ക്വുർആൻ പഠനത്തിന്റെ പ്രാധാന്യം

അബൂ ഫായിദ‌‌

2024 മാർച്ച് 09, 1445 ശഅ്ബാൻ 28

ഉസ്മാനുബ്നു അഫ്ഫാൻ(റ) പറയുന്നു: നബിﷺപറഞ്ഞു: “നിങ്ങളിൽ ഉത്തമൻ ക്വുർആൻ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ്’’ (ബുഖാരി, മുസ്ലിം).

അല്ലാഹു അനേകം പ്രവാചകന്മാരെ ഈ ലോകത്തേക്ക് നിയോഗിച്ചിട്ടുണ്ട്. അവരിൽ വേദഗ്രന്ഥം നൽകപ്പെട്ടവരുണ്ട്; പലവിധ അമാനുഷിക ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടവരുണ്ട്. അല്ലാഹു അയച്ച ദൂതൻതന്നെയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് അമാനുഷിക ദൃഷ്ടാന്തങ്ങൾ അവരിലൂടെ അല്ലാഹു പ്രകടമാക്കിയത്. അന്തിമ പ്രവാചകന് നൽകപ്പെട്ട ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ക്വുർആൻ. 1400ൽപരം വർഷങ്ങൾക്കു മുമ്പ് ഒരു റമദാൻ മാസത്തിലാണ് അതിന്റെ അവതരണമുണ്ടായത്.

“ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനു ഷ്ഠിക്കേണ്ടതാണ്...’’(ക്വുർആൻ 2:185).

അവതരിപ്പിക്കപ്പെട്ട അതേരൂപത്തിൽ യാതൊരുവിധ മാറ്റത്തിരുത്തലുകൾക്കും വിധേയമാകാതെ ഇന്നും ക്വുർആൻ നിലകൊള്ളുന്നു എന്നതുതന്നെ അതിന്റെ ദൈവികതക്ക് തെളിവാണ്. കോടിക്കണക്കിന് മുസ്‌ലിംകൾ ഒരേ ഭാഷയിൽ അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അനേകായിരങ്ങൾക്ക് അത് മനഃപാഠമാണ്. എത്രയോ ആളുകൾ അതിൽ ആകൃഷ്ടരായി ഇസ്‌ലാമിലേക്ക് കടന്നുവന്നു; ഇന്നും കടന്നുവന്നുകൊണ്ടിരിക്കുന്നു.

മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുവാനായി അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ. അല്ലാഹു പറയുന്നു: “...മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാൻവേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവന്റെ മാർഗത്തിലേക്ക്, ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ (മാർഗത്തിലേക്ക് അവരെ കൊണ്ടുവരാൻ വേണ്ടി). സത്യനിഷേധികൾക്ക് കഠിനമായ ശിക്ഷയാൽ മഹാനാശംതന്നെ’’(14:1,2).

ആറാം നൂറ്റാണ്ടിൽ ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനതതിയെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുർആനായിരുന്നു. തെറ്റായ പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കൈയൊഴിക്കുവാൻ അവർ തയാറായത് വിശുദ്ധ ക്വുർആൻ അവരുടെ ചിന്തയെ തട്ടിയുണർത്തിയതുകൊണ്ടായിരുന്നു.

“നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാർ ഉദ്ബുദ്ധരാകേണ്ടതിനും വേണ്ടി’’ (38:29).

ക്വുർആൻ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് ഉത്തമൻ എന്നാണ് നബിﷺ പറഞ്ഞത്. മനുഷ്യന്റെ ഇഹപരജീവിത വിജയത്തിനു വേണ്ടതായ മാർഗനിർദേശങ്ങൾ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കൽ സത്യവിശ്വാസികളുടെ ബാധ്യതയാണ്. ഒരു വിശ്വാസി ക്വുർആനുമായി അഭേദ്യമായ ബന്ധം പുലർത്തേണ്ടവനാണ്. പരിശുദ്ധ റമദാനിൽ അതിനായി കൂടുതൽ സമയം നീക്കിവയ്ക്കുക.