ലൈലതുൽ ക്വദ്ർ എന്ന പുണ്യരാവ്

അബൂഫായിദ

2024 മാർച്ച് 30, 1445 റമദാൻ 20

ആഇശ(റ) നിവേദനം, അല്ലാഹുവിന്റെ റ സൂൽﷺ പറഞ്ഞു: “റമദാനിലെ അവസാന പത്തിലെ ഒറ്റയായ രാത്രികളിൽ നിങ്ങൾ ലൈലതുൽ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊള്ളുക’’ (ബുഖാരി, മുസ്‌ലിം)

സത്യവിശ്വാസികളെ സംബന്ധിച്ച് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന മാസമാണ് പരിശുദ്ധ റമദാൻ. ആ മാസത്തിലെ ഒരു രാത്രി ലൈലതുൽ ക്വദ്ർ എന്ന പേരിൽ അറിയപ്പെടുന്നു. വിശുദ്ധ ക്വുർആൻ അവതീർണമായ രാത്രി എന്നതാണ് അതിന്റെ സവിശേഷത. വിശ്വാസികൾക്ക് സ്വപ്നതുല്യമായ പ്രതിഫലമാണ് ആ രാത്രിയിൽ ചെയ്യുന്ന പുണ്യകർമങ്ങൾക്ക് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ റമദാൻ മാസത്തെ വിശ്വാസികൾ വല്ലാതെ ഇഷ്ടപ്പെടുന്നു.

“തീർച്ചയായും നാം ഇതിനെ (ക്വുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ’’ (97:1-5).

‘ക്വദ്ർ’ എന്നതിന്റെ ഭാഷാർഥം ‘വിധിനിർണയം,’ ‘മഹത്തായത്,’ ‘കുടുസ്സായത്,’ ‘പവിത്രമായത്’ എന്നൊക്കെയാണ്. ‘ലൈലതുൽക്വദ്ർ’ എന്നതിന് ‘വിധിനിർണയത്തിന്റ രാവ്,’ ‘മഹത്തായ രാത്രി’ എന്നിങ്ങനെ അർഥം പറയാവുന്നതാണ്. ഇതിന് ഈ പേര് പറയാനുള്ള വ്യത്യസ്ത കാരണങ്ങൾ പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.

ആ രാത്രി എന്നാണ് എന്ന കാര്യത്തിൽ വന്ന നബിവചനങ്ങൾ വ്യത്യസ്തമാണ്. അവയിൽനിന്ന് മൊത്തത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് റമദാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളിൽ ഏതോ ഒന്നിലാണ് അത് എന്നതാണ്. അത് എന്നാണ് എന്ന് കൃത്യമായി അറിയിച്ചു തന്നിട്ടില്ല എന്നതിനാൽ അവസാന പത്തിലെ എല്ലാ രാത്രികളിലും-വിശിഷ്യാ ഒറ്റയായ രാത്രികളിൽ-അതിനെ പ്രതീക്ഷിക്കലാണ് കരണീയമായിട്ടുള്ളത്. അതാണ് പ്രബലമായ അഭിപ്രായം. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച, ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസ് അതാണ് സൂചിപ്പിക്കുന്നത്.

ആഇശ(റ) പറയുന്നു: “നബിﷺ റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്നു പറയും: ‘റമദാൻ അവസാന പത്തിലെ ഒറ്റയായ രാത്രികളിൽ നിങ്ങൾ ലൈലതുൽ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊള്ളുക.’’

ഈ വിഷയത്തിൽ ഇമാം ശാഫിഈ(റഹി) പറയുന്നു: “എന്റെ വീക്ഷണത്തിൽ ഇത് (ലൈലതുൽ ക്വദ്‌റിനെക്കുറിച്ചുള്ള വ്യത്യസ്ത റിപ്പോർട്ടുകൾ) വരാനുള്ള കാരണം-അല്ലാഹു ഏറ്റവും നന്നായി അറിയുന്നു- പ്രവാചകൻ തന്നോട് ചോദിക്കപ്പെടുന്നതിനനുസരിച്ച് മറുപടി പറഞ്ഞതാണ് എന്നതാണ്. (ഉദാഹരണത്തിന്) ‘ഇന്ന ദിവസം ഞങ്ങൾ ലൈലതുൽ ക്വദ്‌റിനെ കരുതി ഇരുന്നുകൊള്ളട്ടെ’ എന്നൊരാൾ ആരായുന്നു. അതിന് നബിﷺ ‘അതെ, ഇന്ന ദിവസം നിങ്ങളതിനെ പ്രതീക്ഷിച്ചുകൊള്ളുക’ എന്ന് മറുപടി നൽകുന്നു...’’ (ബഗവി, ശറഹുസ്സുന്നയിൽ ഉദ്ധരിച്ചത്).

അവസാനത്തെ പത്ത് രാത്രികളിലും നാം ഉണർന്നിരിക്കുക. കാരണം നബിﷺ അവസാനത്തെ പത്ത് രാത്രികളെ ഉറങ്ങാതെ ആരാധനകളാൽ ജീവിപ്പിച്ചിരുന്നു. നാം കുടുംബത്തെ അതിനായി വിളിച്ചുണർത്തുകയും ആരാധനകൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുക. അതോടൊപ്പം അനാവശ്യമായ തർക്കവും ചർച്ചയും ചീത്തകാര്യങ്ങളിലുള്ള കൂടിച്ചേരലുകളും ഒഴിവാക്കുക. പശ്ചാത്തപിച്ച് മനസ്സ് ശുദ്ധിയാക്കുക. നിയ്യത്ത് നന്നാക്കുക. അല്ലാഹുവിൽനിന്നുള്ള പ്രതിഫലം മാത്രം ഉദ്ദേശിച്ച് സൽകർമങ്ങൾ അധികരിപ്പിക്കുക.