ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

(ഭാഗം: 09)
63. ഭക്തികൊണ്ട് വിജയിക്കുക
ഒരു വ്യക്തി ജനങ്ങളുടെ ഇടയിൽ ആദരിക്കപ്പെട്ടവനാകാൻ പല മാനദണ്ഡങ്ങളുമുണ്ട്. പണം, പദവി, അധികാരം, സ്ഥാനമാനങ്ങൾ എന്നിവ അതിൽ ചിലതാണ്. എന്നാൽ അല്ലാഹുവിന്റെ അടുക്കൽ ആദരിക്കപ്പെട്ടവനായിത്തീർന്ന് ജീവിത വിജയം നേടാൻ തക്വ്‌വ അഥവാ സൂക്ഷ്മതകൊണ്ടു മാത്രമെ സാധ്യമാകുകയുളളൂ. അല്ലാഹു പറയുന്നു:
“ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും സൂക്ഷ്മത പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’’ (49:13).
“അതെ, അവർ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവയുടെ താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അവർക്ക് അവർ ഉദ്ദേശിക്കുന്നതെന്തും അതിൽ ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക് അല്ലാഹു പ്രതിഫലം നൽകുന്നത്’’ (16:31).
64. അമിതവിനോദം വർജിക്കുക
ഐഹികജീവിതം കളിയും വിനോദവുമാണെന്ന് ക്വുർആനിൽ ധാരാളം വചനങ്ങളിലൂടെ പ്രഖ്യാപിക്കുന്നതായി കാണാം. ആധുനിക മനുഷ്യന്റെ ജീവിതം പരിശോധിക്കുകയാണെങ്കിൽ അധിക ജനങ്ങളും അധികസമയവും വിനോദങ്ങളിൽ മുഴുകുന്നവരാണെന്ന് കാണാം. അമിതമായ വിനോദങ്ങൾ ദൈവസ്മരണയിൽ നിന്നും ആത്യന്തിക വിജയത്തിൽനിന്നും മനുഷ്യനെ അകറ്റുന്നതാണ്. അനുവദനീയമല്ലാത്ത വിനോദങ്ങൾ വർജിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
“നിങ്ങൾ അറിയുക: ഇഹലോകജീവിതമെന്നാൽ കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴപോലെ. അതുമൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോൾ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാൽ പരലോകത്ത് (ദുർവൃത്തർക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തർക്ക്) അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല’’(57:20).
65. സമ്പത്തിലും സന്താനങ്ങളിലും മതിമറക്കരുത്
ഐഹികജീവിത വിഭവങ്ങളായ സമ്പത്തും സന്താനങ്ങളും കാരണമായി പാരത്രിക വിജയത്തിന് നിദാനമായ ദൈവസ്മരണയും ആരാധനകളും സൽകർമങ്ങളും അവഗണിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നവർ നഷ്ടത്തിലാകുമെന്നാണ് ക്വുർആൻ പറയുന്നത്:
“സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിൽനിന്ന് നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ അവർ തന്നെയാണ് നഷ്ടക്കാർ’’ (63:9).
66. അതിക്രമവും ഭൗതിക പ്രമത്തതയും അരുത്
സാമ്പത്തിക സുസ്ഥിതി ചിലർക്ക് ആത്മീയ പാപ്പരത്തത്തിനും മറ്റുചിലർക്ക് അതിക്രമം കാണിക്കാനും പ്രചോദനമാകാറുണ്ട്. എന്നാൽ ഇത്തരം സ്വഭാവഗുണങ്ങൾ ഒരാളെ നരകത്തിലേക്കാണ് എത്തിക്കുക എന്നാണ് ക്വുർആൻ പറയുന്നത്:
“(അന്ന്) ആർ അതിരുകവിയുകയും ഇഹലോകജീവിതത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകംതന്നെയാണ് സങ്കേതം’’ (79:37-39).
67. ദേഹേഛകൾ വെടിയുക
മനുഷ്യമനസ്സ് മിക്കസമയത്തും ദുർവിചാരങ്ങൾകൊണ്ട് നിറഞ്ഞതായിരിക്കും. ഓരോ ശ്വാസത്തിലും മനസ്സിലേക്ക് വരുന്ന ഇഛകളെയും ദുർവികാരങ്ങളെയും നിയന്ത്രിച്ചെങ്കിൽ മാത്രമെ പരലോകത്ത് വിജയം നേടാനാകുകയുളളൂ.
“അപ്പോൾ ഏതൊരാൾ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ (അവന്ന്) സ്വർഗംതന്നെയാണ് സങ്കേതം’’ (79:40,41).
68. അനാഥരെ അടിച്ചമർത്തരുത്
അല്ലാഹുവിന്റെ അലംഘനീയമായ വിധിയുടെ ഫലമായി പല കുട്ടികൾക്കും അവരുടെ മാതാപിതാക്കളെ നഷ്ടപ്പെടാറുണ്ട്. ഇത്തരം അനാഥകളെ അടിച്ചമർത്തുന്നത് മനുഷ്യത്വരഹിതമായ സ്വഭാവമാണ്. ക്വുർആൻ കർശനമായി ഇതിനെ വിലക്കുന്നുണ്ട്.
“എന്നിരിക്കെ അനാഥയെ നീ അടിച്ചമർത്തരുത്’’ (93:9).
“അനാഥകളെപ്പറ്റിയും അവർ നിന്നോട് ചോദിക്കുന്നു. പറയുക: അവർക്ക് നൻമ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങൾ കൂട്ടുജീവിതം നയിക്കുകയാണെങ്കിൽ (അതിൽ തെറ്റില്ല). അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ...’’ (2:220).
69. യാചകനെ വിരട്ടരുത്
ജീവിതത്തിൽ അദ്ധ്വാനിച്ച് അന്നം കണ്ടെത്താൻ പല കാരണങ്ങൾകൊണ്ട് മാർഗം കാണാത്തവർ വിശപ്പടക്കാൻ വേണ്ടി അന്യരുടെ മുമ്പിൽ കൈ നീട്ടാൻ നിർബന്ധിതരാകും. അന്തസ്സുളള ഒരാളും ആളുകളോട് ഇരക്കുന്നത് ഇഷ്ടപ്പെടുകയില്ല. ഗത്യന്തരമില്ലാതെ യാചിച്ചുവരുന്നവരെ വിരട്ടിവിടുന്നത് ക്വുർആൻ വിലക്കിയ കാര്യമാണ്.
“ചോദിച്ചുവരുന്നവനെ നീ വിരട്ടിവിടുകയും ചെയ്യരുത്’’ (93:10).
70. അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുക
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിച്ച പലരും മറ്റുളളവർക്ക് അത് നൽകേണ്ടിവരുമോ എന്നു വിചാരിച്ച് അത് മറച്ചുവെക്കാറുണ്ട്. അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങൾ സ്മരിക്കാതിരിക്കുന്നതും മറച്ചുവെക്കുന്നതും അവനോടുളള നന്ദികേടായതുകൊണ്ട് അവന്റെ അനുഗ്രഹങ്ങൾ നാം വെളിപ്പെടു ത്തേണ്ടതുണ്ട്.
“നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക’’ (93:11).
(തുടരും)
