ക്രൂരതയും മനുഷ്യത്വ വിരുദ്ധതയും ആഹ്വാനം ചെയ്യാൻ ഒരു വേദഗ്രന്ഥമോ?

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2024 ജനുവരി 13, 1445 റജബ് 01

തൽമൂദിന്റെ പാഠങ്ങൾ; ഒരു വിശകലനം 2

(യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും 12)

കർത്താവ് നിങ്ങളുടെ മുമ്പിൽനിന്ന് ഈ ജനതകളെയെല്ലാം പായിച്ചുകളയും. നിങ്ങളെക്കാളും വലിയവരും ശക്തരുമായ ജനതകളെ നിങ്ങൾ പുറന്തള്ളും. നിങ്ങളുടെ പാദസ്പർശമേൽക്കുന്ന സ്ഥലമെല്ലാം നിങ്ങളുടേതാകും. നിങ്ങളുടെ പ്രദേശം മരുഭൂമി മുതൽ ലെബനോൻവരെയും മഹാനദി, അതായത് യൂഫ്രട്ടീസ് നദിമുതൽ പടിഞ്ഞാറെകരവരെയും ആയിരിക്കും. ഒരാൾക്കും നിങ്ങളെ ചെറുത്തുനിൽക്കാൻ ആവില്ല. നിങ്ങളുടെ ദൈവമായ കർത്താവ് താൻ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ, നിങ്ങളെക്കുറിച്ചുള്ള പേടിയും കൊടുംഭീതിയും നിങ്ങളുടെ പാദസ്പർശമേൽക്കുന്ന നാട്ടിലെല്ലാം ഉളവാക്കും...’’ (ആവർത്തനം 11:23-25).

‘ഇസ്രയേൽ’ എന്ന പേരിൽ പിൽക്കാലത്ത് ഒരു രാഷ്ട്രം സ്ഥാപിക്കണമെന്ന യഹൂദന്റെ തീരുമാനത്തിന് ഏതാനും വർഷങ്ങളുടെ പഴക്കമല്ല ഉള്ളതെന്ന് ഈ വരികൾ വ്യക്തമാക്കുന്നു. യഹൂദന്റെ പാദസ്പർശമേൽക്കുന്ന സകലമാന ഭൂമികളും ജോർദാനും സിറിയയും ഫലസ്തീനുമുൾപ്പെടുന്ന നല്ലൊരുഭാഗം ഭൂപ്രദേശങ്ങളും പിൽക്കാലത്ത് തങ്ങളുടെ നിയന്ത്രണത്തിലാകണമെന്ന കൃത്യമായ ലക്ഷ്യത്തിലും ഗൂഢാലോചനയിലും യഹൂദർ തങ്ങളുടെ പഴയനിയമത്തിൽ തുന്നിച്ചേർത്തതാണ് ഈ ‘വാഗ്ദത്തഭൂമി’ എന്ന സങ്കൽപമെന്ന് ഇതിൽനിന്നുതന്നെ വ്യക്തമാണ്. ഈ വരികളുടെ പിൻബലത്തിലാണ് ഇസ്രയേൽ എന്ന പേരിൽ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടതും അതിന്റെ മറവിൽ അടിസ്ഥാനസമൂഹമായ അറബ് ഫലസ്തീനികളെ അവിടെനിന്നും ആട്ടിപ്പായിച്ചതും വംശീയ ഉന്മൂലനശ്രമം നടത്തിക്കൊണ്ടിരിക്കുന്നതും.

എല്ലാ യുദ്ധങ്ങളും പോരാട്ടങ്ങളും ദൈവത്തിന്റെ വിലാസത്തിലും നിയന്ത്രണത്തിലുമായി പരിചയപ്പെടുത്തുകയെന്ന ഹീനമായ തന്ത്രമാണ് യഹൂദർ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കൊള്ളയും കൊലയും മോഷണവും ചൂഷണവും പിടിച്ചുപറിയുമെല്ലാം ദൈവത്തിന്റെ വിലാസത്തിലും അക്കൗണ്ടിലും വരവുവെക്കുന്നതിലൂടെ ഇതിനെല്ലാം ചോദ്യം ചെയ്യാനാകാത്ത നിലയിലുള്ള പരിശുദ്ധിയും പുണ്യവുമാണ് യഹൂദർ പ്രതീക്ഷിക്കുന്നത്. “അപ്പോൾ കർത്താവു പുറപ്പെട്ടു യുദ്ധദിനത്തിൽ എന്നതുപോലെ ജനതകൾക്കെതിരെ പോരാടും...’’(സെഖര്യാവ് 14:03) എന്ന വചനം ഇതിനുള്ള വ്യക്തമായ തെളിവാണ്.

ഇക്കാരണങ്ങളാൽ യഹൂദരുടെ നിഷ്ഠൂരമായ നടപടികൾക്കെതിരിൽ ലോകസമൂഹം ഒന്നിക്കുമ്പോഴെല്ലാം അതിനെതിരിൽ യഹൂദർ ആളെക്കൂട്ടുന്നതും സാമ്പത്തിക സമാഹരണം നടത്തുന്നതും ഈ പഴയനിയമത്തിലെയും തൽമൂദിലെയും സൂത്രവാക്യങ്ങൾ വ്യാഖ്യാനിച്ചുകൊണ്ടാണ്. ഫലസ്തീനികളുടെ അവകാശത്തിനുവേണ്ടി എന്നെല്ലാം അറബികൾ യുദ്ധത്തിനു തയ്യാറായിട്ടുണ്ടോ അന്നെല്ലാം യഹൂദ പുരോഹിതന്മാർ ഈ ബൈബിൾ വചനങ്ങളെ ഉയർത്തിക്കാട്ടി ആ സമൂഹത്തെ ഒന്നിപ്പിക്കുകയും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ഗസ്സയിൽ നടക്കുന്ന ശക്തമായ പോരാട്ടത്തെപ്പോലും ഇത്തരത്തിൽ ആത്മീയവത്ക്കരിച്ച് യുദ്ധത്തിന് അനുകൂലമായ ഒരു മനഃസ്ഥിതി നേടിയെടുക്കാൻ യഹൂദ പുരോഹിതർ ശ്രമിച്ചുവരുന്നുണ്ട്. യുദ്ധത്തിനുപയോഗിക്കുന്ന പടക്കോപ്പുകൾ, ടാങ്കറുകൾ തുടങ്ങിയവയെ തൗറാത്ത് പാരായണംകൊണ്ട് അനുഗ്രഹിച്ചും മന്ത്രിച്ചൂതിയും വേദഗ്രന്ഥത്തിന്റെ പേജുകൾകൊണ്ട് മൂടിയും മറ്റും യഹൂദ പുരോഹിതർ നടത്തിവരുന്ന ആത്മീയ തട്ടിപ്പുകൾ ഇതിന്റെയെല്ലാം ഭാഗമാണ്. ചുരുക്കത്തിൽ, സ്ഥാനത്തും അസ്ഥാനത്തുമെല്ലാം വേദഗ്രന്ഥത്തെ മറയാക്കി തങ്ങളുടെ താൽപര്യങ്ങളെ സംരക്ഷിക്കാൻ യഹൂദർ എന്നും മുന്നിലാണെന്ന് വ്യക്തം. യഹൂദമതത്തിലെ ആത്മീയ-ദൈവിക സങ്കൽപം മൊത്തത്തിൽ ക്രൂരതയുടെയും ഭീകരതയുടെയും പര്യായമാണെന്നതിൽ സംശയമില്ല. നിരപരാധികളുടെ രക്തം ചിന്തുകയും അതിന് ദൈവികപരിവേഷം നൽകുകയും ചെയ്യലാണ് യഹൂദപുരോഹിതന്മാരുടെ മുഖ്യതൊഴിലെന്ന് ബൈബിൾ പഴയനിയമത്തിൽനിന്നും ഏറെക്കുറെ വ്യക്തമാണ്

പ്രവാചകന്മാരെക്കുറിച്ചുള്ള യഹൂദ സങ്കൽപങ്ങൾ

തികച്ചും വികലമായ നിലയിൽ ദൈവവിശ്വാസം അവതരിപ്പിച്ച സമൂഹമാണ് യഹൂദർ. ദൈവത്താൽ നിയുക്തരായ പ്രവാചകന്മാരെപ്പോലും ക്രൂരതയുടെ പര്യായങ്ങളായി അവതരിപ്പിക്കാനാണ് യഹൂദർക്ക് താൽപര്യം. ഏതാനും ഉദാഹരണങ്ങൾ നേരത്തെതന്നെ വിശദമാക്കിയിട്ടുള്ളതാണ്.

പ്രവാചകനായ മൂസാ(അ) സ്ത്രീകളെയും കുട്ടികളെയും നിഷ്‌ക്കരുണം വധിച്ചുകളയാൻ കൽപിച്ചുവെന്നും അവരെ വെറുതെ വിട്ടതിന്റെ പേരിൽ അദ്ദേഹം സേനാധിപതികളോട് കോപിച്ചുവെന്നും ബൈബിൾ പഴയനിയമത്തിൽ കാണാം: “മോശെ ചോദിച്ചു: നിങ്ങൾ സ്ത്രീകളെയെല്ലാം വെറുതെ വിട്ടിരിക്കുന്നുവോ?... എല്ലാ ആൺകുട്ടികളെയും കൊല്ലുക, പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാൽ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെൺകുട്ടികളെയും നിങ്ങൾക്കായി ജീവനോടെ സൂക്ഷിക്കുക...’’ (സംഖ്യാപുസ്തകം 31:14-19).

“കർത്താവ് മോശയോട് അരുൾ ചെയ്തപ്രകാരം അദ്ദേഹം പുരുഷന്മാരെയെല്ലാം കൊന്നൊടുക്കി. അഞ്ചു രാജാക്കന്മാരെയും ബെയോറിന്റെ പുത്രനായ ബിലെയാമിനെയും അവർ വാളിന്ന് ഇരയാക്കി. മിദ്യാനിലെ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേൽക്കാർ തടവുകാരാക്കി. ആടുമാടുകളും സകല സമ്പത്തും അവർ കൊള്ളയടിച്ചു. അവർ പാർത്തിരുന്ന എല്ലാ നഗരങ്ങളും എല്ലാ പാളയങ്ങളും ഇസ്രയേൽക്കാർ ചുട്ടെരിച്ചു....’’ (സംഖ്യാപുസ്തകം 31:07-12).

കൈയടക്കുക, ഇരയാക്കുക, ചുട്ടെരിക്കുക തുടങ്ങിയ ഉന്മൂലന സിദ്ധാന്തങ്ങളെ സൂചിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാക്യങ്ങൾ യഹൂദരുടെ സുവിശേഷങ്ങളിൽ വ്യാപകമാണ്; വിശിഷ്യാ പഴയനിയമത്തിൽ. ഈ പ്രയോഗങ്ങൾ വ്യാപകമായി ഉപയോഗിച്ചിട്ടുള്ള 8 സ്ഥലങ്ങൾ പരിശോധിച്ചതിൽ എട്ടിലും ഉന്മൂലനത്തെയാണ് സൂചിപ്പിച്ചിട്ടുള്ളതെന്ന് കാണാൻ സാധിച്ചു. വിവിധ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ബൈബിൾ പഴയനിയമം ഇതിനായി പരിശോധിച്ച് ഉറപ്പാക്കാവുന്നതാണ്.

“റബ്ബ പിടിച്ചടക്കിയ ദാവീദ് പട്ടണം കൊള്ളയടിച്ചതും അതിലെ നിവാസികളെ അയാൾ അറപ്പുവാൾക്കാരും കുന്താലിക്കാരും കോടാലിക്കാരുമാക്കി. അവരെ ഇഷ്ടികച്ചൂളയിൽ പണിചെയ്യിച്ചു. അമ്മോനിയരുടെ നഗരങ്ങളിലെല്ലാം ഇതുതന്നെ അയാൾ ചെയ്തു...’’ (ശാമുവേൽ 12:26-31).

നിരവധി പ്രവാചകന്മാരെയാണ് യഹൂദർ ക്രൂരമായി കൊലപ്പെടുത്തിയത്. ദാനിയാൽ, യഹിയ, സഖരിയ്യ തുടങ്ങിയവർ യഹൂദരുടെ കരാളഹസ്തങ്ങൾക്കിരയായി. ദൈവിക നിർദേശങ്ങളനുസരിച്ച് ജനങ്ങൾക്ക് വേദോപദേശങ്ങൾ നൽകിയ യിരമ്യാ പ്രവാചകനെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചു. ഒരു തവണയല്ല, പലതവണ ഈ സംഭവം ആവർത്തിച്ചു. “കർത്താവിന്റെ ആലയത്തിൽ യിരമ്യാ വചനങ്ങൾ സംസാരിക്കുന്നത് പുരോഹിതരും പ്രവാചകരും സർവ്വജനങ്ങളും കേട്ടു. എല്ലാ ജനങ്ങളോടും പറയണമെന്ന് കർത്താവ് കൽപ്പിച്ചിരുന്നവയെല്ലാം യിരെമ്യാ സംസാരിച്ചു കഴിഞ്ഞപ്പോൾ, പുരോഹിതന്മാരും പ്രവാചകന്മാരും സർവ്വജനങ്ങളും ചേർന്ന് അദ്ദേഹത്തെ പിടികൂടി പറഞ്ഞു: നീ മരിക്കണം, ഈ ആലയം ശീലോയെപ്പോലെയാകും. ഈ നഗരം നിവാസികളില്ലാതെ ശൂന്യമാകും എന്ന് നീ എന്തിന് കർത്താവിന്റെ നാമത്തിൽ പ്രവചിച്ചു...’’ (യിരെമ്യാ. 26: 7-9).

ഈസബിൻ മർയമി(അ)നെ ജീവിതകാലം മുഴുവനും പീഡനപരമ്പരകളുമായി പിന്തുടർന്നത് യഹൂദരാണ്. അവർ അദ്ദേഹത്തെ കുരിശിലേറ്റി വധിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പരിശുദ്ധിയെ അല്ലാഹു സംരക്ഷിച്ചു. യഹൂദർ അദ്ദേഹത്തെപ്പറ്റി പ്രചരിപ്പിച്ച അപവാദങ്ങൾ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. കഥയറിയാതെ ഒരുവിഭാഗം ക്രിസ്ത്യാനികളും യഹൂദരുടെ ഈ ആരോപണങ്ങളെ ചുമന്നുനടക്കുന്നു. മർയമിന്റെ പുത്രനോട് സമാനതകളില്ലാത്ത വംശീയതയും ക്രോധവും പുലർത്തുന്ന യഹൂദർ അദ്ദേഹത്തെ ഒരു പ്രവാചകനായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, ക്രിസ്ത്യാനികളോട് അവർക്ക് തികഞ്ഞ ക്രോ ധവും വിദ്വേഷവുമാണ്.

നിലവിലെ മധ്യേഷ്യൻ രാഷ്ട്രീയം കലുഷിതമാകുമ്പോൾ യഹൂദർ ഉയർത്തിക്കാട്ടുന്ന മുഖ്യ തുറുപ്പുചീട്ടാണ് ‘ഇസ്രായേലിന്റെ മക്കൾ-ദൈവമക്കൾ’ എന്ന മുദ്രാവാക്യം. ഇത് യുദ്ധസമാനമായ സാഹചര്യത്തിൽ മാത്രമാണ് യഹൂദർക്ക് ഓർമവരാറുള്ളത്. സ്വന്തം നിലനിൽപിനും യൂറോപ്പിൽനിന്നുള്ള സാമ്പത്തിക സമാഹരണത്തിനുമായി യഹൂദർ വ്യാപകമായി പ്രചരിപ്പിക്കുന്ന ഈ ‘അവിശുദ്ധ വാക്യം’ ചരിത്രമറിയാതെയും പൊരുൾ മനസ്സിലാക്കാതെയും ഒരുവിഭാഗം ക്രിസ്ത്യാനികൾ ചുമന്നുനടക്കുന്നു. നിലവിലെ പോരാട്ടത്തിനിടയിൽ ഗസ്സയിൽ തകർത്തെറിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ക്രിസ്ത്യാനികളുടെ നിരവധി ചർച്ചുകളുമുണ്ടെന്ന വസ്തുതയെ ‘കാസ-ക്രിസംഘി’കൾക്കുപോലും നിഷേധിക്കാൻ സാധിക്കാത്ത നിലയിലാണ് അന്താരാഷ്ട്ര മീഡിയകൾ ഉയർത്തിക്കാട്ടിയത്.

ഗസ്സയിലെ മുസ്‌ലിം ഉന്മൂലനത്തിനെതിരെ പ്രതിഷേധവും പ്രതിരോധവുമായി രംഗത്തു വന്നവരിൽ യഹൂദക്രൂരതയുടെ ചരിത്രം പഠിച്ച് മനസ്സിലാക്കിയ നിരവധി ക്രൈസ്തവ സഹോദരങ്ങളുമുണ്ടെന്ന യാഥാർഥ്യം മുസ്‌ലിം സമൂഹത്തിനൊരിക്കലും വിസ്മരിക്കാനാവില്ല. യുദ്ധം തകർത്തെറിഞ്ഞ ഫലസ്തീനിലെ ബേത്‌ലഹേം പട്ടണത്തിൽ യേശു പിറന്നുവെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന പ്രദേശങ്ങളിലെല്ലാം ഇത്തവണ കാലിത്തൊഴുത്തിനും പുൽക്കൂടിനും പകരം ഒരുക്കപ്പെട്ടത് തകർക്കപ്പെട്ട കോൺക്രീറ്റ് കഷ്ണങ്ങൾ കൊണ്ടുള്ള പുൽക്കൂടുകളാണ്. മുസ്‌ലിം സമൂഹത്തോടുള്ള സപ്പോർട്ടും യഹൂദരുടെ ക്രൂരമനസ്സിനോടുള്ള പ്രതികരണവുമായിരുന്നു ഈ ചിത്രീകരണത്തിനു പിന്നിൽ. കാസ-ക്രിസംഘികൾ ഇതൊന്നും കണ്ടഭാവം പോലും നടിച്ചിട്ടില്ല.

ഈസബ്‌നു മർയമിനെയും മുഹമ്മദ് നബിയെയും അപകടപ്പെടുത്താൻ ശ്രമം

ഇബ്‌നു മർയമി(അ)നെ അപായപ്പെടുത്താൻ ശ്രമിച്ച യഹൂദർ മുഹമ്മദ് നബി(സ്വ)യെയും അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. മുഹമ്മദ് നബി(സ്വ)യുടെ ജനനത്തെ പോലും യഹൂദർ വളരെ അപകടകരമായ ഒരു പ്രതിഭാസമായിട്ടാണ് വീക്ഷിച്ചിരുന്നത്. അതിനാൽ അദ്ദേഹത്തെ തുടക്കത്തിലേ ഇല്ലായ്മ ചെയ്യാനുള്ള കരുക്കൾ അവർ നീക്കിയിരുന്നതായി ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നു.

ഏകദേശം പന്ത്രണ്ട് വയസ്സ് പ്രായമുള്ള സമയത്ത് അനാഥനായിരുന്ന മുഹമ്മദ് തന്റെ രക്ഷിതാവും സംരക്ഷകനുമായ അബൂത്വാലിബിനും ഖുറൈശി വ്യാപാരസംഘത്തിനുമൊപ്പം ശാമിലേക്ക് കച്ചവടത്തിനായി യാത്രതിരിച്ചു. യാത്രാമധ്യെ അവർ ഒരു വേദപുരോഹിതനെ കണ്ടുമുട്ടി. അവിടെ അവർ വിശ്രമിക്കാൻ തീരുമാനിച്ചു. കച്ചവട സാമഗ്രികൾ ഇറക്കിവച്ചു. യാത്രക്കാർ പുരോഹിതനെ അദ്ദേഹത്തിന്റെആശ്രമത്തിൽ ചെന്ന് സന്ദർശിക്കുന്നതായിരുന്നു പതിവ്. എന്നാൽ ഈ സംഘത്തെ കണ്ടപ്പോൾ പുരോഹിതൻ അവരിലേക്ക് ഇറങ്ങിവരികയും അവരെ സ്വാഗതം ചെയ്യുകയും ചെയ്തു.

ബാലനായ മുഹമ്മദിനെ കണ്ട് പുരോഹിതൻ അദ്ദേഹത്തിന്റെ കരങ്ങളിൽ പിടിച്ച് ഇങ്ങനെ ഉരുവിട്ടു: “ഇത് ലോകത്തിന്റെ നേതാവാണ്. സർവലോക രക്ഷിതാവ് പ്രവാചകനായി നിയോഗിച്ച വ്യക്തിയാണ്. ലോകത്തിനാകമാനം കരുണയും കാരുണ്യവുമായിട്ടാണ് ഇദ്ദേഹത്തിന്റെ നിയോഗം...’’ അത്ഭുതത്തോടെ ഖുറൈശി പ്രഭുക്കന്മാർ പുരോഹിതനോട് ‘താങ്കൾക്ക് ഇതെങ്ങനെ മനസ്സിലായി’ എന്ന് അന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ അഖബയിൽനിന്നും യാത്രപുറപ്പെട്ട സമയംമുതൽ എല്ലാ കല്ലുകളും മരങ്ങളും സുജൂദിലായിരുന്നു. ഒരു പ്രവാചകനു വേണ്ടി മാത്രമെ ഇങ്ങനെ സംഭവിക്കുകയുള്ളു. ഇദ്ദേഹത്തിന്റെ തോളിന്റെ ഭാഗത്ത് ഒരു ചെറിയ ആപ്പിൾ വലിപ്പത്തിൽ പ്രവാചകത്വത്തിന്റെ അടയാളം പ്രകടമാണ്...’’

പിന്നീട് പുരോഹിതൻ പ്രസ്തുത കച്ചവടസംഘത്തിന് ഭക്ഷണമൊരുക്കിക്കൊടുത്തു. ഈ ബാലനെ റോമക്കാരുടെ ശ്രദ്ധയിൽപ്പെടാതെ സംരക്ഷിക്കണമെന്നും, അവർ ഈ കുട്ടിയെ അപകടത്തിൽപെടുത്താൻ സാധ്യതയുണ്ടെന്നും പുരോഹിതൻ അവർക്ക് മുന്നറിയിപ്പ് നൽകി. ഈ സമയം തന്നെ ഈ അത്ഭുതബാലനെ അന്വേഷിച്ചുകൊണ്ട് റോമാ ചക്രവർത്തിയുടെ പടയാളികൾ അവിടെ എത്തിയിരുന്നു. സത്യസന്ധനായ പുരോഹിതനിൽനിന്നും മുഹമ്മദ് നബിയുടെ നുബുവ്വത്തിന്റെയും രിസാലത്തിന്റെയും സന്ദേശം മനസ്സിലാക്കിയ റോമൻ സൈനികർ പുരോഹിതന്റെ സത്യസന്ധമായ നിർദേശങ്ങളെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തു. പുരോഹിതൻ അവരെയും കേക്കും വെണ്ണയും നൽകി സൽക്കരിച്ചു.

ഈ ബാലൻ ശത്രുക്കളുടെ കണ്ണിൽ പെട്ടാലുണ്ടാകുന്ന അപകടങ്ങളെപ്പറ്റി പുരോഹിതനിൽനിന്നും മുന്നറിയിപ്പ് ലഭിച്ച ഖുറൈശി പ്രമാണിമാർ പിന്നീട് അബൂബക്കർ സ്വിദ്ദീഖ്, ബിലാൽ എന്നിവർക്കൊപ്പം മുഹമ്മദി(സ്വ)നെ മക്കയിലേക്ക് സുരക്ഷിതനായി മടക്കിയയച്ചു.

ശാമിലേക്കുള്ള യാത്രാമധ്യെ ബുസ്‌റാ എന്ന സ്ഥലത്തുവച്ച് കണ്ടുമുട്ടിയ വേദവിജ്ഞാനിയായ അദ്ദേഹത്തിന്റെ യഥാർഥ പേര് ജുർജിസ് എന്നായിരുന്നുവെങ്കിലും ‘ബുഹൈറാ പുരോഹിതൻ’ എന്ന പേരിലാണ് ക്രിസ്ത്യാനിയായ അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തിന്റെ യാഥാർഥ്യത്തെ സംബന്ധിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പ്രമുഖന്മാരായ പല ചരിത്രപണ്ഡിതന്മാരും ഈ സംഭവം അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ്(സ്വ) പിൽക്കാലത്ത് ജനങ്ങളെ പാരായണം ചെയ്തു കേൾപിച്ച വേദോപദേശങ്ങൾ പുരോഹിതനായ ബുഹൈറയിൽനിന്നും കണ്ടതും കേട്ടതുമാണെന്ന് ഒരുപറ്റം യഹൂദരും കഥയറിയാത്ത നസ്വാറാക്കളും പ്രചരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ആത്മപ്രതിരോധത്തിനുവേണ്ടി അവർ മെനെഞ്ഞെടുക്കുന്ന നനഞ്ഞപടക്കങ്ങൾ മാത്രമാണ് ഇവകളെന്ന് ബുദ്ധിയും വിവേകവുമുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കും.

പുരോഹിതനായ ബുഹൈറയിൽനിന്നും ഇങ്ങനെയുള്ള വേദോപദേശങ്ങൾ മുഹമ്മദ്(സ്വ) കോപ്പിയടിക്കണമെങ്കിൽ, ബുഹൈറയുടെ കൈവശമുള്ള വേദഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ അറിവിലും ഇത്തരം അറിവുകൾ സ്വാഭാവികമായും ഉണ്ടായിരിക്കണം. മുഹമ്മദ് നബിയിൽ നുബുവ്വത്തിന്റെയും രിസാലത്തിന്റെയും അടയാളങ്ങൾ പ്രകടമായി ദർശിച്ച ബുഹൈറയെയെങ്കിലും യഹൂദരും ക്രിസ്ത്യാനികളും അംഗീകരിക്കാൻ തയ്യാറായാൽ അവർക്ക്, വഴിയെ മുഹമ്മദ് നബി(സ്വ)യെ കണ്ടെത്താനാകുമെന്നതിൽ സംശയമില്ല.