മാപ്പേകുക, മാപ്പിനർഹരാവുക

ഉസ്മാൻ പാലക്കാഴി

2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

അബ്ദുർറഹ്‌മാൻ ഇബ്‌നുഔഫി(റ)ൽനിന്ന് നിവേദനം, അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “അല്ലാഹുവാണേ, മൂന്നു കാര്യങ്ങളിൽ ഞാൻ സത്യം ചെയ്യുന്നവനാണ്. ദാനധർമം ഒരു സ്വത്തും കുറച്ചിട്ടില്ല; അതിനാൽ നിങ്ങൾ ധർമം ചെയ്യുക. അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച് ഒരു ദാസനും ഒരു അന്യായത്തിനു മാപ്പരുളിയിട്ടില്ല; അതിനാൽ അവന്ന് അന്ത്യനാളിൽ അല്ലാഹു ഉയർച്ച നൽകാതെ. ഒരു വ്യക്തി തനിക്കായി യാചനയുടെ കവാടം തുറന്നാൽ അല്ലാഹു അവന്ന് ദാരിദ്ര്യത്തിന്റെ കവാടം തുറക്കുകതന്നെ ചെയ്യും’’ (മുസ്‌നദു അബീയഅ്‌ലാ).

ദാനധർമത്തിന്റെയും വിട്ടുവീഴ്ചയുടെയും മഹത്ത്വവും യാചനയുടെ അപകടവും വ്യക്തമാക്കുന്നതാണ് ഈ തിരുവചനം. വിട്ടുവീഴ്ച ചെയ്യുക, മാപ്പുനൽകുക എന്നൊക്കെ പറയാൻ എളുപ്പമാണ്. എന്നാൽ അത് ജീവിതത്തിൽ പ്രയോഗവത്കരിച്ച് കാണിക്കുക എന്നത് അത്ര എളുപ്പമല്ല. സത്യവിശ്വാസത്തിന്റെ ശക്തമായ പിൻബലമുണ്ടെങ്കിലേ സ്വജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ കഴിയുകയുള്ളൂ.

തങ്ങളോടു മറ്റുള്ളവർ ചെയ്ത തെറ്റുകൾ മാപ്പാക്കലും അതിൽ ശിക്ഷ ഒഴിവാക്കലും മഹത്തുകളുടെ ശീലവും മഹദ്ഗുണവുമാണ്. പ്രതികാര നടപടിയെടുക്കുവാൻ കഴിവുണ്ടായിട്ടും ഔദാര്യമനസ്‌കനായി തന്റെ അവകാശം ഒഴിവാക്കി മാപ്പുനൽകലാണ് മാന്യതയും മഹത്ത്വവും.

വിശുദ്ധ ക്വുർആനിൽ വിട്ടുവീഴ്ച ചെയ്യുവാൻ ആഹ്വാനമുള്ള വചനങ്ങൾ ധാരാളം കാണുവാൻ സാധിക്കും.

“എന്നാൽ (ഭർത്താക്കൻമാരേ,) നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധർമനിഷ്ഠയ്ക്ക് കൂടുതൽ യോജിച്ചത്. നിങ്ങൾ അന്യോന്യം ഔദാര്യം കാണിക്കാൻ മറക്കരുത്’’(ക്വുർആൻ 2: 237). “...അവർ മാപ്പുനൽകുകയും വിട്ടുവീഴ്ചകാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’’ (ക്വുർആൻ 24: 22).

“...ധർമനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത് (സ്വർഗം). (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്കുവേണ്ടി. (അത്തരം) സൽകർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു’’(ക്വുർആൻ 3: 133,134).

അല്ലാഹുവിന്റെ കാരുണ്യവും മാപ്പും നമുക്ക് ലഭിക്കണമെങ്കിൽ നാം മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നവരും മാപ്പു നൽകുന്നവരുമാകേണ്ടതുണ്ട്. അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)ൽനിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു: “നിങ്ങൾ കരുണ കാണിക്കുക; നിങ്ങൾക്ക് കരുണ നൽകപ്പെടും. നിങ്ങൾ പൊറുക്കുക; നിങ്ങൾക്കും പൊറുക്കപ്പെടും’’(ബുഖാരി).

“ഒരു വ്യക്തി നബിﷺയുടെ അടുക്കൽ വന്നു. അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഒരു ഭൃത്യന് നമ്മൾ എത്ര തവണ മാപ്പരുളണം?’ തിരുമേനിﷺ മൗനം ഭജിച്ചു. ആഗതൻ ചോദ്യം ആവർത്തിച്ചു. അപ്പോഴും തിരുമേനി മൗനം ഭജിച്ചു. ആഗതൻ മൂന്നാമതും ചോദിച്ചപ്പോൾ തിരുമേനി പറഞ്ഞു: ‘എല്ലാ ദിവസവും ഭൃത്യന് എഴുപതു തവണ നിങ്ങൾ മാപ്പരുളുക’’(സുനനുത്തുർമുദി).