രോഗിയെ സന്ദർശിക്കുമ്പോൾ
അബൂഫായിദ
2024 മെയ് 04, 1445 ശവ്വാൽ 25

രോഗം ഏതായാലും അത് അനുഭവിക്കുന്ന വ്യക്തിക്കും അയാളുടെ കുടുംബത്തിനും അത് പ്രത്യക്ഷത്തിൽ ഒരു ദുരിതമാണ്. എന്നാൽ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് ഒരനുഗ്രഹമാണ്. “തീ സ്വർണത്തിലെയും വെള്ളിയിലെയും അഴുക്ക് നീക്കുന്നതുപോലെ ഒരു മുസ്‌ലിമിന് രോഗം കുറ്റങ്ങൾക്ക് പരിഹാരമാകും’’ (അബൂദാവൂദ്) എന്ന് നബിﷺ അറിയിച്ചിട്ടുണ്ട്.
മറ്റൊരിക്കൽ നബിﷺ പറഞ്ഞു: “ഒരു സത്യവിശ്വാസിക്ക് ക്ഷീണമോ തളർച്ചയോ രോഗമോ മനോദുഃഖമോ വല്ല ഉപദ്രവമോ കാലിൽ തറച്ച മുള്ളുകാരണം വേദനയോ അനുഭവിക്കേണ്ടിവരുന്നപക്ഷം അതുകാരണം അവന്റെ പാപങ്ങളിൽനിന്ന് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല’’ (ബുഖാരി, മുസ്‌ലിം). ഇത് രോഗികൾക്കുള്ള സന്തോഷ വാർത്തയാണ്. ഏത് കഠിനമായ പ്രയാസവേളയിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ ക്ഷമിക്കുവാനും സഹിക്കുവാനും ഇത് പ്രചോദനമേകുന്നു. ദുർബലരും അവശരും രോഗികളുമായവരെ നിരാശയുടെ കയത്തിൽനിന്നും രക്ഷപ്പെടുത്തുന്ന വചനങ്ങൾ!
രോഗികളെ സന്ദർശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത് വിശ്വാസികളുടെ പരസ്പര ബാധ്യതയാണെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. അതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നതാണ് തുടക്കത്തിൽ കൊടുത്ത ഹദീസ്. സഅ്ദുബ്‌നു ഉബാദ(റ)ക്ക് ആശ്വാസമുണ്ട് എന്നറിഞ്ഞിട്ടും നബിﷺ സ്വഹാബിമാരെ കൂട്ടി അദ്ദേഹത്തെ സന്ദർക്കാൻ പോകുകയാണ്, ഏറെ പ്രയാസങ്ങൾ സഹിച്ചുകൊണ്ടുതന്ന!
രോഗിയെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ഒത്താശകൾ ചെയ്തുകൊടുക്കുകയുമെല്ലാം വിശ്വാസിയുടെ കടമയാണ്. രോഗി സമ്പന്നനോ സാധുവോ സ്വന്തം മതക്കാരനോ അന്യമതക്കാരനോ എന്നൊന്നും നോക്കേണ്ടതില്ല. ജൂതനായ ഒരു അടിമ രോഗിയായപ്പോൾ നബിﷺ അയാളെ സന്ദർശിച്ചതായി ഇമാം ബുഖാരി രേഖപ്പെടുത്തുന്നുണ്ട്.
രോഗത്തിന്റെ ഗൗരവം പറഞ്ഞ് (ഉള്ളതോ ഇല്ലാത്തതോ ആണെങ്കിലും) രോഗിയെ ഭയപ്പെടുത്താതിരിക്കാനും നിരാശനാക്കാതിരിക്കാനും സന്ദർശകർ ശ്രദ്ധിക്കേണ്ടതാണ്. രോഗിയിൽ പ്രതീക്ഷയും മനോർദാഢ്യതയും വളർത്തുന്ന നിലയ്ക്കുള്ള കാര്യങ്ങളേ പറയാവൂ. പലരും രോഗിയുടെ അവസ്ഥ കണ്ട് ദയനീയമായി രോഗിയെ നോക്കുകയും താടിക്ക് കൈകൊടുത്ത് തലയാട്ടുകയും ചെയ്യുന്നത് കാണാം. ‘ഏതാണ്ട് കഴിയാറായി’ എന്ന മട്ടിൽ. അല്ലെങ്കിൽ ഇതേരോഗം പിടിപെട്ട് ഇന്നയിന്നയാൾ മരിച്ചു എന്നൊക്കെ പറയും. ഇതൊക്കെ രോഗിയോട് ചെയ്യുന്ന കടുത്ത അക്രമമാണ്.

