കപടവിശ്വാസികൾക്ക് ഭാരമേറിയ നമസ്‌കാരങ്ങൾ

നൂറുദ്ദീൻ സ്വലാഹി, വെട്ടത്തൂർ

2024 ഫെബ്രുവരി 03, 1445 റജബ് 22

നബിﷺ അരുളിയതായി അബൂ ഹുറയ്‌റ(റ) പറയുന്നു: “കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമേറിയ നമസ്‌കാരം ഇശാഅ് നമസ്‌കാരവും സുബ്ഹി നമസ്‌കാരവുമാണ്’’ (മുസ്‌ലിം)

മനുഷ്യൻ ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളതും. മുഖ്യമായതും നിർബന്ധമായതുമായ ഒന്നാണ് നമസ്‌കാരം. അല്ലാഹുവും അടിമയും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ് നമസ്‌കാരം. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. നമസ്‌കാരത്തിലൂടെയാണ് വിജയം എന്ന് അല്ലാഹു അറിയിക്കുന്നു: “സത്യവിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തിൽ ഭക്തിയുള്ളവരായ’’(ക്വുർആൻ 21:1-2). “നിശ്ചയമായും നമസ്‌കാരം മ്ലേഛവും നികൃഷ്ടവുമായ കാര്യങ്ങളിൽ നിന്നും മനുഷ്യനെ തടയുന്നു’’(29:45).

നബിﷺ മരണത്തിന്റെ നിമിഷങ്ങൾക്ക് മുമ്പ് പോലും സ്വഹാബികളെ ഉണർത്തിയത് ‘നമസ്‌കാരം ശ്രദ്ധിക്കണേ’ എന്നുപറഞ്ഞുകൊണ്ടായിരുന്നു. മരിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ ഇശാഇന്ന് വുദൂഅ് എടുത്ത് പള്ളിയിലേക്ക് പോകാൻ പുറപ്പെട്ടപ്പോൾ നബി ﷺക്ക് ബോധക്ഷയം സംഭവിച്ചു. ബോധം തെളിഞ്ഞപ്പോൾ ആദ്യമായി ചോദിച്ചത് ‘ആഇശാ, ജനങ്ങൾ നമസ്‌കരിച്ചോ?’ എന്നായിരുന്നു.

ഇത്രയും പ്രാധാന്യമുള്ള നമസ്‌കാരം നിർവഹിക്കുന്നവരിൽതന്നെ പലരും സുബ്ഹി, ഇശാഅ് നമസ്‌കാരങ്ങളിൽ അലംഭാവം കാണിക്കുന്നവരാണ്; അവ നിർവഹിക്കുകയാണെങ്കിൽ തന്നെ പള്ളിയിൽ പോയി ജമാഅത്തിൽ പങ്കെടുക്കാതെ വീട്ടിൽ വെച്ചു നിർവഹിക്കുന്നവരാണ്. ഉറക്കം, തണുപ്പ് പോലുള്ള കാര്യങ്ങളെ അവഗണിച്ച് അവ നിർവഹിക്കുക എന്നത് അടിയുറച്ച ഈമാനുള്ളവർക്കാണ് സാധ്യമാവുക.

മുകളിൽ കൊടുത്ത നബിവചനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത് കപടവിശ്വാസികളുടെ സ്വഭാവത്തിൽപെട്ടതാണ് സുബ്ഹി, ഇശാഅ് നമസ്‌കാരങ്ങളിൽ വീഴ്ചവരുത്തുന്നത് എന്നാണ്. വിശ്വാസികൾ ഈ വിഷയത്തിൽ നല്ല ജാഗ്രത പുലർത്തണമെന്നർഥം.

അല്ലാഹുവിന്റെ റസൂൽﷺ അരുളിയതായി ഉസ്മാനുബ്‌നു അഫ്ഫാൻ(റ) പറയുന്നു: “ആരെങ്കിലും ഇശാഅ് നമസ്‌കാരം ജമാഅത്തായി നിർവഹിച്ചാൽ അവൻ പകുതി രാത്രി നമസ്‌കരിച്ചവനെ പോലെയാണ്. ആരെങ്കിലും സുബ്ഹി നമസ്‌കാരം ജമാഅത്തായി നിർവഹിച്ചാൽ രാത്രി പൂർണമായും നമസ്‌കരിച്ചവനെ പോലെയാണ്’’(മുസ്‌ലിം).

നബിﷺ അരുളിയതായി അബൂഹുറയ്‌റ(റ) പറയുന്നു: “ഉച്ചവെയിലിൽ ദ്വുഹ്ർ നമസ്‌കാരത്തിന് വേണ്ടി നടന്ന് പള്ളിയിലേക്ക് പോകുന്നതിന്റെ പ്രതിഫലം ജനങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അതിലേക്ക് അവർ മൽസരിക്കുമായിരുന്നു. ഇശാഅ്, സുബ്ഹി നമസ്‌കാരത്തിന്റെ പ്രതിഫലം അവർ അറിഞ്ഞിരുന്നുവെങ്കിൽ മുട്ടിലിഴഞ്ഞാണെങ്കിലും ശരി അവർ അതിന് ഹാജരാകുമായിരുന്നു’’

സുബ്ഹി സമയത്ത് കാലിയായ പള്ളിയുടെയും അൽപസമയം കഴിഞ്ഞ് നിറഞ്ഞുകവിഞ്ഞ, തിരക്കുപിടിച്ച റോഡിന്റെ ചിത്രവും പങ്കുവെച്ച് ഒരാൾ എഴുതിയ കുറിപ്പ് ഓർമവരുന്നു:

“നാഥനുമായി അടുക്കേണ്ടതും അവനോട് കാര്യങ്ങൾ പങ്കുവെക്കേണ്ടതുമായ സമയത്ത് എല്ലാവരും ഉറക്കത്തിലാണ്; തന്റെ ഉപജീവനത്തിനുവേണ്ടി എത്തേണ്ടിടത്ത് കൃത്യസമയം പാലിക്കുന്നതിൽ എല്ലാവരും കണിശക്കാരാണ്.’’

വിഷമങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും മറനീങ്ങി സന്തോഷവും സമാധാനവും ജീവിതത്തിലേക്ക് ഇറങ്ങിവരാനുള്ള വഴിയാണ് നമസ്‌കാരം എന്നത് നാം മറക്കരുത്. സമയം കിട്ടുമ്പോൾ ചെയ്യേണ്ടതല്ല; സമയം കണ്ടെത്തി, മനസ്സാന്നിധ്യത്തോടെ, സന്തോഷപൂർവം നിർവഹിക്കേണ്ട ആരാധനയാണ് നമസ്‌കാരം