അഭിപ്രായഭിന്നതകളുടെ പേരിൽ മാറിനിൽക്കുകയോ?
സിയാദ് അൽഹികമി
2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

നാലു പണ്ഡിതന്മാർ കൂടിയാൽ പത്ത് അഭിപ്രായമാ,’ ‘അവരുടെ കൂട്ടത്തിലൊന്നും കൂടാൻ കഴിയില്ല, എപ്പോഴാ അടുത്ത ഭിന്നിപ്പ് വരിക എന്നത് പറയാൻ കഴിയില്ല...’ ഇങ്ങനെ പറയുന്ന പലരുമുണ്ട്. മുസ്‌ലിംകൾക്കിടയിലെ ഭിന്നതകൾ ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ പറയാറുള്ളത്. ഇങ്ങനെയുള്ള ചിന്തകളും ആശങ്കകളുമായി നടക്കുന്നത് ശരിയല്ല. അത് സ്വയം വഴികേടിന്റെ പാത തുറക്കലാണ്. മനുഷ്യരെല്ലാം ഒരേപോലെ ചിന്തിക്കുന്നവരും ഒരേ സ്വഭാവക്കാരുമല്ല. ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണ്. പ്രവാചകന്മാരുടെ കാലഘട്ടത്തിൽതന്നെ ഭിന്നിച്ചവരുണ്ട്. പ്രവാചകന്മാർക്കു ശേഷം ഭിന്നിച്ചുപോയവരുണ്ട്. ഇന്ന് ലോകത്തു കാണുന്ന സർവമനുഷ്യരുടെയും ആദിമാതാപിതാക്കൾ ആദമും ഹവ്വയുമാണല്ലോ. തലമുറ തലമുറകളായി മാനവസമൂഹം ലോകത്ത് വ്യാപിച്ചു. ഭിന്നിപ്പുകൾ ഉടലെടുത്തു. അല്ലാഹു പറയുന്നു:
“മനുഷ്യർ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവർ ഭിന്നിച്ചിരിക്കുകയാണ്. നിന്റെ രക്ഷിതാവിങ്കൽനിന്ന് ഒരു വചനം മുൻകൂട്ടി ഉണ്ടായിരുന്നില്ലെങ്കിൽ അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ അവർക്കിടയിൽ (ഇതിനകം) തീർപ്പുകൽപിക്കപ്പെട്ടിരുന്നേനെ’’ (ക്വുർആൻ 10:19).
“നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കിൽ മനുഷ്യരെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. (എന്നാൽ) അവർ ഭിന്നിച്ചുകൊണ്ടേയിരിക്കുകയാണ്’’ (ക്വുർആൻ 11:118).
ഈ സൂക്തങ്ങൾ മനസ്സിലാക്കിത്തരുന്നത് മനുഷ്യർക്കിടയിലുള്ള ഭിന്നതകൾ അവരുടെ പ്രകൃതിയിൽ പെട്ടതാണ് എന്നാണ്. അല്ലാഹുവിന്റെ തീരുമാനപ്രകാരമല്ലാതെ ഒന്നും സംഭവിക്കുന്നില്ല. കാലം കഴിയുന്തോറും മനുഷ്യർ ഭിന്നിച്ചുകൊണ്ടേയിരിക്കും. ഇത് തിരിച്ചറിയുമ്പോഴാണ് ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു മനസ്സിലാവുക.
ബനൂ ഇസ്‌റാഈല്യരെ അല്ലാഹു ശപിച്ചതിനുശേഷം അവരെ പല സംഘങ്ങളാക്കി അല്ലാഹു ഭിന്നിപ്പിച്ചു: “ഭൂമിയിൽ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തിൽ സദ്‌വൃത്തരുണ്ട്. അതിന് താഴെയുള്ളവരും അവരിലുണ്ട്. അവർ മടങ്ങേണ്ടതിനായി നാം അവരെ നന്മകൾകൊണ്ടും തിന്മകൾകൊണ്ടും പരീക്ഷിക്കുകയുണ്ടായി’’ (ക്വുർആൻ 7:169).
മനുഷ്യരെ പരീക്ഷിക്കുവാൻ വേണ്ടിയാണ് അല്ലാഹു ഇപ്രകാരം ചെയ്യുന്നതെന്ന് ഈ സൂക്തം മനസ്സിലാക്കിത്തരുന്നു. അല്ലായിരുന്നുവെങ്കിൽ അല്ലാഹു, ജനങ്ങൾ ഭിന്നിച്ചിരിക്കുന്ന വിഷയങ്ങളിൽ ഭൂമിയിൽവച്ചുതന്നെ തീർപ്പുകൽപിക്കുമായിരുന്നു.
അല്ലാഹുവിന്റെ തീരുമാനപ്രകാരം ഭിന്നിച്ചിരിക്കുന്ന വിഷയങ്ങളിൽ നന്മയും തിന്മയും വേർതിരിക്കുന്നത് അന്ത്യനാളിൽ മാത്രമാണ്. ലോകാവസാനംവരെ മനുഷ്യർ ഭിന്നിച്ചുകൊണ്ടിരിക്കും എന്നത് യാഥാർഥ്യമാണ്. അതിനാൽ പരീക്ഷണാർഥം നിശ്ചയിച്ചിട്ടുള്ള ഈ ലോകക്രമത്തെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ഭിന്നതയുടെ പേരിൽ പ്രബോധന മേഖലകളിൽനിന്നോ കൂട്ടായ്മകളിൽനിന്നോ വിട്ടുനിൽക്കുകയല്ല വേണ്ടത്, വിഷയങ്ങൾ പഠിച്ച് ശരിയുടെ പക്ഷക്കാർക്കൊപ്പം നിൽക്കാനാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ഹുദൈഫ(റ)യോട് നബിﷺ അവസാനകാലത്ത് ഉണ്ടാകാൻ പോകുന്ന കുഴപ്പങ്ങളെക്കുറിച്ചും ഭിന്നിപ്പുകളെക്കുറിച്ചും ചോദിച്ചപ്പോൾ അവിടുന്ന് നൽികയ മറുപടി ‘മുസ്‌ലിംകളുടെ ജമാഅത്തിനെ പിൻപറ്റുവാനും അവരുടെ ഇമാമിനെ അനുസരിക്കാനു’മാണ് (ബുഖാരി, മുസ്‌ലിം).
ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമായും ഒരു മുസ്‌ലിമിന്റെ ജീവിതത്തിൽ നേരിടേണ്ടിവരുന്നതാണ്. ദഅ്‌വത്തിന്റെ കൂട്ടായ്മകളിൽനിന്ന് വിട്ടുനിൽക്കൽ ഒരു പൈശാചിക ദുർബോധനത്തിന്റെ ഫലമാണ് എന്ന തിരിച്ചറിവും നമുക്കുണ്ടാകണം.

