അനിവാര്യ കാരണത്തിൽ നിന്നും ദൈവത്തിലേക്ക്
ശാഹുൽ പാലക്കാട്
2024 മാർച്ച് 02, 1445 ശഅ്ബാൻ 21

ഇതുവരെയുള്ള ചർച്ചകളിൽ നിന്നും അനിവാര്യമായ ഹേതു ആത്യന്തികമായി നിലനിന്നിരിക്കണം എന്ന യുക്തിയിലേക്ക് നാം എത്തി. എന്നാൽ അത് ഏകം (one) ആണെന്ന് എങ്ങനെ മനസ്സിലാക്കി എന്നു ചോദിക്കാം. ഇതിന് പല മാനങ്ങളിൽനിന്നും വിശദീകരണം നൽകാവുന്നതാണ്.
A) ഏകത്വം (Oneness)
ഒന്നാമതായി necessary being- എന്നാൽ മറ്റൊരു രൂപത്തിൽ ആവുക സാധ്യമല്ലാത്ത ഒന്നാകണമെന്നും ഭാഗങ്ങളാൽ നിർമിതമായവയാകരുതെന്നും നാം കണ്ടു. അത്തരമൊന്ന് ഏകമാവുക നിർബന്ധമാണ്. എങ്ങനെയെന്ന് നോക്കാം:
1) If a necessary existence is an existence that cannot be any other way there cannot be more than one. (Necessary being മറ്റൊരു രൂപത്തിൽ ആവുക സാധ്യമല്ലാത്തതാണ് എങ്കിൽ ഒന്നിൽ കൂടുതൽ നെസസ്സറി ബീയിങ് ഉണ്ടാവുക സാധ്യമല്ല).
2) A necessary being cannot be any other way. (Necessary being മറ്റൊരു രൂപത്തിൽ ആവുക സാധ്യമല്ല). എന്തുകൊണ്ടെന്നാൽ മറ്റു പലരൂപത്തിലും നിലനിൽക്കുക സാധ്യമായ ഉൺമ ഒരു പ്രത്യേക രൂപത്തിൽ മാത്രം ആയെങ്കിൽ അതിന് ബാഹ്യകാരണം വേണ്ടതായി വരുന്നു. ഉദാ: നിങ്ങളുടെ മൊബൈലിൽ ഇപ്പോൾ 55 ശതമാനം ചാർജ് ഉണ്ടെന്ന് കരുതുക. ഒന്നു മുതൽ 100 വരെ പല സാധ്യതകളും ഉണ്ടായിരിക്കുന്നു എന്നിരിക്കെ അത് 55% ആയതാണ്. അത് അങ്ങനെത്തന്നെയാകാൻ നിങ്ങളുടെ മൊബൈൽ ഉപയോഗവും അവസാനമായി ചാർജ് ചെയ്ത നിരക്കും സമയവുമെല്ലാം കാരണമാണ്. ചുരുക്കത്തിൽ മറ്റൊരു രൂപത്തിൽകൂടി ആവാൻ സംഭവ്യത (potentiality) ഉള്ളതെന്തും കണ്ടിഞ്ചന്റ് ആണ്. നെസസ്സറി ആയ ഒന്നിനും ആ കണ്ടിഞ്ചന്റ് സ്വഭാവം ഉണ്ടാവില്ല, അതുകൊണ്ടത് ഏകമായിരിക്കണം.
2) Therefore there cannot be more than one necessary existence (ആയതിനാൽ ഒന്നിലധികം necessary being ഉണ്ടാവുക സാധ്യമല്ല). ഇത് നിഷേധിക്കാനാവാത്ത ഒരു വാദമാണ്. എന്നു മാത്രമല്ല, മറ്റു ഗണിത തത്ത്വങ്ങളുടെ (abstract beings)വിഷയത്തിൽ ഈ യുക്തിയെ അംഗീകരിക്കാത്തവരായി ആരും ഉണ്ടാവകില്ല. ഉദാ: ലോകത്ത് എത്ര circularity (വൃത്ത സ്വഭാവം) ഉണ്ടെന്ന ചോദ്യത്തിന് മറുപടി എന്താണ്? അവ ഏകമാണ് എന്നത് മാത്രമാണ് ഉത്തരം. വൃത്തം എന്ന ആശയം ഒന്നു മാത്രമാണ് ഉള്ളത്. അത് മറ്റൊരു രൂപത്തിൽ ആയാൽ മാത്രമാണ് അതല്ലാത്ത ഒന്ന് ഉണ്ടാകുന്നത്. മറ്റൊരു രൂപത്തിൽ ആവുക സാധ്യമല്ലാത്ത ഒരസ്തിത്വമായതിനാൽ എപ്പോഴും ഏകമാണ്.
മറ്റൊരു കാരണം ഭൗതിക പരിമിതിയില്ലാത്തതെന്തും ഏകമായിരിക്കണം എന്നതാണ്. നിങ്ങളുടെ മേശപ്പുറത്ത് രണ്ട് ആപ്പിളുണ്ടെന്ന് കരുതുക. അതിനെ രണ്ടാക്കുന്നതെന്താണ്? രണ്ടിനും പരിമിതമായ രൂപവും ആകൃതിയുമുണ്ട്. അതിനെ രണ്ടാക്കാൻ പുറത്തെ മേശയും അതിനപ്പുറം സ്‌പേസും കാരണമാകുന്നു. സ്വന്തം അസ്തിത്വത്തിന് പരിമിതിയും അതിനപ്പുറം അവയെ സ്വാധീനിക്കാവുന്ന ബാഹ്യലോകവും ഉള്ളതുകൊണ്ട് മാത്രമാണ് ഇവിടെ രണ്ടാമതൊന്ന് ഉണ്ടാകുന്നത്. രണ്ടാക്കാനായി ബാഹ്യലോകമോ സ്വന്തം അസ്തിത്വത്തിന് പരിമിതിയോ ഇല്ലെങ്കിൽ അത് ഏകമായിരിക്കൽ നിർബന്ധമാണ്.
മറ്റൊരു കാരണംകൂടി നോക്കാം. ഇന്ന് നാം നിലനിൽക്കുന്ന പ്രപഞ്ചത്തിന്റെ സ്വഭാവം എന്തൊക്കെയാണ്? 13.8 ബില്യൺ വർഷം മുമ്പ് ആരംഭിച്ച, വികസിക്കുന്ന, ഗാലക്‌സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയുമുള്ള, ജീവജാലങ്ങളും മനുഷ്യരുമടങ്ങുന്ന; ഇന്ന് കാണുന്ന പ്രപഞ്ചഘടകങ്ങളെയെല്ലാം ചേർത്ത് നമുക്ക് X എന്നു വിളിക്കാം. X എന്ന സ്വഭാവത്തിലുള്ള ലോകം ഉണ്ടായി? എന്തുകൊണ്ട് Y എന്ന സ്വഭാവം പ്രകടിപ്പിക്കുന്ന പ്രപഞ്ചം ഉണ്ടായില്ല?
X എന്ന ലോകത്തെതന്നെ സൃഷ്ടിക്കാൻ ഹേതുവായ ഒരു കാരണമാണ് അവിടെ പ്രവർത്തിച്ചത് എന്ന് ഇത് തെളിയിക്കുന്നു. ഒരു ഏകീകൃതമായ കാരണം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നത് ആദികാരണത്തിന്റെ ഏകത്വം തെളിയിക്കുന്നു.
B) പരാശ്രയരഹിതമായത് (Independent / Self sufficient)
നിലനിൽക്കൽ അനിവാര്യമായ ഉൺമയെയാണ് Necessary being എന്നു വിളിക്കുന്നതെന്ന് നാം കണ്ടു. അതിനാൽ അതിന്റെ നിലനിൽപ് മറ്റൊന്നിനെയും ആശ്രയിച്ചല്ല. എന്നാൽ മറ്റെല്ലാത്തിന്റെയും നിലനിൽപ് അതിനെ ആശ്രയിച്ചു മാത്രമാണ് എന്ന് വരുന്നു.
C) അനാദിത്വം (Eternal)
തുടക്കമുള്ള ഏതൊന്നിനും ഒരു ബാഹ്യകാരണമുണ്ടെന്നും ആയതിനാൽ അത് കണ്ടിഞ്ചന്റ് ആയവയുടെ വിശേഷണമാണെന്നും മുന്നേയുള്ള വിശകലനത്തിലൂടെ നാം കണ്ടതാണ്. തുടക്കമില്ലാത്ത, സ്വയം പര്യാപ്തമായ, നിലനിൽക്കൽ അനിവാര്യമായ ഉണ്മ അനാദിയാണെന്ന് ഉറപ്പിക്കാം. ആദിയോ അന്ത്യമോ ഇല്ലാത്തതാണ് അനിവാര്യമായ സൃഷ്ടികാരണം.
D) മാറ്റമില്ലായ്മ (Changeless)

മാറ്റം ഒരു ഭൗതിക ഗുണമാണ്. ആശ്രയിക്കുന്ന മറ്റൊന്നിനാൽ മാത്രമെ ഒരു ഉണ്മയിൽ മാറ്റങ്ങൾ സാധ്യമാകൂ. ഉദാ: ചൂടുള്ള കോഫി കുറച്ചുസമയം വെറുതെ വെച്ചാൽ തണുക്കുന്നു. ഇവിടെ കോഫിയിൽ സംഭവിച്ചത് മാറ്റമാണ്. അതിനു കാരണം റൂമിലെ തണുത്ത അന്തരീക്ഷമോ ചുറ്റുപാടോ എല്ലാമാണ് താനും. ഇവിടെ ഈ ബാഹ്യകാരണങ്ങളാൽ മാത്രമാണ് മാറ്റങ്ങൾ നടന്നത്. മറ്റൊന്നിനെയും ആശ്രയിച്ചല്ലാതെ നിലനിൽക്കുന്ന ഒന്നിലും മാറ്റങ്ങൾ സാധ്യമല്ല. ഒരു പ്രത്യേക മാറ്റം ഒരു ഉണ്മയിൽ ഉണ്ടാവുകയെന്നാൽ അത് പരിമിതിയാണ്. എന്തുകൊണ്ട് ആ മാറ്റം അപ്പോഴതിൽ സംഭവിച്ചു എന്നതിനും മറ്റൊരു മാറ്റം സംഭവിച്ചില്ല എന്നതിനും വിശദീകരണം അനിവാര്യമാണ്. ആയതിനാൽ മാറ്റം എന്നത് കണ്ടിഞ്ചന്റ് ആയവകളുടെ മാത്രം സവിശേഷതയും അനിവാര്യമായ ഉണ്മക്ക് ഉണ്ടാവാത്തതുമായ ഗുണമാണ്.
E) സർവശക്തൻ (Omnipotent)
അനിവാര്യമായ ഒരു ആദികാരണം നിലനിൽക്കുകയും അതിന്റെ ഇടപെടലിനാൽ മാത്രം മറ്റെല്ലാം ഉണ്ടാവുകയും ചെയ്തുവെന്ന് വാദിച്ചാൽ അതിനർഥം അത് സർവശക്തമാണ് എന്നാണ്. കാരണം അതിന്റെ കഴിവിന് പുറത്തുള്ള യാതൊന്നും നിലനിൽക്കുന്നില്ല, സർവതും അതിനെ മാത്രം ആശ്രയിക്കുകയും ചെയ്യുന്നു.
F) അഭൗതികം (Immaterial)
ഏതൊന്നിന്റെയും മൂലകാരണം ആ വസ്തുവിൽനിന്നും വ്യത്യസ്തമായിരിക്കും. ഉദാ: ഒരു കമ്പ്യൂട്ടർ ഗെയിമിന്റെ കാര്യം നോക്കുക. പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചുള്ള ഉത്തരവുകളാണ് ആ ഗെയിമിനെ പ്രവർത്തിപ്പിക്കുന്നത്.
എന്നാൽ എങ്ങനെ മെഷീൻ ലാംഗ്വേജ് ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം മെഷീൻ ലാംഗ്വേജ് അല്ലാത്ത ഒന്ന് അതിനു കാരണമായി എന്നതാണ്. എന്തുകൊണ്ട് ബയോളജി പ്രവർത്തിക്കുന്നു എന്നതിന്റെ ഉത്തരം ബയോളജി എന്ന സെറ്റിനു പുറത്തായിരിക്കും. അഥവാ കെമിസ്ട്രിയാണ് ബയോളജിക്കൽ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. എന്നതുപോലെ കെമിസ്ട്രിയെ വിശദീകരിക്കുന്നത് ഫിസിക്‌സ് ആണ്. ഇവിടെയെല്ലാം ഒരു സെറ്റിനെ വിശദീകരിക്കുന്നത് ആ സെറ്റിന് പുറത്തുള്ള മറ്റൊന്നാണ്.
പരസ്പരപൂരകമായി അടുക്കിവെച്ചിട്ടുള്ള ഡോമിനോസിന്റെ കാര്യം നോക്കുക. ആദ്യത്തെ ഒന്നൊഴികെയുള്ള മറ്റെല്ലാ ഡോമിനോകളും നിലംപതിക്കാൻ കാരണം അവയ്ക്ക് തൊട്ടുമുമ്പുള്ള ഡോമിനോസ് ആയിരിക്കും. എന്നാൽ അവ മുഴുവൻ നിലംപതിക്കാനുണ്ടായ കാരണം ഡോമിനോസ് എന്ന സെറ്റിന്റെ പുറത്തായിരിക്കും. ഇത് കണ്ടിഞ്ചന്റ് ആയ എല്ലാത്തിലും ബാധകമായ യുക്തിയാണ്. അപ്പോൾ ഭൗതികലോകത്തെ വിശദീകരിക്കുന്നത് എന്താകാം? തീർച്ചയായും ഭൗതികം എന്ന സെറ്റിന് പുറത്തുള്ളതാകണമത്. പ്രപഞ്ചമോ ഭൗതികലോകമോ നിലനിന്നിട്ടില്ലായിരുന്ന ഒരു അവസ്ഥയിൽനിന്നും പ്രപഞ്ചത്തെ സൃഷ്ടിച്ച അസ്തിത്വം പ്രപഞ്ചാതീതം ആകണമെന്നും ഉറപ്പിക്കാം.
Necessary being എന്തുകൊണ്ട് അഭൗതികം ആകണമെന്നതിന്റെ മറ്റൊരു കാരണത്തിലേക്ക് കൂടി പോകാം: നിലനിൽക്കാൻ സ്ഥലം ആവശ്യമായതും ബാഹ്യനിയമങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നതുമെല്ലാം ഭൗതികമാണ്. എന്നാൽ സ്ഥലകാലങ്ങളിൽ ഒതുക്കപ്പെടുന്നതെന്തും കണ്ടിഞ്ചന്റ് ആണെന്നും ഒരു നെസസ്സറി ബീയിങ്ങിന് അത്തരം പരിമിതികൾ ഉണ്ടാവില്ലെന്നും നാം കണ്ടതാണ്. ഉദാഹരണത്തിന്, പ്രപഞ്ചത്തിന്റെ X എന്ന സ്ഥലത്ത് Necessary being നിലനിൽക്കുന്നുവെന്ന് കരുതുക. എന്തുകൊണ്ട് ഇത് അവിടെ ഒതുങ്ങി എന്ന് ചോദിക്കാം. കാരണം അതൊരു Arbitrary Limit ആണ്. ബാഹ്യവിശദീകരണം വേണ്ടതായ അത്തരം ഒന്ന് അനിവാര്യ ഉണ്മയാവുക സാധ്യമല്ല എന്ന് നാം കണ്ടു.
G) അനിവാര്യത (Necessity)
അനിവാര്യമായും നിലനിന്നിരിക്കേണ്ട ആദികാരണത്തിന് കണ്ടിഞ്ചന്റ് ആയ സ്വഭാവഗുണങ്ങൾ സാധ്യമല്ല. കണ്ടിഞ്ചന്റ് ആയ ഗുണങ്ങൾക്ക് ബാഹ്യകാരണം ഉണ്ടാകണമെന്ന് നാം കണ്ടതാണ്. അപ്പോൾ ബാഹ്യകാരണങ്ങൾ ഇല്ലാത്ത, സ്വയം നിലനിൽക്കുന്ന പ്രപഞ്ചഹേതുവിന്റെ ഒരു ഗുണവും കണ്ടിഞ്ചന്റ് ആകരുത്. ഇതിൽനിന്നും Necessary beingന്റെ എല്ലാ സ്വഭാവങ്ങളും അതോടൊപ്പം തന്നെ അനിവാര്യമാണെന്ന തീർപ്പിലെത്താം. മാത്രമല്ല അവ കണ്ടിഞ്ചന്റ് ആയ ഒന്നിനാലും സൃഷ്ടിക്കപ്പെട്ടതും ആകരുത്. എന്തുകൊണ്ടെന്നാൽ കണ്ടിഞ്ചന്റ് ആയവയിൽനിന്നും കണ്ടിഞ്ചന്റ് വസ്തുക്കൾ മാത്രമെ ഉണ്ടാകൂ. ആയതിനാൽ ആദികാരണത്തിൽ കണ്ടിഞ്ചന്റ് ആയ ഭാഗങ്ങളോ ഭൗതിക പരിമിതികളോ ഇല്ലെന്നു മനസ്സിലാക്കാം.
H) ബോധം/ഇച്ഛാശക്തി (Will / Conscious power)
അനാദിയിൽ നിലനിന്നിരുന്ന ഏകമായ ഉണ്മ ഒരു പ്രത്യേക സ്വഭാവത്തിലുള്ള പ്രപഞ്ചത്തെ ഒരു പ്രത്യേക നിമിഷത്തിൽ സൃഷ്ടിച്ചു എന്ന് നാം മനസ്സിലാക്കി. ഇതിന് മറ്റൊന്നും അതിനെ പ്രേരിപ്പിക്കുകയോ ബാഹ്യകാരണമാവുകയോ ചെയ്തില്ല. അതിനർഥം സ്വന്തത്തിൽനിന്നും ആ ഉണ്മയിൽ അത്തരമൊരു തിരഞ്ഞെടുപ്പ് ഉണ്ടായി എന്നാണ്. ബാഹ്യകാരണങ്ങൾ ഇല്ലാതെ സ്വന്തമായി തിരഞ്ഞെടുക്കാനും സ്വയം പ്രവർത്തിക്കാനുമുള്ള കഴിവ് ബോധശക്തിയുള്ള അസ്തിത്വങ്ങളിൽ കാണുന്ന സ്വഭാവമാണ്. ബാഹ്യകാരണങ്ങൾ ഇല്ലാതെ സ്വയം തിരഞ്ഞെടുക്കുന്ന എന്തും ബോധമുള്ളതാണ്. ഇതിൽനിന്നും ആദികാരണം കോൺഷ്യസ് ആണെന്നും ബാഹ്യപ്രേരണ കൂടാതെ ഒരു പ്രത്യേക സ്വഭാവത്തിലുള്ള പ്രപഞ്ചത്തെ തിരഞ്ഞെടുത്തതിൽനിന്നും അതിന് ഇച്ഛാശക്തിയുണ്ടെന്നും തീർപ്പാക്കാം.
ഫിലോസഫർ റോബർട്ട് കൂൺസിന്റെ അഭിപ്രായത്തിൽ അഭൗതികമായ കാരണശക്തി (Immaterial Concrete) എന്നാൽ അത് മൈൻഡ് മാത്രമാണ്. അഭൗതികമായ ആദ്യകാരണം ബോധം ഉൾക്കൊള്ളുന്ന conscious mind ആണ് എന്നു ചിന്തിക്കാൻ ഇതും യുക്തി നൽകുന്നു. പ്രപഞ്ചത്തിൽ കാണപ്പെടുന്ന ആസൂത്രണങ്ങളിൽനിന്നും, അതിന്റെ productive ആയ സ്വഭാവത്തിൽനിന്നും, അടിസ്ഥാന നിയമങ്ങളുടെ മൂല്യങ്ങളുടെ കൃത്യതയിൽ(fine tuning)നിന്നും അവയെ സൃഷ്ടിച്ച കാരണം ബുദ്ധിപരമാണ് എന്ന തീർപ്പിലെത്താം എന്നുകൂടെ ഫിലോസഫർ അലക്‌സാണ്ടർ പ്രസ്സ് നിരീക്ഷിക്കുന്നുണ്ട്.
ബുദ്ധിപരമായ തിരഞ്ഞെടുപ്പിന് ഇച്ഛാശക്തിയുള്ള ഒന്നിനാൽ മാത്രമെ വൈവിധ്യങ്ങളെ സൃഷ്ടിക്കാൻ കഴിയൂ. ഉദാഹരണത്തിന്, തീയിലേക്ക് കുറച്ച് കടലാസുകൾ ഇട്ടുനോക്കുക. എപ്പോഴെല്ലാം ഒരു കടലാസ് തീയിൽ ഇടുന്നുവോ അപ്പോഴെല്ലാം അത് കടലാസിനെ കരിച്ചുകളയുന്നു. ഒരുതവണ പോലും അത് കടലാസിനെ നനയ്ക്കുന്നില്ല. തീ എപ്പോഴും കടലാസിനെ കരിക്കുന്നപോലെ ജഡസ്വഭാവമുള്ള ഭൗതികഉണ്മകൾ എപ്പോഴും ഒരേസ്വഭാവത്തിലുള്ള കാരണശക്തിയാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ പ്രപഞ്ചത്തിൽ ഏകസ്വഭാവമല്ല കാണുന്നത്. വ്യത്യസ്ത മാനങ്ങളും വ്യത്യസ്ത നിയമങ്ങളും ചൂടും തണുപ്പും മഴയും മഞ്ഞും എന്നിങ്ങനെ വൈവിധ്യങ്ങളുടെ കലവറയാണ് പ്രപഞ്ചം; ഒരു രൂപത്തിലുള്ള ഫലം മാത്രം നൽകുന്ന ഒരു ഭൗതിക ഉണ്മയല്ല. ആയതിനാൽ പ്രപഞ്ചത്തിന്റെ കാരണമെന്ന് നിഗമനത്തിലേക്ക് ഇത് എത്തിക്കുന്നു.
ഫിലോസഫറായ ഡോക്ടർ വില്യംലേൻ ക്രൈഗിന്റെ ഒരു ആർഗ്യുമെന്റ് ഉപയോഗിക്കുന്നത് ഇതു മനസ്സിലാക്കാൻ കൂടുതൽ എളുപ്പമാണ്. അനാദികാലമായി ജലം സീറോ ഡിഗ്രി സെൽഷ്യസിൽ നിലനിൽക്കുന്നുവെന്ന് കരുതുക. അപ്പോഴെല്ലാം ജലം ഐസായിരിക്കുന്നു. ഇവിടെ ജലം ഐസായിരിക്കാനുള്ള കാരണം അത് നിലനിൽക്കുന്ന അന്തരീക്ഷത്തിലെ താപനിലയാണ്. ഈ കാരണം അനാദിയായി നിലനിൽക്കുവോളം ഇഫക്റ്റും അനാദിയായി നിലനിൽക്കുന്നു.
ഒരു പ്രത്യേക നിമിഷത്തിൽ സീറോ ഡിഗ്രിയിൽ ഐസ് ആയിരിക്കാതെ വാതകമാവുക എന്ന് സ്വയം നിർണയിക്കാനും മാറാനും ജലത്തിന് കഴിവില്ല. എന്നാൽ ബോധമുള്ള (conscious being) ഒരു ഉണ്മയ്ക്ക് സ്വയം ചലനാത്മകതയുണ്ട്. ഉദാഹരണത്തിന് അനാദികാലമായി ഇരിക്കുന്ന ഒരു മനുഷ്യനെ സങ്കൽപിക്കുക. ഒരു സമയത്ത് എഴുന്നേൽക്കണം എന്നുമാത്രം കരുതിയാൽ മതി, ആ അവസ്ഥയിൽനിന്ന് മാറാൻ ആ മനുഷ്യന് സ്വയം കഴിയും. എന്നതുപോലെ പ്രപഞ്ചത്തിന്റെ മൂലകാരണം ബോധമില്ലാതെ, ഇച്ഛാശക്തിയില്ലാതെ, അനാദിയായി നിലനിൽക്കുന്നുവെങ്കിൽ 13.8 ബില്യൺ വർഷത്തെ പഴക്കമുള്ള പ്രപഞ്ചം എങ്ങനെ ഉണ്ടാകും? ഒരു പ്രത്യേക നിമിഷത്തിൽ പ്രത്യേക രൂപത്തിലുള്ള പ്രപഞ്ചത്തെ അനാദികാലമായി നിലനിന്ന ഒരു അസ്തിത്വം ബാഹ്യപ്രേരണകൾ ഇല്ലാതെ സൃഷ്ടിച്ചു എന്നു പറഞ്ഞാൽ അതിനർഥം ആ അസ്തിത്വം കോൺഷ്യസ് ആണെന്നും അതിന് തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടെന്നുമാണ്.
I) Intelligence: Deductive ലോജിക് അനുസരിച്ചുള്ള വാദം
1) X എന്ന പ്രതിഭാസം ആസൂത്രിതമായി കാണപ്പെടുന്നുവെങ്കിൽ ഉദ്ദേശ്യപൂർവമായ നിർമിതി ആകണമത്. (If X is design like then X can only be the product of Intentional design)).
2) പ്രകൃതിയിൽ ആസൂത്രിത സംവിധാനങ്ങൾ കാണപ്പെടുന്നു.
3) ആയതിനാൽ പ്രകൃതി ആസൂത്രിതമായ സൃഷ്ടിയാണ്.
4) ഒന്നിനെ ആസൂത്രിതമായി സംവിധാനിക്കാൻ കഴിയുന്നത് സ്വയം ഇന്റലിജന്റ് ആകണം.
5) പ്രകൃതിയെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചത് ഇന്റലിജന്റ് ആണ്.
6) ആയതിനാൽ ഇന്റലിജന്റായ സ്രഷ്ടാവുണ്ട്.
മറ്റൊരു വാദം കൂടി നോക്കാം:
1) മനുഷ്യനിർമിതികളിൽ കാണുന്ന ആസൂത്രണ സ്വഭാവങ്ങൾതന്നെ പ്രകൃതിയിലും കാണുന്നുണ്ട്.
2) മനുഷ്യനിർമിതികൾ ഉദ്ദേശ്യബുദ്ധിയുടെ (Intentional design) ഭാഗമാണ്.
3) എങ്കിൽ പ്രകൃതിയിൽ കാണുന്ന ആസൂത്രണങ്ങളും ഉദ്ദേശ്യബുദ്ധിയുടെ ഭാഗമാകണം.
4) ആയതിനാൽ പ്രപഞ്ചകാരണം ഇന്റലിജൻസ് ഉൾക്കൊള്ളുന്നു.
പ്രപഞ്ചം എന്നത് വളരെ സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കുന്ന ഒരു വ്യൂഹമാണ്. അതിനുകാരണം ഏകവും ആദിയുമായ ഉണ്മയാണ് എന്ന് അംഗീകരിച്ചാൽ അത് ബുദ്ധിപരമാണ് എന്നും അംഗീകരിക്കേണ്ടതായി വരും.
J) ഇൻഫിനിറ്റ് (Infinite)
അനിവാര്യമായ ആദികാരണത്തിന് കണ്ടിഞ്ചന്റ് ആയവകളുടെ സവിശേഷതകൾ ഉണ്ടാകരുതെന്നും ഭൗതിക പരിമിതികൾ Arbitrary limit)േ അതിനോട് യോജിക്കില്ലെന്നും ചർച്ചയുടെ ആദ്യഭാഗത്ത് നാം കണ്ടതാണ്. എങ്കിൽ Necessary beingന് ഉണ്ടെന്ന് നമ്മൾ കണ്ടെത്തിയ എല്ലാ ഗുണങ്ങളും arbitrary limit ഇല്ലാത്തതാവണം; അഥവാ പരിമിതിയില്ലാത്തതാവണം. പരിമിതിയില്ലാത്ത ഗുണം ഇൻഫിനിറ്റ് ആണ്. അപ്പോൾ Necessary beingന് ഉണ്ടെന്ന് നാം കണ്ടെത്തിയ എല്ലാ ഗുണങ്ങളും ഇൻഫിനിറ്റ് ആവണം. ഉദാ: Necessary beingന് ഒരു നിശ്ചിത ഭാരത്തിലുള്ള പ്രപഞ്ചത്തെയേ സൃഷ്ടിക്കാൻ കഴിയൂ എന്ന് വാദിച്ചാൽ അതിനർത്ഥം അതിനെ അവിടെ പരിമിതപ്പെടുത്തുന്ന എന്തോ ഉണ്ടെന്നാണ്.

X എന്ന ഭാരത്തിലുള്ള പ്രപഞ്ചത്തെ മാത്രമെ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ എന്നുവന്നാൽ എന്തുകൊണ്ട് Y എന്ന ഭാരത്തിൽ ആ കഴിവ് പരിമിതപ്പെട്ടില്ല എന്ന് ചോദിക്കാം. നിശ്ചിതമായ ഈ പരിമിതികൾക്ക് ഒരു ബാഹ്യകാരണം അനിവാര്യമാണല്ലോ. അപ്പോൾ ബാഹ്യമായ ഒന്നും പരിമിതപ്പെടുത്താനില്ലാത്ത ഒന്നിനും പരിമിതികൾ ബാധകമല്ല. പരിമിതികൾ ഇല്ലാത്ത രണ്ടു സങ്കൽപങ്ങൾ മാത്രമാണ് ഉള്ളത്. ഒന്ന് പൂജ്യവും മറ്റൊന്ന് അനന്തതയും. പൂജ്യത്തിന് പൂജ്യം പരിമിതിയാണുള്ളത് എന്നപോലെതന്നെ അനന്തതക്കും (ഇൻഫിനിറ്റിക്കും) പൂജ്യം പരിമിതിയാണുള്ളത്.
അപ്പോൾ Necessary beingന് ഒരു ഗുണമുണ്ടെന്ന് സമ്മതിച്ചാൽ ആ ഗുണം Necessary beingൽ സീറോ അല്ലെന്നാണ് സമ്മതിക്കുന്നത്. സീറോ അല്ലാത്ത പരിമിതിയില്ലാത്ത, പിന്നെ അവശേഷിക്കുന്ന ഒരു സങ്കൽപം അനന്തത മാത്രമാണ്. അപ്പോൾ Necessary beingന് കഴിവ് ഉണ്ടെന്നതിൽനിന്നും ആ കഴിവിന് പരിമിതികൾ ഇല്ലെന്നും അത് അനന്തമാണെന്നും തീർപ്പാക്കാം. അപ്പോൾ Necessary being അനന്തമായ അറിവും കഴിവും ബുദ്ധിയും നിലനിൽപുമുള്ളതാണ് എന്നു തീർപ്പാക്കേണ്ടിവരുന്നു.
K) ദൈവമായിരിക്കുക
നിലനിൽക്കൽ അനിവാര്യമായ, ഏകനായ, സർവശക്തനായ, സർവജ്ഞനായ, കോൺഷ്യസായ, ഇച്ഛാശക്തിയുള്ള, അഭൗതികമായ, അനാദിയായ സ്രഷ്ടാവ് പ്രപഞ്ചത്തിനുണ്ട് എന്നു നാം കണ്ടു. മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാം ദൈവത്തിന്റെ മാത്രം സവിശേഷതകളാണ്. ദൈവത്തിനുമാത്രം ഉണ്ടാകേണ്ടതായ സവിശേഷതകൾ ഉൾക്കൊള്ളുന്ന അസ്തിത്വമുണ്ടെന്ന് തെളിഞ്ഞാൽ അതിനർഥം ദൈവമുണ്ടെന്നാണ്. ആയതിനാൽ ദൈവമുണ്ട് (Therefore God exists).
അനിവാര്യകാരണത്തിൽ നിന്നും ഇസ്‌ലാമിലേക്ക്
സ്രഷ്ടാവിന്റെ ഗുണങ്ങളെ സംബന്ധിച്ച് കണ്ടിഞ്ചൻസി ആർഗ്യുമെന്റ് വഴി നാമെത്തിയ അറിവിലേക്കുതന്നെ മനുഷ്യനെ ക്ഷണിക്കുന്ന ദർശനമാണ് ഇസ്‌ലാം. ഒരു അനിവാര്യകാരണത്തിന്റെ സ്വഭാവങ്ങളെ വചനങ്ങളായി വിശദീകരിക്കാൻ വിശുദ്ധ ക്വുർആനു കഴിയുന്നുണ്ട്.
കണ്ടിഞ്ചന്റ് ആയ ലോകം നിലനിൽപിന് അനിവാര്യമായ ഒരു ഉണ്മയെ ആശ്രയിക്കുന്നു എന്നും ഈ അനിവാര്യ ഉണ്മ പരാശ്രയരഹിതമാണ് എന്നും നാം കണ്ടല്ലോ. ദൈവത്തെ പരിചയപ്പെടുത്തുന്ന ഒരു ക്വുർആൻ വചനം ഇതേ ആശയം തന്നെ പഠിപ്പിക്കുന്നു:
“അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവൻ (സ്വമദ്) ആകുന്നു’’ (112:2).
പരാശ്രയം ആവശ്യമില്ലാത്തവനും അതോടൊപ്പം സകലതിനാലും ആശ്രയിക്കപ്പെടുകയും ചെയ്യുന്നവൻ എന്നതാണ് ‘സ്വമദ്’ എന്നതിന്റെ വിശാലാർഥം.
സ്രഷ്ടാവായ ദൈവം ഭൗതികമായ പരിധികൾക്കോ പരിമിതികൾക്കോ അകത്ത് വരുന്നതല്ലെന്നും കണ്ടിഞ്ചൻസി വാദം പറഞ്ഞുവെക്കുന്നുവെന്ന് കണ്ടല്ലോ. മറ്റു ഭൗതികമായ രൂപങ്ങളോ ആകാരമോ ഇല്ലാത്തവനാണ് ദൈവമെന്ന അധ്യാപനം ഇസ്‌ലാമിന്റെ സവിശേഷതയാണ്. മനുഷ്യന്റെ കേവല ബുദ്ധികൊണ്ട് ദൈവത്തിന്റെ അസ്തിത്വത്തെ ഊഹിക്കാൻ പോലുമാകില്ലെന്നും ഇസ്‌ലാം അറിയിക്കുന്നു. അവനുമായി തുലനം ചെയ്യാവുന്ന യാതൊന്നും നിലനിൽക്കുന്നില്ല എന്നാണ് ക്വുർആൻ പറയുന്നത്: “അവനു തുല്യമായി യാതൊന്നുമില്ല’’(42:11).
ദൈവത്തിന്റെ സമ്പൂർണമായ ഏകത്വമെന്ന വസ്തുതകൂടി ഇസ്‌ലാമും കണ്ടിഞ്ചൻസിവാദവും പങ്കുവെക്കുന്നുണ്ട്: “(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു’’ (112:1).
അഥവാ ഫിലോസഫിക്കലായ അന്വേഷണങ്ങൾവഴി ദൈവത്തെ സംബന്ധിച്ച് ആധുനിക തത്ത്വചിന്തകർ പറഞ്ഞുവെച്ച അറിവുതന്നെ ആയിരത്തി നാനൂറ് വർഷം മുമ്പ് ഒരു തത്ത്വചിന്താ പഠനവും നടത്തിയിട്ടില്ലാത്ത പ്രവാചകന്റെ നാവിലൂടെ ലോകം കേട്ട ഗ്രന്ഥവും പറഞ്ഞുവെച്ചിരിക്കുന്നു.
(അവസാനിച്ചു)

