കപട പുരോഗമനവാദികളുടെ തലതിരിഞ്ഞ ചരിത്രവീക്ഷണം
സഹൽ ആദം
2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

ഒരുപാട് മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചുകൊണ്ടാണ് കാലമിന്ന് നമ്മൾ നിലകൊള്ളുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്നത്. ഇന്നേവരെയുള്ള കാലഘട്ടങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഏറ്റവും സാങ്കേതികപുരോഗതി കൈവരിച്ചതാണ് വർത്തമാനകാലമെന്നു പറയാം. എന്നാൽ നൂറുവർഷങ്ങൾക്കു മുമ്പ്, അക്കാലഘട്ടം ഏറ്റവും പുരോഗതി പ്രാപിച്ച കാലമായി അന്നുള്ള മനുഷ്യർ കണക്കാക്കിയിട്ടുണ്ടാവുക സ്വാഭാവികം. ഏതൊരു കാലഘട്ടത്തിലെയും മനുഷ്യർ അവർ ജീവിക്കുന്ന കാലത്തെ ഏറ്റവും പുരോഗതി പ്രാപിച്ച കാലമായി കണക്കാക്കുമെന്നു സാരം.
വൈദ്യുതി കണ്ടുപിടിച്ചത് വർഷങ്ങൾക്കു മുമ്പ് ജീവിച്ച വ്യക്തിയാണ്. കുറെ കാലം മുമ്പ് ജനിക്കുകയും ജീവിക്കുകയും ചെയ്തു എന്നതുകൊണ്ട് അയാളുടെ ചിന്തകൾക്ക് വർത്തമാനകാലത്ത് പ്രസക്തിയില്ലാതാകുന്നില്ല. അഥവാ, കഴിഞ്ഞ കാലത്തിന്റെ തുടക്കങ്ങളെ നിരാകരിച്ചുകൊണ്ട് വർത്തമാന കാലത്തെ പുരോഗതിയെക്കുറിച്ച് സംസാരിക്കാൻ നമുക്ക് സാധ്യമല്ല. ഓരോ കാലഘട്ടവും അതാത് കാലത്തെ ഉന്നതിയിലായിരുന്നു എന്നുവേണം വായിക്കാൻ.
പരിഷ്‌കാരമെന്തെന്നറിയാത്ത പണ്ടത്തെ ആളുകളുടെ ജീവിതരീതി സ്വീകരിച്ചവർ എന്ന് മതജീവിതം നയിക്കുന്നവരെ നോക്കി വിമർശകർ പരിഹസിക്കാറുണ്ട്. പഴക്കമുണ്ട് എന്നതുകൊണ്ട് മാത്രം വർത്തമാനകാലത്ത് മതം അപ്രസക്തമാണെന്നു പറയുന്നതിൽ വല്ല അർഥവുമുണ്ടോ? അവർക്കെങ്ങനെയാണ് ചരിത്രപുരുഷമാരെ കുറിച്ച് സംസാരിക്കാനാവുക?
പുതിയ കാലഘട്ടമാണ് ഏറ്റവും മുന്തിയതെന്നും പഴയ കാലത്തെക്കാൾ വലിയ കാര്യങ്ങൾ നടക്കുന്നത് വർത്തമാനകാലത്താണെന്നും അതിനാൽ വർത്തമാനകാലത്ത് ഉടലെടുത്ത ചിന്തകൾക്കാണ് നവീകരണ സ്വഭാവമുള്ളതെന്നും പറഞ്ഞ് മതത്തെ പിൻപറ്റുന്നവരെ ‘പഴഞ്ചൻ’മാരായി മുദ്രകുത്താനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ‘നൂറു വർഷങ്ങൾക്ക് മുമ്പുള്ള ഒരാൾക്ക് ശാസ്ത്രത്തെ കുറിച്ച് എന്തറിയാം’ എന്ന ചോദ്യമുയർത്തി പഴയ കാലത്തെ ആളുകൾ പുരോഗതി പ്രാപിക്കാത്തവരാണെന്നു വരുത്തി, നൂറ്റാണ്ടുകൾ പഴക്കമുള്ള; നൂതന ചിന്തകൾ ഇല്ലാത്ത മനുഷ്യർ അനുഷ്ഠിച്ച മതാചാരങ്ങൾ ഇന്നും അതേപടി അനുഷ്ഠിക്കുന്നവർ എന്ന് മതവിശ്വാസികളെ ഒരു ‘ലോകസഞ്ചാരി’ വിമർശിക്കുന്നതായി കണ്ടു.
ആധുനിക വൈദ്യശാസ്ത്രം ഇന്ന് പുരോഗതിയുടെ നെറുകയിലാണ്. എന്നാൽ 1200 വർഷം മുമ്പ് ജീവിച്ചിരുന്ന ഇബ്‌നു സീന അദ്യകാല ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന മഹാനായ തത്ത്വചിന്തകനാണ് എന്ന ചരിത്രവസ്തുത ഈ സഞ്ചാരി മനസ്സിലാക്കിയിട്ടില്ലേ? പഴയ കാലഘട്ടത്തിലെ മനുഷ്യരെല്ലാം പുരോഗതി പ്രാപിക്കാത്ത ചിന്താഗതിക്കാരാണെന്നു മുദ്രകുത്തിയാൽ മതത്തെ തള്ളുന്നത് പോലെത്തന്നെ ഭൂതകാലത്തെ ശാസ്ത്രജ്ഞരെയും പണ്ഡിതരെയും ആധുനികർ എന്ന് സ്വയം വിളിക്കുന്നവർക്ക് തള്ളേണ്ടിവരുമെന്നതാണ് യാഥാർഥ്യം. ഇബ്‌നു ഖൽദൂൻ തൊട്ട് ദെക്കാർത്ത, കാറൽ മാർക്‌സ്, ലോക്ക്, ഹ്യൂം, ടോയൻബി തുടങ്ങിയ ഒട്ടേറെ പ്രശസ്തരും അത്ര പ്രശസ്തരല്ലാത്തവരുമായ ചരിത്രകാരൻമാരും ദാർശനികന്മാരുമൊന്നും ചരിത്രത്തെ ഇങ്ങനെ സമീപിക്കാമെന്ന് അഭിപ്രായപ്പെട്ടവരല്ല. വർത്തമാനകാലത്തെ ഇസ്‌ലാം ഭൂതകാലത്തെ ഒരു പിന്തുടർച്ച മാത്രമാണ്. ഇസ്‌ലാമികലോകത്ത് ധാരാളം ഉന്നതരായ പണ്ഡിതരും ശാസ്ത്രജ്ഞരും കഴിഞ്ഞുപോയിട്ടുണ്ട്. അതൊക്കെ കണ്ടില്ലെന്നു നടിച്ച്, വർത്തമാനകാലത്ത് വിവരമില്ലാത്തവരുടെ പഴഞ്ചൻ വിശ്വാസത്തിന്റെ പിന്നാലെ പോകുകയോ എന്ന ചോദ്യം നിരർഥകമാണ്.
ആധുനികത എന്ന പ്രയോഗം ലോകത്ത് ഉടലെടുക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ്. രണ്ടാം ലോകയുദ്ധാനന്തരം ഉത്തരാധുനികതയും ഉടലെടുക്കുന്നു. ഇന്ന് അത് മെറ്റാ മോഡേണിസത്തിലേക്ക് എത്തിനിൽക്കുകയാണ്. മെറ്റാ മോഡേണിസം ചർച്ചചെയ്യുന്നതാകട്ടെ സ്‌നേഹം, പരസ്പര ബന്ധം പോലുള്ള വിഷയങ്ങളാണ്. അതാകട്ടെ ആധുനിക മുദ്രവാക്യമായ ‘യുവർ ലൈഫ്, യുവർ ചോയ്‌സ്’ എന്നതിന് നേർവിപരീതമായ തലങ്ങളാണ്. നവീകരണവാദികളുടെ ഭാഷയിൽ പറഞ്ഞാൽ പഴയ കാലത്തിലേക്ക് മടങ്ങുകയാണ്.
‘ശാസ്ത്ര-സാങ്കേതികരംഗത്തു മാത്രമല്ല, വിശ്വാസരംഗത്തും പുരോഗതി കൈവരിക്കണം. അതിന്റെ അടയാളമാണ് നിരീശ്വര വിശ്വാസം’ എന്നും ഇക്കൂട്ടർ പറയുന്നു. ദൈവമുണ്ടെന്ന വിശ്വാസം പുരാതനമാണ്, അതിൽ വന്ന പുരോഗതിയാണ് നിരീശ്വരവാദമത്രെ. ശാസ്ത്രബോധമുള്ളവർ ലോകം നിയന്ത്രിക്കുന്നത് ദൈവമാണെന്ന അന്ധമായ വിശ്വാസംവെച്ചുപുലർത്തുമോ എന്ന ചോദ്യം ഉയരുന്നത് അങ്ങനെയാണ് . യഥാർഥത്തിൽ ഇസ്‌ലാമിന്റെ അന്തിമദൂതനായ മുഹമ്മദ് നബിﷺക്കും മുമ്പേ നിരീശ്വര വിശ്വാസം നിലവിലുണ്ട്. ബിസി ആറാം നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന വിഭാഗമാണ് ചാർവാക നിരീശ്വര വാദികൾ. ഇന്നീ കാണുന്ന ശാസ്ത്രപുരോഗതി ഉണ്ടായിട്ടാണോ അന്ന് നിരീശ്വരവാദം ഉണ്ടായത്? പഴകാലത്തെ വിശ്വാസാചാരങ്ങളെ പുൽകുന്നവരെല്ലാം മണ്ടന്മാരാണെന്ന ഇവരുടെ വാദപ്രകാരം ഇന്നത്തെ നിരീശ്വരവാദികളെ എന്തു പേരിലാണ് വിശേഷിപ്പിക്കേണ്ടത്?
നിരീശ്വരവാദത്തിന്റെ അകിടിൽനിന്നു വരുന്ന പാലാണ് ലിബറലിസം. ലിബറലിസം പോലുള്ള പുതിയതെന്നു വിളിക്കപ്പെടുന്ന ചിന്തയും യഥാർഥത്തിൽ ഉടലെടുക്കുന്നതാകട്ടെ ഗ്രീക്ക്, റോമൻ ഫിലോസഫിയിൽനിന്നുമാണ്. അതിനെയാണ് ജോൺ ലൂക്കിനെ പോലുള്ളവർ പിൽക്കാലത്ത് പൊടി തട്ടിയെടുത്ത് ആധുനിക ലിബറലിസമായി ബൈൻഡ് ചെയ്ത് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. മൂല്യങ്ങളുടെ ശരികേടുകളെ നിർവചിക്കാൻ കാലത്തെ അളവുകോലാക്കാൻ ശ്രമിക്കുന്നവർക്ക് സ്വർവർഗ രതിയടക്കമുള്ളവയെ നിഷേധിക്കേണ്ടിവരും. വിശുദ്ധ ക്വുർആൻ സ്വവർഗ രതിയെ കുറിച്ച് പറയുന്നതു തന്നെ നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു സമൂഹം നശിപ്പിക്കപ്പെടാൻ കാരണമായ തിന്മ എന്ന നിലക്കാണ്. അഥവാ, ക്വുർആനിന്റെ അവതരണത്തിന് എത്രയോ മുമ്പുതന്നെ ഒരു പ്രദേശത്ത് നിലനിന്നിരുന്ന ദുഷിച്ച ഏർപ്പാടായിരുന്നു സ്വവർഗരതി. പഴയതൊക്കെ മോശമെന്ന് പറയുന്നവർ പിന്നെയെങ്ങനെയാണ് പുതിയ കാലത്ത് ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും ലൈംഗികതയാകാമെന്നു പറയുക? അതെങ്ങനെയാണ് പുരോഗമനമാവുക?
പുരാതനകാലത്ത് നിലനിന്നിരുന്നു എന്നതിന്റെ മാത്രം പേരിൽ ഒരു മൂല്യത്തെ നിരാകരിക്കുവാനോ വർത്തമാനകാലത്ത് പറ്റാത്ത ഒന്നെന്നു പറയുവാനോ സാധ്യമല്ല. ഇന്റർനെറ്റ് വിപ്ലവാനന്തര മാറ്റങ്ങളെ ജീവിത മൂല്യങ്ങളുടെ പുരോഗതിയായി ചിത്രീകരിക്കാൻ ശ്രമിച്ചതാണ് വീഴ്ചയുടെ അടിസ്ഥാനം. ഭൗതിക പുരോഗതിയും ജീവിത മൂല്യങ്ങളായ മതവും ഒരിക്കലും തമ്മിൽ ഏറ്റുട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. 2 ജി മാറി 5 ജി വന്നതുകൊണ്ട് ഒരു വ്യക്തിക്ക് 1400 വർഷങ്ങൾക്ക് മുമ്പുള്ള അഞ്ചുനേരത്തെ നമസ്‌കാരം നിർവഹിക്കുന്നതിൽ എവിടെയാണ് തടസ്സമുള്ളത്? കുടിലുകൾ മാറി ഉന്നതസൗധങ്ങൾ വന്നെന്നു കരുതി 1400 വർഷങ്ങൾക്ക് മുമ്പുള്ള നോമ്പ് അനുഷ്ഠിക്കുന്നതിൽനിന്നും ഒരാളെ തടയുന്ന എന്ത് ഘടകമാണ് ഉള്ളത്?
നിരന്തര പഠനങ്ങളാൽ സംഭവിക്കുന്ന പുതിയ കണ്ടുപിടിത്തങ്ങളുടെ രംഗം മാത്രമാണ് ശാസ്ത്രം. ശാസ്ത്രമെത്ര പുരോഗമിച്ചാലും ധാർമികതയെ നിർവചിക്കാൻ അതിന്നാകില്ല. ശാസ്ത്ര മേഖല ഭൗതിക ലോകത്തെ കുറിച്ച് മാത്രമാണ് പഠനഗവേഷണ വിധേയമാക്കുന്നത്. മതമാകട്ടെ ഭൗതികത അടങ്ങുന്ന മനുഷ്യന്റെ ജീവിത മൂല്യങ്ങളെ കുറിച്ചും. നിർമിത ബുദ്ധി (എ.ഐ) പോലുള്ള വളർച്ചയുടെ ലോകത്ത് സൈബർ ചൂഷണങ്ങൾ വ്യാപിക്കുന്ന വാർത്തകളാണ് നാം കേൾക്കുന്നത്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ചൂഷണമുക്ത ജീവിതരീതി ധാർമികതയുടെ അടിത്തറയിലുള്ള, പരലോകവിജയം ലക്ഷ്യം വെച്ചുള്ളതാണ്. അവ ഉൾകൊള്ളുന്ന ഒരു വിശ്വാസിക്ക് ഉന്നത ധാർമികബോധമുള്ള ശാസ്ത്രജ്ഞനായി സമൂഹത്തിൽ നിലകൊള്ളാൻ യാതൊരു തടസ്സവുമില്ല. മറ്റുള്ളവർക്കും അതുകൊണ്ട് ഉപദ്രവമൊന്നുമില്ല.
വ്യക്തി, കുടുംബം, സമൂഹം, സമുദായം, രാജ്യം എന്നിങ്ങനെ എല്ലാതലങ്ങളിലുമുള്ള നീതിപൂർണമായ നിയമവ്യവസ്ഥ ഇസ്‌ലാമിനുണ്ട്. ജീവിതത്തിന് നിയതമായ ഒരു ലക്ഷ്യവും മാർഗവും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. കൃത്യമായ ലക്ഷ്യവും നിർണിതമായ മാർഗവുമില്ലാതെ, തോന്നിയപോലെ ജീവിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അതാണ് അരാജകവാദികൾക്ക് ദഹിക്കാത്തതും.
ഇസ്‌ലാമിനെ ഒരു പ്രാചീന ഗോത്രവാസികളുടെ ജീവിതക്രമമായി ചിത്രീകരിക്കുന്നവരുടെ ലക്ഷ്യം കുത്തഴിഞ്ഞ ലൈംഗികതയും ഉത്തരവാദിത്തങ്ങളില്ലാത്ത സർവതന്ത്ര സ്വതന്ത്ര ജീവിതവുമാണ്. ഒരുകാലത്ത് മാറു മറച്ച് നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സ്ത്രീകൾ സമരം നടത്തിയ നാട്ടിൽ ഇന്ന് അവരെക്കൊണ്ട് മാറ് തുറന്ന് പ്രദർശിപ്പിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനായി സമരം ചെയ്യിക്കുന്നു. അഥവാ പഴയ കാലത്തേക്ക് തിരിച്ചുനടത്താൻ ശ്രമിക്കുന്നു! പുരോഗമന വാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് ഇതിനു പിന്നിൽ എന്നതാണ് വിചിത്രം. ഇത്തരം അധർമങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാൻ ആവശ്യപ്പെടുന്ന ഇസ്‌ലാമിനെ ആറാം നൂറ്റാണ്ടിലെ പഴഞ്ചൻ ബസ്സെന്ന് ചാപ്പയടിച്ചാൽ വണ്ടിയിൽ ആളുകേറില്ല എന്നാണ് ഇവരുടെ വിചാരം.
തങ്ങളുടെ ഇച്ഛകൾക്കും ഇംഗിതങ്ങൾക്കും അനുസരിച്ചു ജീവിക്കാനുള്ള സ്വാത്രന്ത്ര്യം മതം നിരസിക്കുന്നു. സാമ്പത്തിക, ദാമ്പത്യ, സാമൂഹിക മേഖലകളിലെന്നല്ല ജീവിതത്തിന്റെ എല്ലാ തുറകളിലും ഇസ്‌ലാമിന് നിയമങ്ങളുണ്ട്. പലിശയും വ്യഭിചാരവും എല്ലാവിധ ലഹരിവസ്തുക്കളും ഇസ്‌ലാം നിഷിദ്ധമെന്നു പ്രഖ്യാപിക്കുന്നു. അതൊക്കെയാണ് ഈ ചാപ്പയടിക്കു കാരണം.
ജീവിതം എങ്ങനെയും ആസ്വദിക്കണമെന്ന ചിന്തയിൽ നടക്കുന്ന കപട പുരോഗമനവാദികൾക്ക് മൂല്യങ്ങളുടെ കലവറയായ ഇസ്‌ലാം ഒരു ഭീതി തന്നെയാണ്. ആറാം നൂറ്റാണ്ടിലെ അറേബ്യയെക്കുറിച്ചു പഠിച്ചാൽ സാർവകാലിക ധാർമികമൂല്യങ്ങളുടെ അനുഷ്ഠാനത്താൽ അറബ് സമൂഹത്തെ സംസ്‌കരിച്ച പ്രവാചകനെ കണ്ടെത്തുമെന്നത് ദേഹേച്ഛവാദികളെ അലോസരപ്പെടുത്തുന്നുണ്ട്.
