ശവ്വാലിലെ ആറുനോമ്പ്; ഒരു വിശകലനം
മുഹമ്മദ് ജാസിൽ ജാഫർ, ജാമിഅ അൽഹിന്ദ്
2024 ഏപ്രിൽ 06, 1445 റമദാൻ 27

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് റമദാനിലെ വ്രതാനുഷ്ഠാനം. ഒരുപാട് ശ്രേഷ്ഠതകളുള്ള ആരാധനയാണ് വ്രതം.
നബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പനുഷ്ഠിക്കുന്നവന്റെ മുഖത്തെ നരകത്തിൽ നിന്ന് 70 വർഷത്തെ വഴിദൂരം അകറ്റുന്നതാണ്’ (ബുഖാരി).
റമദാനിലെ നിർബന്ധമായ നോമ്പിന് തുടർച്ചയായാണ് ശവ്വാലിലെ ആറുനോമ്പ് വരുന്നത്. ഈ നോമ്പിന്റെ പ്രാധാന്യം പ്രവാചകൻ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
അബൂഅയ്യൂബുൽ അൻസ്വാരി(റ)യിൽനിന്നുള്ള ഒരു ഹദീസ് കാണുക. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽﷺ പറയുന്നതു ഞാൻ കേട്ടു: ‘ഒരാൾ റമദാനിൽ നോമ്പനുഷ്ഠിക്കുകയും പിന്നീട് ശവ്വാലിൽനിന്നുള്ള ആറുദിനങ്ങൾ അതിനോടു തുടർത്തുകയും ചെയ്താൽ അവൻ ഒരു വർഷം നോമ്പനുഷ്ഠിച്ചതിനു തുല്യമാണ്’’ (മുസ്‌ലിം).
ഈ ഹദീസിൽനിന്ന് ലഭിക്കുന്ന സുപ്രധാന പാഠങ്ങൾ:
1. ഒരു നന്മക്ക് പത്തു പ്രതിഫലം എന്ന കണക്കനുസരിച്ച്, ഒരു വർഷം മുഴുവനും നോമ്പനുഷ്ഠിച്ച പ്രതിഫലം ഇതിലൂടെ കരഗതമാക്കാൻ സാധിക്കുന്നു.
ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലം നൽകപ്പെടുമെന്ന് ക്വുർആൻ പറയുന്നുണ്ട്. “വല്ലവനും ഒരു നന്മ കൊണ്ടുവന്നാൽ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്...’’ (6:160).
റമദാനിലെ മുപ്പത് നോമ്പു മുഖേന പത്തു മാസത്തെ പ്രതിഫലവും ശവ്വാലിലെ ആറു ദിവസത്തിലൂടെ രണ്ടു മാസത്തെ നോമ്പിന്റെ പ്രതിഫലവും, അങ്ങനെ ഒരു വർഷം നോമ്പനുഷ്ഠിച്ചവന് തുല്യമാകുന്നു.
2. റമദാനിലെ നോമ്പ് അനുഷ്ഠിച്ചതിനു ശേഷമാണ് ശവ്വാലിലെ ആറുനോമ്പ് അനുഷ്ഠിക്കേണ്ടത്.
ഒന്നാമത്തെ കാരണം; പ്രവാചകൻﷺ പറഞ്ഞത് ‘ഒരാൾ റമദാനിലെ നോമ്പനുഷ്ഠിക്കുകയും’ എന്നാണ്. റമദാനിലെ നോമ്പ് അനുഷ്ഠിച്ചു എന്ന് പറയണമെങ്കിൽ പൂർണമായി നോമ്പെടുക്കേണ്ടതുണ്ട്. അതിനാൽ റമദാനിൽ കുറച്ചു ദിവസം നോമ്പനുഷ്ഠിക്കുകയും എന്നിട്ട് ശവ്വാലിലെ ആറു നോമ്പ് അനുഷ്ഠിക്കുകയും ചെയ്താൽ അത് ശരിയാകുന്നതല്ല.
രണ്ടാമത്തെ കാരണം; ഹദീസിൽ പ്രയോഗിച്ച വാക്ക് ‘ശേഷം അതിനോട് തുടർത്തി’ എന്നാണ്. റമദാനിലെ നോമ്പിനോട് തുടർത്തണമെങ്കിൽ റമദാനിലെ നോമ്പ് പൂർണമായി അനുഷ്ഠിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം റമദാനിനോട് തുടർത്തി എന്ന് പറയുന്നതിൽ അർഥമില്ല. അതിനാൽ ശവ്വാലിലെ ആറു നോമ്പ് റമദാനിൽ പൂർണമായി നോമ്പനുഷ്ഠിച്ചവനുള്ളതാണ്.
പക്ഷേ, മറ്റു ചില ഹദീഥുകളുടെ പിൻബലത്താലും ന്യായമായ കാരണത്താലും; റമദാനിലെ നോമ്പ് ബാക്കിയുണ്ടായിരിക്കെ ശവ്വാലിലെ നോമ്പ് അനുഷ്ഠിക്കാമെന്നും, സ്ഥിരമായി ശവ്വാലിലെ നോമ്പനുഷ്ഠിക്കുന്ന വ്യക്തിക്ക് റമദാനിലെ നോമ്പ് വീട്ടിയതിനു ശേഷം ന്യായമായ കാരണത്താൽ ശവ്വാലിൽ അനുഷ്ഠിക്കാൻ സാധിച്ചില്ലെങ്കിൽ ശവ്വാൽ മാസം കഴിഞ്ഞാലും ആറുനോമ്പ് അനുഷ്ഠിക്കാമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. അതിനാൽ റമദാനിലെ നോമ്പ് ബാക്കിയുണ്ടായിരിക്കെ ശവ്വാലിലെ ആറുനോമ്പ് അനുഷ്ഠിക്കാമോയെന്ന വിഷയം വിശാലമാണ്.
എന്നാൽ ഐകകണ്‌ഠ്യേന പണ്ഡിതന്മാരെല്ലാം ഏറ്റവും ഉത്തമമായി കാണുന്നത് റമദാനിലെ നോമ്പ് ബാക്കിയുള്ളവർ അത് നോറ്റുവീട്ടിയതിനുശേഷം ശവ്വാലിലെ നോമ്പ് അനുഷ്ഠിക്കലാണ് എന്നാണ്. അതിനുള്ള കാരണങ്ങൾ താഴെ പറയുന്നതാണ്:
1) റമദാനിലെ നോമ്പ് നമ്മുടെ മേൽ നിർബന്ധമായതും ശവ്വാലിലെത് ഐച്ഛികവുമാണ്.
2) അന്ത്യനാളിൽ പ്രഥമമായി അല്ലാഹു നമ്മോട് ചോദിക്കുക നമ്മുടെ മേൽ ബാധ്യതയായ നിർബന്ധ കർമങ്ങളെ കുറിച്ചാണ്.
3) ഐച്ഛികം എന്നത് നിർബന്ധ കർമത്തിൽ വന്ന പോരായ്മകളെ നികത്താനുള്ളതാണ്.
4) അല്ലാഹു പറഞ്ഞതായി നബിﷺ അറിയിക്കുന്നു: ‘ഒരു അടിമ എന്നിലേക്ക് ഏറെ സാമീപ്യം സിദ്ധിക്കുന്നത് ഞാൻ നിർബന്ധമാക്കിയ കർമങ്ങൾ ചെയ്യുന്നതിലൂടെയാണ്’ (ബുഖാരി).
3. ശവ്വാൽ അവസാനിക്കുന്നതിനു മുമ്പ് നോമ്പനുഷ്ഠിച്ചാൽ പറയപ്പെട്ട പ്രതിഫലം ലഭിക്കുന്നതാണ്. കാരണം പ്രവാചകൻﷺ പറഞ്ഞത് ‘ശവ്വാലിൽനിന്ന് ആറു ദിവസം നോമ്പനുഷ്ഠിച്ചാൽ’ എന്നാണ് തുടർച്ചയായി അനുഷ്ഠിക്കണമെന്നോ ആദ്യത്തിൽ അനുഷ്ഠിക്കണമെന്നോ പ്രത്യേകം പറയാത്തതിനാൽ, ശവ്വാൽ അവസാനിക്കുന്നതിനു മുമ്പ് അനുഷ്ഠിച്ചാൽ ഹദീസിൽ പരാമർശിച്ച പ്രതിഫലം ലഭിക്കുന്നതാണ്. എന്നാൽ ആദ്യത്തെ ആറുദിവസം തുടർച്ചയായി അനുഷ്ഠിക്കലാണ് ഏറ്റവും ഉത്തമമായത്; നന്മയിലേക്ക് ധൃതിപ്പെടുവാനാണല്ലോ അല്ലാഹുവിന്റെ ആഹ്വാനം: ‘...എന്നാൽ നിങ്ങൾ ചെയ്യേണ്ടത് സൽപ്രവർത്തനങ്ങൾക്കായി മുന്നോട്ട് വരികയാണ്...’ (2:148).
ഇമാം നവവി(റഹി) പറഞ്ഞു: “ഈ ഹദീസ് പ്രകാരം ശവ്വാലിൽ ആറുനോമ്പനുഷ്ഠിക്കുകയെന്നത് സുന്നത്താണ്. ശവ്വാലിന്റെ തുടക്കത്തിൽ തുടർച്ചയായി അനുഷ്ഠിക്കൽ നല്ലതാണ്. ഹദീസ് പൊതുവായ അർഥത്തെയാണ് സൂചിപ്പിക്കുന്നത് എന്നതിനാൽ അത് വൈകിപ്പിച്ചോ തുടർച്ചയില്ലാതെയോ അനുഷ്ഠിച്ചാലും സാധുവാകുന്നതാണ്’’ (ശർഹുൽ മുഹദ്ദബ്).
അതിന് സാധിച്ചില്ലെങ്കിൽ മധ്യത്തിലോ അവസാനത്തിലോ തുടർച്ചയായി അനുഷ്ഠിക്കലാണ് ഉത്തമം. അതും സാധ്യമല്ലെങ്കിൽ മാസത്തിലെ ഏതെങ്കിലും ആറുദിവസം അനുഷ്ഠിക്കുകയാണ് വേണ്ടത്.
ശവ്വാലിലെ ആറുനോമ്പുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടാറുള്ള ഒരു ചോദ്യമാണ് ‘റമദാനിൽ നോറ്റ് വീട്ടാനുള്ള നോമ്പിന്റെ കൂടെ ശവ്വാലിലെ ആറു ദിവസത്തെ നോമ്പിന്റെ നിയ്യത്ത് കരുതാമോ’ എന്നത്.
ശവ്വാലിലെ ആറുദിവസത്തെ നോമ്പി ന്റെ നിയ്യത്ത് ഫർദിന്റെ കൂടെ കരുതാവു ന്നതല്ല. കാരണം, അത് റമദാനിൻ തുടരെയായി വരുന്നതാണ്; ഫർദ് നമസ്‌കാരങ്ങൾക്ക് സുന്നത്തായ റവാതിബ് നമസ്‌കാരമെന്നത് പോലെ യാണ് ശവ്വാലിലെ ആറ് നോമ്പ്. ഫർദ് നമസ്‌കാരത്തിന്റെ കൂടെ റവാതിബായ സുന്നത്ത് നമസ്‌കാരത്തിന്റെ നിയ്യത്ത് കരുതാൻ പാടില്ലാത്തതുപോലെ ഇതിലും കരുതാവതല്ല.
