ഈദ് കേവലമൊരു ആഘോഷമല്ല

സഫീർ അൽഹികമി

2024 ഏപ്രിൽ 06, 1445 റമദാൻ 27

വിശ്വാസികൾക്ക് സന്തോഷ വേളകളായാണ് ഓരോ പെരുന്നാളും കടന്നുവരുന്നത്. തക്ബീർ മുഴക്കലും ഈദ് നമസ്‌കാരവും ഈദ് മുസ്വല്ലകളിലുള്ള കൂടിക്കാഴ്ചകളും കുടുംബ സന്ദർശനങ്ങളുമെല്ലാം മനസ്സിൽ സന്തോഷം കോരിയിടുന്ന സന്ദർഭങ്ങളാണ്.

രണ്ട് പെരുന്നാളുകല്ലാതെ മറ്റൊരാഘോഷവും ഇസ്‌ലാം പഠിപ്പിക്കുന്നില്ല. പ്രവാചകൻﷺ കൃത്യമായി പഠിപ്പിച്ച കാര്യമാണിത്. അനസ് ഇബ്‌നു മാലിക്(റ) ഉദ്ധരിക്കുന്നു: “നബിﷺ മദീനയിലേക്ക് കടന്നുവന്നപ്പോൾ അവിടത്തുകാർക്ക് വിനോദത്തിന്റെ രണ്ട് (ആഘോഷ) ദിനങ്ങൾ ഉണ്ടായിരുന്നു. ഇതു കണ്ട പ്രവാചകൻﷺ ‘ഈ രണ്ടു ദിവസങ്ങൾ എന്താണ്’ എന്ന് അവരോട് ചോദിച്ചു. ‘ഞങ്ങൾ അജ്ഞാനകാലം മുതലേ ഈ രണ്ടു ദിനങ്ങളിൽ കളിക്കാറുണ്ടായിരുന്നു’ എന്ന് അവർ പറഞ്ഞു. അപ്പോൾ നബിﷺ പറഞ്ഞു: ‘നിശ്ചയമായും അല്ലാഹു നിങ്ങൾക്ക് ഇതിനെക്കാൾ നല്ല രണ്ട് ദിനങ്ങൾ പകരമായി തന്നിട്ടുണ്ട്; ഈദുൽ ഫിത്വ്‌റും ഈദുൽ അദ്ഹയും’’ (അബൂദാവൂദ്, നസാഈ, അഹ്‌മദ്).

ഇസ്‌ലാമിലെ ഈ ആഘോഷങ്ങളുടെ സവിശേഷത അവ ആരാധനാനിഷ്ഠമാണ് എന്നതാണ്. ചെകിടടപ്പൻ സംഗീതവും ആട്ടവും കൂത്തും ധൂർത്തും പടക്കം പൊട്ടിക്കലും മദ്യപാനവും ആർഭാട വേദികളൊരുക്കലും അന്യ സ്ത്രീ-പുരുഷന്മാർ ഇടകലർന്നുള്ള നൃത്തവും ഒക്കെയാണ് ഇന്ന് പല ആഘോഷ വേളകളിലും നടക്കുന്നത്. മുസ്‌ലിം നാമധാരികൾ ആരെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ അവ ഇസ്‌ലാമിന്റെ പേരിൽ ചാർത്താൻ പാടില്ല.

പെരുന്നാൾ ദിനത്തിൽ അതിരുവിടുന്ന വിനോദങ്ങൾ പാടില്ല. ആവശ്യത്തിനാകാം. സ്രഷ്ടാവിനെ ധാരാളമായി ഓർക്കാനും ദരിദ്രരെയും അശരണരെയും ചേർത്തു പിടിക്കാനും ബന്ധങ്ങൾ പുതുക്കാനും ദൈവത്തിലേക്ക് കൂടുതൽ അടുക്കാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തണം. ഫിത്വ‌്‌ർസകാത്തിലൂടെയും ബലിമാംസ വിതരണത്തിലൂടെയും വിശ്വാസികൾ ദരിദ്രരെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്.

ജീവിതത്തിലേക്ക് മറ്റൊരു പെരുന്നാൾകൂടി കടന്നുവരുന്ന സന്ദർഭത്തിൽ ഈദ് ദിനത്തിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നേരത്തെ സൂചിപ്പിച്ചതുപോലെ പെരുന്നാൾ ദിനത്തിൽ ആരാധനകൾ അധികരിപ്പിച്ച് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കണം. സാധാരണ ദിവസങ്ങളിൽനിന്നും വ്യത്യസ്തമായി അധികമായി ഒരു നമസ്‌കാരവും കൂടെ ഒരു ഖുത്വുബയും ഈ ദിവസത്തിൽ സുന്നത്താക്കിയത് അതിനാണ്. പെരുന്നാൾ നമസ്‌കാരത്തിൽ 12 തക്ബീറുകൾ അധികം നൽകിയതും അല്ലാഹുവിനെ കൂടുതൽ വാഴ്ത്താൻ ആണ്. ഇബാദത്തുകൾ കൂടുതൽ ചെയ്യാൻ പഠിപ്പിക്കപ്പെട്ട ഈ ദിനത്തിൽ നിത്യേന നാം നിർവഹിക്കേണ്ട നിർബന്ധ നമസ്‌കാരത്തിൽ യാതൊരു വീഴ്ചയും വരുത്തരുത്. പുരുഷന്മാർ പള്ളികളിൽ പോയി ജമാഅത്തായി നിർവഹിക്കാനും സുന്നത്ത് നമസ്‌കാരങ്ങളിൽ ശ്രദ്ധ ചെലുത്താനും ശ്രമിക്കണം.

നോമ്പിന് അഞ്ചുനേരവും പള്ളിയിൽ പോയിരുന്നയാൾ പെരുന്നാൾ ദിനത്തിലും ശേഷവും അകാരണമായി ജമാഅത്ത് നമസ്‌കാരത്തിൽ ഉപേക്ഷവരുത്തുന്നെങ്കിൽ അത് നോമ്പുകൊണ്ടുള്ള ലക്ഷ്യമായ ‘തക്വ്‌വ കൈവരിക്കൽ’ സാധിക്കാത്തതിന്റെ അടയാളമാണ്. നമസ്‌കാര ശേഷമുള്ള ദിക്‌റുകളും പ്രഭാത-പ്രദോഷ പ്രകീർത്തനങ്ങളും വിസ്മരിക്കാൻ പാടില്ല. അങ്ങനെ എല്ലാ ആരാധനകളിലും നിഷ്ഠ പുലർത്താൻ നാം പ്രത്യേകം ശ്രദ്ധചെലുത്തണം. പിണക്കങ്ങൾ തീർക്കണം.

കുടുബ സന്ദർശനം നടത്തണം. അങ്ങനെ സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകൾ യഥാവിധി നിറവേറ്റി ജീവിതം നയിക്കണം.