ഭാര്യമാരോട് പെരുമാറുമ്പോൾ...
ഉസ്മാൻ പാലക്കാഴി
2024 ഒക്ടോബർ 26, 1446 റ. ആഖിർ 23
عن أبي هريرة رضي الله عنه قال: قال رسول الله صلى عليه وسلم: " أكمَلُ المؤمنينَ إيمانًا أحسَنُهم خلُقًا، وخيارُكم خيارُكم لنسائِهم" ( رواه الترمذي)
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം. നബിﷺ പറഞ്ഞു: “വിശ്വാസികളിൽ വിശ്വാസം പൂർത്തിയായവനും ഏറ്റവും നല്ല സൽസ്വഭാവിയും ഏറ്റവും ഉത്തമനും തങ്ങളുടെ ഭാര്യമാരോട് നല്ലനിലയിൽ വർത്തിക്കുന്നവനാണ്’’ (തിർമുദി)
തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിത്തീരണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും പലരുടെയും ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങൾ നിറഞ്ഞതുമായിത്തീരുന്നു. ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും കൊലചെയ്ത വാർത്തകൾ പത്രങ്ങളിൽ പതിവ് വാർത്തയായി പ്രത്യക്ഷപ്പെടുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന ഭാര്യമാരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു.
ദമ്പതികളുടെ പരസ്പര സഹകരണവും വിശ്വാസവുമാണ് ഒരു നല്ല കുടുംബത്തിന്റെ അടിത്തറ. അതിന്റെ അഭാവത്തിൽ പ്രശ്‌നങ്ങൾ ഉത്ഭവിക്കുക സ്വാഭാവികം. എങ്ങനെ ഒരു നല്ല ഭർത്താവാകാം? എങ്ങനെ ഒരു നല്ല ഭാര്യയാകാം? ഇസ്‌ലാം വളരെ വ്യക്തമായ മാർഗനിർദേശങ്ങൾ ഈ രംഗത്ത് നൽകുന്നുണ്ട്. ഒരു നല്ല മനുഷ്യനായിത്തീരണമെങ്കിൽ നല്ല ഭർത്താവായിത്തീരണമെന്ന് മുകളിൽ കൊടുത്ത നബിവചനം മനസ്സിലാക്കിത്തരുന്നു.
സമൂഹമധ്യെ മാന്യരും നല്ലവരുമായി അറിയപ്പെടുന്ന പലരും സ്വന്തം ഭാര്യമാരുടെയടുക്കൽ ചെന്നാൽ ക്രൂരരും മനുഷ്യത്വമില്ലാത്തവരുമായിരിക്കും. മാന്യതയുടെ മുഖംമൂടിയണിഞ്ഞവർ. സ്വന്തം ഭാര്യയോട് മാന്യമായി പെരുമാറാൻ കഴിയാത്തവന്റെ സമൂഹമധ്യത്തിലുള്ള മാന്യതയ്ക്കും സൽപേരിനും എന്തുവില?
“നിങ്ങൾ അവരോട് നല്ല നിലയിൽ പെരുമാറുക’’ എന്ന ഭർത്താക്കന്മാരോടുള്ള ക്വുർആനിന്റെ കൽപനയും (4:129) “സ്ത്രീ വാരിയെല്ലുപോലെയാണ്, ബലം പ്രയോഗിച്ച് നീ അവളെ നേരെയാക്കാനുദ്ദേശിക്കുന്നപക്ഷം പൊട്ടിക്കേണ്ടിവരും’’ എന്ന് തുടങ്ങുന്ന നബിവചനവും വിശ്വാസികളായ എല്ലാ ഭർത്താക്കന്മാരും ശ്രദ്ധിക്കേണ്ടതാണ്.
സ്ത്രീ ഏറെ ക്ഷമിക്കുന്നവളാണെങ്കിലും പല വിഷയങ്ങളിലും അക്ഷമയും മുൻകോപവും അശ്രദ്ധയും മറ്റ് കൊച്ചുകൊച്ചു അപാകതകളും സ്ത്രീസഹജമായി അവളിൽ കണ്ടേക്കാം. അതെല്ലാം പൂർണമായി മാറ്റിയെടുത്ത് താൻ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവവും ഇല്ലാത്തവളായി തന്റെ ഭാര്യയെ മാറ്റാമെന്നുള്ളത് വെറും വ്യാമോഹമാണ്. അതിനുശ്രമിച്ചാൽ ബന്ധം തകർന്നുപോവുകയായിരിക്കും ഫലം. നബിﷺ പറഞ്ഞു: “ഒരു സത്യവിശ്വാസി തന്റെ ഇണയെ വെറുക്കരുത്. അവളിൽ ഒരു സ്വഭാവത്തെ അവൻ വെറുക്കുന്നുവെങ്കിൽ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടേക്കാം’’.
തന്റെ ചരിത്ര പ്രധാനമായ വിടവാങ്ങൽ പ്രസംഗത്തിൽ നബിﷺ പറഞ്ഞു: “...നിശ്ചയം, നിങ്ങൾക്ക് നിങ്ങളുടെ ഭാര്യമാരിൽനിന്നും ഭാര്യമാർക്ക് നിങ്ങളിൽനിന്നും ചില അവകാശങ്ങൾ ഉണ്ട്. അവരിൽനിന്ന് നിങ്ങൾക്ക് ലഭിക്കുവാനുള്ള അവകാശം നിങ്ങളുടെ വിരിപ്പിൽ നിങ്ങൾ ഇഷ്ടപ്പെടാത്തവരെ കൊണ്ട് ചവിട്ടിക്കാതിരിക്കുകയും നിങ്ങളുടെ ഭവനങ്ങളിലേക്ക് നിങ്ങൾ ഇഷ്ടപ്പെടാത്തവരെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യലാണ്. അറിയുക; നിങ്ങളിൽനിന്ന് അവർക്ക് ലഭിക്കുവാനുള്ള അവകാശങ്ങൾ വസ്ത്രത്തിലും ഭക്ഷണത്തിലും മറ്റും അവർക്ക് നന്മ ചെയ്യലാണ് (തിർമുദി 1163).

