പരീക്ഷണങ്ങളിൽ വിശ്വാസിയുടെ നിലപാട്
മെഹബൂബ് മദനി, ഒറ്റപ്പാലം
2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

ഒരു റമദാൻ കൂടി യാത്രയായി. വിശ്വാസികൾക്ക് റമദാൻ സഹനത്തിന്റെ മാസമായിരുന്നു. നാവിനെയും വിചാര-വികാരങ്ങളെയും നിയന്ത്രിച്ചു. ദാനധർമങ്ങൾ നൽകി. രാത്രി ദീർഘമായി നമസ്‌കരിച്ചു. ഇതെല്ലാം റമദാൻ മാസത്തിൽ മാത്രമുണ്ടാകേണ്ട ഗുണങ്ങളാണോ? ഒരിക്കലുമല്ല!
വ്രതനാളുകളിൽ കാണിച്ച ക്ഷമാശീലം ശവ്വാൽ പിറവിയോടെ പലരും കയ്യൊഴിക്കുന്നതായാണ് കാണാറുള്ളത്. അത് ഒരിക്കലും ശരിയല്ല. കാരുണ്യവാനായ അല്ലാഹു അങ്ങേയറ്റം ക്ഷമിക്കുന്നവനാണ്. നമ്മളും ക്ഷമിക്കുന്നവരാകണമെന്ന് അവൻ ആവശ്യപ്പെടുന്നു. സഹനശീലരായ സത്യവിശ്വാസികൾക്ക് സ്വർഗത്തിൽ സമാനതകളില്ലാത്ത സമ്മാനങ്ങളാണ് സ്‌നേഹനിധിയായ അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. പരസ്പരം കണ്ടാൽ കടിച്ചുകീറാൻ മാത്രം ഈർഷ്യതയുള്ളവരെപ്പോലും സഹനത്തിന്റെ സാന്ത്വനസ്പർശത്തിലൂടെ സ്‌നേഹിതരാക്കാമെന്ന് അറിയിച്ചത് അല്ലാഹുവാണല്ലോ:
“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിൻമയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല’’ (41:34,35).
ജീവിതത്തിന്റെ നിഖില മേഖലകളിലും ഈ സദ്ഗുണത്തെ പ്രസരിപ്പിക്കാൻ സുദൃഢമായ തീരുമാനം വിശ്വാസികളിൽ ഉണ്ടാകണമെന്നും അല്ലാഹു ഓർമപ്പെടുത്തുന്നുണ്ട്:
“തീർച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ടവരിൽനിന്നും ബഹുദൈവാരാധകരിൽനിന്നും നിങ്ങൾ ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടി വരികയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു’’(3:186).
സഹനം ഏതെല്ലാം രംഗങ്ങളിലാണ് കൂടുതൽ ആവശ്യമായി വരിക എന്നും അപ്പോൾ റബ്ബിനെക്കുറിച്ചോർത്ത് വിശ്വാസികൾ പറയേണ്ടതെന്താണെന്നും വരെ കാരുണ്യവാനായ റബ്ബ് പറഞ്ഞുതന്നിട്ടുണ്ട്:
“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. (അത്തരം സന്ദർങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സൻമാർഗം പ്രാപിച്ചവർ’’ (2:155-157).
ഇമാം ഇബ്‌നുൽ ക്വയ്യിം(റഹ്) തന്റെ ‘ഉദ്ദതുസ്സ്വാബിരീൻ വ ദഖീറതുശ്ശാകിരീൻ’ എന്ന ഗ്രന്ഥത്തിൽ സഹനത്തിന്റെ വ്യത്യസ്ത ഇനങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ക്ഷമയെ പ്രവർത്തനങ്ങൾക്കനുസരിച്ച് അഞ്ചായാണ് അദ്ദേഹം തരംതിരിച്ചിട്ടുള്ളത്: 1. വാജിബ്. 2. മൻദൂബ്. 3. മഹ്‌ളൂർ. 4. മക്‌റൂഹ്. 5. മുബാഹ്.
1). വാജിബ് (നിർബന്ധമായും ഉണ്ടാകേണ്ട ക്ഷമ).
അല്ലാഹു നമുക്ക് ഹറാമാക്കിയ കാര്യങ്ങൾ ഒഴിവാക്കുവാനും അവൻ നമ്മോട് കൽപിച്ച കർമങ്ങൾ നിർവഹിക്കുവാനും രോഗം, ദാരിദ്ര്യം തുടങ്ങിയ, നമ്മുടെ നിയന്ത്രണങ്ങൾക്കതീതമായ പരീക്ഷണങ്ങൾ അഭിമുഖീകരിക്കുമ്പോഴെല്ലാം നമ്മിലുണ്ടാകേണ്ടതാണിത്. ഇത് നിർബന്ധമായും ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കേണ്ടതാണ്.
2). മൻദൂബ് (പ്രോത്സാഹിപ്പിക്കപ്പെടേണ്ട ക്ഷമ).
വെറുക്കപ്പെട്ട കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുവാനും അഭിലഷണീയമായ കാര്യങ്ങൾ ചെയ്യുവാനും നമ്മിലുണ്ടാകേണ്ട ക്ഷമയാണിത്.
3). മഹ്‌ളൂർ (വിലക്കപ്പെട്ട ക്ഷമ)

സത്യവിശ്വാസിയിൽ ഉണ്ടാകാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളാണ് ഇതിനുകീഴിൽ ഇബ്‌നുൽ ക്വയ്യിം എണ്ണിയിട്ടുള്ളത്.
1. മരണംവരെ അന്നപാനീയങ്ങൾ വർജിക്കുവാൻ കാണിക്കുന്ന ക്ഷമ.
2. മരണമോ പട്ടിണിയോ നേരിടുന്ന അവസ്ഥയിൽ നിഷിദ്ധമായ മാംസം, ശവം, രക്തം തുടങ്ങിയവ ഉപയോഗിക്കാതെ മരണത്തെ സ്വീകരിക്കുവാൻ കാണിക്കുന്ന ക്ഷമ.
3. അനിവാര്യ ഘട്ടത്തിൽ യാചനയിൽനിന്നും മാറി നിൽക്കുവാൻ കാണിക്കുന്ന ക്ഷമ.
4. തന്നെ കൊല്ലുമെന്ന് ഉറപ്പുള്ള ഹിംസ്രജന്തുക്കൾ, തീ, വെള്ളം, സർപ്പം തുടങ്ങിയവയുടെ മുമ്പിൽ (രക്ഷപ്പെടാൻ ശ്രമിക്കാതെ) ഉറച്ചുനിൽക്കാൻ കാണിക്കുന്ന ക്ഷമ.
5. മുസ്‌ലിംകൾ തമ്മിൽ ഏറ്റുമുട്ടുന്ന ‘ഫിത്‌ന’കളുടെ അവസരത്തിൽ കാണിക്കുന്ന ക്ഷമ.
4). മക്‌റുഹ്(വെറുക്കപ്പെട്ടത്).
ഭക്ഷണം, പാനീയം, അനുവദനീയമായ ലൈംഗികത തുടങ്ങിയവ വർജിക്കുവാൻ കാണിക്കുന്ന ക്ഷമ ഇതിന്റെ പരിധിയിലാണ് വരുന്നത്. കാരണം ഇവയുടെ വർജനം മനുഷ്യന് ദോഷകരമാണ്. വെറുക്കപ്പെട്ട കാര്യങ്ങൾ ചെയ്യുവാനുള്ള ക്ഷമയും മക്‌റൂഹിൽ പെടുന്നു.
5). മുബാഹ് (അനുവദനീയമായ ക്ഷമ).
അനുവദനീയമായ കാര്യങ്ങൾ ഉപേക്ഷിക്കുവാൻ കാണിക്കുന്ന ക്ഷമയാണ് ഇബ്‌നുൽ ക്വയ്യിം ഇതിൽ എണ്ണിയിട്ടുള്ളത്.
വിട്ടുവീഴ്ചയും സഹനവുമെല്ലാം പ്രവാചകജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. എന്റെ നബിയുടെ കാലിലൊരു മുള്ളു തറക്കുന്നതുപോലും എനിക്കെന്റെ ജീവൻ പോകുന്നതിനെക്കാൾ വലുതാണെന്ന് പ്രഖ്യാപിക്കാൻ മാത്രം പോന്ന രൂപത്തിൽ സ്വഹാബത്ത് നബിﷺയെ ഇഷ്ടപ്പെടാനുള്ള ഒരു പ്രധാനകാരണം ഈ സ്വഭാവ ഗുണമായിരുന്നു. അല്ലാഹു പറയുന്നു:
“(നബിയേ,) അല്ലാഹുവിങ്കൽനിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക് മാപ്പുകൊടുക്കുകയും, അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്’’(3:159).
സഹനത്തിന്റെ അവസരത്തിൽ അതിനെ അവലംബിക്കുകയും റബ്ബിന്റെ തൃപ്തിയനുസരിച്ച് മാത്രം പ്രവർത്തിക്കുകയും ചെയ്തവർക്ക് ഇഹലോകത്തും അതിന്റെ സദ്ഗുണങ്ങൾ അനുഭവിക്കാൻ കഴിഞ്ഞ സംഭവങ്ങൾക്ക് ചരിത്രം സാക്ഷിയാണ്.
ഉമ്മുസലമ(റ) നിവേദനം. പ്രവാചകൻﷺ പറയുന്നത് ഞാൻ കേട്ടു: “പ്രയാസങ്ങൾ ബാധിക്കുമ്പോൾ ‘തീർച്ചയായും ഞങ്ങൾ അല്ലാഹുവിനുള്ളവരാണെന്നും അവനിലേക്കുതന്നെ ഞങ്ങൾ മടക്കപ്പെടുമെന്നും, അല്ലാഹുവേ! എന്റെ പ്രയാസങ്ങൾക്ക് നീ പ്രതിഫലം നൽകുകയും ഇതിനെക്കാൾ ഉത്തമമായത് എനിക്ക് നൽകുകയും ചെയ്യേണമേ’ എന്ന് പ്രാർഥിക്കുകയും ചെയ്താൽ അതിനെക്കാൾ ഉത്തമമായത് അല്ലാഹു നൽകാതിരിക്കില്ല.’’
ഉമ്മുസലമ(റ) പറയുന്നു: “അബൂസലമ (ഉമ്മുസലമയുടെ ഭർത്താവ്) മരണപ്പെട്ടപ്പോൾ ഞാൻ ചോദിച്ചു: ‘മുസ്‌ലിംകളിൽ അബൂസലമയെക്കാൾ ഉത്തമനായി ആരുണ്ട്? അല്ലാഹുവിന്റെ ദൂതരിലേക്ക് ആദ്യമായി പലായനം ചെയ്ത വീട്ടുകാരനായിരുന്നു അദ്ദേഹം. എന്നിരുന്നാലും അല്ലാഹുവിന്റെ ദൂതൻ ഇത്തരം സാഹചര്യത്തിൽ പറയാൻ പഠിപ്പിച്ച വചനം ഞാൻ പറഞ്ഞു. അതുകൊണ്ടുതന്നെ അല്ലാഹു നബിﷺയെ എനിക്ക് ഭർത്താവായി പകരം തന്നു. ഹാതിബ്ബനു അബീബുൻതഹയെ വിവാഹാലോചനയുമായി പ്രവാചകൻﷺ എന്റെ അടുത്തേക്ക് വിട്ടു. ഞാൻ പറഞ്ഞു: എനിക്കൊരു മകളുണ്ട്; ഞാനൊരു ദേഷ്യക്കാരിയുമാണ്. പ്രവാചകൻﷺ ഇപ്രകാരം പ്രതികരിച്ചു: ‘മകളുടെ സ്വാതന്ത്ര്യത്തിനും നിന്റെ ദേഷ്യം മാറുവാനും ഞാൻ അല്ലാഹുവോട് പ്രാർഥിക്കുന്നതാണ്.’ അങ്ങനെ ഞങ്ങൾ തമ്മിലുള്ള വിവാഹം നടന്നു’’ (മുസ്‌ലിം).
സഹനത്തെ ശീലമാക്കുന്നവരുടെ പാപങ്ങളെ അല്ലാഹു മായ്ച്ചുകൊടുക്കുമെന്നും നബിﷺ അറിയിച്ചിട്ടുണ്ട്. സഅദുബ്‌നു അബീവക്വാസ്(റ) നിവേദനം: “ഞാൻ നബിﷺയോട് ചോദിച്ചു: ജനങ്ങളിൽ കൂടുതൽ പരീക്ഷിക്കപ്പെടുന്നത് ആരാണ്?’’ അവിടുന്ന് പറഞ്ഞു: “പ്രവാചകന്മാർ. പിന്നെ സൽകർമികൾ. അപ്രകാരം വ്യത്യസ്ത തലത്തിൽപെട്ട ആളുകൾ താഴേക്ക് വിശ്വാസത്തിന്റെ തോതനുസരിച്ച് ആളുകൾ പരീക്ഷിക്കപ്പെടും. കൂടുതൽ ശക്തമായ വിശ്വാസമുള്ളവർ കൂടുതൽ ശക്തമായി പരീക്ഷിക്കപ്പെടുകയും ദുർബലവിശ്വസികൾ ലഘുവായ പരീക്ഷണത്തിന് വിധേയമാക്കപ്പെടുകയും ചെയ്യും. വിശ്വാസി പരീക്ഷണത്തിന് വിധേയനാകുകയും അവസാനം തന്റെ തെറ്റുകൾ പൊറുക്കപ്പെട്ടവനായി അവൻ ഭൂമുഖത്ത് നടക്കുകയും ചെയ്യും’’ (ബുഖാരി).

