ഹദീസ് വിരോധത്തിലെ അപകടങ്ങൾ
ദുൽക്കർഷാൻ അലനല്ലൂർ
2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

കേരളത്തിൽ മുസ്‌ലിംകളെ വിശ്വാസ-ആചാര രംഗങ്ങളിൽ തെറ്റായ ദിശയിലൂടെ കൊണ്ടുപോകുന്നവരാണ് സമസ്തക്കാർ. അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനോടു മാത്രം പ്രാർഥിക്കാനുമാണ് അല്ലാഹു മനുഷ്യരെയും ജിന്നുവർഗത്തെയും സൃഷ്ടിച്ചിട്ടുള്ളത്. ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും, അവൻ മാത്രമാണ് പ്രാർഥനക്ക് ഉത്തരം നൽകുന്നവനെന്നും, മനുഷ്യന്റെ കണ്ഠനാഡിയെക്കാൾ അടുത്താണ് അവനെന്നും, പ്രാർഥിക്കുന്നവൻ അവനോട് പ്രാർഥിച്ചുകൊള്ളട്ടെ അവൻ ഉത്തരം നൽകുമെന്നൊക്കെയുള്ള; തൗഹീദ് പഠിപ്പിക്കുന്ന വിശുദ്ധ ക്വുർആനിലെ ആയത്തുകൾക്ക് വിപരീതമായി അല്ലാഹുവിന്റെ സൃഷ്ടികളായ അമ്പിയാക്കളോടും ഔലിയാക്കളോടും ഊരും പേരുമറിയാത്ത പലരോടും-ഭ്രാന്തന്മാരോടു പോലും- പ്രാർഥിക്കാനും കാര്യകാരണ ബന്ധങ്ങൾക്കതീതമായ മാർഗത്തിൽ സഹായം തേടാനും അവർക്ക് നേർച്ച വഴിപാടുകൾ നടത്താനും അവരുടെ ക്വബ്‌റിങ്കൽ ഉറൂസുകളും മറ്റും നടത്താനും ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഇക്കൂട്ടർ. അവർ ഇപ്പോൾ എത്തിനിൽക്കുന്നത് കോഴിക്കോട് ജില്ലയിൽ ജീവിച്ചു മരണമടഞ്ഞ സി.എം എന്ന് വിളിപ്പേരുള്ള ഒരാളെ ‘പടച്ചോൻ’ എന്നു വിശേഷിപ്പിക്കുന്നിടത്താണ്! അദ്ദേഹത്തോട് നേരിട്ട് പ്രാർഥിക്കുവാൻ പോലും ഇക്കൂട്ടർ മടികാണിക്കുന്നില്ല.
ഈ വിഭാഗം അല്ലാഹു അല്ലാത്തവരോട് പ്രാർഥിക്കുവാൻ തെളിവായി കൊണ്ടുവന്ന ഒരു ദുർബല ഹദീസാണ് ‘യാ ഇബാദല്ലാഹി അഈനൂനീ’ (അല്ലാഹുവിന്റെ അടിമകളേ, എന്നെ സഹായിക്കണേ) എന്നത്. ഈ ദുർബല ഹദീസ് ചർച്ചക്ക് വിധേയമായപ്പോൾ തൗഹീദിന്റെ ആളുകൾ അതിന് കൃത്യവും വ്യക്തവുമായ മറുപടി നൽകി. ഈ ഹദീസ് ദുർബലമാണെന്നും അത് തെളിവിന് കൊള്ളില്ല എന്നും ഇനി അത് സ്വഹീഹാണെങ്കിൽ തന്നെയും മരിച്ചവരോട് പ്രാർഥിക്കാനുള്ള തെളിവ് അതിൽനിന്നും കിട്ടുകയില്ലെന്നും അവർ വ്യക്തമാക്കിക്കൊടുത്തു.
എന്നാൽ മർകസുദ്ദഅ്‌വയുടെ പ്രസംഗകരും എഴുത്തുകാരും മുജാഹിദുകൾക്കെതിരിൽ ‘അവർ ജിന്നിനോട് സഹായം തേടാമെന്നും അത് ശിർക്കല്ല എന്ന് പ്രചരിപ്പിക്കുന്നവരാണെന്നു’മുള്ള വ്യാജ ആരോപണവുമായി രംഗത്ത് വന്നു.
“യാതൊരു തത്ത്വദീക്ഷയും മറുപക്ഷ ആദരവും കാണിക്കാതെ നാലാംതരം (തറ) നിലവാരത്തിൽ ഇസ്‌ലാമിന്റെ വിശ്വാസാചാര അനുഷ്ഠാനങ്ങൾ ഒന്നൊന്നായി പിച്ചിച്ചീന്തി നടുറോട്ടിലിട്ട് കാൽക്കീഴിൽ ചവിട്ടിയരക്കുന്ന രീതിയിലാണ് അവയിലെ ഓരോന്നിലെയും പ്രതിപാദനങ്ങൾ. ഇസ്‌ലാമിന്റെ ശത്രുക്കളിൽനിന്ന് അച്ചാരം വാങ്ങി ആരുടെയോ കൈയടിക്കുവേണ്ടി എന്തൊക്കെയോ പറഞ്ഞുകൂട്ടുന്നു.’’ ഇത് സലാം സുല്ലമി സി.എന്നിനും ചേകന്നൂരിനും മറുപടി പറഞ്ഞതാണ്. ഇത് ഇന്ന് മർകസുദ്ദഅ്‌വക്കാർക്ക് തന്നെയുള്ള കൃത്യമായ മറുപടിയാണ്.
ഇവരുടെ കുതന്ത്രം മനസ്സിലാക്കിയ അന്നത്തെ കെ.എൻ.എം, കെ.ജെ.യു പണ്ഡിതന്മാരും നേതാക്കളും തികഞ്ഞ വിവേകത്തോടെയും ധിഷണാ വൈഭവത്തോടെയും അനുയായികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. തൗഹീദിന്റെയും സുന്നത്തിന്റെയും പ്രാധാന്യവും ദഅ്‌വത്തിന്റെ മഹത്ത്വവും പഠിപ്പിച്ചു. അതിന്റെ ഭാഗമായി അന്നോളം കേരളം കണ്ടിട്ടില്ലാത്ത വിധത്തിൽ പ്രബോധന പ്രവത്തനങ്ങളുമായി മുന്നിട്ടിറങ്ങി.
ഇങ്ങനെ അവിശ്രമം പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന പ്രസ്ഥാനത്തിൽ 2012ൽ വീണ്ടും ചില കുഴപ്പങ്ങൾ തലപൊക്കി. ചില തൽപരകക്ഷികൾ അവരുടെ സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തിൽ മറ്റൊരു പിളർപ്പിനുള്ള കളമൊരുക്കി. 2002നു ശേഷം മർകസുദ്ദഅ്‌വക്കാർ അവരുടെ അനുയായികളെ കൂടെ ഉറപ്പിച്ച് നിറുത്തുന്നതിനുവേണ്ടി സ്വീകരിച്ച അതേ കുതന്ത്രമാണ് 10 വർഷത്തിന് ശേഷം ഇവരും സ്വീകരിച്ചത്. മുജാഹിദുകളുടെ യഥാർഥ ആദർശത്തിൽ നിലകൊള്ളുന്നവരെ ജിന്നുസേവകരെന്നു മുദ്രകുത്തി. മുമ്പ് മർകസുദ്ദഅ്‌വക്കാർ എന്ത് ആക്ഷേപമാണോ കെഎൻഎമ്മിനെതിരെ ഉന്നയിച്ചിരുന്നത് അതേ ആക്ഷപം വിസ്ഡം എന്ന സംഘടനക്കെതിരെ ഉന്നയിച്ച് കെഎൻഎമ്മുകാർ സ്വയം അപഹാസ്യരായിക്കൊണ്ടിരുന്നു.
ഈ സന്ദർഭത്തിലും കേരളത്തിലെ മുജാഹിദുകളിൽ നല്ലൊരു ശതമാനമാളുകൾ കാര്യം മനസ്സിലാക്കി സത്യത്തിന്റെ കൂടെ നിൽക്കുകയും തങ്ങൾ മനസ്സിലാക്കിയ ആദർശം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും പ്രബോധനം നിർവഹിക്കുന്നതിനും മുന്നോട്ടുവരികയും ചെയ്തു.
തൗഹീദിന്റെയും സുന്നത്തിന്റെയും പ്രബോധന രംഗത്ത് കെടാവിളക്കായി മാറിയ വിസ്ഡം ഓർഗനൈസേഷന്റെ മുന്നേറ്റത്തിൽ ഇസ്‌ലാമിനെ അറിയാനും പഠിക്കാനും മനസ്സിലാക്കാനും ആഗ്രഹിച്ച പലരും യഥാർഥ തൗഹീദിന്റെ വക്താക്കളായി മാറി.
‘വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ’ ഇസ്‌ലാമിക പ്രബോധന രംഗത്ത് സജീവമായി നിലകൊള്ളുകയും അതോടൊപ്പം ക്ഷേമ പ്രവർത്തനങ്ങളുമായി സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും സമൂഹത്തിലെ നാനാതുറകളിലും ഇടപെടുകയും ചെയ്തുകൊണ്ടിരുന്നു.
ഈ മുന്നേറ്റത്തിന് തടയിടാനും സ്വന്തം അണികൾ ഒഴുകിപ്പോകാതിരിക്കാനും വിമർശകരുടെ കൈകളിലുള്ള ഏക ആയുധം ജിന്നും സിഹ്‌റും പറഞ്ഞ് ജനങ്ങളെ തെറ്റുധരിപ്പിക്കൽ മാത്രമാണ്. മർകസുദ്ദഅ്‌വ കെഎൻഎമ്മുകാരും സിഡി ടവർ കെഎൻഎമ്മുകാരും ഇപ്പണി നിരന്തരം ചെയ്തുകൊണ്ടേ യിരുന്നു. അതോടൊപ്പം ഹദീസ് നിഷേധ പ്രവണത മർകസുദ്ദഅ്‌വക്കാർ പരസ്യമാക്കാൻ തുടങ്ങി. ഈ പോക്ക് അപകടത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞതിനാൽ ഇതിനെല്ലാം മറുപടി നൽകാനും തുറന്നുകാട്ടാനും വിസ്ഡം നിർബന്ധിതമായി. അതിന്റെ ഭാഗമായാണ് പരപ്പനങ്ങാടിയിൽ നടന്നുകൊണ്ടിരിക്കുന്ന ആദർശ വിശദീകരണങ്ങൾ. ആദർശങ്ങൾ തമ്മിൽ ആരോഗ്യകരമായ രീതിയിൽ മാറ്റുരക്കുന്നത് നല്ലതാണ്. പ്രാമാണികമായ വിശദീകരണങ്ങൾ ജനങ്ങളെ സത്യം മനസ്സിലാക്കാൻ സഹായിക്കും.
എന്നാൽ മറുപടിയും ഖണ്ഡനവുമായി മർകസുദ്ദഅ്‌വക്കാർ പ്രത്യക്ഷപ്പെട്ടത് കളിയാക്കലും കൊച്ചാക്കലും നിഷേധത്തിൽ ഉറച്ചുനിന്നുകൊണ്ടുമാണ്. പണ്ഡിതന്മാരെ വ്യക്തിപരമായി വിമർശിക്കാനാണ് അവർ സമയം ചെലവഴിച്ചത്. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ തുടക്കത്തെ കുറിച്ചോ അതിന്റെ ആശയാദർശങ്ങളെക്കുറിച്ചോ കൂടുതൽ പഠിക്കുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തവർ എന്നൊക്കെയാണ് അവരുടെ വിമർശനം. എന്നാൽ ഒന്നാം ഖണ്ഡനത്തിലൂടെ വിസ്ഡം പക്ഷത്തെ പണ്ഡിതന്മാർ കൃത്യമായി ഇതിന് മറുപടി പറഞ്ഞു. കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഇന്നലകളിലെ നേതാക്കളും പണ്ഡിതന്മാരും സ്വീകരിച്ചുപോന്നതും പ്രചരിപ്പിച്ചുപോന്നതുമായ ആശയാദർശങ്ങൾ എന്തെന്ന് തെളിവു സഹിതം വ്യക്തമാക്കി. വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം പറയാനാകാതെ പഴയ പല്ലവി വീണ്ടും വീണ്ടും പാടി നടക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്.
സത്യത്തിന്റെ വക്താക്കളെ സമൂഹമധ്യത്തിൽ താറടിച്ച് കാണിക്കാനും സംഘടനാവിരോധം മൂത്ത് ഇസ്‌ലാമിക പ്രമാണങ്ങളെ വികലമാക്കാനും ഇറങ്ങിപ്പുറപ്പെട്ട ഇവർ ഇപ്പോൾ എത്തിനിൽക്കുന്നത് എവിടെയാണെന്ന് മനസ്സിലാക്കാൻ സലാം സുല്ലമി തന്നെ പണ്ട് ഹദീസ് നിഷേധികൾക്ക് നൽകിയ മറുപടി വായിച്ചാൽ മതി: “യഥാർത്ഥ വസ്തുത എന്താണെന്നുവെച്ചാൽ, പ്രവാചകചര്യയെ നിരാകരിക്കുകവഴി ക്വുർആൻ നിഷേധത്തിലേക്കും ഇസ്‌ലാം നിഷേധത്തിലേക്കും ആണ് ഇവർ എത്തിപ്പെട്ടത്’’ (ഹദീസ് നിഷേധികൾക്ക് മറുപടി, എ.അബ്ദുസ്സലാം സുല്ലമി, പേജ് 5).
അതെ, ഇവരുടെ ക്വുർആൻ നിഷേധത്തിന് തെളിവാണ് കോഴിക്കോട് എയർപോർട്ടിനടുത്ത് വെച്ച് ഇവർ നടത്തിയ സംസ്ഥാന സമ്മേളനത്തിൽ ഇവരുടെ തന്നെ അഡ്രസ്സിൽ പ്രസിദ്ധീകരിച്ച ‘വിശുദ്ധ ക്വുർആൻ മലയാള ആശയ വിവർത്തനം’ എന്ന പുസ്തകത്തിലൂടെ കാണാൻ സാധിക്കുന്നത്.
