യാര്‍ഥിക്കും മതിയായ ആദരവും അംഗീകാരവും നല്‍കേണ്ടത് അധ്യാപകന്റെ ചുമതലയാണെന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളും വികാരവിചാരങ്ങളും പരിഗണിക്കാതെയുളള അധ്യാപനം ഫലവത്താകാന്‍ സാധ്യതിയില്ല എന്ന കാര്യവും ഹദീസുകളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

“ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതരുടെ അടുക്കല്‍ ചെന്നു. ഞങ്ങള്‍ സമപ്രായക്കാരായ ചെറുപ്പക്കാരായി രുന്നു. അങ്ങനെ ഞങ്ങള്‍ പ്രവാചകന്റെ അടുക്കല്‍ ഇരുപത് രാത്രികള്‍ താമസിച്ചു. അല്ലാഹുവിന്റെ ദൂതര്‍ സൗമ്യനും കാരുണ്യവാനുമായിരുന്നു. ഞങ്ങള്‍ക്ക് കുടുംബത്തോട് ആഗ്രഹമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഞങ്ങളോട് ചോദിച്ചു: ‘വീടുകളില്‍ ആരെ വിട്ടേച്ചുകൊണ്ടാണ് വന്നിട്ടുളളത്?’ ഞങ്ങള്‍ ആ വിവരം പറഞ്ഞു. അപ്പോള്‍ ‘നിങ്ങള്‍ വീട്ടിലേക്ക് മടങ്ങിപ്പോകുക, എന്നിട്ട് അവരോടൊപ്പം താമസിക്കുക, അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുക. നമസ്‌കാര സമയമായാല്‍ അതിന് അവരോട് കല്‍പിക്കുക, ഒരാള്‍ ബാങ്ക് കൊടുക്കുകയും മുതിര്‍ന്നവന്‍ ഇമാമ് നില്‍ക്കുകയും ചെയ്യുക.’’

മതം പഠിക്കാന്‍ വന്നവരാണെങ്കിലും കുടുംബത്തെ അധികനാള്‍ വിട്ടുനില്‍ക്കുന്നത് അവരുടെ മനസ്സാന്നിധ്യം നഷ്ടപ്പെടുത്തുന്നുണ്ടെന്ന് നബിﷺ മനസ്സിലാക്കുകയും അവരോട് വീട്ടിലേക്ക് തിരിച്ചു പോകാന്‍ കല്‍പിക്കുകയും ചെയ്തു. ഒരു അധ്യാപകന്‍ വിദ്യാര്‍ഥികളുടെ വികാരവിചാരങ്ങള്‍ പരിഗണിക്കണമെന്നാണ് ഈ സംഭവം ഊന്നിപ്പറയുന്നത്.

ആധുനിക കാലത്ത് വിദ്യാര്‍ഥികളില്‍ അനുസരണമില്ലാത്തവരെ ധാരാളം കാണാം. അവരെ സൗഹൃദത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അവര്‍ കൂടുതല്‍ ധാര്‍ഷ്ട്യം കാണിക്കാനാണ് ശ്രമിക്കുക. പ്രവാചക ജീവിതം പരിശോധിക്കുകയാണെങ്കില്‍ പരുക്കന്‍ സ്വഭാവമുളളവരെ മെരുക്കിയെടുത്ത ധാരാളം സംഭവങ്ങള്‍ കാണാം.

അനസി(റ)ല്‍നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ ദൂതരുടെ കൂടെ നടന്നുപോകുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ പരുക്കന്‍ അരികുകളുളള ഒരു പുതപ്പുണ്ടായിരുന്നു. ഒരു അപരിഷ്‌കൃത അറബി അദ്ദേഹത്തെ കണ്ടുമുട്ടി, വളരെ ശക്തമായി ആ വസ്ത്രം പിടിച്ചുവലിച്ചു. ഞാന്‍ തിരുമേനിയുടെ ശരീരത്തിലേക്ക് നോക്കിയപ്പോള്‍ ആ വലിയുടെ ശക്തി കാരണം ആ പുതപ്പിന്റെ പരുക്കന്‍ കര തിരുമേനിയുടെ ശരീരത്തില്‍ പാട് വീഴ്ത്തിയതായി ഞാന്‍ കണ്ടു. പിന്നീട് ആ അപരിഷ്‌കൃത അറബി പറഞ്ഞു: ‘ഹേ മുഹമ്മദ്! നിന്റെ അടുക്കലുളള അല്ലാഹുവിന്റെ ധനം എനിക്ക് തരാന്‍ നീ കല്‍പിക്കുക.’ അപ്പോള്‍ നബിﷺ അദ്ദേഹത്തിലേക്ക് തിരിഞ്ഞു. എന്നിട്ട് ചിരിക്കുകയും അദ്ദേഹത്തിന് ദാനം നല്‍കാന്‍ കല്‍പിക്കുകയും ചെയ്തു’’(ബുഖാരി).

ഇത്തരത്തില്‍ പരുക്കന്‍ സ്വഭാവമുളള, ‘മുള്ളെടുക്കുകയും തണ്ടുകാണിക്കുകയും’ ചെയ്യുന്ന വിദ്യാര്‍ഥികളെ ഒരു അധ്യാപകന് അഭിമുഖീകരിക്കേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ﷺ ചെയ്തതുപോലെ ചിരിച്ചുകൊണ്ട് പ്രതികരിക്കുകയാണെങ്കില്‍ നല്ല പ്രതിഫലനമുണ്ടാക്കാന്‍ കഴിയും.

പ്രായത്തിന്റെ ചാപല്യം തത്ത്വദീക്ഷയില്ലാതെ പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണവും ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. വിവേകത്തെ വികാരം അതിജയിക്കുന്നതാണ് ഇതിന് കാരണം. ഇത്തരം വിദ്യാര്‍ഥികളെ യുക്തിപൂര്‍വം അനുനയിപ്പിക്കുന്ന രീതിയും പ്രവാചകവചനങ്ങളില്‍ നമുക്ക് കാണാനാകും.

അബൂ ഉമാമ(റ)യില്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “ഒരു യുവാവ് നബിﷺയുടെ അടുക്കല്‍ ചെന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്ക് വ്യഭിചാരത്തിന് അനുമതി നല്‍കുക.’ അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ മുന്നോട്ടാഞ്ഞു. അവര്‍ പറഞ്ഞു: ‘അരുത്, അരുത്.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘അവനെ എന്നോട് അടുപ്പിക്കൂ.’ അപ്പോള്‍ അദ്ദേഹം നബിﷺയുടെ അടുത്തേക്ക് നില്‍ക്കുകയും അവിടെ ഇരിക്കുകയും ചെയ്തു. അപ്പോള്‍ നബിﷺ അദ്ദേഹത്തോട് ചോദിച്ചു: ‘നീ നിന്റെ മാതാവിനോട് അത് ചെയ്യുന്നത് ഇഷ്ടപ്പെടുമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല. ഞാന്‍ താങ്കള്‍ക്ക് വേണ്ടി ജീവന്‍ ബലികഴിക്കാന്‍ തയ്യാറായിക്കൊണ്ട് പറയുകയാണ്, ജനങ്ങള്‍ തങ്ങളുടെ മാതാക്കളോട് അത് ചെയ്യുന്നത് ഇഷ്ടപ്പെടുകയില്ല.’ നബിﷺ ചോദിച്ചു: ‘നിന്റെ മകളെ അത് ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ജനങ്ങള്‍ തങ്ങളുടെ മക്കളോട് അത് ചെയ്യുന്നത് ഇഷ്ടപ്പെടുകയില്ല.’ നബിﷺ ചോദിച്ചു: ‘നിന്റെ പിതൃസഹോദരിയെ ഇത് ചെയ്യാന്‍ നീ ഇഷ്ടപ്പെടുന്നുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ജനങ്ങള്‍ പിതൃസഹോദരിയെ ഇത് ചെയ്യാന്‍ ഇഷ്ടപ്പെടുകയില്ല.’ നബിﷺ ചോദിച്ചു: ‘നിന്റെ മാതൃസഹോദരിയെ ഇത് ചെയ്യാന്‍ നീ ഇഷ്ടപ്പെടുമോ?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ജനങ്ങള്‍ തങ്ങളുടെ മാതൃസഹോദരിയെ ഇത് ചെയ്യാന്‍ ഇഷ്ടപ്പെടുകയില്ല.’ അപ്പോള്‍ പ്രവാചകന്‍ﷺ അദ്ദേഹത്തിന്റെ ശരീരത്തില്‍ കൈവച്ച് ഇപ്രകാരം പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, ഇവന്റെ തെറ്റുകള്‍ നീ പൊറുത്തുകൊടുക്കേണമേ. ഇവന്റെ ഹൃദയത്തെ നീ ശുദ്ധീകരിക്കേണമേ. ഇവന്റെ ഗുഹ്യസ്ഥാനം നീ സംരക്ഷിക്കേണമേ.’ പിന്നീട് ആ ചെറുപ്പക്കാരന്‍ ഒന്നിലേക്കും തിരിഞ്ഞിട്ടില്ല’’ (അഹ്‌മദ്).

ഈരുപത്തില്‍ വൈകാരികസമ്മര്‍ദമുളള വിദ്യാര്‍ഥികളെ എക്കാലത്തും അധ്യാപകര്‍ക്ക് അഭിമു ഖീകരിക്കേണ്ടിവരും. പ്രവാചകന്‍ﷺ ചെയ്തതുപോലെ തത്ത്വദീക്ഷയോടുകൂടിയാണ് ഇത്തരം സ്വഭാവമുളളവരെ കൈകാര്യം ചെയ്യേണ്ടത്.

വിദ്യാര്‍ഥികള്‍ സംശയങ്ങള്‍ ചോദിക്കുന്നത് എല്ലാവരും പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും ക്ലാസിനിടയില്‍ സംശയമുന്നയിക്കുന്നത് ചിലപ്പോള്‍ ക്ലാസിന്റെ ഒഴുക്കിനെ തടയുന്നതും അലേസരമുണ്ടാ ക്കുന്നതുമായിരിക്കും. അതുകൊണ്ട് തന്നെ മിക്ക അധ്യാപകരും ക്ലാസ് അവസാനിച്ചതിന് ശേഷമാണ് സംശയനിവാരണത്തിന് അവസരം നല്‍കാറുളളത്. സംശയങ്ങള്‍ അപ്പപ്പോള്‍തന്നെ തീര്‍ക്കുന്ന രീതിയും ചിലര്‍ പിന്തുടരാറുണ്ട്. അത്തരം രീതിയാണ് പ്രവാചക മാതൃകയില്‍ നമുക്ക് കാണാനാവുന്നത്.

അബൂരിഫാഇ അല്‍അദ്‌വി(റ)യില്‍നിന്ന് നിവേദനം: “ഞാന്‍ അല്ലാഹുവിന്റെ ദൂതരുടെ അടുക്കല്‍ ചെന്നു. അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദുതരേ, ഒരു അപരിചിതന്‍ മതത്തെക്കുറിച്ച് ചോദിക്കുന്നു. മതം എന്താണെന്ന് അവന് അറിയുകയില്ല.’ അപ്പോള്‍ നബിﷺ പ്രസംഗം ഉപേക്ഷിച്ച് എന്റെ അടുക്കലേക്ക് വന്നു. എന്റെ അടുത്തു വന്ന് ഒരു മരത്തിന്റെ കസേര കൊണ്ടുവന്നു. അതിന്റെ കാലുകള്‍ ഇരുമ്പിന്റെതായിരുന്നു. അദ്ദേഹം അതിന്മേലിരുന്നു. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ അറിവ് എനിക്ക് പഠിപ്പിച്ച് തന്നു. പിന്നീട് പ്രസംഗത്തിലേക്ക് തിരിഞ്ഞ് അത് പൂര്‍ത്തീകരിച്ചു’’(മുസ്‌ലിം, നസാഇ).

ഇടവേളകളില്ലാതെ തുടര്‍ച്ചയായി ക്ലാസെടുക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് വിരസതയുണ്ടാക്കുന്നതാണ്. പ്രവാചകന്‍ﷺ ഒരു സദസ്സില്‍വെച്ച് ധാരാളം ഹദീസുകള്‍ പറയുന്ന രീതി സ്വീകരിച്ചിരുന്നില്ല. തന്നെയുമല്ല, ഒരു നിശ്ചിതസമയത്ത് മാത്രമാണ് ഉപദേശം നല്‍കിയിരുന്നത്.

“അല്ലാഹുവിന്റെ ദുതര്‍ﷺ ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതില്‍ സമയക്രമം പാലിച്ചിരുന്നു; അവര്‍ക്ക് മുഷിപ്പ് വരും എന്ന ഭയം കാരണം’’ (മുസ്‌ലിം).

ഹദീസുകള്‍ പരിശോധിക്കുകയാണെങ്കില്‍ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ ശൈലികളിലാണ് ഓരോ വചനത്തിലൂടെയും മതകാര്യങ്ങള്‍ പഠിപ്പിക്കുന്നതെന്ന് കാണാനാവും. പ്രധാനപ്പെട്ട കാര്യങ്ങള്‍ അനുചരന്മാര്‍ക്ക് ഹൃദിസ്ഥമാക്കാന്‍ വേണ്ടി മൂന്നു പ്രാവശ്യം ആവര്‍ത്തിക്കാറുണ്ട്. വിദ്യാര്‍ഥികളെ ഞെട്ടിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാത്ത ശൈലിയാണ് കൂടുതല്‍ ഉചിതമായതെന്നാണ് പ്രവാചകന്റെ പെരുമാറ്റത്തില്‍നിന്നും നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നത്.

ഖൈസ് ബിന്‍ ഹാസിമി(റ)ല്‍ നിന്നും നിവേദനം: “ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്ന് അദ്ദേഹത്തിന്റെ മുന്നില്‍ നിന്നു. അന്നേരം അയാള്‍ വിറക്കാന്‍ തുടങ്ങി. അപ്പോള്‍ നബിﷺ പറഞ്ഞു: ‘നീ ശാന്തമാകുക. ഞാന്‍ ഒരു മലക്കല്ല. ഞാന്‍ ഉണക്കമാംസം കഴിക്കുന്ന ഒരു ക്വുറൈശി സ്ത്രീയുടെ മകനാണ്’ (ഹാകിം).

തന്റെ മുന്നില്‍ ഭയന്നുവിറക്കുന്ന വിദ്യാര്‍ഥികളെ അവരുടെ ഭയാശങ്കകള്‍ ഇല്ലാതാക്കി, അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് ഒരു അധ്യാപകന്‍ ശ്രമിക്കേണ്ടത് എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

വിദ്യാര്‍ഥികളെ സദാസമയവും ഗുണദോഷിക്കുന്നത് അവര്‍ക്ക് അരോചകമായിരിക്കും. എപ്പോഴും പഠിക്കാന്‍ പറയുന്നതുകൊണ്ടും വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. നന്നായി പഠിക്കുന്നവരോട് വായിക്കാന്‍ കല്‍പിക്കണമെന്നില്ല. അവര്‍ സ്വയംതന്നെ അതിന് സന്നദ്ധരായിരിക്കും.

അനസ് ബിന്‍ മാലികി(റ)ല്‍നിന്നും നിവേദനം, അദ്ദേഹം പറയുകയാണ്: “ഞാന്‍ അല്ലാഹുവിന്റെ ദൂതര്‍ക്ക് പത്തുവര്‍ഷം സേവനം ചെയ്തു. എന്നോട് ഛെ എന്ന് തീരെ പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് എന്തിന് നീ അത് ചെയ്തു എന്ന് ചോദിച്ചിട്ടില്ല. ഞാന്‍ ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് നീ അത് ചെയ്യാതിരുന്നതെന്തേ എന്നു ചോദിച്ചിട്ടില്ല’’ (തുര്‍മുദി).

പ്രവാചകന്റെ അനുചരന്മാരില്‍ തികച്ചും അപരിഷ്‌കൃതരായ അറബികള്‍ ഉള്‍പ്പെടെ വ്യത്യസ്ത സ്വഭാവമുളള ആളുകളുണ്ടായിരുന്നു. അവരിലോരോരുത്തരോടും ഉചിതവും അനുയോജ്യവുമായ രൂപത്തിലായിരുന്നു നബിﷺ അനുവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട്തന്നെ ഏത് തരത്തിലും കാലഘട്ടത്തിലും സാംസ്‌കാരിക നിലവാരത്തിലുമുളള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മുഹമ്മദ് നബിﷺയില്‍ ഉത്തമമായ മാതൃക കണ്ടെത്താന്‍ കഴിയുന്നതാണ്.