എന്തുകൊണ്ട് ഇടയാളന്മാരില്ലാതെ അല്ലാഹുവോട് പ്രാർഥിക്കണം?
സലീം പട്‌ല
2024 ആഗസ്റ്റ് 31, 1446 സ്വഫർ 27

(ഭാഗം:03)
സൂക്ഷ്മത (തക്വ്‌വ) പുലർത്തുന്നവരുടെ പ്രാർഥന ഇടയാളന്മാരോടല്ല, അല്ലാഹുവിനോട് നേരിട്ടാണ് : “ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരകശിക്ഷയിൽനിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാർഥിക്കുന്നവരും’’(3:16).
നമസ്‌കരിക്കുന്നവർ നിർബന്ധമായും ദിനേന പലതവണ അല്ലാഹുവിനോട് നേരിട്ട് പ്രാർഥിക്കുന്നു: “ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല; പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല’’(1:5-7).
യഥാർഥ വിശ്വാസികൾ ഇഹപര നന്മക്കായി പ്രാർഥിക്കുക അല്ലാഹുവിനോടാണ്: “...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ’’(2:201).
17. നേർമാർഗത്തിൽ നിലനിൽക്കുവാനുള്ള തൗഫീക്വിനായി പ്രാർഥിക്കേണ്ടത് അല്ലാഹുവിനോടാണ്: “അവർ പ്രാർഥിക്കും: ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സൻമാർഗത്തിലാക്കിയതിനുശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കൽനിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു’’(3:8).
18. പാപങ്ങൾ പൊറുക്കപ്പെടാനും കാരുണ്യം ലഭിക്കാനും പ്രാർഥിക്കേണ്ടത് ഇടയാളന്മാരോടല്ല: “... ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഉത്തമനാണല്ലോ’’(23:109).
19. പിശാചിന്റെ ദുർബോധനങ്ങളിൽനിന്നും പ്രലോഭനങ്ങളിൽനിന്നുമുള്ള രക്ഷക്കായി: “നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽനിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. അവർ (പിശാചുക്കൾ) എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽനിന്നും എന്റെ രക്ഷിതാവേ, ഞാൻ നിന്നോട് രക്ഷതേടുന്നു’’ (23:97,98).
20. എല്ലാവിധ കെടുതികളിൽനിന്നും തിന്മകളിൽനിന്നും ദ്രോഹങ്ങളിൽനിന്നും രക്ഷതേടേണ്ടത് അല്ലാഹുവിനോട് നേരിട്ടാണ് (113:15), (114:15).
21. പരലോകരക്ഷക്കായി: “ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽവരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ’’(14:41).
22. മാതാപിതാക്കൾക്കു വേണ്ടി: “...എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. (17:24).
23. മക്കൾക്കു വേണ്ടി: “...എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമം പ്രവർത്തിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എന്റെ സന്തതികളിൽ നീ എനിക്ക് നൻമയുണ്ടാക്കിത്തരികയും ചെയ്യേണമേ...(46:15).
24. സത്യവിശ്വാസികൾക്കു വേണ്ടി: “...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു’’(59:10).
25. നാടിന്റെ നിർഭയത്വത്തിനും വിശ്വാസ സംരക്ഷണത്തിനുമായി ഇബ്‌റാഹീം നബി(അ) പ്രാർഥിച്ചത് അല്ലാഹുവിനോടാണ്: “...എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിർഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽനിന്ന് അകറ്റി നിർത്തുകയും ചെയ്യേണമേ’’(14:35).
ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി സത്യവിശ്വാസികൾ നടത്തിയ ഒട്ടേറെ പ്രാർഥനകൾ വിശുദ്ധ ക്വുർആനിൽ കാണാം. എല്ലാം അല്ലാഹുവോട് മാത്രമായിരുന്നു.
26. അല്ലാഹുവിന്റെ അമ്പിയാക്കളോ ഔലിയാക്കളോ അവർക്ക് മുമ്പ് കഴിഞ്ഞുപോയ മഹാൻമാരെ വിളിച്ച് പ്രാർഥിച്ചതിന് യാതൊരു തെളിവും വിശുദ്ധ ക്വുർആനിലില്ല. അല്ലാഹുവിലേക്കടുക്കാൻ അവരാരും മധ്യവർത്തികളെ സ്വീകരിച്ചിട്ടില്ല.
27. വിശുദ്ധ ക്വുർആൻ പരിചയപ്പെടുത്തുന്ന സത്യവിശ്വാസികളാരും പുണ്യാത്മാക്കളുടെ ക്വബ്‌റിനെ കെട്ടിപ്പൊക്കി അലങ്കരിച്ച് ആഘോഷസ്ഥലമാക്കിയിട്ടില്ല. ആഗ്രഹ സഫലീകരണത്തിന് മഹത്തുക്കളുടെ ക്വബ്‌റിടം തേടി പോയിട്ടുമില്ല.
28. മരണപ്പെട്ട മഹത്തുക്കൾ കാണുകയും കേൾക്കുകയും മനസ്സിലുള്ള വേദനകളും ആവലാതികളും ആവശ്യങ്ങളും അറിയുകയും ചെയ്യുമെന്ന് വിശ്വസിച്ച് അവരുടെ മക്വ‌്‌ബറകളിൽ പോയി ആവലാതികളും സങ്കടങ്ങളും ആവശ്യങ്ങളും പരാതികളും ബോധിപ്പിച്ച ഒരൊറ്റ സത്യവിശ്വാസിയെയും വിശുദ്ധ ക്വുർആൻ പരിചയപ്പെടുത്തുന്നില്ല.
29. സത്യവിശ്വാസികൾ ആരെങ്കിലും എപ്പോഴെങ്കിലും മഹാൻമാരുടെ ജന്മ-ചരമദിനങ്ങളിൽ അവരുടെ സ്തുതി കീർത്തനങ്ങൾപാടി അവരെ വിളിച്ച് തേടിയതോ അവരോട് പാപമോചനം നടത്തിയതോ അവരുടെ പ്രീതിക്കായി ബലിയർപ്പിച്ചതോ അവർക്ക് നേർച്ച നേർന്നതോ ആയ ഒരൊറ്റ സംഭവവും വിശുദ്ധ ക്വുർആനിൽ കാണുക സാധ്യമല്ല.
30. കാര്യങ്ങൾ സാധിച്ചുകിട്ടാനും ബുദ്ധിമുട്ടുകൾ നീങ്ങാനുമൊക്കയായി ഇരുട്ടുമുറിയിൽ വാതിലടച്ചിരുന്ന് മരണപ്പെട്ട നബിമാരെയോ സ്വാലിഹുകളെയോ ആയിരം വട്ടം പോയിട്ട് ഒരു പ്രാവശ്യമെങ്കിലും വിളിച്ചുതേടിയ ഒരു സത്യവിശ്വാസിയെ പോലും വിശുദ്ധ ക്വുർആൻ പരിചയപ്പെടുത്തുന്നില്ല.
31. എവിടെനിന്ന് എന്നെ വിളിച്ചാലും ഞാൻ ഉത്തരം നൽകാമെന്നോ, അല്ലാഹുവോട് തേടുകയാണെങ്കിൽ എന്നെക്കൊണ്ടാണ് തേടേണ്ടതെന്നോ ഏതെങ്കിലുമൊരു നബിയോ വലിയ്യോ പറഞ്ഞതായി വിശുദ്ധ ക്വുർആനിലെവിടെയുമില്ല.
(അവസാനിച്ചില്ല)
