ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2024 ജൂൺ 08, 1445 ദുൽഹിജ്ജ 01

(ഭാഗം:05)

36. ആരാധനാലയങ്ങൾ തകർക്കരുത്

വ്യക്തികളുടെ ശരീരവും സമ്പത്തും പോലെത്തന്നെ അവരുടെ ആരാധനാസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആരാധന തടയുന്നതും ആരാധനാലയങ്ങൾ തകർക്കുന്നതും ഏറ്റവും വലിയ അക്രമമായിട്ടാണ് ക്വുർആൻ കാണുന്നത്. അല്ലാഹു പറയുന്നു:

“അല്ലാഹുവിന്റെ പള്ളികളിൽ അവന്റെ നാമം പ്രകീർത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും അവയുടെ (പള്ളികളുടെ) തകർച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനെക്കാൾ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവർക്ക് ആ പള്ളികളിൽ പ്രവേശിക്കാവതല്ലായിരുന്നു. അവർക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും’’ (2:114).

ഇസ്‌ലാമിക സന്ദേശത്തിന്റെ വ്യാപനാർഥം മുസ്‌ലിംകൾ അറേബ്യൻ ഉപദീപിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ട സന്ദർഭങ്ങളിൽ അന്യമതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കരുതെന്ന് നബിﷺ പ്രത്യേകം നിർദേശം നൽകിയിരുന്നു.

37. മതപരിവർത്തനത്തിന് നിർബന്ധിക്കരുത്

മതപ്രബോധനം വിശ്വാസികളുടെ ബാധ്യതയാണെങ്കിലും ആളുകളെ നിർബന്ധിച്ച് മതത്തിൽ ചേർക്കാൻ ഇസ്‌ലാം കൽപിക്കുന്നില്ല. സത്യസന്ദേശം അറിയിച്ചുകൊടുക്കുകയും അത് തെരഞ്ഞെടുക്കാൻ അവർക്ക് അവസരം നൽകുകയുമാണ് വേണ്ടത്. സത്യമാർഗം സുവിദിതമായിരിക്കെ ബലപ്രയോഗത്തിന്റെ ആവശ്യമില്ലെന്നാണ് ക്വുർആൻ പറയുന്നത്.

“മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സൻമാർഗം ദുർമാർഗത്തിൽനിന്ന് വ്യക്തമായിവേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവൻ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (2:256).

38. അശുദ്ധമായത് ആഹരിക്കരുത്

മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് അനിവാര്യമായ ഭക്ഷണരീതിയാണ് ഇസ്‌ലാം നിർദേശിക്കുന്നത്. രോഗത്തിന് കാരണമായിത്തീരുന്ന ഭക്ഷ്യവസ്തുക്കൾ വർജിക്കാനാണ് ക്വുർആൻ കൽപിക്കുന്നത്. ജാഹിലിയ്യ കാലത്ത് ആളുകൾ ചത്ത മൃഗങ്ങളുടെ ഭക്ഷണം കഴിച്ചിരുന്നു. ഒരു മൃഗം ചാവുന്നത് സാധാരണഗതിയിൽ വല്ല രോഗവും ബാധിച്ചതുകൊണ്ടായിരിക്കുമല്ലോ, ഇങ്ങനെ ചാവുന്ന മൃഗങ്ങളുടെ മാംസത്തിൽ രോഗാണുക്കളുടെ സാന്നിധ്യമുണ്ടാകുകയും അത് കഴിക്കുന്നത് അസുഖത്തിനോ മരണത്തിനോ കാരണമായിത്തീരുകയും ചെയ്‌തേക്കാം. അതുകൊണ്ട് തന്നെ ഇസ്‌ലാം ചത്ത മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് അനുവദിക്കുന്നില്ല. അതുപോലെ ഒട്ടേറെ രോഗങ്ങൾക്ക് ഇടവരുത്തുന്ന പന്നിമാംസവും ഇസ്‌ലാം വിലക്കുന്നു. ഇതൊക്കെ നാം കാണുന്ന ഭൗതിക കാരണങ്ങളാണ്. അല്ലാഹു വിന്റെ യുക്തി നമുക്കറിയില്ല. നിഷിദ്ധമായ ആഹാരങ്ങളെക്കുറിച്ചാണ് താഴെ വരുന്ന രണ്ട് വചനങ്ങൾ വ്യക്തമാക്കുന്നത്. അല്ലാഹു പറയുന്നു:

“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമെ അവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാൻ) നിർബന്ധിതനായാൽ അവന്റെ മേൽ കുറ്റമില്ല. (എന്നാൽ) അവൻ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (2:173).

“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റു ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽനിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്കു മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതൊക്കെ അധർമമാകുന്നു. ഇന്ന് സത്യനിഷേധികൾ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തിൽ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാൽ അവരെ നിങ്ങൾ പേടിക്കേണ്ടതില്ല. എന്നെ നിങ്ങൾ പേടിക്കുക. ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാൻ നിർബന്ധിതനാകുന്നപക്ഷം അവൻ അധർമത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു’’ (5:3).

39. മദ്യപിക്കരുത്, ചൂതാട്ടം നടത്തരുത്

മദ്യം വിഷമാണെന്നും അത് ഒട്ടേറെ സാമൂഹ്യവിപത്തുകൾക്ക് വഴിവെക്കുമെന്നുമെന്നുമുളള വസ്തുത ഇന്ന് പരിഷ്‌കൃത സമൂഹത്തെ പറഞ്ഞറിയിക്കേണ്ടതില്ല. സമൂഹത്തിന്റെ സാമ്പത്തിക സുസ്ഥിതിയുടെ നട്ടെല്ലൊടിക്കുന്ന ചൂതാട്ടം പോലുളള ധനാഗമന മാർഗങ്ങളും ക്വുർആൻ വിരോധിച്ച കാര്യങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:

“(നബിയേ,) നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങൾക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തക്കാൾ വലുത്...’’ (2:219).

“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം’’ (5:90).

40. പലിശ മുതൽ തിന്നരുത്

അദ്ധ്വാനമില്ലാതെ, സാമ്പത്തിക ചൂഷണത്തിലൂടെ നേടുന്ന പലിശ ഇന്ന് സമൂഹത്തിൽ പടർന്ന് പിടിച്ചിരിക്കുകയാണ്. സാമ്പത്തിക രംഗത്ത് മൂല്യശോഷണത്തിനും ഒട്ടേറെ വിപത്തുകൾക്കും ഇത് കാരണമായിത്തീരുന്നുണ്ട്. മനുഷ്യത്വരഹിതമായ ഇത്തരം ഇടപാടുകൾ ഇസ്‌ലാം അല്പം പോലും അനുവദിക്കുന്നില്ല. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ വിജയികളായേക്കാം’’ (3:130).

പലിശ തിന്നുന്നവർക്കുളള ശിക്ഷയും ക്വുർആൻ വിവരിക്കുന്നുണ്ട്: “പലിശ തിന്നുന്നവർ പിശാചു ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശപോലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയിൽനിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്കുതന്നെ) മടങ്ങുകയാണെങ്കിൽ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധർമങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുർവൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല’’ (2:276).

41. കൊലപാതകം അരുത്

സമുഹത്തിൽ കൊലപാതകങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. പലപ്പോഴും നിസ്സാര കാരണങ്ങളാണ് കൊലപാതകത്തിൽ എത്താറുളളത്. ജീവൻ പവിത്രമായതുകൊണ്ടും അത് നൽകാൻ സ്രഷ്ടാവിനല്ലാതെ മറ്റാർക്കും കഴിയാത്തതുകൊണ്ടും കൊലപാതകത്തെ വൻപാപങ്ങളിലാണ് ഇസ്‌ലാം എണ്ണുന്നത്.

“അല്ലാഹു പവിത്രത നൽകിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാൻ) അധികാരം വെച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ അവൻ കൊലയിൽ അതിരുകവിയരുത്. തീർച്ചയായും അവൻ സഹായിക്കപ്പെടുന്നവനാകുന്നു’’ (17:33).

“ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂർവം കൊലപ്പെടുത്തുന്നപക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതിൽ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്’’ (4:93)

42. വ്യഭിചരിക്കരുത്

എയിഡ്‌സ് പോലുളള മാരകരോഗങ്ങളുടെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് വ്യഭിചാരവും വഴിവിട്ട ലൈംഗികബന്ധങ്ങളുമാണ്. നിയമാനുസൃതമല്ലാത്ത ബന്ധങ്ങൾ വേറെയും ഒട്ടനവധി രോഗങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. വിവാഹബന്ധവും വിവാഹേതരബന്ധവും തമ്മിൽ ഭൗതിക കാഴ്ചപ്പാടിൽ വ്യത്യാസമൊന്നുമില്ലെങ്കിലും രോഗങ്ങൾ പൊതുവെ കുത്തഴിഞ്ഞ ലൈംഗികതയുളളവരിൽ മാത്രമെ കാണപ്പെടുന്നുളളൂ.

“നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു’’ (17:32).