സ്വയം നിലനിൽക്കൽ അനിവാര്യമായ അസ്തിത്വം
ശാഹുൽ പാലക്കാട്
2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

ദൈവാസ്തിത്വവും ഭൗതിക സമവാക്യങ്ങളും 4
റിച്ചാർഡ് സ്വിൻബർണിന്റെ വാദം (Swinburne’s inductive contingency argument)
1) ഒരു നിശ്ചിത സ്വഭാവത്തിലുള്ള പ്രപഞ്ചം നിലനിൽക്കുന്നുണ്ട്.
2) പ്രപഞ്ചം സങ്കീർണവും ക്രമസ്വഭാവമുള്ളതും ആസൂത്രിതവുമാണ്. ജന്തു-മനുഷ്യനാഗരികതകൾക്ക് പരിണമിക്കാനും നിലനിൽക്കാനും കഴിയുന്ന പ്രകൃതമാണ് പ്രപഞ്ചത്തിന്. ലോകത്തെ സംബന്ധിച്ച ശരിയായ അറിവു നേടാനും അതനുസരിച്ച് പ്രവർത്തിക്കാനും കഴിവുള്ള മനുഷ്യർ ഇവിടെ ഉണ്ടായിരിക്കുന്നു.
3) ഇത്തരമൊരു പ്രപഞ്ചം ആസ്തികവാദം (theism) അനുസരിച്ച് സ്വാഭാവികവും നിരീശ്വരവാദം അനുസരിച്ച് അസ്വാഭാവികവുമാണ്.
4) ആയതിനാൽ പ്രപഞ്ചത്തിന് ചേരുന്ന വിശദീകരണം ആസ്തികവാദമാണ്. ഒരു സ്രഷ്ടാവ് ഉണ്ടെന്ന വിശ്വാസമാണ് യുക്തിപരം.
നാം ഇതുവരെ കണ്ടിഞ്ചൻസി ആർഗ്യുമെന്റിന്റെ ഏഴു വ്യത്യസ്ത രൂപങ്ങളാണ് കണ്ടത്. പരാശ്രയ മുക്തമായ, സ്വയം നിലനിൽപുള്ള അനിവാര്യമായ ഒരു അനിവാര്യകാരണം കണ്ടിഞ്ചന്റ് ആയ ലോകത്തിന്റെ സൃഷ്ടിപ്പിനു പിന്നിൽ ഉണ്ടായിരിക്കണം എന്ന തീർപ്പിൽ അവസാനിക്കുന്നവയാണ് ഇവയെല്ലാം. ഇതുവരെയുള്ള ചർച്ചകളെ ഒന്നുകൂടി ലളിതമാക്കി മൂന്ന് സ്റ്റേജുകളാക്കി കാണാം:
(1) സർവ ഭൗതിക കാര്യങ്ങൾക്കും ഒരു വിശദീകരണം ഉണ്ടെന്ന psr തത്ത്വത്തെ സ്ഥാപിക്കുന്നു.
(2) സ്വയം വിശദീകരണം ഉള്ളവ അനിവാര്യ ഉണ്മയും മറ്റൊന്ന് കാരണമായി നിലനിൽക്കുന്നവ കണ്ടിഞ്ചന്റുമാണ് എന്ന് മനസ്സിലാക്കുന്നു.
(3) മറ്റൊന്നിനെ ആശ്രയിച്ചു മാത്രം നിലനിൽക്കുന്നവയുടെ കൂട്ടത്തിന് (മുഴുവൻ ഭൗതിക ലോകത്തിന്) നിലനിൽക്കാൻ അനിവാര്യമായ ബാഹ്യകാരണം വേണ്ടതായുണ്ടെന്ന തീർപ്പിലെത്തുന്നു.
(4) സ്വയം നിലനിൽപുള്ള, പരാശ്രയമുക്തവും അനിവാര്യവുമായ ഒരു necessary beingന്റെ സൃഷ്ടിയാണ് പ്രപഞ്ചമെന്ന് സ്ഥാപിക്കുന്നു.
പ്രപഞ്ചസൃഷ്ടിപ്പിന് കാരണമായി വർത്തിച്ച ആദിയും അനിവാര്യവുമായ ഒരു അസ്തിത്വത്തെ സ്ഥാപിക്കുകയാണ് കണ്ടിഞ്ചൻസി ആർഗ്യുമെന്റ്‌വഴി ദൈവത്തിൽ എത്തുന്നതിന്റെ ഒന്നാം ഭാഗമെന്ന് പറഞ്ഞല്ലോ. മുൻകഴിഞ്ഞ ചർച്ചകൾവഴി സംശയലേശമന്യേ ഒരാദികാരണം ഉണ്ടാകേണ്ടതിന്റെ അനിവാര്യതയാണ് നാം കണ്ടത്. സ്വയം നിലനിൽക്കൽ അനിവാര്യമായ അത്തരമൊരു അസ്തിത്വം ദൈവമായിരിക്കേണ്ടതുണ്ട് എന്ന് സ്ഥാപിക്കുക മാത്രമാണ് ഈ ചർച്ചയുടെ അവശേഷിക്കുന്ന ഭാഗം. അതിലേക്ക് കടക്കുന്നതിനു മുമ്പ് പ്രായോഗികമായി ഈ വാദങ്ങളെ ഉപയോഗിക്കുന്നതിലേക്ക് വരാം. ഉണ്മകളെ തത്ത്വചിന്തയിൽ മൂന്നായാണ് തരംതിരിക്കാറുള്ളത്.
Possible beings: കണ്ടിഞ്ചന്റ് ആയവയെ തന്നെ വിളിക്കാവുന്ന മറ്റൊരു പേരാണിത്. ഇവ നിലനിൽക്കുകയും നിലനിൽക്കാതിരിക്കുകയും ചെയ്യൽ സാധ്യമാണ്. ഉദാഹരണത്തിന്, ഈ പുസ്തകം-അത് നിലനിൽക്കുകയും നിലനിൽക്കാതിരിക്കുകയും സാധ്യമാണ്. ഒരു സമയത്തിനുമുമ്പ് ഇത് നിലനിന്നിരുന്നില്ല. പിന്നീട് ഇത് നിലനിൽക്കാൻ കാരണമായത് ബാഹ്യലോകമാണ്. ഭൗതികമായതെന്തിനും ഈ സ്വഭാവം ഉണ്ടെന്നും ആയതിനാൽ അവ possible/contingent beings ആണെന്നും പറയാം.
Impossible beings: നിലനിൽക്കുക സാധ്യമല്ലാത്തവ എന്നതിനെ വിശദീകരിക്കാം. ഉദാഹരണത്തിന്, വട്ടത്തിലുള്ള ത്രികോണം എന്ന സങ്കല്പം ഇംപോസിബിൾ ആണെന്ന് പറയാം. അങ്ങനെയൊന്ന് നിലനിൽക്കുക സാധ്യമല്ല. ഒരു വസ്തുവിന് ഒരേസമയം വട്ടവും ത്രികോണവും ആയിരിക്കാനാവില്ല.
Necessary being: നിലനിൽക്കൽ അനിവാര്യമായവ. ഇവ നിലനിൽക്കുന്നത് മറ്റൊന്ന് കാരണമായല്ല. മറിച്ച് സ്വയംതന്നെ നിലനിൽക്കുക അനിവാര്യമായ പ്രകൃതമുള്ളത് എന്ന് ഇതിനെ വിശദീകരിക്കാം.
ഇനി നാം ഏറ്റവും ലളിതമായ സത്യത്തിൽനിന്നും തുടങ്ങുന്നു. എന്തൊക്കെയോ നിലനിൽക്കുന്നുണ്ട് (something exists) എങ്കിൽ നിലനിൽക്കുന്നവയ്ക്ക് രണ്ട് പ്രകൃതം ഉണ്ടാവാനേ സാധ്യതയുള്ളൂ.
ഒന്ന്) ഈ നിലനിൽക്കുന്ന ലോകം പോസിബിൾ/കണ്ടിഞ്ചന്റ് ആണെന്നു പറയാം. കണ്ടിഞ്ചന്റ് എന്നാൽ മറ്റൊന്നിനെ ആശ്രയിച്ചു മാത്രം നിലനിൽക്കുന്നതാണ്. അപ്പോൾ കണ്ടിഞ്ചന്റ് ആയ ലോകം ഒരു നെസസ്സറി ബീയിങ്ങിനെ ആശ്രയിക്കുന്നുവെന്ന് വരും. അഥവാ പ്രപഞ്ചം കണ്ടിഞ്ചന്റ് ആണെന്ന് വാദിക്കുന്ന മനുഷ്യന് ഒരു നെസസ്സറി ബീയിങ്ങിനെ അംഗീകരിക്കേണ്ടതായി വരുന്നു.
രണ്ട്) പ്രപഞ്ചം നെസസ്സറി ആണെന്നും ഒരു നാസ്തികന് വാദിക്കാം. അപ്പോഴും ഒരു നെസസ്സറി ബീയിങ്ങിന്റെ അസ്തിത്വത്തെ വിശ്വസിക്കുകയാണ് നാസ്തികനായ വ്യക്തി ചെയ്യുന്നത്.
പിന്നെ ഈ പ്രപഞ്ചത്തിന് അനിവാര്യമാവുക (necessary being) സാധ്യമാണോ എന്ന ചർച്ചയിലൂടെ പ്രപഞ്ചം അനിവാര്യമല്ലെന്നും അതിനാൽ പ്രപഞ്ചത്തിന് കാരണമായ മറ്റെന്തോ ആണ് അനിവാര്യം എന്നും സ്ഥാപിക്കാം. ഉദാഹരണത്തിന്, പ്രപഞ്ചം പല ഭാഗങ്ങൾകൊണ്ട് നിർമിക്കപ്പെട്ടതാണ്. എങ്കിൽ അത്തരം ഭാഗങ്ങൾ ഒരു പ്രത്യേക രൂപത്തിൽ സംവിധാനിക്കപ്പെടാൻ ഉറപ്പായും ബാഹ്യകാരണങ്ങൾ വേണം. ഉദാഹരണത്തിന്, നമ്മുടെ മൊബൈൽ ഫോൺ ഒരു പ്രത്യേക രൂപത്തിൽ സംവിധാനിക്കപ്പെട്ടതാണ്. അത് ആ രൂപത്തിലാവാൻ നിശ്ചിത ബാഹ്യകാരണമുണ്ട്. അതിനാൽ പ്രപഞ്ചം കണ്ടിഞ്ചന്റ് ആണ്. ഇതിനെ ഇങ്ങനെ സംഗ്രഹിക്കാം:
1) Anything made up of Pieces is caused (ഭാഗങ്ങളാൽ നിർമിതമായവയ്ക്ക് കാരണമുണ്ട്).
2) The universe is made up of pieces (പ്രപഞ്ചം ഭാഗങ്ങളാൽ നിർമിതമാണ്).
3) Therefore the universe is caused (ആയതിനാൽ പ്രപഞ്ചത്തിന് ബാഹ്യ കാരണമുണ്ട്).
ചിലപ്പോൾ പ്രപഞ്ചം അനന്തമാണെന്നും ഈ പ്രപഞ്ചത്തിനു മുമ്പ് മറ്റൊരു പ്രപഞ്ചം, അതിനുമുമ്പ് മറ്റൊന്ന് എന്നിങ്ങനെ ഈ ലോകം അനന്തമാണെന്നും ഒരു നാസ്തികൻ വാദിച്ചേക്കാം, അപ്പോഴും ഈ പ്രശ്‌നം ബാധകമാണ്.
1) Anything made up of pieces is caused (ഭാഗങ്ങളിൽ നിർമിതമാകുന്നവയ്ക്ക് കാരണമുണ്ട്).
2) An infinite multiverse is made up of pieces (അനന്തമായ ബാഹ്യപ്രപഞ്ചങ്ങൾ ഭാഗങ്ങളാൽ നിർമിതമാണ്).
3) Therefore and infinite multiverse is caused (ആയതിനാൽ അനന്തമായ ബഹുപ്രപഞ്ചങ്ങൾക്ക് ബാഹ്യകാരണമുണ്ട്).
എന്നതുപോലെ ഭാഗങ്ങളെ ആശ്രയിച്ച് മാത്രമാണ് ഏതൊരു ഭൗതിക അവസ്ഥയുടെയും നിലനിൽപ്. ഭാഗങ്ങൾ ഇല്ലെങ്കിലോ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടാലോ അവയ്ക്ക് നിലനിൽപില്ല. ഭാഗങ്ങൾ എടുത്തുമാറ്റിയാൽ പിന്നെ ഫോൺ ഇല്ലാതാകുന്ന പോലെ. ഇതിൽനിന്നും മറ്റൊരു വാദം കൂടി മുന്നോട്ടു വയ്ക്കാം:
1) Everything made up of Pieces is dependent (ഭാഗങ്ങളാൽ നിർമിതമായവ നിലനിൽപിന് ആ ഭാഗങ്ങളെ ആശ്രയിക്കുന്നു).
2) an infinite multiverse made up of pieces (അനന്തമായ ബാഹ്യപ്രപഞ്ചങ്ങൾ ഭാഗങ്ങളാൽ നിർമിതമാണ്).
3) Therefore and infinite multiverse is dependent (അതിനാൽ അനന്തമായ ബാഹ്യ പ്രപഞ്ചങ്ങൾ ഭാഗങ്ങളിൽ ആശ്രിതമായി നിലനിൽക്കുന്നവയാണ്).
ഭാഗങ്ങളാൽ നിർമിതമായവയ്ക്ക് ഒരിക്കലും നെസസ്സറി ആകാൻ കഴിയില്ല എന്നതിന് മറ്റൊരു കാരണംകൂടി നോക്കാം:
1) Anything that could be conceived of otherwise in abstraction was arranged by something else .
മറ്റൊരു രൂപത്തിൽ കൂടി സംവിധാനിക്കാവുന്ന ഒന്ന് ഒരു പ്രത്യേക രൂപത്തിൽ നിർമിതമായതിന് കാരണമുണ്ടാവണം. ഉദാഹരണത്തിന്, ABCD എന്ന സെറ്റിനെ നോക്കുക. ABCD എന്നിവയ്ക്ക് നിലനിൽക്കാമെങ്കിൽ CDBA എന്ന രൂപത്തിലേക്ക് അവയെ പുനക്രമീകരിക്കാം. ഇങ്ങനെ നിരവധി ക്രമീകരണങ്ങൾ സാധ്യമാണ് എന്നിരിക്കെ ഒരു നിശ്ചിത ക്രമീകരണത്തിൽതന്നെ നിലവിൽവരാൻ കാരണമായതെന്തോ അവിടെ നിലനിന്നിരിക്കണം.
2) An infinite multiverse could be conceived otherwise in abstraction (അനന്ത പ്രപഞ്ചങ്ങളെ മറ്റൊരുതരത്തിലും ക്രമീകരിക്കുക ബുദ്ധിപരമായി സാധ്യമാണ്).
3) Therefore and infinite multiverse was arranged by something else (ആയതിനാൽ അനന്തമായ ബാഹ്യപ്രപഞ്ചങ്ങൾ ഈ രൂപത്തിൽ സംവിധാനിക്കപ്പെട്ടിരിക്കുന്നതിനും ബാഹ്യകാരണമുണ്ട്).
ഇതിൽനിന്നും മനസ്സിലാകുന്നത് ഭാഗങ്ങളാൽ നിർമിതമല്ലാത്ത എന്തോ ഒന്നാണ് പ്രപഞ്ചത്തിന്റെ മൂലകാരണം (necessary being) എന്നാണ്. ഈ ചർച്ചയുടെ ആദ്യഭാഗത്ത് എന്താണ് കണ്ടിഞ്ചന്റ് എന്നും അവയുടെ സ്വഭാവങ്ങൾ എന്തെല്ലാമായിരിക്കുമെന്നും പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. അവിടെ ഭാഗങ്ങളാൽ നിർമിതമായവ കണ്ടിഞ്ചന്റ് ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. ആ ‘ഒരു’ ഗുണത്തെ ആശ്രയിച്ച് പ്രപഞ്ചം കണ്ടിഞ്ചന്റ് ആണെന്ന് തെളിയിക്കുക മാത്രമാണ് ഇവിടെ ചെയ്തത്. ഈ സ്വഭാവത്തിൽ പ്രപഞ്ചത്തിനകത്തെ പരിമിത സ്വഭാവങ്ങൾ (arbitrary limit), ചലനം (motion) മാറ്റങ്ങൾ (change) അതിന്റെ തുടക്കം (beginning) തുടങ്ങിയ കണ്ടിഞ്ചന്റ് ആയ സ്വഭാവങ്ങളിൽനിന്നെല്ലാം പ്രപഞ്ചം necessary അല്ലെന്നും അതിന്റെ നിലനിൽപിന് അനിവാര്യമായ ഒരു ആദികാരണത്തെ ആശ്രയിക്കുന്നുണ്ട് എന്നും തെളിയിക്കാനാവും. ഇവയെ ഇങ്ങനെ ചുരുക്കിപ്പറയാം:
1) പ്രപഞ്ചം കണ്ടിഞ്ചന്റ് ആണ്.
2) കണ്ടിഞ്ചന്റ് ആയവ എന്തുകൊണ്ട് നിലനിൽക്കുന്നു എന്നതിന് ബാഹ്യമായ വിശദീകരണവും കാരണവും വേണം.
3) പ്രപഞ്ചം നിലനിൽക്കുന്നതിന് പിറകിൽ കണ്ടിഞ്ചന്റ് അല്ലാത്ത കാരണമുണ്ട്.
4) കണ്ടിഞ്ചന്റ് അല്ലാത്ത കാരണം നെസസ്സറിയാണ്.
5) നെസസ്സറിയായ ഒരു ഉണ്മയുടെ സൃഷ്ടിപ്പാണ് പ്രപഞ്ചം.
ദി ഗ്യാപ്പ് പ്രോബ്ലം
ഇതുവരെയുള്ള ചർച്ചകളുമായി അധികം ആധുനിക തത്ത്വചിന്തകർക്കും എതിരഭിപ്രായമില്ല. നാസ്തികലോകത്തെ ജീവിച്ചിരിക്കുന്നവരിൽ വലിയ തത്ത്വചിന്തകനായ ഗ്രഹാം ഓപ്പിയുടെ തന്നെ നിലവിലെ അഭിപ്രായത്തിൽ ഒരു അനിവാര്യ ഹേതു (necessary being) ഉണ്ടെന്നാണ്. എന്നാൽ ആ ആദികാരണവും ഭൗതികമായതെന്തോ മാത്രമാണ് എന്ന് സ്ഥാപിക്കാൻ മാത്രമാണ് അദ്ദേഹം അടക്കമുള്ള നാസ്തികരുടെ ശ്രമം.

ചുരുക്കത്തിൽ, അനിവാര്യമായ ഒരു ആദികാരണം നിലനിൽക്കുന്നുവെങ്കിൽ തന്നെ അത് ദൈവമാണെന്ന് വാദിക്കാൻ ന്യായമെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. ഈ പ്രശ്‌നത്തെയാണ് ഗ്യാപ്പ് പ്രോബ്ലം (gap problem) എന്ന് വിശേഷിപ്പിക്കുന്നത്. അതിനാൽ ഒരു necessary beingനെ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ ആ അനിവാര്യമായത് ദൈവമായിരിക്കണം എന്ന് സ്ഥാപിക്കലാണ് അവശേഷിക്കുന്ന രണ്ടാമത്തെ ഭാഗം.
സാധാരണയായി ഫിലോസഫിക്കൽ ലിറ്ററേച്ചറുകളിൽ ഉള്ളത് ഈ രണ്ട് സ്റ്റെപ്പുകളാണ്. അവ സ്ഥാപിക്കുന്നതിലൂടെ തന്നെ ദൈവമുണ്ടെന്ന തീർപ്പിൽ അത് എത്തുകയും ആയതിനാൽ നാസ്തികത തത്ത്വചിന്താപരമായി തെറ്റാണെന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്നു.
(തുടരും)

