തൗഹീദ്, പ്രമാണം, പ്രസ്ഥാനം

ടി.കെ നിഷാദ് സലഫി, പട്ടാമ്പി

2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

1924ൽ കേരള ജംഇയ്യത്തുൽ ഉലമ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഐക്യം എന്ന ലക്ഷ്യം മുന്നിൽവച്ച് സ്ഥാപിതമാകുമ്പോൾ അതിനോട് ചേർന്നെടുത്ത തീരുമാനമായിരുന്നു ഐക്യകേരളത്തിലെ ഇസ്‌ലാമിക പ്രബോധനം. മുജാഹിദ് പ്രസ്ഥാനം ഒരു നൂറ്റാണ്ടോളം സജീവമായി ഇസ്‌ലാമിക പ്രബോധനം നടത്തിപ്പോന്നു, ഏകദൈവാരാധനയിലേക്ക് സമൂഹത്തെ ക്ഷണിച്ചു. അത് പ്രവാചകന്മാർ കാണിച്ച പാതയാണ്.

നൂഹ് നബി(അ) പറഞ്ഞതായി അല്ലാഹു ക്വുർആനിലൂടെ അറിയിക്കുന്നു: “അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു’’ (നൂഹ് 5).

“തീർച്ചയായും, നീ അവർക്ക് പൊറുത്തുകൊടുക്കുവാൻ വേണ്ടി ഞാൻ അവരെ വിളിച്ചപ്പോഴൊക്കെയും അവർ അവരുടെ വിരലുകൾ കാതുകളിൽ വെക്കുകയും, അവരുടെ വസ്ത്രങ്ങൾ മൂടിപ്പുതക്കുകയും, അവർ ശഠിച്ചു നിൽക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്. പിന്നീട് അവരെ ഞാൻ ഉറക്കെ വിളിച്ചു. പിന്നീട് ഞാൻ അവരോട് പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി’’ (നൂഹ് 7-9).

അദ്ദേഹത്തിനുശേഷം ആഗതരായ പ്രവാചകന്മാരെല്ലാം ഈ ദൗത്യം കൃത്യമായി നിർവഹിച്ചു. അല്ലാഹു പറയുന്നു: “പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെ തുടരെ അയച്ചുകൊണ്ടിരുന്നു’’ (മുഅ്മിനൂൻ 44).

മുഹമ്മദ് നബിﷺയിലൂടെ അല്ലാഹു പ്രവാചകത്വം അവസാനിപ്പിച്ചു. അവിടുന്ന് ഏറെ എതിർപ്പുകൾ നേരിട്ട് ഈ ദൗത്യം നിർവഹിക്കുകയും അതിൽ വിജയം വരിക്കുകയും ചെയ്തു. ശേഷം സ്വഹാബികളും താബിഉകളുമടങ്ങുന്ന ഉത്തമ തലമുറ പ്രബോധന പ്രക്രിയ നിർവഹിക്കുന്നതിൽ വ്യാപൃതരായി. തുടർന്ന് വന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതരെല്ലാം പ്രബോധനമെന്ന മഹത്കൃത്യം നിർവഹിച്ചു.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, ഇസ്‌ലാമിന്റെ തനിമയാർന്ന വിശ്വാസാചാരങ്ങളിൽനിന്ന് അകന്നുപോയ കേരളത്തിലെ മുസ്‌ലിംകളെ അതിലേക്കു മടക്കിക്കൊണ്ടുവരാൻ മുജാഹിദ് പ്രസ്ഥാനം പതിറ്റാണ്ടുകൾ പരിശ്രമിച്ചു. അതിന്റെ അനന്തരഫലമാണ് കേരള മുസ്‌ലിംകൾക്കിടയിൽ ഇന്നു കാണുന്ന മത-ഭൗതിക രംഗങ്ങളിലെ വമ്പിച്ച പുരോഗതി. ഈ പ്രബോധനപ്രവർത്തനത്തിന്റെ തുടർച്ചയാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസഷന്റെ പ്രവർത്തനങ്ങൾ. ഇത്തരം ആദർശ സമ്മേളനങ്ങളുടെ ലക്ഷ്യം ഇസ്‌ലാമിന്റെ യഥാർഥ ആദർശം സമുദായത്തെ പഠിപ്പിക്കുക എന്നതാണ്.

ഫലസ്തീനിന്റെ മണ്ണിൽ പിഞ്ചുമക്കളുടെയും സ്ത്രീകളുടെയും ശവശരീരങ്ങൾ കുമിഞ്ഞ് കൂടുകയും ഇന്ത്യയിൽ ഫാഷിസ്റ്റ് ശക്തികൾ മുസ്‌ലിംകളുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുസ്‌ലിംകൾ ആദർശ ഭേദങ്ങൾക്കപ്പുറം ഐക്യത്തോടെ കഴിയുകയാണ് വേണ്ടത് എന്നിരിക്കെ ഇത്തരം ആദർശസമ്മേളനങ്ങളും ഖണ്ഡനമണ്ഡനങ്ങളും നടത്തുന്നത് ശരിയാണോ എന്ന് ആരായുന്നവർ സമൂഹത്തിലുണ്ട്. അവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഇത് മതപരമായ ബാധ്യതയാണ്. പ്രശ്‌നങ്ങനെല്ലാം അവസാനിച്ചിട്ടേ ഇതെല്ലാം പറ്റൂ എന്നു തീരുമാനിച്ചാൽ അതൊരിക്കലും നടക്കാതെ പോകുമെന്നതാണ് വസ്തുത.

അല്ലാഹു പറയുന്നു: “(നബിയേ) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു; ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്ക്‌ചേർക്കുന്ന കൂട്ടത്തിലല്ല തന്നെ.’’

ഈ ദൗത്യത്തിൽനിന്ന് എപ്പോഴെല്ലാം മുസ്‌ലിം സമൂഹം പിന്തിനിന്നിട്ടുണ്ടോ അപ്പോഴെല്ലാം സമുദായം തകർച്ചകൾ നേരിട്ടിട്ടുണ്ട്. ആയതിനാൽ അഹ്‌ലുസ്സുന്നയുടെ ഇമാമുമാരെല്ലാം ഈ ദൗത്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

ഇബ്‌നു അബ്ബാസ്(റ) ഖവാരിജുകളോട് നടത്തിയ സംവാദങ്ങൾ ഇസ്‌ലാമിക ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഖലീഫയായ അലി(റ)വിന്റെ സന്നിധിയിൽ ചെന്ന് ഇബ്‌നു അബ്ബാസ്(റ) അതിന് അനുവാദം ചോദിക്കുമ്പോൾ അദ്ദേഹം പ്രതിവചിച്ചത് ‘അവർ താങ്കളെ അപായപ്പെടുത്തുമെന്ന് ഞാൻ ഭയക്കുന്നു എന്നാണ്. ‘എന്റെ സ്വഭാവം ആ നിലയ്ക്കുള്ളതല്ല, ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല, അതുകൊണ്ട്തന്നെ എന്നെ അവർ വധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നല്ല’ എന്നായിരുന്നു ഇബ്‌നു അബ്ബാസ്(റ)വിന്റെ പ്രതികരണം. തുടർന്ന് അദ്ദേഹം ഖവാരിജുകൾക്കിടയിലേക്ക് ദീനിന്റെ പ്രബോധനത്തിനിറങ്ങി. അവരുമായി സംവദിച്ച് ഇരുപതിനായിരത്തിലധികം ഖവാരിജുകളെ തിരികെ ഇസ്‌ലാമിലേക്ക് കൊണ്ടു വന്നതിന് ചരിത്രം സാക്ഷിയായി.

ഇതുപോലെ പ്രസിദ്ധമാണ് ഇമാം അഹ്‌മദ് ഇബ്‌നു ഹമ്പൽ (റഹി) ക്വുർആൻ സൃഷ്ടിവാദത്തിനെ തിരെ നടത്തിയ പോരാട്ടത്തിന്റെ കഥ. ഒരു ഭരണകൂടവും നാട്ടിലെ പണ്ഡിതരടക്കമുള്ളവരും അദ്ദേഹത്തെ എതിർത്തപ്പോഴും അവരിൽനിന്നേറ്റ പീഡനങ്ങൾ സഹിച്ചും ജയിൽവാസം വരിച്ചും അദ്ദേഹം അഹ്‌ലുസ്സുന്നയുടെ ആദർശം പ്രചരിപ്പിച്ച് മുന്നോട്ടു പോയി.

അവരുടെ പിന്മുറക്കാരായ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി), മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹ്ഹാബ്(റഹി) പോലുള്ളവർ ഇസ്‌ലാമിന്റെ യഥാർഥ ആദർശം ജനങ്ങളെ പഠിപ്പിക്കുവാൻ അഹോരാത്രം അധ്വാനിച്ചു.

വിശുദ്ധ ക്വുർആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ, സച്ചരിതരായ മുൻഗാമികളുടെ മാർഗം അനുധാവനം ചെയ്തുകൊണ്ടാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുന്നോട്ടു പോകുന്നത്. വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സത്യപാതയിലേക്ക് ക്ഷണിക്കുമ്പോൾ; പ്രസ്ഥാനത്തിന്റെയും നേതാക്കന്മാരുടെയും മേൽ ശിർക്കാരോപിച്ചു കൊണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും ഈ മുന്നേറ്റത്തിന് ചിലർ തടയിടാൻ ശ്രമിക്കുന്നു. 2012ലെ നിർഭാഗ്യകരമായ ‘പിരിച്ചുവിടൽ’ സംഭവത്തിനുശേഷം ഇതുവരെയും പ്രബോധ നമേഖലയിൽ വ്യക്തമായ മുന്നേറ്റം നടത്താൻ ഈ പ്രസ്ഥാനത്തിന് അല്ലാഹുവിന്റെ കാരുണ്യത്താൽ സാധിച്ചിട്ടുണ്ട്. സമൂഹത്തിന്റെ നാനാതുറകളിലേക്കും ഇറങ്ങിച്ചെല്ലാനും അതിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് കഴിവിന്റെ പരമാവധി പ്രവർത്തിക്കാനും ഈ പ്രബോധക കൂട്ടായ്മക്ക് സാധ്യമായിട്ടുണ്ട്.

ഫാമിലി കോൺഫറൻസ്, പ്രൊഫ്‌കോൺ, പ്രൊഫെയ്‌സ്, തസ്‌ഫിയ, ഡോർ ടു ഡോർ സംരംഭങ്ങൾ, യുക്തിവാദികളും ലിബറലുകളും സമൂഹത്തിൽ വിഷം വമിപ്പിക്കുന്ന ഇടപെടലുകൾ നടത്തിയപ്പോൾ സംഘടിപ്പിച്ച ‘ഡയലോഗു’കൾ, ജനകീയ വിചാരണകൾ തുടങ്ങിയവ ആദർശപ്രചാരണത്തിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രം.

മുസ്‌ലിം സമൂഹത്തിനിടയിലേക്ക് ലിബറൽ ചിന്തകൾ സന്നിവേശിപ്പിക്കാനായി അനന്തരാവകാശ നിയമത്തെ ചോദ്യം ചെയ്തും തെറ്റിദ്ധരിപ്പിച്ചും യുക്തിവാദികൾ ശ്രമിച്ചപ്പോൾ ഇസ്‌ലാമിക നിയമങ്ങളുടെ മൂല്യവും യുക്തിയും നീതിയും ഗുണകാംക്ഷയും സമൂഹത്തെ പഠിപ്പിക്കാൻ പ്രസ്ഥാനത്തിന് സാധ്യമായിട്ടുണ്ട്.

സാമൂഹിക ക്ഷേമരംഗത്ത് സകാത്ത് സെൽ, സ്വയം തൊഴിൽ പദ്ധതി, വിദ്യാനിധി, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, കിഡ്‌നി കെയർ, ക്യാൻസർ കെയർ തുടങ്ങി പല പദ്ധതികളും നടപ്പിലാക്കിവരുന്നു. ഇതെല്ലാം ചെയ്യുന്നത് ഒരു മതസംഘടനയുടെ ഉത്തരവാദിത്തമെന്ന നിലയിലാണ്; ഭൗതികമായ നേട്ടങ്ങൾക്കുവേണ്ടിയല്ല.

ആരോഗ്യകരമായ ആശയ സംവാദങ്ങൾകൊണ്ടോ വൈജ്ഞാനിക ചർച്ചകൾകൊണ്ടോ മുസ്‌ലിം സമൂഹത്തിന് ദോഷമൊന്നും പിണഞ്ഞിട്ടില്ല. മറിച്ച്, സമൂഹം വഴിതെറ്റുന്ന സന്ദർഭത്തിൽ അവരെ ഗുണദോഷിക്കാൻ ആളില്ലാതിരുന്നപ്പോഴാണ് പരീക്ഷണങ്ങൾ നേരിട്ടിട്ടുള്ളത്.

മുസ്‌ലിം സമുദായത്തെ ‘ലോകം നിയന്ത്രിക്കുന്നത് സിഎമ്മാണ്’ എന്നതു പോലുള്ള കള്ളം പറഞ്ഞ് കടുത്ത തെറ്റിലേക്ക് പണ്ഡിതന്മാർ നയിക്കുമ്പോൾ, പ്രാർഥനയെ പോലും ചിലർ തെറ്റായി വ്യാഖ്യാനിക്കു മ്പോൾ നമുക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം വർധിക്കുകയാണ്. അതിന്റെ ഭാഗമാണ് ആദർശ സമ്മേളനങ്ങളും വൈജ്ഞാനിക ചർച്ചകളുമെല്ലാം.

മതത്തെക്കുറിച്ച് തെറ്റുധാരണകളിൽ അകപ്പെട്ടവരുണ്ട്, കപട ആശയങ്ങൾ തലയിലേറ്റുന്നവരുണ്ട്, മുജാഹിദ് പ്രസ്ഥാനത്തിന് തൗഹീദിൽ തെറ്റുപറ്റിയിട്ടുണ്ട് എന്ന് സംശയിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെയാണ് അദർശ പഠന പരിപാടികളിൽ സംഘടന പ്രധാനമായും അഭിസംബോധന ചെയ്യുന്നത്. പഠിക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കണമെന്നാണ് അവരോടെല്ലാം പറയാനുള്ളത്.

എല്ലാ ചർച്ചകളെയും ശ്രവിക്കുന്നവരും എല്ലാ പുതുമകളെയും ഉൾകൊള്ളുന്നവരുമാണ് പൊതുസമൂഹം. പക്ഷേ, മതപരമായ ചർച്ചകളോടും പ്രമാണബദ്ധമായ ആശയ സംവാദങ്ങളോടും വൈമനസ്യം കാണിക്കുന്നു. അത് പഠിക്കാനോ കേൾക്കാനോ സന്നദ്ധരാകുന്നില്ല.

ഈ മനോഭാവം അല്ലാഹുവിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നവർക്ക് ഭൂഷണമല്ല. ‘ഇക്കാലഘട്ടത്തിലും ഈ സാഹചര്യത്തിലും എന്തിന് ഇത്തരം ചർച്ചകളെന്ന് ആക്ഷപിക്കുവാനല്ല; എല്ലാം ശ്രവിച്ച് ശരികൾ കണ്ടെത്തി ആ വഴിയിൽ ജീവിതം ക്രമപ്പെടുത്താനാണ് വിശ്വാസികൾ ശ്രമിക്കേണ്ടത്.

(തയ്യാറാക്കിയത്: ഉസ്മാൻ പാലക്കാഴി)