വാക്കുകൾ സൂക്ഷിക്കുക
ടി.കെ ത്വൽഹത്ത് സ്വലാഹി
2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

നമ്മുടെ വിശ്വാസവും കർമവും സ്വഭാവവും ശരിയാക്കുന്നതോടൊപ്പം നമ്മുടെ ഓരോ വാക്കും നോക്കും വികാരങ്ങളും വിചാരങ്ങളും അല്ലാഹുവിന്റെ തൃപ്തിക്കും പ്രീതിക്കും എതിരാകാത്തതുമായിരിക്കണം. സത്യവിശ്വാസിയുടെ സ്വർഗവും നരകവും തീരുമാനിക്കപ്പെടുന്നതിൽ അവന്റെ സംസാരത്തിന് മുഖ്യമായ പങ്കുണ്ടെന്ന് പഠിപ്പിക്കുന്ന ഹദീസാണ് മുകളിൽ കൊടുത്തത്.
ഇസ്‌ലാം വിലക്കിയ, അല്ലാഹുവിന് തൃപ്തിയില്ലാത്ത ‘ഒരു വാക്ക്’ പറഞ്ഞതിന്റെ പേരിൽ പോലും നരകത്തിൽ പ്രവേശിക്കുന്നവരുണ്ടാകുമെന്നാണ് നബിﷺ ഇതിലൂടെ പഠിപ്പിക്കുന്നത്. തെറ്റാണെന്ന് അറിയാത്തതിനാലോ, ഇത്തരം തെറ്റുകയുടെ ഗൗരവമറിയാത്തതിനാലോ, അറിയുമെങ്കിലും പറഞ്ഞു ശീലിച്ചതിനാലോ ധാരാളം തെറ്റായ പദപ്രയോഗങ്ങൾ നമ്മിൽ സംഭവിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെ ഇസ്‌ലാം വളരെ ഗൗരവമായിട്ടാണ് കാണുന്നത്.
തെറ്റാണെന്ന് ഉറപ്പുള്ളതു മാത്രമല്ല, തനിക്ക് പ്രയോജനമില്ലാത്തതെല്ലാം ഉപേക്ഷിക്കുന്നവനാണ് നല്ല മുസ്‌ലിം. തിരുനബിﷺ പഠിപ്പിച്ചു: ‘തനിക്ക് ഉപകാരമില്ലാത്തത് ഉപേക്ഷിക്കുക എന്നത് ഒരാളുടെ ഇസ്‌ലാം നന്നാകുന്നതിൽ പെട്ടതാണ്.’
മറ്റൊരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്, നബിﷺ പറഞ്ഞു: “താൻ കേട്ടതെല്ലാം പറയുക എന്നതു തന്നെ ഒരാളിൽ മതിയായ പാപമാണ്’’ (മുസ്‌ലിം). കേട്ടതെന്തും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: “നിങ്ങൾ നിങ്ങളുടെ നാവുകൾകൊണ്ട് അതേറ്റുപറയുകയും നിങ്ങൾക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായകൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദർഭം. അതൊരു നിസ്സാരകാര്യമായി നിങ്ങൾ ഗണിക്കുന്നു. അല്ലാഹുവിന്റെയടുക്കൽ അത് ഗുരുതരമാകുന്നു’’ (ക്വുർആൻ 24:15).
അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാനും വിശദീകരിക്കാനും നിൽക്കുന്നവർക്ക് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാവുക. തന്റെ ചെവിയിലെത്തുന്ന ഒരു വാർത്ത കേട്ട പാതി കേൾക്കാത്ത പാതി മറ്റുള്ളവർക്ക് കൈമാറാൻ വ്യഗ്രത കാണിക്കുന്നവർ സ്വന്തത്തിനുതന്നെ അപകടം വിളിച്ചുവരുത്തുന്നവരാണ്. ശരിയായ വാക്ക് മാത്രമെ പറയാവൂ എന്ന് അല്ലാഹു അനുശാസിച്ചിട്ടുണ്ട്: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക’’ (ക്വുർആൻ 33:70).
നാം പറയുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും അതിനെക്കുറിച്ചെല്ലാം ചോദിക്കപ്പെടുമെന്നുള്ള യാഥാർഥ്യം നാം മറക്കരുത്. വിശുദ്ധ ക്വുർആൻ ശക്തമായ താക്കീത് നൽകുന്നത് നോക്കൂ: “വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നുകൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേർ ഏറ്റുവാങ്ങുന്ന സന്ദർഭം. അവൻ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് തയ്യാറായി നിൽക്കുന്ന നിരീക്ഷകൻ ഉണ്ടാവാതിരിക്കുകയില്ല’’ (ക്വുർആൻ 50:17,18).
“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നി വയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (ക്വുർആൻ 17:36).
ഏതു കാര്യത്തിലും താൻ കണ്ടതിനും കേട്ടതിനുമപ്പുറം കാണാനും കേൾക്കാനും ബാക്കി യുണ്ടെന്ന തിരിച്ചറിവ് നല്ലതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.

