ഉൽകൃഷ്ടനായ ഇബ്‌റാഹീം നബി(അ)
വി.വി. ബഷീർ വടകര
2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

ലോകത്ത് ലക്ഷത്തിൽപരം പ്രവാചകൻമാരെ സൻമാർഗസന്ദേശവുമായി അല്ലാഹു അയച്ചിട്ടുണ്ട്. അതത് ജനതയിൽനിന്നുതന്നെ ഏറ്റവും ഉത്തമരായവരെയാണ് അല്ലാഹു ദൂതരായി നിയോഗിച്ചിട്ടുള്ളത്; എക്കാലത്തും. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന മഹാ അപരാധത്തിൽനിന്നും മറ്റെല്ലാ അധർമങ്ങളിൽനിന്നും സമൂഹത്തെ സംസ്‌കരിച്ചെടുക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. സന്ദേശ ത്തിന്റെ ഭാഗമായിരുന്നു. ഏകനായ സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്നതോടൊപ്പം ആരാധനക്കർഹൻ അവൻ മാത്രമാണ് എന്ന യാഥാർഥ്യം അംഗീകരിക്കുന്നതിലേക്ക് ജനങ്ങളെ അവർ ക്ഷണിച്ചു.
ചില പ്രവാചകന്മാരുടെ പേരെടുത്തു പറഞ്ഞ് അല്ലാഹു പരിചയപ്പെടുത്തുന്നത് കാണുക: “കൈക്കരു ത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസൻമാരായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരെയും ഓർക്കുക. നിഷ്‌കളങ്കമായ ഒരു വിചാരംകൊണ്ട് നാം അവരെ ഉൽകൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്. തീർച്ചയായും അവർ നമ്മുടെ അടുക്കൽ തെരഞ്ഞെടുക്കപ്പെട്ട ഉത്തമൻമാരിൽ പെട്ടവരാകുന്നു’’ (38:45-47).
പരലോകത്തെ കുറിച്ചുള്ള ചിന്ത മനുഷ്യരെ ഉൽകൃഷ്ട വ്യക്തിത്വത്തിലേക്കു നയിക്കുമെന്നതിൽ സംശയമില്ല. അടിയുറച്ച വിശ്വാസവും സൽകർമവും ആത്മാർഥമായ പ്രവർത്തനവും പ്രാർഥനയും ഉണ്ടാകണമെന്നു മാത്രം.
സ്വന്തം കുടുംബത്തിൽനിന്ന് തുടക്കംകുറിച്ച ആദർശപ്രബോധനം സമൂഹത്തിലും നടത്താൻ മഹാനായ ഇബ്‌റാഹിം നബി(അ) സഹിച്ച ത്യാഗം അവസാന നാളുവരെയുമുള്ള വിശ്വാസികളൾക്ക് വലിയ പാഠമാണ് നൽകുന്നത്. വിഗ്രഹങ്ങളുണ്ടാക്കി വിൽക്കൽ ഉപജീവനമാർഗമായി സ്വീകരിച്ച, വിഗ്രഹാരാധകനായ പിതാവിനെ അതിന്റെ പൊള്ളത്തരം പഠിപ്പിച്ചുകൊടുക്കാൻ മകൻ സന്നദ്ധമാവുക എന്നത് ചരിത്ര നിയോഗമാണ്. ജീവന് ഭീഷണിയും കുടുംബബന്ധവിഛേദവും വകവയ്ക്കാതെ ഏക ദൈവവിശ്വാസത്തിലേക്ക് ക്ഷണിക്കാൻ തയ്യാറായി എന്നത് ഇബ്‌റാഹിം നബി(അ)യുടെ ഉൽകൃഷ്ടതയ്ക്ക് ആഴം കൂട്ടുന്നു.
അല്ലാഹു പറയുന്നു: “തീർച്ചയായും അല്ലാഹു ആദമിനെയും നൂഹിനെയും, ഇബ്‌റാഹീം കുടുംബത്തെയും ലോകരിൽ ഉൽകൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു.’’
സമൂഹം എങ്ങനെ പ്രതികരിക്കും, കുടുംബക്കാർ പിണങ്ങുമോ എന്നൊക്കെയോർത്ത് പ്രബോധന രംഗത്തുനിന്ന് ചിലർ മാറിനിൽക്കുന്നത് നാം കാണാറുണ്ട്. ഇബ്‌റാഹിം നബി(അ)യുടെ മില്ലത്ത് പിൻപറ്റുന്നവരുടെ നിലപാടല്ല അത്.
സത്യസന്ധതയിലെ ഉൽകൃഷ്ടത
എല്ലാ പ്രവാചകൻമാരുടെയും ഉത്തമ അടയാളമാണ് സത്യസന്ധത എന്നത്. ഇബ്‌റാഹീം നബി(അ)യെ ‘സത്യവാൻ’ എന്ന് അല്ലാഹു ക്വുർആനിൽ (19:41) വിശേഷിപ്പിച്ചതു കാണാം. ജീവിതത്തിൽ സത്യത്തിൽ ഉറച്ചുനിൽക്കുകയും സത്യസന്ധത മുഖമുദ്രയായി സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു ഇബ്‌റാഹീം നബിയെന്ന് അല്ലാഹു അറിയിച്ചുതരികയാണ്.
ഇഹലോകത്തെ പ്രത്യേക പരിഗണന.
ഇബ്‌റാഹീം നബി(അ) ത്യാഗസന്നദ്ധതയുടെ പര്യായമാണ്. ഭാര്യയെയും പിഞ്ചുമകനെയും മക്കാ മണലാരണ്യത്തിൽ തനിച്ചാക്കി ഇബ്‌റാഹീം നബി(അ) തിരിച്ചു പോകുമ്പോൾ ‘...അല്ലാഹുവിന്റെ കൽപന പ്രകാരമാണോ ഞങ്ങളെ തനിച്ചാക്കി പോകുന്നത്’ എന്ന് ഭാര്യ ചോദിക്കുന്നുണ്ട്. ഇബ്‌റാഹിം(അ) അതെ എന്നു തലയാട്ടി തിരിച്ചുനടന്നു. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി നമുക്കിതിന് മനസ്സിലാക്കാം. അദ്ദേഹത്തെ ഇഹത്തിൽ അല്ലാഹു പ്രത്യേകം തെരഞ്ഞടുക്കുകയും പരലോകത്ത് സദ്‌വൃത്തരോടൊപ്പം ചേർക്കുകയും ചെയ്തു.
എല്ലാ പരീക്ഷണങ്ങളെയും അചഞ്ചലമായ മനസ്സോടെ നേരിടാൻ അദ്ദേഹത്തിന് സാധിച്ചു.
“ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കൽപനകൾകൊണ്ട് പരീക്ഷിക്കുകയും അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങൾ അനുസ്മരിക്കുക). അല്ലാഹു (അപ്പോൾ) അദ്ദേഹത്തോട് പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്ക് നേതാവാക്കുകയാണ്...’’(2:124).
പൊന്നോമന പുത്രനെ അല്ലാഹുവിന്റെ കൽപന പ്രകാരം ബലിനൽകാൻ സന്നദ്ധനായ ഇബ്‌റാഹീം നബി(അ) മാതൃകയാണെന്നും പിൽകാലക്കാരിൽ അദ്ദേഹത്തിന് സൽകീർത്തിയുണ്ടെന്നും വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു അറിയിക്കുന്നുണ്ട്.
അല്ലാഹു അദ്ദേഹത്തെ കൂട്ടുകാരാനായി സ്വീകരിച്ചു എന്നതും നബിﷺ പഠിപ്പിച്ച ഇബ്‌റാഹീമിയ സ്വലാത്തിലൂടെ അന്ത്യനാൾവരെയുള്ള വിശ്വാസികൾ അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുന്നു എന്നതും അദ്ദേഹത്തിന്റെ മഹത്ത്വം വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ പ്രാർഥനകൾ വിശ്വാസി സമൂഹത്തിന് എന്നും മാതൃകയാണ്.
“എന്റെ രക്ഷിതാവേ, നീ ഇതൊരു നിർഭയമായ നാടാക്കുകയും ഇവിടുത്തെ താമസക്കാരിൽനിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ...’’(2:126).
അല്ലാഹുവിന്റെ കൽപന പ്രകാരം ഇബ്‌റാഹീം നബിയും പുത്രനും കഅ്ബയുടെ അടിത്തറ കെട്ടി ഉയർത്തിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ നടത്തിയ പ്രാർഥന ക്വുർആനിൽ കാണാം: “...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നീയിത് സ്വീകരിക്കണേ, തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (2:127). ചെയ്ത നന്മകൾ സ്വീകരിക്കപ്പെടണമെന്ന അതിയായ ആഗ്രഹമാണിത് വ്യക്തമാക്കുന്നത്.
പ്രബോധനം ആളുകൾ സ്വീകരിക്കുന്നുണ്ടോ ഇല്ലേ എന്നതല്ല, മനസ്സിലാക്കിയ സത്യം ഭയംകൂടാതെ തുറന്നു പറയുക എന്നതാണ് പ്രബോധകരുടെ കർത്തവ്യം. അതാണ് ഇബ്‌റാഹീം നബിയിൽ നിന്നുള്ള പാഠം. ഒരു ഉത്തമ സമുദായം എന്നാണ് ഇബ്രാഹിം നബിയെ അല്ലാഹു വിശേഷിപ്പിച്ചതും.
അല്ലാഹുവിന് പരിപൂർണമായി കീഴ്‌പെട്ട് ജീവിക്കാനും വ്യതിചലിക്കാതെ നിലകൊള്ളാനും ബഹു ദൈവവിശ്വാസത്തിൽനിന്നും മാറിനിൽക്കാനും ഇബ്‌റാഹീം നബിക്ക് കഴിഞ്ഞു. വിവേകവും വിജ്ഞാനവും നിറഞ്ഞ ഈ മഹാനായ പ്രവാചകന്റെ മേൽ ‘സമാധാനം’ എന്ന് അല്ലാഹു ക്വുർആനിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
ഇത്രയേറെ ഉൽകൃഷ്ടനായ മഹാപ്രവാചകനെയും അദ്ദേഹത്തിന്റെ ത്യാഗോജ്വല ജീവിതത്തെയും അവമതിച്ചുകൊണ്ടുള്ള ഒരു പ്രസംഗകന്റെ വാക്കുകൾ ഈയിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അല്ലാഹു പറയുന്നു: “സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാർഗത്തോട് വിമുഖതകാണിക്കുക? ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽതന്നെയായിരിക്കും’’ (2:130).
