എന്തുകൊണ്ട് ഇടയാളന്മാരില്ലാതെ അല്ലാഹുവോട് പ്രാർഥിക്കണം?

സലീം പട്‌ല

2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

അല്ലാഹുവിനും പടപ്പുകൾക്കും ഇടയിൽ ഇടയാളന്മാരുടെ ആവശ്യമില്ലെന്നും നേരിട്ട് അവനോട് പ്രാർഥിക്കാമെന്നും പറയുമ്പോൾ വിറളിപിടിക്കുന്ന, തങ്ങളുടെ ആദർശത്തെ അപഹസിക്കുന്ന വാക്കാണതെന്നു പറയുന്ന വിഭാഗം തങ്ങൾ ഇസ്‌ലാമിന്റെ യഥാർഥ ആദർശത്തിൽനിന്ന് ബഹുദൂരം അകലെയാണെന്നു സ്വയം വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

എന്തുകൊണ്ടാണ് അല്ലാഹുവിനും പടപ്പുകൾക്കും ഇടയിൽ ഇടയാളന്മാരുടെ ആവശ്യമില്ലെന്നും അവനോട് നേരിട്ടു പ്രാർഥിക്കുകയാണ് വേണ്ടതെന്നും പറയുന്നത്? അല്ലാഹു അന്ത്യനാൾവരെയുള്ള മാനവരാശിക്കായി അവതരിപ്പിച്ച വിശുദ്ധ വേദമായ ക്വുർആനിന്റെയും മുഹമ്മദ് നബിﷺയുടെ അധ്യാപനങ്ങളുടെയും അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത്. ക്വുർആനിൽനിന്നും ഏതാനും തെളിവുകൾ കാണുക:

1. അല്ലാഹു പറയുന്നു: “നിന്നോട് എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതാണ്...’’ (2:186).

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച’’ (40:60).

2. അല്ലാഹുവോട് മാത്രമാണ് ഇഹപര സൗഖ്യത്തിന്നായി നബിമാരെല്ലാം തേടിയത്. ഇടയാളന്മാരായി ആരെയും സ്വീകരിച്ചില്ല:

മുഹമ്മദ് നബിﷺക്ക് പ്രാർഥിക്കാനായി അല്ലാഹു പഠിപ്പിച്ചത് കാണുക: “എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശനമാർഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും സത്യത്തിന്റെ ബഹിർഗമനമാർഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കൽ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏർപെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക’’ (17:80).

“(നബിയേ,) പറയുക: എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഏറ്റവും ഉത്തമനാണല്ലോ’’ (23:118)

മൂസാ നബി(അ): “ഇഹലോകത്തും പരലോകത്തും ഞങ്ങൾക്ക് നീ നൻമ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീർച്ചയായും ഞങ്ങൾ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു...’’ (7:156). “...എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നൻമയ്ക്കും ഞാൻ ആവശ്യക്കാരനാകുന്നു’’ (28:24).

ഉപജീവനത്തിന്നായി ഈസാ നബി(അ)യും ദുആ ചെയ്തത് അല്ലാഹുവോട്: “...ഞങ്ങൾക്ക് നീ ഉപജീവനം നൽകുകയും ചെയ്യേണമേ. നീ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ’’ (5:114).

3. മക്കളില്ലാത്ത ഇബ്‌റാഹീം നബി(അ) പ്രാർഥിച്ചത് അല്ലാഹുവിനോട്: “എന്റെ രക്ഷിതാവേ, സദ്‌വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ’’(37:100).

സകരിയ്യാ നബി(അ): “അവിടെവെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാർഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കൽനിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർഥന കേൾക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു’’ (3:37).

4. മകനെ നഷ്ടപ്പെട്ട യഅ്ക്വൂബ് നബി(അ) തന്റെ വേവലാതിയും വ്യസനവും സങ്കടവും ബോധിപ്പിച്ചതും സഹായം തേടിയതും അല്ലാഹുവിനോട് നേരിട്ട്: “യൂസുഫിന്റെ കുപ്പായത്തിൽ കള്ളച്ചോരയുമായാണ് അവർ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങൾക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാൽ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തിൽ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ’’(12:18).

“...അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാൻ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്...’’(12:86).

ദുഃഖങ്ങളിൽനിന്നും ആപത്തിൽനിന്നുമുള്ള രക്ഷക്കായി യൂനുസ് നബി(അ) പ്രാർഥിച്ചതും അല്ലാഹുവോട്: “ദുന്നൂനിനെയും (ഓർക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദർഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകൾക്കുള്ളിൽനിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു’’(21:87).

5. രോഗശമനത്തിനും കഷ്ടപ്പാട് മാറ്റാനുമായി അയ്യൂബ് നബി(അ) പ്രാർഥിച്ചതും അല്ലാഹുവോട്: “അയ്യൂബിനെയും (ഓർക്കുക). തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ച സന്ദർഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽവെച്ച് ഏറ്റവും കരുണയുള്ള വനാണല്ലോ’’ (21:83).

6. ബദ്ർ യുദ്ധവേളയിൽ മുഹമ്മദ് നബിﷺയും സ്വഹാബിമാരും ഇസ്തിഗാസ (സഹായാഭ്യർഥന) നടത്തിയതും അല്ലാഹുവിനോട്: “നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദർഭം (ഓർക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നതാണ് എന്ന് അവൻ അപ്പോൾ നിങ്ങൾക്കു മറുപടി നൽകി’’(8:9).

ജാലൂത്തിനെതിരെയുള്ള പോരാട്ടത്തിൽ ദാവൂദ് നബി(അ)യും വിശ്വാസികളും ദുആ ചെയ്തതും അല്ലാഹുവോട് മാത്രം: “അങ്ങനെ അവർ ജാലൂത്തിനും സൈന്യങ്ങൾക്കുമെതിരെ പോരിനിറങ്ങിയപ്പോൾ അവർ പ്രാർഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെമേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും സത്യനിഷേധികളായ ജനങ്ങൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ’’ (2:250).

7. അധർമകാരികളും കുഴപ്പക്കാരുമായ ജനതയിൽനിന്ന് രക്ഷ ലഭിക്കാനായി ലൂത്വ് നബി(അ) സഹായം തേടിയത് അല്ലാഹുവിനോട്: “അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതി രിൽ എന്നെ നീ സഹായിക്കണമേ’’(29:30).

അക്രമികളായ ജനങ്ങളിൽനിന്ന് മൂസാ നബി(അ) രക്ഷചോദിച്ചത് അല്ലാഹുവിനോട്: “അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അക്രമികളായ ജനതയിൽനിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ’’(28:21).

സത്യനിഷേധികളുടെ മർദനങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നും ഇബ്‌റാഹീം നബി(അ) രക്ഷതേടിയതും അല്ലാഹുവിനോട് മാത്രം: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന് ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീർച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും’’(60:5).

8. എല്ലാ പ്രവാചകൻമാരും പാപമോചന പ്രാർഥന(ഇസ്തിഗ്ഫാർ) നടത്തിയത് അല്ലാഹുവോടു മാത്രമായിരുന്നു; ഇടയാളന്മാരോടല്ല.

ആദം നബി(അ): “അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും’’(7:23).

നൂഹ് നബി(അ): “അദ്ദേഹം (നൂഹ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാൻ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും’’ (11:47).

മൂസാ നബി(അ): “...എന്റെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോൾ അദ്ദേഹത്തിന് അവൻ പൊറുത്തു കൊടുത്തു. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (28:16).

ഇബ്‌റാഹീം നബി(അ): “ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ’’ (14:41).

സുലൈമാൻ നബി(അ): “അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്കുശേഷം ഒരാൾക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീർച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലൻ’’ (38:35).

മുഹമ്മദ് നബിﷺ: “(നബിയേ,) പറയുക: എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഏറ്റവും ഉത്തമനാണല്ലോ’’(23:118).

9. സ്വന്തത്തിനും കുടുംബത്തിനും വിശ്വാസികൾക്കും വേണ്ടി ഇബ്‌റാഹീം നബി(അ) അല്ലാഹുവിനോട് നേരിട്ടാണ് തേടിയത്, ഇടയാളന്മാരോടല്ല: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാക്രമങ്ങൾ ഞങ്ങൾക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ...’’(2:128).

മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും വേണ്ടി നൂഹ് നബി(അ): “എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ വിശ്വാസിയായിക്കൊണ്ട്് പ്രവേശിച്ചവന്നും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും സത്യവിശ്വാസിനികൾക്കും നീ പൊറുത്തുതരേണമേ...’’(71:28).

മുസ്‌ലിമായി മരിപ്പിക്കാനും സജ്ജനങ്ങളിൽ ഉൾപ്പെടുത്താനും യൂസുഫ് നബി(അ): “...നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ’’ (12:101)

10. സത്യം സ്ഥാപ്പിക്കപ്പെടുവാൻ ശുഐബ് നബി(അ): “...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും ഞങ്ങളുടെ ജനങ്ങൾക്കുമിടയിൽ നീ സത്യപ്രകാരം തീർപ്പുണ്ടാക്കണമേ. നീയാണ് തീർപ്പുണ്ടാക്കുന്നവരിൽ ഉത്തമൻ’’ (7:89).

(അവസാനിച്ചില്ല)