കച്ചവടരംഗത്തെ വഞ്ചന

ഉസ്മാൻ പാലക്കാഴി

2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

عَنْ أَبِي هُرَيْرَةَ لله أَنَّ رَسُولَ اللهِﷺ مَرَّ عَلَى صُبْرَةِ طَعَامٍ، فَأَدْخَلَ يَدَهُ فِيهَا، فَنَالَتْ أَصَابِعُهُ بَلَلاً، فَقَالَ: مَا هَذَا يَا صَاحِبَ الطَّعَامِ؟ قَالَ: أَصَابَتْهُ السَّمَاءُ يَا رَسُولَ اللهِ قَالَ: أَفَلَا جَعَلْتَهُ فَوْقَ الطَّعَامِ كَيْ يَرَاهُ النَّاسُ، مَنْ غَشَ فَلَيْسَ مِنِّي.

അബുഹുറയ്‌റ(റ) വിവരിക്കുന്നു: “അല്ലാഹുവിന്റെ റസൂൽﷺ ഒരു ധാന്യക്കൂമ്പാരത്തിനരികിലൂടെ കടന്നുപോയി. അന്നേരം അവിടുന്ന് അതിനുള്ളിൽ കൈ കടത്തിയപ്പോൾ വിരലിൽ കുറച്ച് നനവ് അനുഭവപ്പെട്ടു. അപ്പോൾ വ്യാപാരിയോട് ചോദിച്ചു: ‘ഈ നനവ് എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘മഴ കൊണ്ടതാണ് അല്ലാഹുവിന്റെ റസൂലേ.’ നബിﷺ ചോദിച്ചു: ‘ജനങ്ങൾ കാണുന്നതിനുവേണ്ടി (നനഞ്ഞ ധാന്യം) മുകളിൽ ഇട്ടുകൂടായിരുന്നോ? ചതിക്കുന്നവൻ എന്നിൽ പെട്ടവനല്ല’’ (മുസ്‌ലിം)

ഇന്ന് വഞ്ചന ഏറ്റവും കൂടുതൽ പ്രകടമായ ഒരു മേഖലയാണ് കച്ചവടം. കച്ചവടരംഗത്ത് എന്തുമാകാം എന്ന നിലപാടാണ് പലർക്കുമുള്ളത്. അമിതമായ ലാഭം കൊയ്യൽ മാത്രമല്ല; അതിനുവേണ്ടി മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിക്കലും സാർവത്രികമായിക്കൊണ്ടിരിക്കുന്നു. ന്യായമായ ലാഭമെടുത്ത് കച്ചവടം ചെയ്യാൻ ഇസ്‌ലാം അനുമതി നൽകിയപ്പോൾ അതിൽ പാലിക്കേണ്ട മര്യാദകൾ വിശദീകരിച്ചിട്ടുമുണ്ട്.

അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കലും കൃത്രിമക്ഷാമം സൃഷ്ടിക്കലുമെല്ലാംതന്നെ ഒഴിവാക്കണമെന്ന് ഇസ്‌ലാം കണിശമായി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, കച്ചവടത്തിൽ ഇത്തരം നിയമനിർദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധപുലർത്തുന്നവർ വിരളമാണ്. കച്ചവടത്തിൽ ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ല എന്നാണ് പലരും പറയാറുള്ളത്.

നല്ലത് പുറത്ത് പ്രദർശിപ്പിക്കുകയും അതു കണ്ട് ആളുകൾ വാങ്ങാൻ വരുമ്പോൾ അകത്തുള്ള മോശമായതും കേടുവന്നതുമായ വസ്തുക്കൾ തൂക്കിക്കൊടുക്കുകയും ചെയ്യുന്നത് ഇന്ന് കച്ചവടരംഗത്ത് വ്യാപകമായി കാണുന്ന അക്രമമാണ്. ഇതിനെ എതിർക്കുകയും അത് വഞ്ചനയാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന നബിവചനമാണ് മുകളിൽ നാം വായിച്ചത്. വിൽപനച്ചരക്കുകളുടെ ന്യൂനതകൾ മറച്ചുവെച്ച് വഞ്ചന കാണിക്കുന്നതിനെപ്പറ്റി നബിﷺ പറഞ്ഞു: ‘വിൽപനച്ചരക്കുകളുടെ ന്യൂനതകൾ വിൽപനക്കാരൻ വാങ്ങുന്നവനു വിവരിച്ചുകൊടുക്കേണ്ടതാണ്. എങ്കിൽ ആ ഇടപാട് സ്വീകാര്യംതന്നെ. അല്ലാത്തപക്ഷം അത് മ്ലേഛവുമാണ്’ (ബുഖാരി).

അളന്നും തൂക്കിയും കൊടുക്കുമ്പോൾ കൃത്യത പാലിക്കണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. വാങ്ങുന്നവർക്ക് ഒട്ടും കുറവുവരുത്താതിരിക്കാൻ സൂക്ഷ്മതയെന്നോണം അൽപം മുൻതൂക്കം നൽകുവാൻ നബിﷺ വിശ്വാസികളോട് കൽപിച്ചിട്ടുള്ളത് ഏറെ ശ്രദ്ധേയമാണ്.

സുവൈദുബ്‌നു ഖൈസ്(റ) പറയുന്നു: “സാധനങ്ങൾ തൂക്കാൻ കൂലിക്ക് നിറുത്തിയ ആളോട് നബിﷺ പറഞ്ഞു: അൽപം മുൻതൂക്കം വരുത്തിക്കൊള്ളുക’’ (അബൂദാവൂദ്, തുർമുദി).

മറ്റൊരിക്കൽ നബിﷺ പറഞ്ഞു: “വല്ലതും വിൽക്കുകയാണെങ്കിൽ ശരിക്കും അളന്നുകൊടുക്കുക; വാങ്ങുമ്പോൾ ശരിക്കും അളന്നു വാങ്ങുകയും ചെയ്യുക’’ (ബുഖാരി).

അല്ലാഹു പറയുന്നു: “അളവിൽ കുറക്കുന്നവർക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കിൽ തികച്ചെടുക്കുകയും, ജനങ്ങൾക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കിൽ നഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക്. അക്കൂട്ടർ വിചാരിക്കുന്നില്ലേ; തങ്ങൾ ഭയങ്കരമായ ഒരു ദിവസത്തിനായി എഴുന്നേൽപിക്കപ്പെടുന്നവരാണെന്ന്?’’ (ക്വുർആൻ 83:1-5). സത്യവിശ്വാസികൾ ഏത് രംഗത്തും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കേണ്ടവരാണ്. ഇഹത്തിലും പരത്തിലും വിജയം പ്രാപിക്കുവാൻ അത് അനിവാര്യമാണ്. നമ്മെ ആരെങ്കിലും ചതിക്കുന്നത് നാം ഇഷ്ടപ്പെടില്ല. അതുപോലെ മറ്റുള്ളവരെ നാം കബളിപ്പിക്കുന്നത് അവരും ഇഷ്ടപ്പെടില്ല എന്ന തിരിച്ചറിവ് നമുക്ക് അനിവാര്യമാണ്.