ഇസ്‌ലാമിൻ്റെ തനിമയിലേക്ക് മടങ്ങുക
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

ആളുകൾക്ക് ആദർശം പഠിക്കാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും വിലയിരുത്താനുമൊക്കെയാണ് ഈ ആദർശ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. നമ്മൾ ജീവിതത്തിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആദർശം നമ്മൾ കണ്ടുപിടിച്ചതും തുടങ്ങിവച്ചതുമല്ല. മുഹമ്മദ് നബിﷺ മുതൽ സ്വഹാബിമാരും താബിഉകളും തബഉത്താബിഉകളും അതിനുശേഷം അഇമ്മത്തുകളും തുടർന്നുവന്ന ഒരു വഴിയാണ് അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിെൻറത്. അതിലൂടെയാണ് നമ്മൾ ചരിക്കുന്നത്. ആ വഴിയിൽ ഒരുപാട് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മുൻകാലത്തും ഉണ്ടായിട്ടുണ്ട്. ഈ കാര്യം അബൂബക്കർ സലഫി അദ്ദേഹത്തിെൻറ അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചുവല്ലോ.
കേരളത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലമായി അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിെൻറ ആദർശമനുസരിച്ച് സംഘടിതമായി പ്രവർത്തിക്കുന്ന ഒരു വിഭാഗത്തിെൻറ, ഒരു സ്ട്രീമിലെ പ്രവർത്തകരാണ് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷന്റത്.
കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിന്നു വന്നിരുന്ന; ക്വുർആനിനെയും സുന്നത്തിനെയും പറ്റിയുള്ള അറിവില്ലായ്മയെയും ബിദ്അത്തുകളെയും യഥാർഥ വിശ്വാസത്തിൽനിന്ന് തെറ്റിപ്പോകുന്ന രീതികളെയുമെല്ലാം വിമർശിച്ചുകൊണ്ട്, നിരൂപണം ചെയ്തുകൊണ്ട് ക്വുർആനിെൻറയും സുന്നത്തിെൻറയും അടിസ്ഥാനത്തിൽ കേരളത്തിൽ സലഫി പ്രസ്ഥാന പ്രവർ ത്തനങ്ങൾക്ക് തുടക്കം കുറിച്ച ഒരുപാട് നേതാക്കളുണ്ട്. കെഎം മൗലവി, ഇ.കെ മൗലവി, പി. അബ്ദുൽ ഖാദിർ മൗലവി കണ്ണൂർ, എംസിസി സഹോദരങ്ങൾ, ശൈഖ് മുഹമ്മദ് മൗല വി, എടവണ്ണ അലവി മൗലവി, എൻവി അബ്ദുസ്സലാം മൗലവി, അമാനി മൗലവി തുടങ്ങി കെപി മുഹമ്മദ് മൗലവി വരെയുള്ള ഒരുപാട് പണ്ഡിതന്മാർ ജനങ്ങളെ പരിചയപ്പെടുത്തിയ ഒരാശയമുണ്ട് അവരെല്ലാം ആഹ്വാനം ചെയ്തത് കുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുവാനായിരുന്നു.
ക്വുർആൻ മുഹമ്മദ് നബിﷺക്ക് പഠിപ്പിച്ചുകൊടുത്തത് അല്ലാഹുവിങ്കൽനിന്ന് ലഭിച്ചതു പ്രകാരം ജിബ്‌രീൽ (അ) ആണ്. അത് ജിബ്‌രീൽ എങ്ങനെയാണോ നബിﷺക്ക് പഠിപ്പിച്ചുകൊടുത്തത് അത് അവിടുന്ന് വള്ളിപുള്ളി വ്യത്യാസമില്ലാതെ സ്വഹാബികളെ പഠിപ്പിച്ചു. ആ സ്വഹാബികൾ എങ്ങനെയാണോ റസൂലിൽനിന്ന് കേട്ടത് അതാണ് അത്ബാഉകളും തബഉത്താബിഉകളും അടക്കമുള്ള അഹ്‌ലുസ്സുന്നത്തി വൽജമാത്തിെൻറ ആളുകൾ തുടർന്നുവന്നത്. ആ തുടർന്നുവന്ന രീതി നമ്മുടെ മുമ്പിലുണ്ട്. കുർആനിനെ അഇമ്മത്തുകളോ അസ്വ‌്ഹാബുകളോ തോന്നിയതുപോലെ വ്യാഖ്യാനിച്ചിട്ടില്ല. അതാർക്കും പാടുള്ളതുമല്ല. നബിﷺയിൽനിന്ന് കേട്ട ഒന്നാമത്തെ സംബോധിതരായ സ്വഹാബികൾ എങ്ങനെ അത് മനസ്സിലാക്കി എന്നതിെൻറ തെളിവുകൾ നമ്മുടെ മുമ്പിലുണ്ട്. ആ സ്വഹാബികൾ എങ്ങനെ മനസ്സിലാക്കി എന്നതിന് കൃത്യമായ രേഖകൾ പിൽക്കാലത്ത് സലഫുസ്സ്വാലിഹുകളായ പണ്ഡിതന്മാർ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിവച്ചിട്ടുണ്ട്.
ദുർബലമായ ഹദീസുകളെയും ദുർബലമല്ലാത്ത ഹദീസുകളെയും മുൻഗാമികളായ പണ്ഡിതന്മാർ വേർതിരിച്ചു കാണിച്ചിട്ടുണ്ട്. അവയെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന രീതിശാസ്ത്രം അവർ നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. ആ രീതിശാസ്ത്രം തന്നെയാണ് കേരളത്തിൽ-ഞാൻ നേരത്തെ സൂചിപ്പിച്ചവരും അല്ലാത്തവരുമായ സലഫി പണ്ഡിതൻമാർ-പഠിപ്പിച്ചത്. അവരിൽ പലരുടെയും ഗ്രന്ഥങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ആ ഗ്രന്ഥങ്ങളിലൂടെ അവർ നമ്മെ പഠിപ്പിച്ചത് അതുതന്നെയാണ്. അങ്ങനെയൊക്കെയായിട്ടും ഇനി തർക്കങ്ങൾ തുടരുന്നുണ്ടെങ്കിൽ ഓരോ വിശ്വാസിയും താഴെ പറയുന്ന പ്രാർഥന പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
الّلهُمَّ رَبَّ جَبْرَاءِيلََ و مِيكَاءِيلَ و إِسْرَافِيلَ فاطِرَ السَّمَاوَاتِ والْأَرْضِ عَالِمَ الغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُون، إِهْدِنِي لِمَا اخْتُلِفَ فِِيهِ مِنَ الْحَقِّ بِإِذْنِكَ، إِنَّكَ تَهْدِي مَنْ تَشَاءُ إِلی صِرَاطٍ مُسْتَقِيم
‘ജിബ്‌രീലിെൻറയും മീകാഈലിെൻറയും ഇസ്‌റാഫീലിെൻറയും രക്ഷിതാവേ, ആകാശ ഭൂമികളെ സൃഷ്ടിച്ചവനേ, രഹസ്യവും പരസ്യവും അറിയുന്നവനേ, നിെൻറ അടിമകൾക്കിടയിൽ ഭിന്നതയുള്ളതിൽ നീയാണ് വിധി തീർപ്പാക്കുന്നവൻ. ശരിയുടെ കാര്യത്തിലുള്ള ഭിന്നതയിൽ നിെൻറ അനുമതി പ്രകാരം എന്നെ നീ വഴി കാണിക്കേണമേ. തിർച്ചയായും നീ ഉദ്ദേശിക്കുന്നവരെ നീ നേർമാർഗത്തിലാക്കുന്നു.’
റസൂലിെൻറ കാലത്ത് വേദം കൈയിലെടുത്ത് ഓതി നബി ﷺയോട് തർക്കിച്ചിരുന്ന യഹൂദികളും നസ്വാറാക്കളുമുണ്ടായിരുന്നു. അവർ പ്രവാചകന്മാരുടെയും വേദത്തിെൻറയുമൊക്കെ ആളുകളാണ്. ആ വേദക്കാരാണ് വേദവുമായി വന്ന് മുഹമ്മദ് നബിﷺയോട് ഏറ്റുമുട്ടുന്നത്. അല്ലാഹുവിെൻറ കാര്യത്തിലാണത്. ആ ഒരു സാഹചര്യത്തിലാണ് നബിﷺയുടെ ഈ പ്രാർഥന.
ഈയൊരു പ്രാർഥനയോടുകൂടിയായിരിക്കണം നമ്മുടെ പ്രവർത്തനം. അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിെൻറ പിന്തുടർച്ചക്കാരായി വന്നവർ എന്ന നിലയിൽ സലഫികൾ ഇത് മറക്കരുത്. ഇന്ന് മുജാഹിദ് പ്രസ്ഥാനം പല വിഭാഗമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും ഇക്കാര്യം പരിഗണിക്കണം. എല്ലാരും പറയുന്നത് ഞങ്ങൾ കുർആനും സുന്നത്തും തന്നെയാണ് പഠിപ്പിക്കുന്നത് എന്നാണ്. പക്ഷേ, ആ ക്വുർആനിനെയും സുന്നത്തിനെയും പൂർവികന്മാർ എങ്ങനെ കണ്ടുവോ, എങ്ങനെ വിശദീകരിച്ചുവോ അതിലേക്ക് മടങ്ങുകയാണെങ്കിൽ തർക്കത്തിന് വകയില്ല.
ആരും ആരെയും തോൽപിക്കാനല്ല പ്രവർത്തിക്കേണ്ടത്. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽനിന്നും ശിർക്കിൽനിന്നും സമുദായത്തെ രക്ഷപ്പെടുത്താൻ ഒരു നൂറ്റാണ്ടുകാലം മുമ്പ് നമ്മുടെ പൂർവികന്മാർ കഠിനാധ്വാനം ചെയ്തു തുടങ്ങിയതാണ്. ആ മാർഗത്തിൽ ഒരുപാട് ത്യാഗം ചെയ്തവരുണ്ട്. കുടുംബ ജീവിതം പോലും നഷ്ടമായവ രുണ്ട്. അങ്ങനെ തൗഹീദിൽ അടുയുറച്ച ഒരു വിഭാഗത്തെ അവർ വളർത്തിയെടുത്തു. തൗഹീദുള്ളവർക്കാണ് അല്ലാഹുതആലാ സ്വർഗത്തിെൻറ വാതിൽ തുറന്നുതന്നത്. ഈ തുറക്കപ്പെട്ട വാതിലിൽകൂടി കടക്കാൻ ശ്രമിക്കുന്നതിനു പകരം ആ വാതിലിെൻറ മുന്നിൽ വെച്ച് കലഹിക്കുകയും തർക്കിക്കുകയും ചെയ്താൽ അല്ലാഹു ആ വാതിൽ അടക്കുമല്ലോ.
തെറ്റുപറ്റിയവരെല്ലാവരും തെറ്റുകൾ തിരുത്തുവാൻ സന്നദ്ധമാകണം. അല്ലാഹു പറയുന്നു:
مِنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُوا۟ مَا عَٰهَدُوا۟ ٱللَّهَ عَلَيْهِ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ وَمَا بَدَّلُوا۟ تَبْدِيلًا
‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്. ഏതൊരു കാര്യത്തിൽ അല്ലാഹുവോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി. അങ്ങനെ അവരിൽ ചിലർ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു. അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’ (അൽഅദ്‌സാബ് 23).
ആ മുൻകടന്ന ആളുകളാണ് അല്ലാഹുവിെൻറ മുകർറബുകൾ. എല്ലാ രംഗത്തും അല്ലാഹുവിെൻറയും റസൂലിെൻറയും കൽപനകൾ കൃത്യമായി പാലിച്ചുകൊണ്ട് മുൻകടന്ന് പോയവരാണ് അവർ. ആരാധനകളിലും സത്യസന്ധതയിലും മതനിഷ്ഠയിലും മുൻകടന്ന് പോയവരാണ് അവർ. അവർ വാദപ്രതിവാദവും തർക്കങ്ങളും നടത്തിയിട്ടുണ്ട്. അത് ഗുണകാംക്ഷയോടെ ചെയ്ത് അവർ കൃത്യമായി നമുക്ക് മാതൃക കാണിച്ചുതന്നിട്ടുണ്ട്. അവരാണ് അല്ലാഹുവിെൻറ മുകർറബുകൾ. ആ മുകർറബുകളായവരുടെ മാർഗത്തിലേക്ക് നമ്മൾ ഒന്നിച്ചു വരണം. തർക്കം കൊണ്ടല്ല പ്രമാണം കൊണ്ടാണ് നമ്മൾ വിജയിക്കുക എന്ന സത്യം നാം മനസ്സിലാക്കണം.
(തുടരും)
