സ്രഷ്ടാവിൽ ഭരമേൽപിക്കുക

ഉസ്മാൻ പാലക്കാഴി

2024 നവംബർ 09, 1446 ജു. ഊലാ 07

عَنْ أَبِي هُرَيْرَة -رَضِي اللهُ تَعَالى عَنْهُ- قَالَ: قَالَ رَسُولُ اللهِ :لَا تَدْخُلُونَ الجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أوَلَا أدُلُّكُمْ عَلَى شَيْءٍ إِذَاعَنْ عُمَر رضي الله عنه قَالَ‏:‏ سَمِعْتُ رَسول الله صلى الله عليه وسلم يقول ‏: ‏ ‏ “‏لَوْ أَنَّكُمْ تَتَوَكَّلُونَ عَلَى اللهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُو خِمَاصًا وَتَرُوحُ بِطَانًا‏”‏ ‏(‏‏رواه الترمذي )

ഉമർ(റ) നിവേദനം: നബിﷺ പറയുന്നത് ഞാൻ കേട്ടു: “നിങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കേണ്ട മുറപ്രകാരം ഭരമേൽപിച്ചാൽ പറവകൾക്ക് ഉപജീവനം നൽകുന്നതുപോലെ അവൻ നിങ്ങൾക്കും നൽകുന്നതാണ്. പറവകൾ വിശന്നൊട്ടിയ വയറുമായാണ് പുറത്തേക്ക് പറക്കുന്നത്. എന്നാൽ നിറവയറുമായാണ് അവ കൂടണയുന്നത്’’ (തുർമുദി).

വിശുദ്ധ ക്വുർആൻ സൂറത്തു ഇബ്‌ റാഹീമിൽ സ ത്യവിശ്വാസിയെ ഉപമിക്കുന്നത് ശക്തമായ ഒരു മരത്തിനോടാണ്. മരമെന്നത് വിശ്വാസിയുടെ ഉത്തമമായ പ്രതീകമാണ്. ആഴത്തിൽ വേരൂന്നിയ കാണ്ഡങ്ങളും അവശർക്ക് തണൽ നൽകുന്ന ചില്ലകളുമുള്ള മരം രൂഢമൂലമായ വിശ്വാസത്തെയും അതുവഴി സിദ്ധിക്കുന്ന സദ്ഗുണ സന്നദ്ധതയെയുമാണ് പ്രതിനിധീകരിക്കുന്നത്. വഴിപോക്കർക്ക് തണൽ നൽകിയും കല്ലെറിയുന്നവന് പോലും ഫലം നൽകിയും സംഹാരശേഷിയുള്ള കൊടുങ്കാറ്റുകളെ അചഞ്ചലമായി പ്രതിരോധിച്ചും ഇളം തെന്നലുകൾക്കു മുമ്പിൽ തലകുനിച്ചു ഏത് വിഷച്ചെടികൾക്കിടയിൽ വളർന്നാലും സ്വന്തം സ്വഭാവം മാത്രം പ്രകടിപ്പിച്ചും സത്യവിശ്വാസിയുടെ സ്വഭാവസവിശേതകളെല്ലാം പ്രതീകാത്മകമായി മരങ്ങൾ നിർവഹിച്ചുവരുന്നു.

മരത്തിന്റെ ഉപമയിലൂടെ വിശ്വാസിയുടെ സ്വഭാവവൈശിഷ്ട്യത്തിന്റെ ഒന്നാമത്തെ തെളിവായി ഇവിടെ എടുത്തു കാണിക്കുന്നത് വിശ്വാസമാണ്; പ്രമാണങ്ങളിൽ വേരൂന്നിയുള്ള വിശ്വാസം. സത്യവിശ്വാസികളുടെ സ്വഭാവമായി ക്വുർആൻ പറഞ്ഞ വലിയ ഗുണം ഒരു കാര്യം ദൈവികനിർദേശമാണെന്നറിഞ്ഞാൽ അതിൽ ഉറച്ചുവിശ്വസിക്കുന്ന മനോഭാവമാണ്.

ഇസ്‌ലാമിക ചരിത്രത്തിൽ ഇതിന് എമ്പാടും തെളിവുകൾ കാണാം. രോഗം ബാധിച്ച് അങ്ങേയറ്റം കഷ്ടപ്പെടുമ്പോഴും സ്രഷ്ടാവിൽ മാത്രം ഭരമേൽപിച്ച അയ്യൂബ് നബി(അ)യും ഫിർഔനിന്റെ കൊട്ടാരത്തിൽ കയറി ഏകദൈവവിശ്വാസം സധീരം പ്രഖ്യാപിച്ച മൂസാനബി(അ)യും നംറൂദ് ഒരുക്കിയ തീക്കുണ്ഠാരത്തിലേക്ക് എറിയപ്പെടുമ്പോൾ ‘ഹസ്ബിയല്ലാഹ് വ നിഅ്മൽ വകീൽ’ എന്നു പറഞ്ഞ് നടന്നുകയറിയ ഇബ്‌റാഹീം നബി(അ)യും ദൃഢവിശ്വാസത്തിന്റെ മൂർത്ത പ്രതീകങ്ങളാണ്.

പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും കാലിടറാതെ പ്രബോധനം നിർവഹിച്ചുപോന്ന മുഹമ്മദ് നബിﷺയുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ എത്രയോ കാണാം. ജാബിർ(റ) നിവേദനം ചെയ്ത ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം, അദ്ദേഹം പറയുന്നു: “ദാത്തുർരിഖാഅ് യുദ്ധത്തിൽ ഞങ്ങൾ നബിﷺയോടൊപ്പം ഉണ്ടായിരുന്നു. നല്ല തണലുള്ള മരച്ചുവട്ടിലെത്തിയാൽ ഞങ്ങളത് നബിക്ക് ഒഴിഞ്ഞുകൊടുക്കാറുണ്ട്. ഒരു അവിശ്വാസി വന്നു മരത്തിൽ തൂക്കിയിട്ടിരുന്ന, നബിﷺയുടെ വാൾ കൈക്കലാക്കി. അത് ഊരിപ്പിടിച്ച് നബിയോട് ചോദിച്ചു: ‘നീ എന്നെ പേടിക്കുന്നോ?’ ഇല്ലെന്ന് പറഞ്ഞപ്പോൾ നിന്നെ ആർ രക്ഷിക്കുമെന്നായി അടുത്ത ചോദ്യം. ‘അല്ലാഹു’ എന്നായിരുന്നു നബിﷺയുടെ മറുപടി. ഉടനെ വാൾ അവന്റെ കൈയിൽ നിന്നും വീണു’’ (ബുഖാരി).

പാരത്രിക സൗഖ്യമെന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുമ്പിൽ കണ്ട് ജീവിക്കുന്നവർക്കേ പടച്ചവനിൽ പൂർണാർഥത്തിൽ ഭരമേൽപിക്കാൻ കഴിയുകയുള്ളു. ഇങ്ങനെ ഭരമേൽപിക്കുന്നവർക്ക് അല്ലാഹു പരലോകവിജയം നൽകുമെന്ന് മാത്രമല്ല; ഇഹലോകത്ത് ഉപജീവനവും നൽകും. അതിന് അവനവന്റെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്യണമെന്ന് മാത്രം. പക്ഷികൾ ഒട്ടിയ വയറുമായി കൂട്ടിനകത്ത് മടിപിടിച്ച് ഇരിക്കുകയല്ല ചെയ്യുന്നത്. അതിരാവിലെ പുറപ്പെടും; വൈകുന്നേരം വരെ അക്ഷീണം ഭക്ഷണം തേടിയലയും. അങ്ങനെ നിറവയറുമായി മടങ്ങും. വിശ്വാസികൾ ഇങ്ങനെയായിരിക്കണം. ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണം; എന്നിട്ട് സ്രഷ്ടാവിൽ ഭരമേൽപിക്കണം. ഞാൻ റബ്ബിൽ ഭരമേൽപിച്ചിരിക്കുന്നു എന്നു പറഞ്ഞ് വീട്ടിലിരുന്നാൽ തന്റെയും കുടുംബത്തിന്റെയും വിശപ്പ് മാറാൻ ഭക്ഷണം ലഭിക്കില്ല.