ജീവിതം കൊണ്ട് മാതൃകയാവുക

അബൂഫായിദ

2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

وعن أَنسٍ رضي الله عنه قَالَ: «كُنتُ أَمْشِي مَعَ رسول اللَّه ﷺ وَعَلَيْهِ بُرْدٌ نَجْرَانيٌّ غلِيظُ الحَاشِيةِ، فأَدْركَهُ أَعْرَابيٌّ، فَجَبَذهُ بِرِدَائِهِ جَبْذَةً شَديدَةً، فَنظرتُ إِلَى صَفْحَةِ عاتِقِ النَّبيِّ ﷺ وقَد أَثَّرَتْ بِها حَاشِيةُ الرِّداءِ مِنْ شِدَّةِ جَبْذَتِهِ، ثُمَّ قَالَ: يَا مُحَمَّدُ، مُرْ لِي مِن مالِ اللَّهِ الَّذِي عِندَكَ، فالتَفَتَ إِلَيْه، فضَحِكَ، ثُمَّ أَمر لَهُ بعَطَاءٍ» (متفقٌ عليه)

അനസ്(റ)വിൽ നിന്ന് നിവേദനം: “ഒരിക്കൽ നബിﷺയോടൊത്ത് ഞാൻ നടന്നുപോകുകയായിരുന്നു. കട്ടിയുള്ള കരയോടുകൂടിയ നജ്‌റാൻ വസ്ത്രമാണ് തിരുമേനി ധരിച്ചിരുന്നത്. അങ്ങനെ ഒരു ഗ്രാമീണ അറബി നബിﷺയുമായി സന്ധിക്കുകയും അദ്ദേഹത്തിന്റെ മുണ്ടിൽ പിടിച്ച് ശക്തിയായി വലിക്കുകയും ചെയ്തു. അപ്പോൾ ഞാൻ നബിﷺയുടെ പിരടിയിലേക്കു നോക്കി. പിടിച്ചുവലിച്ചതിന്റെ ശക്തി കാരണം മുണ്ടിന്റെ കരയുടെ പാടുകൾ അവിടെ പതിഞ്ഞിരിന്നു. ‘മുഹമ്മദേ! താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തിൽനിന്ന് എനിക്ക് എന്തെങ്കിലും അനുവദിച്ചുതരാൻ ഉത്തരവിടുക’- ആ ഗ്രാമീണൻ പറഞ്ഞു. നബിﷺ അയാളെ തിരിഞ്ഞുനോക്കുകയും പുഞ്ചിരിക്കുകയും അയാൾക്ക് ദാനം നൽകാൻ കൽപിക്കുകയും ചെയ്തു’’ (ബുഖാരി, മുസ്‌ലിം)

സൽസ്വഭാവത്തിന്റെ പ്രതീകമായിരുന്നു മുഹമ്മദ് നബിﷺ. സഹിഷ്ണുതയും വിട്ടുവീഴ്ചയും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. “നല്ലതും ചീത്തയും സമമാവുകയില്ല. അതിനാൽ നന്മയാൽ നീ തിന്മയെ തടയുക. അങ്ങെന ചെയ്താൽ നീയുമായി ശത്രുതയുള്ളവൻ നിന്റെ ആത്മമിത്രം പോലെ ആയിത്തീരും’’ എന്ന വിശുദ്ധ ക്വുർആനിന്റെ അധ്യാപനം പ്രായോഗികമാണെന്ന് സ്വജീവിതത്തിലൂടെ അവിടുന്ന് ലോകർക്ക് കാണിച്ചുകൊടുത്തു.

ധർമം ചോദിച്ചുവന്ന, സംസ്‌കാരമെന്തെന്നറിയാത്ത ഒരു ഗ്രാമീണ അറബി തന്റെ ചുമലിൽ കിടക്കുന്ന മുണ്ടിൽ ശക്തമായി പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടും പുഞ്ചിരിയോടെ അയാളെ നോക്കുകയും അയാളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ കൽപിക്കുകയും ചെയ്തു നബിﷺ! ഒരു ഗ്രാമീണന് ഇത്രയും ധിക്കാരമോ, അല്ലാഹുവിന്റെ ദൂതനും വിശ്വാസികളുടെ നേതാവുമായ എന്നെ അപമാനിച്ച ഈ മനുഷ്യനെ വെറുതെ വിട്ടുകൂടാ എന്നൊന്നും ആ മഹാനുഭാവൻ ചിന്തിച്ചില്ല.

വിശുദ്ധ ക്വുർആനിന്റെ കൽപനകൾ കൃത്യമായും ജീവിതത്തിൽ പകർത്തുകയായിരുന്നു അദ്ദേഹം. അല്ലാഹു പറയുന്നു: “വിട്ടുവീഴ്ചയുടെ മാർഗം സ്വീകരിക്കുക. നല്ലത് കൽപിക്കുക. അവിവേകികളെ അവഗണിക്കുകയും ചെയ്യുക’’ (7:199).

“...അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ! അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ?’’(24:22).

പ്രവാചകൻ തനിക്കുവേണ്ടി ഒരിക്കലും ഒരു കാര്യത്തിലും പ്രതികാര നടപടി സ്വീകരിച്ചിട്ടില്ല! സ്ത്രീകളെയോ ഭൃത്യരെയോ ഒരിക്കലും പ്രഹരിച്ചിട്ടില്ല!!

ഒരിക്കൽ ഒരു ഗ്രാമീണൻ പള്ളിയിൽ മൂത്രമൊഴിച്ചു. അപ്പോൾ ആളുകൾ അദ്ദേഹത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഉടനെ നബിﷺ പറഞ്ഞു: ‘നിങ്ങൾ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തിൽ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം, എല്ലാം അനായാസകരമാക്കാനാണ് നിങ്ങൾ നിയോഗിതരായത്. പ്രയാസപൂർണമാക്കുന്നതിനല്ല’’(ബുഖാരി).

വലിയ വലിയ ആശയങ്ങളും തത്ത്വങ്ങളും ആദർശങ്ങളുമൊക്കെ പ്രസംഗിക്കുവാൻ എളുപ്പമാണ്; അതിന് എമ്പാടും ആളുകൾ എന്നുമുണ്ടായിട്ടുണ്ട്, ഇന്നുമുണ്ട്. എന്നാൽ പറയുന്നത് പ്രാവർത്തികമാക്കി കാണിച്ചുകൊടുക്കാൻ പലർക്കും കഴിയാറില്ല; അതിന് ശ്രമിക്കാറില്ല എന്നതാണ് നേര്.