ഹദീസ് വിരോധത്തിലെ അപകടങ്ങൾ
ദുൽക്കർഷാൻ അലനല്ലൂർ
2024 നവംബർ 23, 1446 ജു. ഊലാ 21

സ്ത്രീകളെ പള്ളിയിൽ പോകുന്നതിൽ നിന്നും തടയാൻ പാടില്ലെന്ന് നബിﷺ പഠിപ്പിച്ച ഹദീസ് കേൾപിച്ചപ്പോൾ അബ്ദുല്ലാഹിബ്‌നു ഉമറി(റ)ന്റെ മകൻ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, ഞങ്ങൾ തടയുകതന്നെ ചെയ്യും!’ ഇബ്‌നു ഉമർ(റ) അന്നേരം കോപിക്കുകയും ശക്തമായി ശകാരിക്കുകയും ചെയ്തു എന്ന് ഹദീസിൽ കാണാം. ‘റസൂൽﷺ ഇന്ന പ്രകാരം പറഞ്ഞിരിക്കുന്നു എന്ന് ഞാൻ പറയുമ്പോൾ തടയും എന്ന് നീ പറയുകയോ’ എന്നായിരുന്നു ഇബ്‌നു ഉമർ(റ) മകനോട് ചോദിച്ചത്. വേട്ടക്ക് കല്ലെടുത്തെറിയുന്നതായി ചില ആളുകളെ അബ്ദുല്ലാഹിബ്‌നു മുഗഫ്ഫൽ(റ) കണ്ടപ്പോൾ അ ങ്ങനെ ചെയ്യരുതെന്നും നബിﷺ അത് വിലക്കിയിട്ടുണ്ടെന്നും പറഞ്ഞുകൊടുത്തു. കാരണം കല്ലെടുത്തെറിഞ്ഞാൽ വേട്ടമൃഗത്തെ നേടാൻ കഴിയില്ല; മറിച്ച് കണ്ണ് നശിക്കുകയും പല്ല് പൊട്ടുകയും ചെയ്യുമെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. ഈ ഉപദേശം നൽകി അദ്ദേഹം പോയി. വീണ്ടും ഈ ആളുകൾ ഇതാവർത്തിക്കുന്നത് കണ്ടപ്പോൾ അബ്ദില്ലാഹിബ്‌നു മുഖഫ്ഫൽ(റ) പറഞ്ഞു: ‘ഇനി ഞാൻ നിങ്ങളോട് സംസാരിക്കുകയേ ഇല്ല. നബിﷺ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടും നിങ്ങൾ ചെയ്യുകയോ?’ പ്രവാചക വചനങ്ങളെ ധിക്കരിക്കുന്നവരോടുള്ള മുൻഗാമികളുടെ സമീപനം ഈ നിലക്കായിരുന്നു. പക്ഷേ, സലഫിയ്യത്ത് എന്നത് ഇന്ന് പേരിൽ മാത്രം ഒതുങ്ങി. ശത്രുവിനെ അടിക്കാനുള്ള വടിയായി മാത്രം സലഫി മൻഹജിനെ സ്വീകരിച്ചു. ഹദീസിനോട് മുൻഗാമികൾ കാണിച്ച ജാഗ്രതയും താൽപര്യവും ഇന്ന് പലർക്കും ഇല്ലാതായി! അല്ലാഹുവിൽ അഭയം’ (ഹദീസ്: പ്രസക്തി, പ്രാമാണികത, നിഷേധം. ഫദ്‌ലുൽഹഖ് ഉമരി ആമയൂർ, പേജ്:20-25).
ഹദീസ് നിഷേധത്തിന്റെ തുടക്കവും തുടക്കക്കാരെയും ചരിത്രത്തിൽ നമുക്ക് കാണാനാവും. ഉത്തമ ജനതയെന്ന് പ്രവാചകൻ ﷺ വിശേഷിപ്പിച്ച ആദ്യമൂന്ന് തലമുറകൾ ജീവിച്ചകാലത്തുതന്നെ ചിലയാളുകൾക്കിടയിൽ ഹദീസിനെ സംബന്ധിച്ച് ചില അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ അത്തരം വിഘടിത ശബ്ദങ്ങൾ തികച്ചും ഒറ്റപ്പെട്ടതായിരുന്നു. മുഹമ്മദ് മുസ്ത്വഫാ അഅ്‌ളമി തന്റെ ‘ദിറാസതുൻ ഫിൽ ഹദീസിന്നബവി വതാരീഖി തദ്‌വീനിഹി’ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: “സ്വഹാബികളുടെ കാലത്ത് സുന്നത്തുകളെ മതപ്രമാണമായി പരിഗണിക്കാത്ത ചില ഒറ്റപ്പെട്ട വ്യക്തികൾ കാണപ്പെട്ടിരുന്നു’’ (പേജ്-22).
ഇമാം ഹസനുൽ ബസ്വരി(റഹി) പറയുന്നു: “ഇംറാനുബ്‌നുൽ ഹുസൈൻ പ്രവാചകന്റെ സുന്നത്തുകളെ സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തോട് ഒരാൾ പറഞ്ഞു: ‘ഓ, അബാനജീദ്! ക്വുർആനെ സംബന്ധിച്ച് ഞങ്ങളോട് സംസാരിക്കൂ! അപ്പോൾ ഇംറാൻ ചോദിച്ചു: ‘നീയും നിന്റെ ആളുകളും ക്വുർആൻ പാരായണം ചെയ്യുന്നവരാണല്ലോ. എങ്കിൽ നമസ്‌കാരത്തിന്റെ വിധികളെകുറിച്ചും, ഒട്ടകത്തിനും ആടിനും എത്ര സകാത്ത് നൽകണമെന്നതിനെ സംബന്ധിച്ചും അതിൽ പറഞ്ഞത് നീ കണ്ടിട്ടുണ്ടെങ്കിൽ അതെനിക്ക് പറഞ്ഞുതരിക. നിനക്കത് കാണാൻ സാധ്യമല്ല തീർച്ച! എന്നാൽ ഞങ്ങൾ അത് കണ്ടിട്ടുണ്ട്. റസൂലുല്ലാഹിﷺ ഇന്നയിന്ന പ്രകാരം ഞങ്ങളോടാ കാര്യം കൽപിച്ചിട്ടുണ്ട്.’ ആ മനുഷ്യൻ പറഞ്ഞു: ‘നിങ്ങളെന്റെ കണ്ണ് തുറപ്പിച്ചു. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ!’ ഹുസൈൻ(റ) തുടർന്നു പറയുന്നു: ‘ആ മനുഷ്യൻ അവസാനം ഒരു മുസ്‌ലിം ഫക്വീഹ് ആയിട്ടാണ് മരിച്ചത്’’ (അൽമുസ്തദ്‌റഖ് 1/109,110).
ഈ സംഭവത്തിൽനിന്നും അക്കാലത്തുതന്നെ ഹദീസിനോട് വേണ്ടത്ര താൽപര്യം കാണിക്കാത്ത ചില ഒറ്റപ്പെട്ട വ്യക്തികളുണ്ടായിരുന്നു എന്ന് തെളിയുന്നു. ഇതിന് സമാനമായ മറ്റൊരു സംഭവം ഉമയ്യത്ത്ബ്‌നു ഖാലിദിൽനിന്നും ഉണ്ടായി. അദ്ദേഹം ഇബ്‌നുഉമറി(റ)നോട് ഒരിക്കൽ ചോദിച്ചു: ‘നമ്മൾ നാട്ടിലുണ്ടാകുമ്പോഴുള്ള നമസ്‌കാരത്തെക്കുറിച്ചും ഭയത്തിന്റെ അവസ്ഥയിലുള്ള നമസ്‌കാരത്തെ സംബന്ധിച്ചും ക്വുർആനിൽ കാണുന്നുണ്ട്. എന്നാൽ യാത്രയിലുള്ള നമസ്‌കാരത്തെപ്പറ്റി അതിൽ കാണുന്നില്ലല്ലോ!’ ഇബ്‌നു ഉമർ(റ) പറഞ്ഞു: ‘നമുക്കൊന്നുമറിയാത്ത അവസ്ഥയിൽ അല്ലാഹു അവന്റെ പ്രവാചകനെ നമ്മിലേക്കയച്ചു. അവിടുന്ന് എപ്രകാരമായിരുന്നോ അപ്രകാരം നാമും പ്രവർത്തിക്കുന്നു.’
യാത്രയിൽ ഒരാൾക്ക് ചുരുക്കി നമസ്‌കരിക്കാമെന്ന് ക്വുർആൻ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും സത്യനിഷേധികൾ നിങ്ങളെ കുഴപ്പത്തിലകപ്പെടുത്തുമ്പോൾ എന്ന നിബന്ധന വെച്ചിട്ടുണ്ടെന്നാണ് ചിലർ പറയാറുള്ളത്. എന്നാൽ ഭയപ്പാടില്ലാത്ത അവസരത്തിലും ചുരുക്കി നമസ്‌കരിക്കാമെന്ന് നബിﷺ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതിൽനിന്നുതന്നെ ഭയപ്പാടില്ലാത്ത യാത്രയിലും നമസ്‌കാരം ചുരുക്കാമെന്ന് വ്യക്തമാകുന്നുണ്ട്. (യാത്രയിലെ നമസ്‌കാരം ക്വുർആൻ വിവരിച്ചിട്ടില്ലെങ്കിലും ക്വുർആൻ വിശദീകരിച്ച പ്രവാചകനത് വിശദീകരിച്ചിട്ടുണ്ടെന്ന് സാരം) (അൽമുസ്തദ്‌റക്: 1/258).
കാലക്രമേണ ഇത്തരം ഒറ്റപ്പെട്ടവരുടെ എണ്ണം മെല്ലെ മെല്ലെ വ്യാപിക്കാൻ തുടങ്ങി. എത്രത്തോള മെന്നാൽ ഇമാം അയ്യൂബ്(റഹി) പറയുകയുണ്ടായി: “സുന്നത്തിനെ സംബന്ധിച്ച് സംസാരിക്കുന്ന ഒരാളോട് നീ അതു വിട്ട് ക്വുർആനിനെ കുറിച്ച് സംസാരിക്കുക എന്നൊരാൾ പറയുന്നത് നീ കേട്ടാൽ അവൻ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് നീ മനസ്സിലാക്കണം’ (അൽകിഫായ, പേജ് 16) (ഇമാം അയ്യൂബ്(റഹി) ഹിജ്‌റ 131ൽ മരണമടഞ്ഞ വ്യക്തിയാണ് എന്ന് ഇതിനോട് ചേർത്ത് വായിക്കുക).
ഹദീസിനെതിരെ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾ ആദ്യമായി തലപൊക്കിയത് ഫിത്‌നയുടെ കേന്ദ്രമെന്ന് പ്രവാചകൻﷺ വിശേഷിപ്പിച്ച ഇറാഖിലായിരുന്നു. നേരത്തെ സൂചിപ്പിച്ച, ഇംറാനുബ്‌നുൽ ഹുസൈനോട് ഒരു വ്യക്തി ചോദിച്ചു എന്ന് പറഞ്ഞ സംഭവം ഇറാഖിലാണ് നടന്നത്. ഇംറാൻ ബസ്വറക്കാരനായിരുന്നുവെന്ന് ഇമാം ഇബ്‌നു ഹിബ്ബാൻ രേഖപ്പെടുത്തിയതായി കാണാം. (മശാഹീറു ഉലമാഇൽ അംസ്വാർ പേജ് 37). അപ്രകാരം തന്നെ ഇമാം അയ്യൂബും (68-131 ഹി) ബസ്വറക്കാരനായിരുന്നു. (അതേ ഗ്രന്ഥം). ഇമാം ശാഫിഈ(റഹി) ഹദീസ് നിഷേധികളെക്കുറിച്ച് പറഞ്ഞവരിൽ അധികവും ഇറാഖികളായി രുന്നു. (അസ്സുന്നത്തു വമകാനതുഹാ ഫിത്തശ്‌രീഇൽ ഇസ്‌ലാമി, പേജ് 143).
“തുടക്കത്തിൽ ഇത് ഒറ്റപ്പെട്ട അഭിപ്രായമായിരുന്നുവെങ്കിലും രണ്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോ ഴേക്കും ഹദീസിനെ മൊത്തത്തിൽതന്നെ നിഷേധിക്കുന്ന, മുതവാത്തിറായ ഹദീസുകളെ മാത്രം അംഗീകരിക്കുന്ന ചിലയാളുകൾ രംഗത്ത് വന്നു. നിഷേധത്തിന്റെ ആ ശബ്ദം ഒരു പ്രത്യേക വിഭാഗമായിത്തീരുന്നതാണ് പിന്നീട് നാം കാണുന്നത്’’ (ഹദീസ് നിഷേധം അന്നും ഇന്നും, അബ്ദുൽ മാലിക് സലഫി മൊറയൂർ, പേജ് 11-13).
(തുടരും)
