നാവിനുമുണ്ട് നോമ്പ്
ഉസ്മാൻ പാലക്കാഴി
2024 മാർച്ച് 16, 1445 റമദാൻ 06

ഒരു സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോൾ ആളുകളിൽനിന്ന് നമുക്ക് ഇഷ്ടമില്ലാത്ത പെരുമാറ്റവും സംസാരവുമൊക്കെ നേരിടേണ്ടിവന്നേക്കാം. ആ സമയത്ത് ധാർമികബോധമുള്ള വിശ്വാസിയുടെ നിലപാട് എങ്ങനെയായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്:
“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു’’ (41:34).
നോമ്പ് ഏറെ പ്രതിഫലാർഹവും പരിശുദ്ധവുമായ ആരാധനയാണ്. അത് അന്നപാനീയങ്ങൾ മാത്രം വെടിയലല്ല. നോമ്പുകാരന്റെ മുഴുവൻ അവയവങ്ങളും മനസ്സും അതിൽ പങ്കുചേരണം. നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുവാൻ കാരണമായിത്തീരുന്നവിധം നാവിനെ ഉപയോഗിക്കുന്ന ചിലരുണ്ട്. അവർക്കൊരു താക്കീതാണ് മുകളിൽ കൊടുത്ത പ്രവാചക വചനം.
നബിﷺ പറഞ്ഞു: “എത്രയെത്ര നോമ്പുകാരുണ്ട്! നോമ്പുകൊണ്ട് അവർക്കു കിട്ടുന്ന മിച്ചം ദാഹവും വിശപ്പും മാത്രമാകുന്നു’’ (അഹ്‌മദ്, ഇബ്‌നുമാജ, ബൈഹക്വി).
മറ്റുള്ളവരുടെ കുറ്റവും കുറവും ചികഞ്ഞ് നടക്കുകയും അത് സമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അധാർമിക പ്രവർത്തനമാണ്, വലിയ തിന്മയാണ്:
“സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു’’ (49:12).
നബിﷺ പറഞ്ഞു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ’ (ബുഖാരി).
“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (17:36).
“...നിങ്ങൾ സംസാരിക്കുകയാണെങ്കിൽ നീതി പാലിക്കുക. അതൊരു ബന്ധുവിന്റെ കാര്യത്തിലാ യിരുന്നാലും...’’ (6:152).
‘ആരെങ്കിലും ഒരു കുട്ടിയെ ഒരു സാധനം കൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊടുക്കാ തിരുന്നാൽ അതൊരു നുണപറച്ചിലായി’ (അഹ്‌മദ്).
ജനങ്ങളെ ചിരിപ്പിക്കാനായിട്ടാണെങ്കിലും നുണ പറയുന്നത് ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്.

