ഈ വിഭാഗത്തിൽ നമ്മളാരും ഇല്ലാതിരിക്കട്ടെ!

നൂറുദ്ദീൻ സ്വലാഹി, വെട്ടത്തൂർ

2024 ജനുവരി 27, 1445 റജബ് 15

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബി ﷺയോട് ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു സ്ത്രീ; അവൾ രാത്രിയിൽ നമസ്‌കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. അതോടൊപ്പം അവൾ (മറ്റു) സൽകർമങ്ങൾ പ്രവർത്തിക്കുന്നു. ദാനധർമങ്ങൾ നിർവഹിക്കുന്നു. എന്നാൽ അവൾ തന്റെ നാവുകൊണ്ട് അവളുടെ അയൽവാസിയെ ഉപദ്രവിക്കുന്നു.’’ നബിﷺ പറഞ്ഞു: “അവളിൽ യാതൊരു നന്മയുമില്ല, അവൾ നരകവാസികളിൽ പെട്ടവളാണ്’’ (അദബുൽ മുഫ്‌റദ്).

നിസ്സാരമെന്ന് നമുക്ക് തോന്നുന്ന പല തെറ്റുകളും അല്ലാഹുവിങ്കൽ വലിയ ഗൗരവമുള്ളതാണ് എന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. സമൂഹത്തിന്റെ കണ്ണിൽ ഒരാൾ വലിയ സൽകർമിയായേക്കാം. എന്നാൽ അയാൾ നാവുകൊണ്ട് അയൽക്കാരെ ഉപദ്രവിക്കുന്നവനാണെങ്കിൽ അവന്റെ കർമങ്ങളെല്ലാം നിഷ്ഫലമാണെന്നും അയാൾ അക്കാരണത്താൽ നരകാവകാശിയാണെന്നും വരുമ്പോൾ ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ എത്രമാത്രം സൂക്ഷ്മത പുലർത്തി ജീവിക്കണമെന്ന് നാം തിരിച്ചറിയുക.

ഒരു വാക്കോ നോട്ടമോ പരിഹസിച്ചുള്ള ചിരിയോ ഒക്കെ മതി മറ്റുള്ളവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കാൻ. നമുക്കൊപ്പം ജീവിക്കുന്നവർ നമ്മിൽനിന്ന് എന്ത് അനുഭവിക്കുന്നു എന്നതാണ് പ്രധാനം. അയൽവാസികളോ സഹപ്രവർത്തകരോ മറ്റോ നമ്മളാൽ യാതൊരു പ്രയാസവുമനുഭവിക്കുന്നില്ല എന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കണം.

അയവാസികളോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിത്തരുന്ന ക്വുർആൻ വചനങ്ങളും ഹദീസുകളും ധാരാളമുണ്ട്. “നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയവരോടും നല്ലനിലയിൽ വർത്തിക്കുക...’’(4:36).

അബ്ദുല്ലാഹിബ്‌നു ഉമർ(റ), ആഇശ(റ) എന്നിവരിൽ നിന്നു നിവേദനം. നബിﷺ പറഞ്ഞു: “അ യൽവാസിയെക്കുറിച്ച് ജിബ്‌രീൽ എന്നെ ഉപദേശിച്ചുകൊണ്ടേയിരുന്നു. അയൽവാസിയെ അനന്തരാവകാശിയാക്കുമോ എന്നുവരെ ഞാൻ വിചാരിച്ചു’’ (ബുഖാരി, മുസ്‌ലിം).

സഹജീവികളുടെ മനസ്സുകളിൽ നല്ല ഓർമകൾ വിതക്കുക. നമ്മൾ ദൂരേക്ക് അകലുമ്പോഴും അതവിടെ വളർന്ന് പന്തലിച്ചിട്ടുണ്ടാവും. ഒരു നന്മയും ചെയ്യാൻ കഴിയില്ലെങ്കിൽ നമ്മെക്കുറിച്ച് ഓർക്കുന്ന ഹൃദയങ്ങളിൽ വെറുപ്പിന്റെ കനലെരിയുന്നില്ല എന്ന് ഉറപ്പുവരുത്തുക.

സമൂഹത്തിന്റെ ഭദ്രതക്കും കെട്ടുറപ്പിനും അനിവാര്യമായ ഒരു ഘടകമാണ് അയൽക്കാർ തമ്മിലുള്ള നല്ല ബന്ധം. ഒരു ആപത്ത് സംഭവിച്ചാൽ അടുത്ത ബന്ധുക്കളെത്തും മുമ്പേ ഓടിവരാനുള്ള അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പരസ്പരം വിട്ടുവീഴ്ച ചെയ്തും പൊറുത്തു കൊടുത്തും പിണങ്ങിക്കഴിയുന്ന അയൽക്കാരുമായി ഇണക്കമുണ്ടാക്കാൻ ശ്രമിക്കണം. എല്ലാവരും നന്മ നിറഞ്ഞ അയൽക്കാരാവുക. ഊഷ്മളമായ അയൽപക്ക ബന്ധങ്ങൾക്കായി ആശിക്കുക.അതിനായി പ്രാർഥിക്കുക. സൽകർമങ്ങൾ നിഷ്ഫലമാകാതിരിക്കാൻ ശ്രദ്ധിക്കുക.