ലിബറലിസവും വാണിജ്യവാദവും
റോഷൻ പുനലൂർ ജാമിഅ അൽഹിന്ദ്
2024 നവംബർ 30, 1446 ജു. ഊലാ 28

യൂറോപ്യന്മാർക്കിടയിലെ പ്രധാനപ്പെട്ട ലോകവീക്ഷണങ്ങളിലൊന്ന് പ്രപഞ്ചം മുഴുവൻ അജ്ഞതയിലും അന്ധകാരത്തിലുമായിരുന്നു എന്നതാണ്. അത്തരമൊരു ചിന്താധാര യൂറോപിൽ യുക്തിയുഗത്തിന്റെ പ്രഭാതോദയത്തിന് കാരണമായി. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ എഴുത്തുകാരാണ് യുക്തിയുടെ യുഗം അല്ലെങ്കിൽ ജ്ഞാനോദയത്തിന്റെ യുഗം അവതരിപ്പിച്ചത്. അവരെ അതിന് പ്രേരിപ്പിച്ചത് ശാസ്ത്രം, യുക്തി, ആദരവ്, മനുഷ്യത്വം എന്നിവയാൽ പ്രബുദ്ധമായ ഒരു പുതിയ യുഗത്തിലേക്ക് അവർ പ്രവേശിക്കുകയാണെന്ന ആത്മവിശ്വാസമായിരുന്നു. കത്തോലിക്കാസഭയിലെ ഉന്നതരുടെ ധാർമിക അഴിമതിയോടുള്ള പ്രതികരണമായിരുന്നു ഈ ജ്ഞാനോദയം.
‘ദ മാർച്ച് ഓഫ് ഫോള്ളി’ യിൽ ബാർബറ ടച്ച്മാൻ ആഡംബരപൂർണമായ ജീവിത ശൈലികൾക്കായി പാപമോചനത്തെ വിൽക്കുന്ന, അവിഹിതമായുണ്ടാകുന്ന കുട്ടികളെ നിയമവിധേയമാക്കുന്ന, മതത്തിന്റെ പേരിൽ പാവപ്പെട്ടവനെ പറ്റിച്ചുകൊണ്ട് ജീവിക്കുന്ന, ധാർമിക പാപ്പരത്തമുള്ള പോപ്പുകളുടെ ഒരു പരമ്പരതന്നെ രേഖപ്പെടുത്തുകയുണ്ടായി. കത്തോലിക്കാസഭയുടെ അഴിമതി സമ്പ്രദായങ്ങൾ ക്രിസ്തുമതത്തിൽനിന്ന് തുടച്ചുനീക്കാൻ ശ്രമിച്ച പ്രതിഷേധക്കാരുടെ ആവിർഭാവത്തിന് പ്രസ്തുത സംഭവങ്ങൾ എങ്ങനെയാണ് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇവർ പല ക്രിസ്ത്യൻ വിഭാഗങ്ങളായി തിരിയുകയും പരസ്പരം പോരടിക്കാൻ തുടങ്ങുകയും ചെയ്തു. അതോടെ മതം സംഘർഷത്തിന്റെ ഉറവിടമാണെ ബോധം പരന്നു. അതിനാൽ യൂറോപ്യൻ സമൂഹങ്ങളെ സംഘടിപ്പിക്കുന്നതിന്റെ അടിസ്ഥാനമായി പോരാട്ടങ്ങളും വിവിധ ക്രിസ്ത്യൻ സംഘടനകളോടുള്ള അസഹിഷ്ണുതയും ഇല്ലാതാക്കണമെന്ന തിരിച്ചറിവ് ഉണ്ടാകുകയും ക്രിസ്ത്യാനിറ്റിക്ക് പകരമായി വസ്തുതാപരമായ അറിവും അതുപയോഗിച്ചുള്ള മതേതര ചിന്തകളും ഉയർന്നുവരുകയും ചെയ്തു. ഈ മതയുദ്ധങ്ങൾ പിന്നീട് വിവിധ ആശയങ്ങളുടെ ആവിർഭാവത്തെ സഹായിക്കുകയും മനുഷ്യരാശിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മതസ്വാധീനം ഇല്ലാതാക്കുകയും ചെയ്തു.
വാണിജ്യവാദം
തുടക്കത്തിൽ വാണിജ്യവാദം ലാഭാധിഷ്ഠിത ജനവിഭാഗങ്ങൾ നിയന്ത്രിക്കുന്ന സംസ്ഥാന ഘടനയുടെ ഒരു രൂപമായിരുന്നു. ഇംഗ്ലണ്ട്, ഫ്രാൻസ്, ഹോളണ്ട്, ജർമനി, സ്‌പെയിൻ, സ്‌കാൻഡിനേവിയ, ഫ്‌ലാൻഡേഴ്‌സ് എന്നിവിടങ്ങളിൽ 16ാം നൂറ്റാണ്ട് മുതൽ 18ാം നൂറ്റാണ്ടിന്റെ അവസാനംവരെ വാണിജ്യവാദം ഒരു പ്രത്യയശാസ്ത്രമായി നിലനിന്നിരുന്നു.
18ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ വാണിജ്യവാദം തികച്ചും ലിബറൽ സാമ്പത്തിക യുക്തിയിലേക്കും കമ്പോള മുതലാളിത്തത്തിലേക്കും നീങ്ങി. അതേസമയം സർക്കാരും സാമ്പത്തിക പ്രവർത്തനങ്ങളും സംസ്ഥാന കേന്ദ്രീകൃതയിൽനിന്ന് വിപണി കേന്ദ്രീകൃതയിലേക്ക് മാറ്റപ്പെട്ടു. ‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന ഗ്രന്ഥത്തിൽ ലിബറൽ ചിന്താധാരയുടെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന ആദം സ്മിത്ത് സ്വന്തം താൽപര്യങ്ങൾക്കായി തിരയുന്ന ഒരു യുക്തിസഹമായ ജീവിയായും തന്റെ വരുമാനത്തിലും സമ്പത്തിലും യഥാർഥവും പ്രതീക്ഷിക്കുന്നതുമായ മാറ്റങ്ങളോട് അതിവേഗം പ്രതികരിക്കുന്നവനായും എപ്പോഴും വ്യക്തിഗത കണക്കുകൂട്ടലുകളിൽ വ്യാപൃതനായവനായും മനുഷ്യനെ വിശേഷിപ്പിച്ചു. അവൻ എപ്പോഴെങ്കിലും സഹജീവികളെ ഓർത്ത് വേവലാതിപ്പെടുന്നുണ്ടെങ്കിൽ, അത് സ്വന്തത്തെ കൂടുതൽ വ്യക്തമായി അവതരിപ്പിക്കുന്നതിനാണ്.
20ാം നൂറ്റാണ്ടിൽ ലിബറലിസം നവലിബറലിസത്തിലേക്ക് നീങ്ങി. ഉദാരവൽക്കരണത്തിന്റെ കാര്യത്തിൽ ഭരണം കമ്പോളത്തിനും സാമ്പത്തികമനുഷ്യനും വിട്ടുകൊടുത്തു. നവലിബറലിസത്തിന്റെ കാര്യത്തിൽ സാമ്പത്തികമനുഷ്യനെ നിയന്ത്രണത്തിലാക്കാൻ നയങ്ങൾ രൂപകൽപന ചെയ്തു. നവലിബറൽ പാരമ്പര്യത്തിൽ, തത്ത്വചിന്തകനും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോൺ സ്റ്റുവർട്ട്മിൽ സാമ്പത്തിക മനുഷ്യനെ സമ്പത്ത് കാര്യക്ഷമമായി നേടാനുള്ള കഴിവ് എപ്പോഴും ആഗ്രഹിക്കുന്നവനായി ചിത്രീകരിച്ചു.
