പ്രപഞ്ചം

ഡോ. ഷാനവാസ്, ഫ്ലോറിഡ

2024 ജനുവരി 13, 1445 റജബ് 01

(സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും 11)

വളരെ അത്ഭുതങ്ങൾ നിറഞ്ഞതാണ് നാം ജീവിക്കുന്ന ഭൂമിയും അത് ഉൾക്കൊള്ളുന്ന പ്രപഞ്ചവും. ജീവന്റെ ഉൽപത്തിയെ പോലെത്തന്നെ പ്രപഞ്ചത്തിന്റെ ഉൽപത്തിയെക്കുറിച്ചും അതിലെ വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചും മനുഷ്യർ ഇപ്പോഴും ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഗലീലിയോ ഗലീലിയെ പോലെയുള്ള മുൻകാല ശാസ്ത്രജ്ഞരുടെ ഈ രംഗത്തെ സംഭാവന ശ്രദ്ധേയമാണ്.

അല്ലാഹു പറയുന്നു: “ആകാശമാകട്ടെ, നാമതിനെ (ശക്തിയും വൈദഗ്ധ്യവുമാകുന്ന) കരങ്ങളാൽ സ്ഥാപിച്ചിരിക്കുന്നു. തീർച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.’’ (ക്വുർആൻ 51:47).

ധാരാളം ഗ്രഹങ്ങളും നക്ഷത്രങ്ങളുമടങ്ങുന്ന പ്രപഞ്ചത്തെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നത് ശാസ്ത്രലോകത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല. എന്നാൽ 1921ൽ വെസ്‌റ്റോ സ്റ്റിഫർ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ശാസ്ത്രീയ നിഗമനത്തിൽ എത്തിയത്. അദ്ദേഹത്തിനുശേഷം 1922ൽ എഡ്‌വാർഡ് ഫ്രിഡ്മാൻ എന്ന മറ്റൊരു ശാസ്ത്രജ്ഞൻ പ്രപഞ്ചത്തിന്റെ വികസന പ്രക്രിയക്ക് കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ കൊണ്ടുവന്നു. മാത്രമല്ല എഡ്വിൻ ഹബിൾ എന്ന ശാസ്ത്രജ്ഞന്റെ സംഭാവന ഈ ആശയത്തിന് കൂടുതൽ ബലം നൽകി.

നാം ദൈനംദിന ജീവിതത്തിൽ കാണുന്ന വസ്തുക്കളുടെ വികസനവും പ്രപഞ്ചത്തിന്റെ വികസനവും താരതമ്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല. മറിച്ച് പ്രപഞ്ചം എല്ലാ ദിശയിലേക്കും പൂർണമായും വികസിച്ചുകൊണ്ടിരിക്കുകയാണ.് അതിന്റെ വികസനത്തിന്റെ വേഗത ദൈനംദിനം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

2016ൽ NASA (National Aeronautics and Space Administration)യിലെയും E.S.A (European Space Agency)യിലെയും ഗവേഷകർ ഈ വികസനം മുമ്പത്തേതിൽനിന്നും അഞ്ചു മുതൽ 9 ശതമാനംവരെ വർധിച്ചതായി രേഖപ്പെടുത്തുകയുണ്ടായി. ഹബ്ൾ സ്‌പേസ് ദൂരദർശിനിയുടെ (Hubble space telescope) സഹായത്തോടെയാണ് അവർ ഈ നിഗമനത്തിൽ എത്തിയത്.

ഡോപ്ലർ ഇഫക്ട് (Doppler effect) എന്ന ഒരു സിദ്ധാന്തമുണ്ട്. ഒരു വാഹനം നമ്മുടെ അടുത്തേക്ക് വരുമ്പോൾ അതിന്റെ ശബ്ദം അത് യഥാർഥത്തിൽ പുറപ്പെടുവിക്കുന്നതിനെക്കാൾ ഉച്ചത്തിൽ നാം കേൾക്കുന്നു. അതിനുകാരണം ആ ശബ്ദത്തിന്റെ ആവൃത്തി (frequency) വർധിക്കുന്നതാണ്. അല്ലെങ്കിൽ തരംഗദൈർഘ്യം (wave length) കുറയുന്നതാണ്. എന്നാൽ ഇതേ വാഹനം നമ്മെ കടന്നുപോകുമ്പോൾ ഇതിന്റെ വിപരീതം സംഭവിക്കുന്നു. അതായത് അതിന്റെ ശബ്ദം കുറഞ്ഞുവരികയും തരംഗദൈർഘ്യം കൂടുകയും ചെയ്യുന്നു. ഇതുപോലെ പ്രകാശത്തിനും ഡോപ്ലർ ഇഫക്റ്റിന് സമാനമായ ഒരു പ്രതിഭാസം ഉണ്ട്. അതിനെ ഹബിൾസ് നിയമം (Hubble’s Law) എന്ന് പറയുന്നു.

ഹബിൾസ് നിയമപ്രകാരം, ഒരു വസ്തു നമ്മിൽനിന്നും അകന്നുപോകുമ്പോൾ അതിൽനിന്നുള്ള പ്രകാശം വികസിക്കുന്നു. അതായത് അതിന്റെ തരംഗദൈർഘ്യം വർധിക്കുന്നു. ഈ പ്രതിഭാസത്തെയാണ് റെഡ് ഷിഫ്റ്റ് (red shift) എന്ന് വിളിക്കുന്നത്. ഇതിന്റെ വിപരീത പ്രക്രിയയെ ഗ്രീൻ ഷിഫ്റ്റ് (green shift) എന്നും വിളിക്കുന്നു. പ്രപഞ്ചത്തിലെ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും റെഡ് ഷിഫ്റ്റ് സംഭവിക്കുന്നു എന്ന കണ്ടെത്തലാണ്, പ്രപഞ്ചം വികസിക്കുന്നു എന്ന നിഗമനത്തിൽ ശാസ്ത്രലോകത്തെ എത്തിച്ചത്.

ഇതിനുപുറമെ മഹാവിസ്‌ഫോടന സിദ്ധാന്തവും (big-bang theory) പ്രപഞ്ചത്തിന്റെ ഈ വികസനത്തിന് വലിയ ഊന്നൽ നൽകി. ഈ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു. പുതിയ കണക്കനുസരിച്ച് ഏതാണ്ട് 930 ദശലക്ഷം പ്രകാശവർഷത്തോളം വ്യാസമുള്ളതാണ് (diameter) ഇന്നത്തെ പ്രപഞ്ചം. അതിന്റെ വ്യാസം ദൈനംദിനം വർധിച്ചുകൊണ്ടിരിക്കുന്നു.

“നിങ്ങൾക്കു മീതെ ഏഴ് ബലിഷ്ഠമായ ആകാശങ്ങൾ നാം നിർമിക്കുകയും ചെയ്തു’’ (ക്വുർആൻ 78:12).

നാം വസിക്കുന്ന ഭൂമിയും നാം കാണുന്ന ആകാശവും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മാത്രമാ േണാ ഈ പ്രപഞ്ചം? നാം നമ്മുടെ കണ്ണുകൊണ്ട് കാണുന്ന ഈ ലോകം പ്രപഞ്ചത്തിന്റെ (universe) വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് എന്നതാണ് സത്യം. നാം അടങ്ങുന്ന ഭൂമിയും നമ്മൾ കാണുന്ന സൂര്യനും ചന്ദ്രനുമെല്ലാംതന്നെ ക്ഷീരപഥം (milky way) എന്ന് വിളിക്കുന്ന സൗരയൂഥത്തിന്റെ (galaxy) ഒരു ചെറിയഭാഗം മാത്രമാണ്. ക്ഷീരപഥത്തെ പോലെയുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും കൂട്ടങ്ങൾകൊണ്ട് വിശാലമാണ് സൗരയൂഥം. ഇത്തരത്തിലുള്ള കോടിക്കണക്കിന് ഗ്യാലക്‌സികൾ അടങ്ങിയിട്ടുള്ളതാണ് ഈ പ്രപഞ്ചം. നമ്മുടെ കണ്ണുകൾകൊണ്ടോ മറ്റു ഉപകരണങ്ങൾ കൊണ്ടോ അളക്കാൻ പറ്റാത്ത അത്ര വിശാലമാണ് നമ്മുടെ പ്രപഞ്ചം. ശാസ്ത്രീയ പഠനങ്ങൾ പറയുന്നത് നമുക്ക് കണക്കെടുക്കാൻ പോലും പറ്റാത്ത അത്രയധികം ഗ്രഹങ്ങളും നക്ഷത്രങ്ങളും അടങ്ങിയിട്ടുള്ളതാണ് പ്രപഞ്ചം എന്നതാണ്. ഇതിനെ ശാസ്ത്രലോകം ഇരുണ്ട വസ്തുക്കൾ (dark matter) എന്ന് വിളിക്കുന്നു.

മുൻകാല ശാസ്ത്രലോകത്തിന് മേൽപറഞ്ഞ വസ്തുത സ്വീകരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. പൗരാണിക ഇന്ത്യയിലെയും ഗ്രീസിലെയും ഗവേഷകർ ഭൂമിയെയായിരുന്നു പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി കണക്കാക്കിയിരുന്നത്. അവരുടെ വീക്ഷണത്തിൽ ഭൂമിയായിരുന്നു പ്രപഞ്ചത്തിലെ ഏറ്റവും പ്രധാന ഘടകം. എന്നാൽ പിന്നീട് നിക്കോളാസ് കോപ്പർനിക്‌സ് എന്ന ഗവേഷകൻ സൂര്യനെ കേന്ദ്രബിന്ദുവായിക്കൊണ്ടുള്ള പ്രപഞ്ചത്തെക്കുറിച്ച് വിവരിച്ചു. എന്നാൽ വർഷങ്ങൾക്കുശേഷം സൂര്യൻ നാം അടങ്ങുന്ന ക്ഷീരപഥത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രം മാത്രമാണെന്ന് ശാസ്ത്രലോകം കണ്ടെത്തുകയുണ്ടായി.

“സൂര്യൻ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സർവജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്’’ (ക്വുർആൻ 36:38).

“സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ നിശ്ചിത ഭ്രമണപഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു’’ (ക്വുർആൻ 36:40).

“കത്തിജ്വലിക്കുന്ന ഒരു വിളക്ക് (സൂര്യനെ) നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു’’ (78:13).

പൗരാണിക ഗവേഷകർ ഭൂമിയെയായിരുന്നു പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി കണക്കാക്കിയിരുന്നത് എന്ന് നാം മനസ്സിലാക്കി. ഭൂമി സ്ഥായിയായി നിൽക്കുന്നതായും മറ്റുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിക്ക് ചുറ്റും കറങ്ങുന്നതായും അവർ കണക്കാക്കി. എന്നാൽ പിന്നീട് സൂര്യനെ കേന്ദ്രബിന്ദുവായി കണക്കാക്കി. ഈ ആശയമനുസരിച്ച് സൂര്യൻ സ്ഥായിയായി നിൽക്കുന്നതായും മറ്റു ഗ്രഹങ്ങൾ സൂര്യന് ചുറ്റും കറങ്ങുന്നതായും നിരീക്ഷിച്ചു. പിന്നീട് വർഷങ്ങൾക്കുശേഷം സൂര്യൻ കോടിക്കണക്കിന് നക്ഷത്രങ്ങളിൽ കേവലം ഒരു നക്ഷത്രം മാത്രമാണെന്നും അത് സ്ഥിരമായി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുകയാണെന്നും കണ്ടെത്തുകയുണ്ടായി.

നാം കാണുന്ന, നമ്മുടെ ഊർജസ്രോതസ്സായ സൂര്യൻ ഏതാണ്ട് 4.6 ബില്യൺ വർഷങ്ങൾ പഴക്കമുള്ള ഒരു നക്ഷത്രമാണെന്ന് കണക്കാക്കപ്പെടുന്നു. നാം കരുതുന്നപോലെ ഖരരൂപത്തിലുള്ള ഒന്നല്ല സൂര്യൻ. മറിച്ച് ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതകങ്ങൾകൊണ്ട് സൃഷ്ടിക്കപ്പെട്ട ഒന്നാണ് സൂര്യൻ. ക്ഷീരപഥത്തിലെ ഒരു സാധാരണ നക്ഷത്രം മാത്രമാണിത്. സൂര്യനെക്കാൾ 100 മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങൾ സൗരയൂഥത്തിലുണ്ട്.

സൂര്യന്റെ പ്രത്യേക ആകർഷണശക്തികൊണ്ടാണ് ഭൂമിയും മറ്റു ഗ്രഹങ്ങളും ചെറുതും വലുതുമായ എല്ലാ പദാർഥങ്ങളും സൂര്യന് ചുറ്റും നിലകൊള്ളുന്നത്. സദാസമയം കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യൻ നാം കരുതുന്നപോലെ സ്ഥായിയായ ഒന്നല്ല. മറിച്ച് ഇതിന് സ്ഥിരമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയും അത് സ്ഥിരമായി ഊർജം പുറത്തുവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. സൂര്യന്റെ ഏറ്റവും മധ്യഭാഗത്ത് ഏതാണ്ട് 15 ദശലക്ഷം ഡിഗ്രി സെൽഷ്യസാണ് ചൂടുള്ളത്. എന്നാൽ സൂര്യന്റെ ഏറ്റവും പുറമെ ഏതാണ്ട് 5500 ഡിഗ്രി സെൽഷ്യസാണ് ചൂടുള്ളത്.

നമ്മുടെ സൗരയൂഥം ഏതാണ്ട് മണിക്കൂറിൽ 720000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നുണ്ട്. ഇതിന്റെ കൂടെ സൂര്യനും അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നു. സൂര്യൻ ഒരു ഖരവസ്തു അല്ലാത്തതിനാൽ അതിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത വേഗതയിലാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. സൂര്യന്റെ മധ്യഭാഗം (equater) ഒരു പ്രാവശ്യം പൂർണമായും കറങ്ങാൻ ഏതാണ്ട് 25 ദിവസമെടുക്കുന്നു. എന്നാൽ സൂര്യന്റെ ധ്രുവങ്ങൾ കറങ്ങാൻ ഏതാണ്ട് 36 ദിവസമെടുക്കുന്നു. സൂര്യന് ക്ഷീരപഥത്തിന്റെ ചുറ്റും ഒരു പ്രാവശ്യം പൂർണമായും കറങ്ങാൻ ഏതാണ്ട് 230 ദശലക്ഷം വർഷങ്ങൾ വേണം.

മഹാവിസ്‌ഫോടനം

പ്രപഞ്ചത്തിന്റെ ഉൽപത്തി എങ്ങനെയെന്നത് ഇന്നും ശാസ്ത്രത്തിന്റെ മുന്നിൽ വലിയ ഒരു ചോദ്യചിഹ്നമാണ്. ശാസ്ത്രീയമായ കണക്കുകൾ പ്രകാരം ഏതാണ്ട് 13.8 ബില്യൺ വർഷങ്ങൾ പഴക്കമുള്ളതാണ് നമ്മുടെ ഈ പ്രപഞ്ചം. പ്രപഞ്ചത്തിന്റെ രൂപീകരണത്തെക്കുറിച്ച് വ്യത്യസ്തമായ സിദ്ധാന്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മഹാവിസ്‌ഫോടന സിദ്ധാന്തം (Big-Bang Theory).

“ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ? വെള്ളത്തിൽനിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?’’ (21:30).

ജോർജ് ലിമേറ്റ് (Georges Lemaite) എന്ന ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം ആദ്യമായി രൂപപ്പെടുത്തിയത്. ഇതു പ്രകാരം നാം ഇന്ന് കാണുന്ന പ്രപഞ്ചത്തിലെ സകല ഗ്രഹങ്ങളും നക്ഷത്രങ്ങളും പ്രകാശവും ഊർജവുമെല്ലാം ഒരൊറ്റ ഘടനയോടുകൂടിയ ഒന്നായിരുന്നു. വളരെയധികം ചൂടും സാന്ദ്രതയും കൂടിയ ഈ വസ്തുവിനെ ശാസ്ത്രലോകം സിങ്കുലാരിറ്റി എന്ന് വിളിച്ചു. പിന്നീട് അത് വികസിക്കുകയും ഒരു സ്‌ഫോടനം പോലെ അതിന്റെ ഭാഗങ്ങൾ വേർതിരിയുകയും ചെയ്തു. ഇങ്ങനെ വേർപ്പെട്ട ചെറിയ പദാർഥങ്ങൾ (tiny particles) കൂടിച്ചേർന്ന് ആറ്റങ്ങൾ (atoms) എന്ന് വിളിക്കുന്ന വലിയ പദാർഥങ്ങളായി. ഈ ആറ്റങ്ങളും പരസ്പരം കൂടിച്ചേരാൻ തുടങ്ങി, അതിലും വലിയ വസ്തുക്കൾ രൂപപ്പെട്ടു. അങ്ങനെ കാലങ്ങൾകൊണ്ട് നാം ഇന്ന് കാണുന്ന നക്ഷത്രങ്ങളായും ഭൂമിയായും മറ്റു ഗ്രഹങ്ങളായും അവ രൂപപ്പെട്ടു. പ്രപഞ്ചത്തിന്റെ ഈ വികസനം ഇന്നും ആവർത്തിക്കുകയും ചെയ്യുന്നു.

ഈ സിദ്ധാന്തത്തെ പിന്താങ്ങുന്ന നിയമങ്ങളിൽ സുപ്രധാനമാണ് ഹബിൾസ് നിയമം. മറ്റു ഗ്യാലക്‌സികൾ നമ്മിൽനിന്നും അകലുന്നതായി എഡ്വിൻ ഹബിൾ എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തി. ഇതിനെ അദ്ദേഹം റെഡ് ഷിഫ്റ്റ് (red shift) എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ വിശദീകരിക്കുകയും ചെയ്തു.

മഹാവിസ്‌ഫോടനം യാഥാർഥ്യമാണെങ്കിൽ, ഇതിന്റെ ഫലമായി ഉണ്ടായ ഊർജത്തെ നമുക്ക് കണ്ടെത്താൻ സാധിക്കേണ്ടതുണ്ട്. 1964ൽ കോസ്മിക് രശ്മികളായി (cosmic micro wave back ground radiation) ഈ ഊർജത്തെ കണ്ടെത്താൻ ശാസ്ത്ര ലോകത്തിന് സാധിക്കുകയുണ്ടായി. 2013ൽ E.S.A(European Space Agency) ഈ കണ്ടെത്തൽ അവരുടെ പ്ലാങ്ക് സ്‌പേസ് ക്രാഫ്റ്റിന്റെ(plank space craft) സഹായത്തോടെ ആവർത്തിച്ചത് മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് കൂടുതൽ പ്രാധാന്യം നൽകി.