യഥാർഥ സാധുക്കളെ കണ്ടെത്തി സഹായിക്കുക
അബൂറാശിദ
2024 ആഗസ്റ്റ് 31, 1446 സ്വഫർ 27
عن أبي هريرة(ر) أن رسول الله صلى الله عليه وسلم قال: ليسَ المسكينُ الَّذي يَطوفُ علَى النَّاسِ تردُّهُ اللُّقمةُ واللُّقمتانِ، والتَّمرةُ والتَّمرتانِ، ولَكِنِ المسكينُ الَّذي لا يجدُ غنى يُغنيهِ، ولا يُفطَنُ فيتصدَّقُ علَيهِ ولا يقومُ فيسألُ النَّاسَ.
അബൂഹുറയ്‌റ(റ) നിവേദനം. നബിﷺ പറഞ്ഞു: “ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരക്കയോ കിട്ടിയാൽ തിരിച്ചുപോകുന്നവനുമല്ല സാധു’’. അനുചരന്മാർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, എങ്കിൽ പിന്നെ ആരാണ് സാധു?’’ നബിﷺ പറഞ്ഞു: “തന്നെ പര്യാപ്തനാക്കുന്ന സമ്പത്ത് അവനില്ല. ആരെങ്കിലും അവനെ ശ്രദ്ധിച്ച് ധർമം നൽകുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് സാധു’’ (മുസ്‌ലിം).
എല്ലാ മനുഷ്യർക്കും അല്ലാഹു ഒരേ സാമ്പത്തികാവസ്ഥയല്ല നൽകിയിരിക്കുന്നത്. മനുഷ്യരുടെ ഉപജീവനമാർഗവും വ്യത്യസ്തമാണ്. അല്ലാഹു പറയുന്നു: “ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ വിശാലമാക്കുന്നു. (മറ്റുള്ളവർക്ക്) അവൻ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’’ (42:12).
മനുഷ്യരെ സംബന്ധിച്ചിടത്തോളം ഐഹികജീവിതം പരീക്ഷണ ഘട്ടമാണ്. തനിക്ക് സർവശക്തൻ കനിഞ്ഞുനൽകിയ ജീവൻ, ആരോഗ്യം, സമ്പത്ത് തുടങ്ങിയ എല്ലാ അനുഗ്രഹങ്ങൾക്കും പകരമായി ആ സ്രഷ്ടാവിനോട് നന്ദി കാണിക്കുക എന്നത് അവന്റെ കടമയാണ്. ചിലരെ സമ്പന്നരും മറ്റു ചിലരെ ദരിദ്രരുമായി മാറ്റിയതും അവർക്കുള്ള പരീക്ഷണമാണ്. ഏത് അവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കുക എന്നത് സത്യവിശ്വാസികൾക്കുണ്ടായിരിക്കേണ്ട സദ്ഗുണമാണ്.
ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കണം. അത് മനുഷ്യത്വത്തിന്റെ അടയാളമാണ്. സമ്പന്നരുടെമേൽ നിർബന്ധദാനം അഥവാ സകാത്ത് ഇസ്‌ലാം നിർബന്ധമാക്കിയിരിക്കുന്നത് ഈ മാനുഷികഗുണം ഊട്ടിയുറപ്പിക്കുവാൻ വേണ്ടി കൂടിയാണ്.
യാചിക്കേണ്ട അവസ്ഥയുണ്ടായിട്ടും മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് യാചനയുടെ മാർഗം സ്വീകരിക്കാത്തവരും സമൂഹത്തിലുണ്ടായിരിക്കും. അത്തരക്കാരെ കണ്ടെത്തുവാനും അവരെ സഹായിക്കുവാനും സത്യവിശ്വാസികൾക്ക് കഴിയേണ്ടതുണ്ട്. യാചകരിൽ പലരും യഥാർഥത്തിൽ ദരിദ്രരല്ല എന്നതും അവരിൽ പലരും സമ്പന്നരാണ് എന്നതും യാഥാർഥ്യമാണ്. ദിവസേന വലിയ തുക യാചനയിലൂടെ കരസ്ഥമാക്കുന്നർ എങ്ങനെയാണ് ദരിദ്രരാവുക?
പലരുടെയും ദാനധർമങ്ങൾ അർഹരായവർക്കല്ല ലഭിക്കുന്നത്. യഥാർഥ അവകാശികൾക്കത് കിട്ടാതെ പോകുന്നുണ്ട്. യാതൊരു മടിയും കൂടാതെ യാചിച്ചു നടക്കുവർ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. ദാരിദ്ര്യം സഹിച്ച്, ദുഃഖം കടിച്ചിറക്കി ലജ്ജ കാരണം വിഷമം പുറത്തു പറയാതെ മാന്യത പുലർത്തി ജീവിക്കുന്ന അധികമാളുകളും സാധുസംരക്ഷകരുടെയും ധർമിഷ്ഠരുടെയും ലിസ്റ്റിലുണ്ടാകാറില്ല.
നബിﷺ പറഞ്ഞു: “ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രൻ, പ്രത്യുത യാചിക്കാതെ മാന്യതപുലർത്തുന്നവനാണ്. നിങ്ങൾ (കൂടുതൽ മനസ്സിലാക്കുവാൻ) അല്ലാഹുവിന്റെ വചനം കൂടി വായിക്കുക: “ഭൂമിയിൽ സഞ്ചരിച്ച് ഉപജീവനം തേടാൻ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാർഗത്തിൽ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാർക്കുവേണ്ടി (നിങ്ങൾ ചെലവുചെയ്യുക). (അവരെപ്പറ്റി) അറിവില്ലാത്തവർ (അവരുടെ) മാന്യത കണ്ട് അവർ ധനികരാണെന്ന് ധരിച്ചേക്കും. എന്നാൽ അവരുടെ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവർ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കില്ല. നല്ലതായ ഏതൊന്ന് നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലപോലെ അറിയുന്നതാണ് (2:273)’’(ബുഖാരി, മുസ്‌ലിം).

