മതം എളുപ്പമാണ്;പഠനവും
അബൂബക്കർ സലഫി
2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

വർത്തമാന കാലഘട്ടം പലതരം പരീക്ഷണങ്ങൾ നിറഞ്ഞതാണ്. മതരംഗവും ഇതിൽനിന്ന് ഒഴിവല്ല. ‘ജനങ്ങൾക്കു മേൽ വഞ്ചനാപരമായ ചില വർഷങ്ങൾ വരും, അന്ന് കള്ളന്മാർ സത്യസന്ധന്മാരായി പരിചയപ്പെടുത്തപ്പെടും, സത്യസന്ധന്മാരെ കള്ളന്മാരായി ജനങ്ങൾ മനസ്സിലാക്കും’ എന്ന് നബിﷺ പ്രവചിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ദീനിനിന്റെ കാര്യവും അങ്ങനെത്തന്നെ!
ഇതൊക്കെത്തന്നെയാണ് ഇന്ന് സമൂഹത്തിൽ നാം കാണുന്നത്. നാവുകൊണ്ടും പേനകൊണ്ടും ദീനിന്റെ അടിസ്ഥാനങ്ങളെ പോലും പലരും അട്ടിമറിക്കാൻ ശ്രമിക്കുന്നു. മതവിഷയങ്ങളിൽ അനാവശ്യമായ ചർച്ചകളും തർക്കങ്ങളും സമൂഹത്തിൽ വ്യാപകമാകുന്നു. അങ്ങനെ തർക്കിച്ച് തർക്കിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു ഇക്കൂട്ടർ. വാസ്തവത്തിൽ മതവിഷയങ്ങളിലെ തർക്കങ്ങൾ ഇസ്‌ലാം നിരുത്സാഹ പ്പെടുത്തുന്നത് കാണാൻ സാധിക്കും.
യാഥാർഥത്തിൽ ഇസ്‌ലാം വളരെ ലളിതമാണ്. ഇസ്‌ലാമിന്റെ ഒരു വിഷയവും മനസ്സിലാക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല.يا عِبَادَ اللَّهِ أَعِينُونِي എന്ന ദുർബലമായ ഹദീസ് പണ്ടേ ചർച്ച ചെയ്യപ്പെട്ടതാണ്. ക്വബ്‌റാരാധരകർ മരിച്ചവരോട് തേടാൻ ഈ റിപ്പോർട്ടിനെ തെളിവായി കൊണ്ടുവന്നപ്പോൾ, അത് ദുർബലമാണെന്നും സ്വഹീഹാണെങ്കിൽ തന്നെ അതിൽ പ്രസ്തുത വാദത്തിന് ഒരു തെളിവുമില്ലെന്നും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യം, ശബ്ദം കേൾക്കുന്ന പരിധിയിലുള്ള മനുഷ്യരോ ജിന്നുകളോ മലക്കുകളോ ആണെന്നും ഒരിക്കലും മരണപ്പെട്ടവരെ ഉദ്ദേശിക്കുന്നില്ലെന്നും അവർ അതിനോട് കൂട്ടിച്ചേർത്തു പറഞ്ഞിട്ടുണ്ട്. അതോടുകൂടി ആ വിഷയം അവിടെ അവസാനിച്ചു.
ഇതേ സംഭവം കേരളത്തിലും ആവർത്തിച്ചു. ഉമർ മൗലവി സൽസബീലിൽ അതിന് മറുപടി നൽകി. അതുപോലെ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയും മണ്ണാർക്കാട് സംവാദത്തിൽ മുജാഹിദ് പക്ഷവും ഇതേ മറുപടി ഈ വാദക്കാർക്കു നൽകി.
പക്ഷേ, ഒരുകൂട്ടർ ഈ വിഷയത്തിന്റെ അടിസ്ഥാനത്തിൽനിന്ന് തെന്നിമാറി കേവല സംഘടനാ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ അതിനെ ശിർക്കാണെന്ന് വ്യാഖ്യാനിച്ചു. പ്രസ്തുത വിഷയത്തെ അവഗണിച്ചുകൊണ്ട് നമ്മൾ ദഅ്‌വ പ്രവത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ നമ്മോട് വെല്ലുവിളികളുമായി അവർ മുന്നോട്ട് വന്ന് നിരന്തരം കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള കുതർക്കങ്ങൾ വാസ്തവത്തിൽ വലിയ ദുരന്തമാണ്. ഇത്തരം കുതർക്കങ്ങൾക്കും ചരിത്രമുണ്ട്. മുഅ്തസിലിയാക്കൾ അതിന് ഉദാഹരണമാണ്. അവരുടെ കാലഘട്ടത്തിൽ തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്തിൽ വ്യത്യസ്ത വിശദീകരണങ്ങളുണ്ടായപ്പോൾ, ഇമാം മാലികിനോട് അല്ലാഹുവിന്റെ ഇസ്തിവാഇനെ കുറിച്ച് ചോദിക്കപ്പെട്ടു. ആ ചോദ്യം തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: ‘إِسْتِوَاء അറിയപ്പെട്ടതാണ്. അതെങ്ങനെയാണെന്ന് അറിയുകയില്ല. അതിൽ വിശ്വസിക്കൽ നിർബന്ധമാണ്. അതിനെപ്പറ്റിയുള്ള ചോദ്യം ബിദ്അത്താണ്.’ അങ്ങനെ അത് ചോദിച്ച ആളെ അദ്ദേഹം പുറത്താക്കി.
പക്ഷേ, അക്കൂട്ടർ തർക്കിച്ച് തർക്കിച്ച് ഭരണകൂടത്തിന്റെ പിന്തുണപോലും നേടിയെടുത്തു. തുടർന്ന് സത്യം പറയുന്ന അഹ്‌മദ് ബിൻ ഹമ്പലിനെ പോലെയുള്ളവരെ വേണ്ടത്ര പരിഗണന നൽകാതെ ബുദ്ധിമുട്ടിച്ചതും ചരിത്രത്തിൽ കാണാം. സംഗതി വളരെ ലളിതമാണ്. ക്വുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണോ അതോ കലാമാണോ? ഈ വിഷയത്തിൽ ക്വുർആൻ പറഞ്ഞിടത്ത് നിന്നാൽ മതി. ക്വുർആൻ പറഞ്ഞിട്ടുണ്ട്, ക്വുർആൻ അല്ലാഹുവിന്റെ കലാമാണ്. പക്ഷേ, അനാവശ്യമായ തർക്കങ്ങൾ കൊണ്ടുവന്നു.
നബിﷺ ഒരിക്കൽ പറഞ്ഞു: إِنَّ مِنَ الْبَيِانِ لَسِحْرًا (തീർച്ചയായും വിശദീകരണത്തിൽ ഒരു സിഹ്‌റുണ്ട്). ഇതിന്റെ വിശദീകരണത്തിൽ പണ്ഡിതന്മാർ പറയുന്നുണ്ട്: ‘ചിലയാളുകൾ അസത്യത്തിൽനിന്ന് സത്യത്തെ വേർപ്പെടുത്തുന്നതാണ്. അതിനായി അവർ നാവിനെ ഉപയോഗപ്പെടുത്തും. എന്നാൽ ചിലരാകട്ടെ അസത്യത്തെ സത്യമാക്കി കാണിക്കാനും നാവ് ഉപയോഗപ്പെടുത്തും.’
രണ്ടാമതു പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രബോധന മേഖലയിൽ ചിലർ നടത്തുന്നത്. അനങ്ങിയാൽ ഈ വിഷയവുമായി അവർ വരും. അവർക്ക് മറുപടി കൊടുത്തിട്ടില്ലെങ്കിൽ പ്രശ്‌നമാണ്. കാരണം ഇത് ചെറിയ വിഷയമല്ല. ഈ തർക്കങ്ങൾ ഉയർന്നുവന്നതോടുകൂടി പല അപകടങ്ങളും ഉണ്ടായി. അതിലൊന്നാണ് ഇത് എതിരാളികൾക്ക് വടികൊടുക്കലായി എന്നത്. കാരണം ജിന്നിന്റെയും മലക്കിന്റെയും കഴിവ് അഭൗതികമാണെന്ന പ്രമാണവിരുദ്ധ കണ്ടെത്തൽ വലിയ അപകടത്തിന് വഴിവെച്ചു. മുമ്പൊന്നും പറയാത്തതാണീ വാദം. ജിന്നിനെയും മലക്കിനെയും ആദരിച്ച് ആദരിച്ച് അല്ലാഹുവിന്റെ കഴിവ് വകവെച്ചുകൊടുക്കുകയാണിതിലൂടെ സംഭവിക്കുന്നത്. ഈ വാദംകൊണ്ട് ഏറ്റവും സന്തോഷിക്കുന്നത് പിശാചുവർഗം തന്നെയായിരിക്കും. ഒരു സ്വഹാബി പറയുകയാണ്: “ഒരിക്കൽ നബിﷺയുടെ പിന്നാലെ ഞാൻ സഞ്ചരിക്കുമ്പോൾ എന്റെ വാഹനം ഒന്ന് വഴുതി. അപ്പോൾ ഞാൻ പിശാച് നശിക്കട്ടെ എന്നുപറഞ്ഞു. അപ്പോൾ നബിﷺ പറഞ്ഞു: ‘അങ്ങനെ പറയരുത്. നീ അങ്ങനെയെങ്ങാനും പറഞ്ഞാൽ പിശാച് വലുതായിട്ട് ഒരു വീട് പോലെയാകും. എന്റെ ശക്തികൊണ്ട് ഞാനവനെ തള്ളിയിട്ടു എന്നൊക്കെ പറയും.’’
അല്ലാഹുവിന്റെ കഴിവ് ശൈത്വാന് വകവെച്ചുകൊടുക്കുന്നതിനെക്കാൾ അവനെ സന്തോഷിപ്പിക്കുന്ന മറ്റു കാര്യങ്ങളുണ്ടാകുമോ?
ഈ വാദം കൊണ്ട് കുറെ ആളുകൾ ശിർക്കിലാകുന്നു. അത്തരം ആളുകളെ രക്ഷപ്പെടുത്തുക എന്നത് നമ്മുടെ ലക്ഷ്യമാണ്. ഇതിന്റെ മറ്റൊരപകടമാണ് നിരവധി ഹദീസുകൾ തള്ളേണ്ടിവരും എന്നത്. ഒരു കൂട്ടരെ കുറിച്ച് ഇവിടെ പരാമർശിച്ചല്ലോ, അവർക്ക് മലക്കുകൾ സഹായിച്ചുവെന്ന് വിശ്വസിക്കാൻ സാധിക്കില്ല. കാരണം അവരുടെ വീക്ഷണത്തിൽ അത് ശിർക്കാണ്. മറ്റൊരു കൂട്ടർ നേർക്കുനേരെ തള്ളാൻ കഴിയാതെ വളഞ്ഞരൂപത്തിൽ തള്ളാൻ ശ്രമിക്കുന്നു. ഇതൊക്കെ സംഭവിക്കുന്നത് തൗഹീദിൽ വന്ന ഗുരുതരമായ വീഴ്ചകൊണ്ടാണ്. നിലവിൽ പൂർവികരെവരെ തള്ളുന്നിടത്തേക്ക് കാര്യങ്ങളെത്തി. കാരണം പൂർവികരുടെ പിന്തുണ ഇവർക്ക് കിട്ടുകയില്ല. പൂർവികരെ ഉദ്ധരിക്കുമ്പോൾ അതൊന്നും ഞങ്ങളോട് പറയേണ്ട എന്ന നിലപാടാണ് ഇക്കൂട്ടർക്ക്. ഞങ്ങൾ പറഞ്ഞത് മാത്രം കേട്ടാൽ മതി എന്ന നിലപാട്. നമ്മെ സംബന്ധിച്ചിടത്തോളം ക്വുർആനും സുന്നത്തും പൂർവികരായ പണ്ഡിതന്മാർ വിശദീകരിച്ചത് എങ്ങനെയൊക്കെയാണോ അവിടെ നിൽക്കലാണ്. ആ വിഷയങ്ങളൊക്കെയും നാം പഠിക്കണം. നന്നായി അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം .
