വ്രതാനുഷ്ഠാനത്തിന്റെ കർമശാസ്ത്രം
പി.എൻ അബ്ദുല്ലത്വീഫ് മദനി
2024 മാർച്ച് 16, 1445 റമദാൻ 06

മനുഷ്യപ്രകൃതിയോട് ഇണങ്ങുന്ന സവിശേഷമായ ഒരാരാധനയാണ് വ്രതം. കാലം നിർണയിക്ക പ്പെട്ടതും നിർണയിക്കപ്പെടാത്തതുമായ വ്രതമുണ്ട്. റമദാൻ മാസത്തിലെ വ്രതം കാലനിർണിതമാണ്. എന്നാൽ പിന്നീട് നോറ്റുവീട്ടേണ്ടവർക്ക് അതു ചെയ്യാൻ സമയനിർണയമില്ല. അടുത്ത റമദാൻ വരുന്നതിനു മുമ്പ് എപ്പോഴും നോൽക്കാം.
പ്രായശ്ചിത്ത നോമ്പുകൾ, ഹജ്ജുമായി ബന്ധപ്പെട്ട് വരുന്ന നോമ്പുകൾ തുടങ്ങിയവ പ്രത്യേകം സമയം നിർണയിക്കപ്പെട്ടവയല്ല. കർമശാസ്ത്രപരമായി പരിശോധിച്ചാൽ വ്രതം നാലുവിധമുണ്ട്. 1) നിർബന്ധമായവ. 2) ഐച്ഛികമായവ. 3) പാടില്ലാത്തവ. 4) അഭികാമ്യമല്ലാത്തവ.
റമദാൻ മാസത്തിലെ നോമ്പ്, പ്രായശ്ചിത്ത നോമ്പുകൾ, നേർച്ചയാക്കിയവ, പാപപരിഹാരമായി നിർണയിക്കപ്പെട്ടവ തുടങ്ങിയവയെല്ലാം നിർബന്ധ നോമ്പുകളിൽ പെടും.
നിർബന്ധ നോമ്പുകളിൽതന്നെ തുടരെ നോൽക്കേണ്ടവയുണ്ട്. റമദാൻ മാസത്തെ നോമ്പ്, കൊലക്കുറ്റത്തിന്റെ പരിഹാരമായുള്ള നോമ്പ്, ഭാര്യയെ ളിഹാർ ചെയ്തവർ വീണ്ടും ഭാര്യാഭർതൃ ജീവിതത്തിലേക്ക് തിരിച്ച് വരുമ്പോൾ അനുഷ്ഠിക്കേണ്ട നോമ്പ്, റമദാൻ മാസത്തിലെ പകൽ വേളകളിൽ ഭാര്യയുമായി ബന്ധപ്പെട്ടാലുള്ള പ്രായച്ഛിത്ത നോമ്പ് തുടങ്ങിയവ ഇടമുറിയാതെ നോറ്റുവീട്ടേണ്ടവയാണ്.
റമദാൻ മാസത്തിലെ നോമ്പ് നോറ്റുവീട്ടുമ്പോൾ ഇടമുറിയാതെ നോൽക്കൽ നിർബന്ധമില്ല. അതുപോലെതന്നെ, ഹജ്ജിന്റെ ഇടക്കുവെച്ച് ഇഹ്‌റാമിൽനിന്ന് മാറി തമത്തുഅ് ആയി ഹജ്ജ് നിർവഹിക്കുന്നവർ നോൽക്കേണ്ടതായ നോമ്പ്, ഹജ്ജിൽ രോഗംമൂലം നേരത്തെ മുടിയെടുക്കേണ്ടി വന്നവർ നോൽക്കേണ്ട നോമ്പ്, ഇഹ്‌റാമിൽ പ്രവേശിച്ചശേഷം വേട്ടയാടിയവൻ പ്രായച്ഛിത്തമായി അനുഷ്ഠിക്കുന്ന നോമ്പ് എന്നിവയും തുടരെ നോൽക്കൽ നിർബന്ധമില്ലാത്തവയാണ്. ഇപ്രകാരം തന്നെയാണ് സത്യം ചെയ്ത ശേഷം അതിൽനിന്ന് മുക്തമാകാൻ പരിഹാരമായി നോൽക്കുന്ന നോമ്പും.
നിർബന്ധമല്ലാത്ത വിവിധതരം സുന്നത്ത് നോമ്പുകളുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ ദാവൂദ് നബി(അ)യുടെ മാതൃകയിൽ അനുഷ്ഠിക്കുന്ന നോമ്പ്, മുഹർറം ഒൻപത്, പത്ത് എന്നീ ദിവസങ്ങളിലെ നോമ്പ്, ശവ്വാൽ മാസത്തിലെ ആറു നോമ്പ്, ദുൽഹിജ്ജ ഒന്നുമുതൽ ആദ്യത്തെ പത്തിൽ നോൽക്കുന്നവ, അറഫ ദിവസത്തെ നോമ്പ്, ഓരോ മാസത്തിലും മൂന്നു ദിവസം അനുഷ്ഠിക്കുന്ന നോമ്പ്, ശഅ്ബാൻ മാസത്തിലെ നോമ്പ്, അതുപോലെ പ്രത്യേകിച്ച് ഒരു ദിവസവുമായി ബന്ധപ്പെടാത്ത; അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ഒരാൾ അനുഷ്ഠിക്കുന്ന പൊതുവായ നോമ്പ് തുടങ്ങിയവ നിർബന്ധമില്ലാത്തവയും എന്നാൽ അനുഷ്ഠിക്കുന്നപക്ഷം വർധിച്ച പ്രതിഫലം വാഗ്ദത്തം ചെയ്യപ്പെട്ടവയുമാണ്.
എന്നാൽ ചില നോമ്പുകൾ അഭികാമ്യമല്ലാത്തതും ഒഴിവാക്കപ്പെടേണ്ടവയുമാണ്. ചില ഉദാഹരണങ്ങൾ പറയാം:
സ്വുബ്ഹി മുതൽ സൂര്യാസ്തമയം വരെയാണ് നോമ്പിന്റെ നിർണിത സമയം. എന്നാൽ മഗ്‌രിബ് ആയിട്ടും നോമ്പ് മുറിക്കാതെ അടുത്ത ദിവസത്തേക്കും നോമ്പ് നീണ്ടുപോകുന്നതിന് വിസ്വാൽ എന്നു പറയും.
വെള്ളിയാഴ്ച മാത്രമായി അനുഷ്ഠിക്കുന്ന നോമ്പ്. പ്രവാചക പത്‌നി ജുവൈരിയ(റ) വെള്ളിയാഴ്ച നോമ്പു പിടിച്ചത് ശ്രദ്ധയിൽപെട്ട പ്രവാചകൻﷺ നീ ഇന്നലെ നോറ്റിരുന്നോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ നാളെ നോൽക്കാൻ ഉദ്ദേശമുണ്ടോ എന്ന് തിരക്കി. ഇല്ലെന്നുതന്നെ മറുപടി പറഞ്ഞപ്പോൾ ആ നോമ്പ് പൂർത്തിയാക്കാതെ ഇടക്കുവെച്ച് അവസാനിപ്പിക്കാൻ പ്രവാചകൻﷺ ഭാര്യയോട് ആവശ്യപ്പെട്ടു. അതുപോലെ ഒരു ഇടവേളയുമില്ലാതെ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നതിനെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. തുടരെ എല്ലാ ദിവസവും നോമ്പ് നോൽക്കുന്നവന് നോമ്പില്ല എന്നാണ് പ്രവാചകൻ ﷺ പറഞ്ഞത്.

നോമ്പ് തീരെ പാടില്ലാത്ത ദിവസങ്ങളുണ്ട്. രണ്ട് പെരുന്നാൾ ദിവസങ്ങൾ, ദുൽഹിജ്ജ 11,12,13, അഥവാ അയ്യാമുത്തശ്‌രീക്വ് എന്നറിയപ്പെടുന്ന ദിവസങ്ങൾ, ശഅ്ബാൻ മുപ്പതാം ദിവസം അഥവാ മാസപ്പിറവി നടന്നോ എന്ന് സംശയിക്കപ്പെടുന്ന ശക്കിന്റെ ദിവസം... ഇവയെല്ലാം വ്രതമനുഷ്ഠിക്കാൻ പാടില്ലാത്ത ദിവസങ്ങളാണ്. അതുപോലെ ഹജ്ജ് ചെയ്യുന്നവൻ അറഫ ദിവസം നോമ്പെടുക്കാൻ പാടില്ല.
യാത്രക്കാരന് നോമ്പ് ഒഴിവാക്കാൻ അനുവാദമുണ്ട്. എന്നാൽ യാത്ര മതപരമായി അനുവദിക്കപ്പെട്ട കാര്യങ്ങൾക്കാവണം. ഗർഭിണിക്കും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കുന്ന സ്ത്രീകൾക്കും പ്രയാസങ്ങൾ കണക്കിലെടുത്ത് നോമ്പ് ഒഴിവാക്കാൻ അനുവാദമുണ്ട്. ആർത്തവകാരികൾക്ക് നോമ്പനുഷ്ഠിക്കാവതല്ല. എന്നാൽ ആ കാലത്തെ നോമ്പ് പിന്നീട് നോറ്റുവീട്ടണം. എന്നാൽ ആർത്തവകാലത്തെ നമസ്‌കാരം പിന്നീട് നമസ്‌കരിച്ച് വീട്ടേണ്ടതില്ല.
രോഗിയുടെയും പ്രായാധിക്യത്തിലെത്തിയവരുടെയും നോമ്പിന്റെ വിധികൾ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം. ശമനം പ്രതീക്ഷയില്ലാത്ത നിത്യരോഗിയാണെങ്കിൽ നോമ്പ് ഒഴിവാക്കാം. സാധിച്ചാൽ അയാൾ നോറ്റുവീട്ടണം. ഇല്ലെങ്കിൽ നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരം ഒരു അഗതിക്ക് ആഹാരം കൊടുക്കണം. എന്നാൽ ശമനം പ്രതീക്ഷിക്കപ്പെടുന്ന രോഗമാണെങ്കിൽ രോഗശമനം വന്ന ശേഷം നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടണം. അതുപോലെ വാർധക്യസഹജമായ അവശത അനുഭവി ക്കുന്നവർക്കും നോമ്പ് നോൽക്കാതിരിക്കാൻ അനുവാദമുണ്ട്. എന്നാൽ നഷ്ടപ്പെടുന്ന ഓരോ നോമ്പിനും പകരം ഒരഗതിക്കുള്ള ആഹാരം കൊടുക്കണം.
കണ്ണിലും മൂക്കിലും ചെവിയിലുമൊക്കെ ചികിത്സാർഥം ഔഷധത്തുള്ളികൾ ഉറ്റിക്കുന്നതുമൂലം നോമ്പ് മുറിയുമോ? കണ്ണിൽ മരുന്ന് ഉറ്റിക്കുന്നതുമൂലം നോമ്പ് മുറിയില്ലെന്നാണ് പണ്ഡിതാഭിപ്രായം. എന്നാൽ മൂക്കിലും ചെവിയിലും ഒഴിക്കുന്ന ഔഷധം തൊണ്ടയിലേക്കിറങ്ങുകയും അങ്ങനെ അകത്തെത്തുകയും ചെയ്താൽ നോമ്പ് മുറിയുമെന്നാണ് ഭൂരിപക്ഷാഭിപ്രായം.
ചികിത്സക്കായി ഇഞ്ചക്ഷൻ കൊടുക്കുന്നതിനെക്കുറിച്ച് പ ണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അത് ഭക്ഷണത്തിനും പാനീയത്തിനും പകരമല്ലാത്തതിനാൽ നോമ്പ് മുറിയുകയില്ല എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ ഭക്ഷണത്തെപ്പോലെ ശരീരത്തിന് പോഷണം ലഭിക്കുന്ന പദാർഥമാണ് കുത്തിവെക്കുന്നതെങ്കിൽ അതുമൂലം നോമ്പ് മുറിയുമെന്നാണ് പ്രബലമായ അഭിപ്രായം. നോമ്പനുഷ്ഠിക്കുമ്പോൾ രക്തം സ്വീകരിക്കുന്നതിനെക്കുറിച്ചും അഭിപ്രായ ഭിന്നതയുണ്ട്. രക്തം ആഹാരത്തിൽനിന്ന് ഉരുത്തിരിയുന്നതായതിനാൽ അതുകൊണ്ട് നോമ്പ് മുറിയും എന്ന അഭിപ്രായക്കാരുണ്ട്. എന്നാൽ രക്തം സ്വീകരിക്കുന്നത് പോഷണത്തിന് വേണ്ടിയല്ല, രോഗശ മനത്തിന്റെ ഭാഗമാണ്. അത് ഭക്ഷണമോ പാനീയമോ അല്ല എന്ന് പറഞ്ഞവർ രക്തം സ്വീകരിക്കുന്നതുകൊ ണ്ട് നോമ്പ് മുറിയുകയില്ല എന്ന് വിധിക്കുന്നു. ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ നോമ്പ് മുറിയുമെന്നാണ് പണ്ഡിതാഭിപ്രായം. രോഗിയുടെ ഉള്ളിൽ ചെല്ലുന്ന പദാർഥങ്ങൾ നോമ്പിനെ കുഴപ്പത്തിലാക്കും.
വ്രതം വളരെ യുക്തിസഹമായ ഒരാരാധനയാണ്. മുഴുവൻ മനുഷ്യരും അനുഭവിക്കുന്ന നിരവധി അനുഗ്രഹങ്ങളുടെ ദാതാവായ സർവശക്തന്നുള്ള ഒരു നന്ദിപ്രകാശനമാണ് നോമ്പ്. വിഭവങ്ങൾ സുലഭമായിട്ടും ഒരു നിശ്ചിത സമയത്തേക്ക് അവ വിലക്കപ്പെടുന്നത് മൂലം നോമ്പുകാരൻ അനുഭവിക്കുന്ന പ്രയാസങ്ങൾ ജീവിത വിഭവങ്ങൾ വളരെ ദുർലഭമായ സാഹചര്യത്തിൽ ജീവിക്കുന്ന പട്ടിണിപ്പാവങ്ങളെക്കു റിച്ച് ഓർക്കാനും സഹായഹസ്തം നീട്ടി അവരെ ചേർത്തുപിടിക്കാനും അവനെ സന്നദ്ധനാക്കും. സ്വഭാവസംസ്‌കരണത്തിന്റെ ഒരു വലിയ പാഠശാലതന്നെയാണ് നോമ്പ്. നാവിനെയും മറ്റു അവയവങ്ങളെയും തെറ്റിൽനിന്ന് മാറ്റിനിർത്താൻ ഒരു നല്ല അവസരമാണ് വ്രതാനുഷ്ഠാനം ഒരുക്കുന്നത്.

