ദുൽഹജ്ജിലെ പത്തു ദിനരാത്രങ്ങളുടെ ശ്രേഷ്ഠതകൾ
അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
2024 ജൂൺ 01, 1445 ദുൽഖഅദ് 24

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാർക്ക് സൽകർമങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകുന്നതിനുവേണ്ടി അവൻ പ്രത്യേക കാലവും സമയവും നിർണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളിൽ പെട്ടതാണ് ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തു ദിനരാത്രങ്ങൾ.
പ്രസ്തുത ദിവസങ്ങൾക്കുള്ള മഹത്ത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങൾ വിശുദ്ധക്വുർആനിലും പ്രവാചകവചനങ്ങളിലും കണ്ടെത്താവുന്നതാണ്.
1) അല്ലാഹു പറയുന്നു: “പ്രഭാതവും പത്ത് രാത്രികളും തന്നെയാണ് സത്യം’’ (സൂറത്തുൽ ഫജ്ർ 1-2). ഈ ആയത്തിൽ പറയുന്ന പത്തു രാവുകൾകൊണ്ടുദ്ദേശിക്കുന്നത് ദുൽഹജ്ജ് മാസത്തിലെ പത്തു രാത്രികളാണെന്നാണ് ഇബ്‌നുകസീർ(റഹ്) തന്റെ തഫ്‌സീറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2) “നിശ്ചിതദിവസങ്ങളിൽ അവന്റെ നാമം സ്മരിക്കുന്നതിന്നും വേണ്ടി’’ (അൽഹജ്ജ് 28). ഈ വചനത്തിലെ ‘നിശ്ചിത ദിവസങ്ങൾ’ കൊണ്ടുദ്ദേശിക്കുന്നത് ദുൽഹജ്ജിലെ പത്ത് ദിവസങ്ങളാണെന്ന് ഇബ്‌നു അബ്ബാസി(റ)ൽനിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്.
3) നബിﷺ പറഞ്ഞു: ‘ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമങ്ങളെക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമവുമില്ല.’ സ്വഹാബികൾ ചോദിച്ചു: ‘അപ്പോൾ ജിഹാദോ?’ നബിﷺ പറഞ്ഞു: ‘ഒരാൾ തന്റെ സമ്പ ത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ അർപ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല’’ (ബുഖാരി).
4) അബ്ദുല്ലാഹിബ്‌നു ഉമറി(റ)ൽനിന്ന്: “നബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ‘ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവഹിക്കുന്ന സൽകർമങ്ങളെപ്പോലെ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കർമങ്ങളുമില്ല. അതുകൊണ്ട് നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ്‌ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക’’ (ത്വബ്‌റാനി, മുഅ്ജമുൽ കബീർ).
5) “സഈദുബ്‌നു ജുബൈർ(റ) ദുൽഹജ്ജിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ തനിക്ക് താങ്ങാൻ കഴിയുന്നതിലുമപ്പുറം സൽകർമങ്ങൾ പ്രവർത്തിക്കാൻ പരിശ്രമിക്കുമായിരുന്നു’’ (ദാരിമി).
6) “മേൽപറയപ്പെട്ട ദിനങ്ങൾക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലേതു പോലെ, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്‌കാരം, നോമ്പ് ഹജ്ജ്, ദാനധർമങ്ങൾ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചുവരുന്ന മറ്റു ദിവസങ്ങൾ വേറെയില്ല എന്നതാണ്’’(ഇബ്‌നുഹജറുൽ അസ്‌ക്വലാനി, ഫത്ഹുൽബാരി).
ദുൽഹജ്ജിലെ ആദ്യത്തെ പത്തു ദിവസങ്ങൾക്ക് പ്രത്യേകതയുള്ളതിനാൽ നാം നിർവഹിക്കുന്ന കർമങ്ങൾ കൂടുതൽ ശ്രദ്ധയോടെയും പരിപൂർണരൂപത്തിലും നിർവഹിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നമസ്‌കാരം: നിർബന്ധ നമസ്‌കാരങ്ങൾ സമയമായാലുടനെ കഴിവതും ജമാഅത്തായി പള്ളിയിൽവെച്ച് നിർവഹിക്കുക, സുന്നത്തു നമസ്‌കാരങ്ങൾ കൃത്യമായി അനുഷ്ഠിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കർമങ്ങളാകുന്നു. ഇവ ദുൽഹജ്ജ് മാസത്തിൽ മാത്രമായി പ്രവർത്തിക്കേണ്ട കാര്യങ്ങളല്ല; എല്ലാ കാലത്തും വേണ്ടതാണ്.
സൗബാനി(റ)ൽ നിന്ന്, നബിﷺ പറഞ്ഞു: “നിങ്ങൾ സുജൂദുകൾ അധികരിപ്പിക്കുക. ഏതൊരു മനുഷ്യനും; അവൻ നിർവഹിക്കുന്ന ഓരോ സുജൂദു മുഖേനയും അവന്റെ പദവികൾ ഉയർത്തുകയോ പാപങ്ങൾ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ അത് നിർവഹിക്കുന്നില്ല’’ (മുസ്‌ലിം).
നോമ്പ്: പ്രവാചകപത്‌നിമാരിൽനിന്നും റിപ്പോർട്ട് ചെയ്യുന്നു: “നബിﷺ ദുൽഹജ്ജ് ഒമ്പത്, മുഹർറം പത്ത് മാസങ്ങളിൽ പൗർണമി ദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നിവയിൽ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു’’ (സ്വഹീഹു മുസ്‌ലിം).
ഇമാംനവവി(റഹ്) ദുൽഹജ്ജ് ഒന്നുമുതൽ ഒമ്പത് കൂടിയ ദിവസങ്ങളിൽ തുടർച്ചയായി നോമ്പനുഷ്ഠിക്കൽ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.
അറഫാദിനം: ഹജ്ജ്കർമം നിർവഹിച്ചുകൊണ്ടിരിക്കുന്ന ഹാജിമാർ അല്ലാത്തവർക്ക് അറഫാ ദിവസത്തിൽ നോമ്പുനോൽക്കൽ ഏറെ പുണ്യമുള്ള കാര്യമാണ്.
അത് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഓരോ വർഷത്തെ പാപങ്ങൾ പൊറുപ്പിക്കാൻ പര്യാപ്തമായതാണ്. (സ്വഹീഹു മുസ്‌ലിം).
തക്ബീറുകൾ
ഇബ്‌നുഉമറി(റ)ൽനിന്ന് ത്വബ്‌റാനി ഉദ്ധരിച്ച, മുകളിൽ സൂചിപ്പിച്ച ഹദീസിന്റെ അടിസ്ഥാനത്തിൽ തക്ബീർ, ലാ ഇലാഹ ഇല്ലല്ലാഹു, അൽഹംദുലില്ലാ എന്നീ കീർത്തനങ്ങൾ പ്രസ്തുത ദിവസങ്ങളിൾ അധികരിപ്പിക്കേണ്ടതാണ്. ഇബ്‌നുഉമർ(റ), അബൂഹുറയ്‌റ(റ) എന്നിവർ ഈ ദിവസങ്ങളിൽ അങ്ങാടികളിലിറങ്ങി തക്ബീർ ചൊല്ലുകയും അതുകേട്ട് ജനങ്ങളും തക്ബീർ ചൊല്ലുകയും ചെയ്തിരുന്നു (ബുഖാരി).
ഉദുഹിയ്യത്ത്
ദുൽഹജ്ജ്പത്തിനെ ‘ബലിദിനം’ (യൗമുന്നഹ്ർ) എന്ന് പ്രവാചകൻﷺ വിശേഷിപ്പിച്ചതിൽനിന്നു തന്നെ, അന്ന് നിർവഹിക്കാനുള്ള പ്രധാനപ്പെട്ട കർമം ബലി (ഉദുഹിയ്യത്ത്) ആണെന്ന് മനസ്സിലാക്കാവുന്നതാണ്. കഴിവുണ്ടായിരുന്നിട്ടും ഉദുഹിയ്യത്ത് നിർവഹിക്കാതിരിക്കുന്നത് ശരിയല്ല. വർഷത്തിൽ ഒരുതവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാമുള്ള കഴിവും സൗകര്യങ്ങളും നൽകി അനുഗ്രഹിച്ച അല്ലാഹു ആവശ്യപ്പെടുന്നത്! എന്നിട്ടും പലരും അതിനെ അവഗണിക്കുന്നു. ഓരോ വർഷവും അനാവശ്യമായി എത്രയോ പണം ചെലവഴിക്കുന്ന സമ്പന്നരുണ്ട്; ബലിയറുക്കാൻ അവർ കാശ് ചെലവഴിക്കാൻ മടിക്കു കയും ചെയ്യുന്നു.
ഒട്ടകം, മാട് വർഗം എന്നിവയിൽ ഏഴുപേർക്കുവരെ പങ്കുചേർന്ന് അറുക്കുവാൻ ഇസ്‌ലാം അനുവാദം നൽകുന്നു. ഈ പുണ്യകർമത്തിൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ അത് സഹായകമാണ്. ആടിനെയാണ് ബലിയറുക്കുന്നതെങ്കിൽ അത് ഒരാൾ തനിച്ചായിരിക്കണം, ഒന്നിലധികം ആളുകൾക്ക് പങ്കുചേരാവതല്ല.
അതുപോലെ ഒരാൾക്ക് ഒരു മൃഗത്തെ തനിക്കും തന്റെ കുടുംബത്തിനുമായി അറുക്കാവുന്നതാണ്. അബൂഅയ്യൂബുൽ അൻസ്വാരി(റ)യിൽ നിന്നും ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു: “നബിﷺയുടെ കാലത്ത് ഒരാൾ തനിക്കും തന്റെ വീട്ടുകാർക്കും കൂടി ഒരാടിനെ ബലിയറുക്കുകയും അവരതിൽനിന്ന് ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു’’ (ഇബ്‌നുമാജ, തിർമിദി).
മൃഗത്തിന്റെ സ്വഭാവം
തടിച്ചുകൊഴുത്തതും ആരോഗ്യമുള്ളതും വൈകല്യങ്ങൾ ഇല്ലാത്തതുമായ നല്ലയിനം മൃഗമായിരിക്കണം ഉദുഹിയ്യത്തിനായി തിരഞ്ഞെടുക്കേണ്ടത്. എന്ന് ഹദീസുകളിൽ കാണാവുന്നതാണ്. നബിﷺ പറഞ്ഞു: “കണ്ണിന്ന് തകരാറുകളുള്ളത്, രോഗം പ്രകടമായത്, മുടന്തുകാലുള്ളത്, മെലിഞ്ഞു കൊഴുപ്പൊക്കെ നശിച്ചത് എന്നീ നാലുതരം മൃഗങ്ങളെ ബലിയറുക്കൽ അനുവദനീയമല്ല’’ (അഹ്‌മദ്).
അറുക്കേണ്ട സമയം
പെരുന്നാൾ നമസ്‌കാരശേഷം മാത്രമെ അറുക്കാൻ പാടുള്ളൂ. നബിﷺ പറഞ്ഞു: “ഈ ദിവസത്തിൽ ആദ്യമായി നാം നിർവഹിക്കുന്നത് നമസ്‌കാരമാണ്. പിന്നെ നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇങ്ങനെ ആരെങ്കിലും പ്രവർത്തിച്ചാൽ അവൻ നമ്മുടെ സുന്നത്ത് പിൻപറ്റി. ആരെങ്കിലും നമസ്‌കാരത്തിനുമുമ്പ് അറുത്താൽ അത് തന്റെ വീട്ടുകാർക്ക് മാംസത്തിനുവേണ്ടി മാത്രമായിരിക്കും. ഉദുഹിയ്യത്തിൽ അതുൾപ്പെടുന്നതല്ല’’ (മുസ്‌ലിം).
‘ബലിദിനം’ എന്നു റസൂൽﷺ വിശേഷിപ്പിച്ച ദുൽഹജ്ജ് പത്താണ് ബലിയറുക്കാൻ ഏറ്റവും ഉത്തമമായത് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അയ്യാമുത്തശ്‌രീക്വ് എന്നറിയപ്പെടുന്ന ദുൽഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിവസങ്ങളിലും അറുക്കുന്നതിന് വിരോധമില്ല.
മാംസവിതരണം
“അവയുടെ (നിങ്ങൾ അറുക്കുന്ന മൃഗത്തിന്റെ) മാംസങ്ങളോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതല്ല. എന്നാൽ നിങ്ങളുടെ തക്വ്‌വ(ധർമനിഷ്ഠ)യാണ് അവന്റെയടുത്ത് എത്തുന്നത്’’ (ക്വുർആൻ 22:37).
മാംസം വിതരണം ചെയ്യുന്നതിന് പ്രത്യേക അനുപാതമോ പരിധിയോ നിശ്ചയിക്കപ്പെട്ടില്ല. ബലിയെ സംബന്ധിച്ച് പറയുന്നിടത്ത് വിശുദ്ധ ക്വുർആൻ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്:
“ആ ബലിയൊട്ടകങ്ങൾ പാർശ്വങ്ങളിൽ വീണുകഴിഞ്ഞാൽ അവയിൽനിന്ന് നിങ്ങൾ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവനെയും ആവശ്യപ്പെട്ടു വരുന്നവനെയും നിങ്ങൾ ഭക്ഷിപ്പിക്കുകയും ചെയ്യുക’’ (ഹജ്ജ്:36). “നിങ്ങൾ അതിൽനിന്ന് ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക’’ (അൽഹജ്ജ്: 28). ഇവിടെ, നൽകപ്പെടേണ്ടവരായി പാവപ്പെട്ടവർ, യാചിച്ചുവരുന്നവർ എന്നിവരാണ് എന്നാണ് ക്വുർആൻ പറഞ്ഞിട്ടുള്ളത്. ‘നിങ്ങൾ തിന്നുക, ദാനംചെയ്യുക, സൂക്ഷിക്കുക’ (തിർമിദി) എന്നാണ് ഹദീസുകളിലും വന്നിട്ടുള്ളത്. ഇവിടെയെല്ലാം നിരുപാധിക മായ പദങ്ങൾ ഉപയോഗിച്ചിട്ടുള്ളതിനാൽ, അൽപം ഭക്ഷിക്കാൻ എടുക്കുകയും ബാക്കി ആവശ്യക്കാർക്കു വിതരണം ചെയ്യുകയുമാണ് വേണ്ടത്.
അറവുകാരന്ന് കൂലിയെന്ന നിലയ്ക്ക് മാംസമോ മൃഗത്തിന്റെ തോലോ നൽകരുതെന്ന് പ്രത്യേകം ഹദീസുകളിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്. അലി(റ) പറയുന്നു: “നബിﷺ തന്റെ ഒട്ടകത്തിന്റെ കാര്യം നിർവഹിക്കാനും അതിന്റെ മാംസവും തോലും അതിന്മേലുള്ള വിരിപ്പും ദാനം ചെയ്യുവാനും എന്നോട് കൽപിച്ചു. അതിൽനിന്ന് ഒരു വസ്തുവും അറവുകാർക്ക് കൂലിയായി നൽകരുതെന്നും കൽപിച്ചു. ഞങ്ങൾ അവർക്ക് കൂലിയായി വേറെ സ്വന്തമായി നൽകുകയാണ് ചെയ്തിരുന്നത്’’ (ബുഖാരി, മുസ്‌ലിം). ഇക്കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അറുക്കുന്നവർ ശ്രദ്ധിക്കേണ്ടത്
ബലിയറുക്കാൻ ഉദ്ദേശിക്കുന്നവർ ദുൽഹജ്ജ് മാസം പിറന്നുകഴിഞ്ഞാൽ തന്റെ ശരീരഭാഗങ്ങളിൽ നിന്ന് രോമങ്ങൾ നീക്കം ചെയ്യുവാനോ നഖം മുറിക്കുവാനോ പാടുള്ളതല്ല. ഉമ്മുസലമ(റ)യിൽനിന്ന്; നബിﷺ പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ഉദുഹിയ്യത്ത് ഉദ്ദേശിക്കുന്നുവെങ്കിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടുകഴിഞ്ഞാൽ അറവുനടത്തുന്നതുവരെ അവന്റെ ശരീരത്തിൽനിന്ന് മുടികളും നഖങ്ങളും നീക്കം ചെയ്യുന്നത് ഉപേക്ഷിക്കണ്ടതാണ്’’ (മുസ്‌ലിം).
കഴിവതും സ്വന്തമായിത്തന്നെ അറുക്കലാണ് ഏറ്റവും ഉത്തമം. അതിന് പ്രയാസമുള്ളവർ അറവു നടത്തുന്നിടത്ത് ഹാജറാകുവാനെങ്കിലും ശ്രദ്ധിച്ചിരിക്കണം.
‘ബിസ്മില്ലാഹി വല്ലാഹു അക്ബർ’ എന്നു പറഞ്ഞുകൊണ്ടായിരിക്കണം അറുക്കേണ്ടത്. പ്രവാചകൻﷺ അപ്രകാരമായിരുന്നു നിർവഹിച്ചിരുന്നത് എന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസുകളിൽ വന്നിട്ടുണ്ട്. അറവിനുശേഷം, നബി(സ) ‘അല്ലാഹുമ്മ തക്വബ്ബൽ മിൻ മുഹമ്മദിൻ’ (അല്ലാഹുവേ, മുഹമ്മദിൽനിന്നും ഇതു നീ സ്വീകരിക്കേണമേ) എന്ന് പ്രാർഥിച്ചതായി മുസ്‌ലിമും അബൂദാവൂദും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
നാമും ഒരുങ്ങുക
ദുൽഹജ്ജിലെ നല്ല നാളുകളിലേക്കടുക്കുമ്പോൾ പുണ്യം നേടാനുള്ള ആവേശവും ആത്മാർഥതയും നമുക്കുണ്ടാകണം. നാം നമ്മുടെ മനസ്സ് നന്നാക്കി, പാപമുക്തി നേടുക. അതാകുന്നു അല്ലാഹു ഇഷ്ടപ്പെടുന്ന മാർഗം. അല്ലാഹു പറയുന്നു: “നമ്മുടെ മാർഗത്തിൽ പരിശ്രമിക്കുന്നവരാരോ അവരെ നാം നമ്മുടെ നേർമാർഗത്തിലേക്ക് നയിക്കുകതന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു സദ്‌വൃത്തരോടൊപ്പ വുമായിരിക്കും’’ (ക്വുർആൻ 29:69).
നമുക്കുമൊരുങ്ങാം; തക്വ്‌വയുള്ളവരായിത്തീരാൻ, സ്വർഗം നേടിയെടുക്കാൻ. വിജയികളെ ക്വുർആൻ പരിചയപ്പെടുത്തുന്നത് കാണുക: “തീർച്ചയായും അവർ നന്മയിൽ ധൃതികാണിക്കുകയും (സ്വർഗത്തെ) ആഗ്രഹിച്ചുകൊണ്ടും (നരകത്തെ) പേടിച്ചുകൊണ്ടും നമ്മോടു പ്രാർഥിക്കുകയും, നമ്മോട് ഭക്തി കാണിക്കുകയും ചെയ്യുന്നവരായിരുന്നു’’ (അൽഅൻബിയാഅ്: 90).
