നബിമാർ പ്രാർഥിച്ചത് ആരോട്?

മുനവ്വർ ഫൈറൂസ്

2024 സെപ്തംബർ 21, 1446 റ. അവ്വൽ 18

(ഭാഗം:02)

പ്രവാചകന്മാരെല്ലാം അല്ലാഹുവോടു മാത്രം പ്രാർഥിച്ചവരാണെന്ന് കഴിഞ്ഞ ലക്കത്തിൽ നാം മനസ്സിലാക്കി. അവരുടെ ഏതാനും പ്രാർഥനകൾ കാണുകയും ചെയ്തു.

അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർഥിക്കാൻ പാടില്ല എന്നതിന് എത്രയോ തെളിവുകൾ ക്വുർആനിലും ഹദീസുകളിലും നമുക്ക് കാണുവാൻ സാധിക്കും.

അല്ലാഹു പറയുന്നു: “വല്ലവനും അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവത്തെയും വിളിച്ച് പ്രാർഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കൽ യാതൊരു പ്രമാണവും ഇല്ലതന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല; തീർച്ച’’ (ക്വുർആൻ 23:117).

അല്ലാഹുവിന് പുറമെ യാതൊന്നിനോടും പ്രാർഥിക്കാത്തവരാണ് അവന്റെ യഥാർഥ ദാസന്മാർ എന്ന് അല്ലാഹു നമ്മെ അറിയിച്ചിട്ടുമുണ്ട്:

“അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാർഥിക്കാത്തവരും അല്ലാഹു പവിത്രമാക്കിവെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചുകളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവർ. ആ കാര്യങ്ങൾ വല്ലവനും ചെയ്യുന്നപക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും’’ (ക്വുർആൻ 25:68).

അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുവാൻ സ്വന്തം നാട്ടിൽ കഴിയാതെ വന്നപ്പോൾ നാട് വിടാനൊരുങ്ങുകയും വഴിമധ്യെ ഒരു ഗുഹയിൽ അഭയം പ്രാപിക്കുകയും ചെയ്ത, ഗുഹാവാസികൾ (അസ്ഹാബുൽ കഹ്ഫ്) എന്നറിയപ്പെടുന്ന യുവാക്കളുടെ പ്രഖ്യാപനം ക്വുർആനിൽ കാണാവുന്നതാണ്:

“ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങൾ പ്രാർഥിക്കുന്നതേയല്ല, എങ്കിൽ (അങ്ങനെ ഞങ്ങൾ ചെയ്യുന്നപക്ഷം) തീർച്ചയായും ഞങ്ങൾ അന്യായമായ വാക്ക് പറഞ്ഞവരായിപ്പോകും എന്ന് അവർ എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ച സന്ദർഭത്തിൽ അവരുടെ ഹൃദയങ്ങൾക്കു നാം കെട്ടുറപ്പ് നൽകുകയും ചെയ്തു. ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ദൈവങ്ങളെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവർ കൊണ്ടുവരാത്തതെന്താണ്? അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ അക്രമിയായി ആരുണ്ട്!’’ (ക്വുർആൻ 18:14,15).

ഇതുപോലെ ആത്മാർഥമായി പ്രഖ്യാപിക്കുവാൻ ഓരോ സത്യവിശ്വാസിക്കും കഴിയേണ്ടതുണ്ട്. അല്ലാഹുവിനു ആരെ വിളിച്ചു പ്രാർഥിച്ചാലും ആ പ്രാർഥിക്കുന്നവൻ ഏറ്റവും വഴിപിഴച്ചവരാണ് എന്നാണ് ക്വുർആൻ മുന്നറിയിപ്പ് നൽകുന്നന്നത്:

“അല്ലാഹുവിനു പുറമെ, ഉയിർത്തെഴുന്നേൽപിന്റെ നാളുവരെയും തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദർഭത്തിൽ അവർ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവർ അവരെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും’’ (ക്വുർആൻ 46:5,6).

മാത്രവുമല്ല, അത്തരം വഴിമാറിയ പ്രാർഥന അല്ലാഹുവിൽ പങ്കുചേർക്കുക എന്ന മഹാ ആക്രമമാണ്. അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാർഥിച്ചാൽ അവർ ആ പ്രാർഥന കേൾക്കില്ലെന്നും ഉത്തരം നൽകില്ലെന്നും ക്വുർആൻ അറിയിക്കുന്നു. പരലോകത്തുവെച്ച് തങ്ങളെ വിളിച്ചു പ്രാർഥിച്ചതിനെ അവർ നിഷേധിക്കുകയും ചെയ്യും:

“നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല’’ (ക്വുർആൻ 35:14).

പ്രാർഥന അല്ലാഹുവല്ലാത്തവർക്ക് നൽകൽ ശിർക്കാണ് അഥവാ അല്ലാഹുവിൽ പങ്കുചേർക്കലാണ് എന്നതാണ് ഉപരിസൂചിത വചനം അറിയിക്കുന്നത്. ഒരാൾ ശിർക്ക് ചെയ്താൽ അയാൾക്ക് സ്വർഗം നിഷിദ്ധവും നരകം നിർബന്ധവുമായിരിക്കും. അതുകൊണ്ട് അല്ലാഹുവിനോട് മാത്രം പ്രാർഥിക്കുക.

“(നബിയേ,) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാർഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ല’’ (ക്വുർആൻ 72:20).

“പള്ളികൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാർഥിക്കരുത്’’ (ക്വുർആൻ 72:18).

സൂറതുൽ ഫാതിഹയിലൂടെ നമസ്‌കാരത്തിൽ നാം ദിനേന പലതവണ ഇക്കാര്യം പ്രഖ്യാപിക്കുണ്ട് എന്നതോർക്കുക: “നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു’’ (ക്വുർആൻ 1:5).

എന്നാൽ നമസ്‌കാരശേഷം പലരും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നത് ഖേദകരമായ വസ്തുതയാണ്.

അല്ലാഹുവല്ലാത്ത ശക്തികളെയും വ്യക്തികളെയും സചേതന-അചേതന വസ്തുക്കളെയും വിളിച്ചുപ്രാർഥിക്കുന്നതിലെ നിരർഥകത വളരെ ഭംഗിയായി, മനസ്സിൽ തട്ടുന്ന രൂപത്തിൽ ക്വുർആൻ നമുക്ക് പറഞ്ഞുതരുന്നുണ്ട്:

“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല; അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽനിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ’’ (ക്വുർആൻ 22:73).

“അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാർഥന. അവന്നു പുറമെ ആരോടെല്ലാം അവർ പ്രാർഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവർക്ക് യാതൊരു ഉത്തരവും നൽകുന്നതല്ല. വെള്ളം തന്റെ വായിൽ (തനിയെ) വന്നെത്താൻ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർ. അത് (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാർഥന നഷ്ടത്തിൽ തന്നെയാകുന്നു’’ (ക്വുർആൻ 13:14).

“അതെന്തു കൊണ്ടെന്നാൽ അല്ലാഹുവാണ് സത്യമായിട്ടുള്ളവൻ. അവനു പുറമെ അവർ ഏതൊന്നിനെ വിളിച്ച് പ്രാർഥിക്കുന്നുവോ അതുതന്നെയാണ് നിരർഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവൻ’’ (ക്വുർആൻ 22:62).