സ്‌നേഹത്തിന്റെ തണലൊരുക്കുക

ഉസ്മാൻ പാലക്കാഴി

2024 നവംബർ 02, 1446 റ. ആഖിർ 30

عَنْ أَبِي هُرَيْرَة -رَضِي اللهُ تَعَالى عَنْهُ- قَالَ: قَالَ رَسُولُ اللهِ :لَا تَدْخُلُونَ الجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أوَلَا أدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أفْشُوا السَّلامَ بيْنَكُمْ.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം. നബിﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണ് സത്യം! നിങ്ങൾ വിശ്വാസികളാകുന്നതുവരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികളാവുകയുമില്ല. പരസ്പര സ്‌നേഹത്തിന് ഉതകുന്ന ഒരു കാര്യം ഞാൻ നിങ്ങളെ അറിയിച്ചുതരട്ടെയോ? പരസ്പരം സലാം പറയൽ വ്യാപിപ്പിക്കുക’’ (മുസ്‌ലിം).

സത്യവിശ്വാസികൾ പരസ്പരം സ്‌നേഹിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്. ഈ സ്‌നേഹം സ്വർഗത്തിലേക്കുള്ള മാർഗവുമാണ്. തമ്മിൽ കലഹിച്ചും തെറ്റിപ്പിരിഞ്ഞും കഴിയേണ്ടവരല്ല സത്യവിശ്വാസികൾ. ഈമാൻ പരിപൂർണമാകണമെങ്കിൽ ഈ സ്‌നേഹം കൂടിയേ തീരൂ.

അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുകയും വെറുക്കുകയും നൽകുകയും തടയുകയും ചെയ്യൽ സത്യവിശ്വാസത്തിന്റെ അടയാളമാണ്. പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും സത്യവിശ്വാസികൾ ഒരു ശരീരം പോലെയാണന്നാണ് നബിﷺ പറഞ്ഞിട്ടുള്ളത്. കാരണം ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന് രോഗം ബാധിച്ചാൽ ഉറക്കമിളച്ചും പനിവന്നും മറ്റു അവയവങ്ങളും അതിനോട് അനുഭാവം പ്രകടമാക്കും.

തന്റെ സഹോദരന്റെ ദുഃഖത്തിൽ ദുഃഖിക്കുകയും സന്തോഷത്തിൽ സന്തോഷിക്കുകയും ചെയ്യുന്നവനായിരിക്കണം വിശ്വാസി. സംസാരത്തിലും എഴുത്തിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ല സ്‌നേഹം എന്നർഥം.

മുഹാജിറുകൾ മക്കയിലെ വീടും കുടുംബവും സമ്പത്തും വിട്ടേച്ചുകൊണ്ട് മദീനയിലേക്ക് പോയി. അവിടെ സഹായിക്കാൻ സന്നദ്ധരായ അൻസ്വാരികളുണ്ട്. ഇരുകൂട്ടരും പരസ്പരം സ്‌നേഹിക്കുന്നു. തങ്ങളുടെ വീട്ടിൽ അൻസ്വാറുകൾ മുഹാജിറുകളെ താമസിപ്പിച്ചു. സമ്പത്ത് പകുത്തുകൊടുത്തു.

“അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെ ച്ചവർക്കും (അൻസ്വാറുകൾക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവർ സ്‌നേഹിക്കുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളിൽ ഒരു ആവശ്യവും അവർ (അൻസ്വാറുകൾ) കണ്ടെത്തുന്നുമില്ല. തങ്ങൾക്ക് ദാരിദ്ര്യമുണ്ടായാൽ പോലും സ്വദേഹങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ പ്രാധാന്യം നൽകുകയും ചെയ്യും...’’ (ക്വുർആൻ 59:9).

ഈ സ്‌നേഹത്തിന്റെ ഭാഗമാണ് മുൻഗാമികൾക്കു വേണ്ടി നമ്മൾ നടത്തുന്ന പ്രാർഥന: “അവരുടെ ശേഷം വന്നവർക്കും; അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 59:10).

അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കണമെങ്കിൽ വിശ്വാസികൾ പരസ്പരം സ്‌നേഹിക്കണം. അല്ലാഹു നമ്മെ സ്‌നേഹിച്ചാൽ ജിബ്‌രീലിനെ വിളിച്ചുകൊണ്ട് പറയും: ‘അല്ലയോ ജിബ്‌രീൽ! ഞാൻ ഇന്ന വ്യക്തിയെ സ്‌നേഹിക്കുന്നു. നീയും അവനെ സ്‌നേഹിക്കണം.’ അപ്പോൾ ജിബ്‌രീലും അവനെ സ്‌നേഹിക്കും. ശേഷം ജിബ്‌രീൽ ആകാശലോകത്തുള്ളവരെ വിളിച്ചുകൊണ്ട് പറയും: ‘അല്ലാഹു ഇയാളെ സ്‌നേഹിച്ചിരിക്കുന്നു. നിങ്ങളും സ്‌നേഹിക്കുക.’ അപ്പോൾ ആകാശലോകത്തുള്ളവരൊക്കെ സ്‌നേഹിക്കും. ശേഷം ഭൂമിലോകത്തും അവന്നുവേണ്ടി സ്‌നേഹം വെക്കപ്പെടും.

അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസത്തിൽ അല്ലാഹുവിനുവേണ്ടി പരസ്പരം സ്‌നേഹിച്ചവർക്ക് അവൻ തന്റെ തണൽ നൽകും. അല്ലാഹുവിനുവേണ്ടി പരസ്പരം സ്‌നേഹിക്കുക മാത്രമല്ല; ചിലപ്പോൾ വേർപിരിയേണ്ടിയും വരും. അവർക്കും അല്ലാഹുവിന്റെ തണൽ ലഭിക്കുന്നതാണ്.

തന്റെ സഹോദരനെ ഭൗതികതാൽപര്യങ്ങളില്ലാതെ അല്ലാഹുവിനുവേണ്ടി സ്‌നേഹിച്ചാൽ അവൻ ഈമാനിന്റെ മാധുര്യം അനുഭവിച്ചു എന്നാണ് നബിﷺ പഠിപ്പിച്ചത്.

ഇന്ന് പലരും സ്‌നേഹിക്കുന്നതും ബന്ധം നിലനിറുത്തുന്നതും ഇഹലോക നേട്ടങ്ങൾക്കുവേണ്ടി മാത്രമാണ്. അതിനുവേണ്ടി ഒരുമിച്ചുകൂടുന്നു. അതിന്റെ പേരിൽ വേർപിരിയുന്നു. അതിന്റെ പേരിൽ പരസ്പരം ഇണങ്ങുകയും പിണങ്ങുകയും കൊടുക്കുകയും തടയുകയും ചെയ്യുന്നു. എന്നാൽ ഇത്തരം ബന്ധങ്ങളെല്ലാം മരണത്തോടെ അവസാനിക്കുന്നതാണ്. അല്ലാഹു പറയുന്നു:

“സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ’’(ക്വുർആൻ 43:67).

പരസ്പരം സലാം പറയലും സന്ദർശന വേളകളിൽ സമ്മാനങ്ങൾ നൽകലും സ്‌നേഹബന്ധം നിലനിർത്താൻ സഹായിക്കുമെന്ന് നബിﷺ പറഞ്ഞുതന്നിട്ടുണ്ട്.

ഇങ്ങനെ പ്രശ്‌നങ്ങൾ അറിഞ്ഞും സഹായിച്ചും സഹകരിച്ചും വിശ്വാസികൾക്കുവേണ്ടി പ്രാർഥിച്ചും സ്‌നേഹിച്ചും ഒരാൾ ജീവിച്ചാൽ സ്വർഗത്തിലേക്കുള്ള കവാടങ്ങൾ അവന്റെ മുമ്പിൽ തുറക്കപ്പെടും, തീർച്ച!

“സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവർ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണകാണിക്കുന്നതാണ്. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്’’ (ക്വുർആൻ 9: 71).