ദിക്‌റിന്റെ മഹത്ത്വങ്ങൾ
ഉസ്മാൻ പാലക്കാഴി
2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

നബിﷺ അരുളിയതായി അബൂ ഹുറയ്‌റ(റ) പറയുന്നു: “അല്ലാഹുവിന് മലക്കുകളുടെ ഒരു സംഘമുണ്ട്. അവർ വഴികളിലും മറ്റും ദിക്ർ ചെയ്യുന്നവരെ തിരക്കി നടക്കുന്നതാണ്. അല്ലാഹുവിന് ദിക്ർ ചെയ്യുന്നവരെ കണ്ടുമുട്ടിയാൽ അവർ അന്യോന്യം മറ്റുള്ളവരെ വിളിച്ച് ‘നിങ്ങൾ തേടികൊണ്ടിരി ക്കുന്ന കാര്യത്തിലേക്ക് വരുവിൻ’ എന്നു പറയുന്നതും (ദിക്ർ ചെയ്തുകൊണ്ടിരിക്കുന്നവർക്ക് ചുറ്റും) ഒന്നാനാകാശം വരെ അവരുടെ ചിറകുകൾ കൊണ്ട് പൊതിയുന്നതുമാണ്. അപ്പോൾ അവരുടെ രക്ഷിതാവ് -അവരെക്കാൾ അറിയുന്നതിനോടു കൂടി-അവരോട് ചോദിക്കും: ‘എന്റെ അടിമകൾ എന്ത് പറഞ്ഞു കൊണ്ടിരിക്കുന്നു?’ അവർ പറയും: ‘അവർ നിന്നെ പ്രകീർത്തിക്കുകയും (സുബ്ഹാനല്ലാഹ്) മഹത്ത്വപ്പെടുത്തുകയും (അല്ലാഹു അക്ബർ) സ്തുതിക്കുകയും (അൽഹംദുലില്ലാഹ്) വാഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.’ അപ്പോൾ അല്ലാഹു ചോദിക്കും: ‘അവർ എന്നെ കണ്ടോ?’ അവർ പറയും: ‘ഇല്ല. അല്ലാഹുവാണെ, അവർ നിന്നെ കണ്ടിട്ടില്ല.’ അല്ലാഹു ചോദിക്കും: ‘അവർ എന്നെ കണ്ടിരുന്നുവെങ്കിൽ ഏതവസ്ഥയിലായിരിക്കും?’ അവർ പറയും: ‘അവർ നിന്നെ കണ്ടിരുന്നുവെങ്കിൽ വളരെ കൂടുതൽ ഇബാദത്തിൽ മുഴുകുകയും ഇതിനെക്കാൾ കൂടുതൽ നിന്നെ സ്തുതിക്കുകയും പ്രകീർത്തനം ചെയ്യുകയും ചെയ്യുമായിരുന്നു.’ പിന്നീട് അല്ലാഹു ചോദിക്കും: ‘അവർ എന്താണ് ആവശ്യ പ്പെട്ടുകൊണ്ടിരിക്കുന്നത്?’ അവർ പറയും: ‘അവർ നിന്നോട് സ്വർഗം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.’ അല്ലാഹു ചോദിക്കും:’അവർ സ്വർഗം കണ്ടോ?’ അവർ പറയും: ‘ഇല്ല. അവർ കണ്ടിട്ടില്ല.’ അല്ലാഹു ചോദിക്കും:’അപ്പോൾ അവരത് കണ്ടിരുന്നുവെങ്കിൽ ഏതവസ്ഥയിലായിരിക്കും?’ അവർ പറയും: ‘അവർ അത് കണ്ടിരുന്നുവെങ്കിൽ തീർച്ചയായും ഇതിനെക്കാൾ കൂടുതലായി അതിൽ അത്യാഗ്രഹമുള്ളവരും അതിനെ അധികമായി തേടുന്നവരും അതിൽ വളരെ ആശവെക്കുന്നവരുമാകുമായിരുന്നു.’ പിന്നീട് അല്ലാഹു ചോദിക്കും: ‘അവർ എന്തിൽനിന്ന് അഭയം തേടുന്നു?’ അവർ പറയും: ‘നരകത്തിൽനിന്ന്.’ അല്ലാഹു ചോദിക്കും: ‘അവരത് കണ്ടിട്ടുണ്ടോ?’ അവർ പറയും:’അല്ലാഹുവിൽ സത്യം, രക്ഷിതാവേ! അവർ നരകത്തെ കണ്ടിട്ടില്ല.’ അല്ലാഹു ചോദിക്കും: ‘അപ്പോൾ അതവർ കണ്ടിരുന്നെങ്കിലോ?’ അവർ പറയും:’അവർ അത് കണ്ടിരുന്നുവെങ്കിൽ അതിൽ നിന്നും അധികം ഓടിപ്പോകുന്നവരും അധികം ഭയക്കുന്നവരും ആകുമായിരുന്നു.’ അല്ലാഹു പറയും: ‘അവർക്ക് ഞാൻ പാപങ്ങളെല്ലാം പൊറുത്തുകൊടുത്ത തായി നിങ്ങളെ സാക്ഷികളാക്കുന്നു.’ അപ്പോൾ ആ സംഘത്തിൽപ്പെട്ട ഒരു മലക്ക് പറയും: ‘അക്കൂട്ടത്തി ലുള്ള അവരിൽ പെടാത്ത ഒരു മനുഷ്യൻ അവന്റെ ഏതോ ആവശ്യത്തിനുവേണ്ടി മാത്രം അവിടെ വന്നതായിരുന്നു.’ അല്ലാഹു പറയും: ‘അവരുടെ കൂടെ ഇരിക്കുന്നവരും പരാജയപ്പെട്ടുപോകാത്ത ഒരു സംഘമാകുന്നു അവർ’ (ബുഖാരി).
അല്ലാഹുവിനെ സ്മരിക്കുകയും ദിക്‌റുകൾ ചൊല്ലുകയും ചെയ്യുന്നതിന്റെയും ചെയ്യുന്നവരുടെയും മപത്ത്വമാണ് ദീർഘമായ ഈ ഹദീസ് മനസ്സിലാക്കിത്തരുന്നത്.
ദിക്‌റിന് പ്രേരണ നൽകുന്ന, അതിന്റെ മഹത്ത്വം വ്യക്തമാക്കുന്ന നബിവചനങ്ങളും ക്വുർആൻ സൂക്തങ്ങളും നിരവധിയാണ്. അല്ലാഹു പറയുന്നു: “നിങ്ങൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുക’’(33:41). “അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയാണ് ഏറ്റവും വലുത്’’(29:45). “നിങ്ങൾ അല്ലാഹുവിനെ കൂടുതലായി ഓർക്കുക, നിങ്ങൾ വിജയിച്ചേക്കും’’(62:10). നബിﷺ പറഞ്ഞു: “തന്റെ രക്ഷിതാവിനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉപമ ജീവനുള്ളവനും ജീവനില്ലാത്തവനും പോലെയാണ്’’ (ബുഖാരി). അല്ലാഹുവിനെ സ്മരിക്കുന്ന, ചൈതന്യമുള്ളവരായി ജീവിക്കുവാനാണ് വിശ്വാസികൾ ശ്രമിക്കേണ്ടത്.

