ബിദ്അത്തുകളെല്ലാം വഴികേടു തന്നെ

ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്

2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം 4

(വിവ: ശമീർ മദീനി)

മാലികി പണ്ഡിതനായ ഇബ്‌നുൽ അറബി അൽമാലികി(റഹി) പറയുന്നു: “മറഞ്ഞ മയ്യിത്തിനുവേണ്ടിയുള്ള ജനാസ നമസ്‌കാരം നബിﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ളതാണ് എന്നാണ് മാലികി പണ്ഡിതന്മാർ പറയുന്നത്. എന്നാൽ നാം പറയട്ടെ, നബിﷺ ചെയ്ത കാര്യം ഉമ്മത്തിനും (അഥവാ മറ്റുള്ളവർക്കും) ചെയ്യാവുന്നതാണ്. അതായത്, നബിﷺക്ക് മാത്രം പ്രത്യേകമാണ് എന്ന് പറയാതിരിക്കലാണ് അടിസ്ഥാനം (അസ്വ‌്ൽ). അപ്പോൾ അവർ പറയും ‘നബിﷺക്ക് മുഅ്ജിസത്തിലൂടെ ഭൂമി ചുരുട്ടപ്പെടുകയും ജനാസ മുന്നിൽ ഹാജരാക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു’ എന്ന്. അതിന് നമുക്ക് പറയാനുള്ളത് ഇതാണ്: “നമ്മുടെ റബ്ബ് അതിന് കഴിവുള്ളവനാണ്. നമ്മുടെ പ്രവാചകൻﷺ അതിന് (ആ മുഅ്ജിസത്തിലൂടെ ആദരിക്കപ്പെട്ടതിനു) യോഗ്യനുമാണ്. എന്നാൽ നിങ്ങൾക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിങ്ങൾ സംസാരിക്കരുത്. നിങ്ങളുടെ സ്വന്തം വകയായി നിങ്ങൾ ഹദീസുണ്ടാക്കരുത്. സ്ഥിരപ്പെട്ട ഹദീസുകൾ വെച്ചല്ലാതെ നിങ്ങൾ സംസാരിക്കരൂത്. ദുർബലമായ റിപ്പോർട്ടുകളെ കയ്യൊഴിയുകയും ചെയ്യുക. കണ്ടെത്താൻ കഴിയാത്തത് നശിപ്പിക്കുന്ന ഒരു രീതിയാണത്’’ (ഫത്ഹുൽ ബാരി 3/189, ശൗക്കാനിയുടെ നൈലുൽ ഔത്വാർ 4/54).

‘സ്വലാത്തുൽ വുസ്ത്വാ’ (മധ്യമ നമസ്‌കാരം) ഏതാണെന്ന് നിർണയിക്കുന്ന വിഷയത്തിൽ ഹാഫിദ്വ് ഇബ്‌നു കസീർ(റഹി) പറയുന്നു: “അത് അസ്വ‌്ർ നമസ്‌കാരമാണെന്ന് സുന്നത്തിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. അതിനാൽ ആ അഭിപ്രായത്തിലേക്ക് മടങ്ങൽ തീർച്ചപ്പെട്ടു.’’ എന്നിട്ട് ഇമാം ശാഫിഈ(റഹി)യുടെ ഈ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നു: “ഞാൻ പറഞ്ഞ എതൊരഭിപ്രായത്തിനും എതിരായി നബിﷺയിൽനിന്ന് സ്വീകാര്യയോഗ്യമായ (സ്വഹീഹായ) റിപ്പോർട്ട് വന്നാൽ നബിﷺയുടെ ഹദീസാണ് പിൻപറ്റേണ്ടത്. അല്ലാതെ എന്നെ നിങ്ങൾ ‘തക്വ്‌ലീദ്’ ചെയ്യരുത്. ഇമാം ഇങ്ങനെയും പറഞ്ഞിട്ടുണ്ട്: “നബിﷺയുടെ ഹദീസ് സ്ഥിരപ്പെടുകയും അതിനു വ്യത്യസ്തമായി ഞാൻ വല്ലതും പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ അഭിപ്രായത്തിൽനിന്ന് മടങ്ങുകയും നബിﷺയുടെ ഹദീസനുസരിച്ച് പറയുകയും ചെയ്തതായി മനസ്സിലാക്കുക.’’

ശേഷം ഇബ്‌നു കസീർ(റഹി) പറയുന്നു: “ഇത് അദ്ദേഹത്തിന്റെ മഹത്ത്വവും വിശ്വസ്തതയുമാണറിയിക്കുന്നത്. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ സമശീർഷരായ ഇമാമുമാരുടെയും നിലപാട്. അല്ലാഹു അവരെയെല്ലാവരെയും തൃപ്തിപ്പെടുകയും അവരിൽ കരുണ ചൊരിയുകയും ചെയ്യുമാറാകട്ടെ, ആമീൻ. ഇതിനാലാണ് ക്വാദി മാവർദി (റഹി) മധ്യമ നമസ്‌കാരം (സ്വലാത്തുൽ വുസ്ത്വാ) അസ്വ‌്ർ നമസ്‌കാരമാണെന്നു തന്നെയാണ് ഇമാം ശാഫിഈയുടെ അഭിപ്രായമെന്ന് തറപ്പിച്ചുപറഞ്ഞത്. ഇമാം ശാഫിഈ തന്റെ ജദീദായ ക്വൗലിലും (പുതിയ അഭിപ്രായം) മറ്റും അത് സുബ്ഹി നമസ്‌കാരമാണെന്നാണ് പറഞ്ഞിട്ടുള്ളത് എങ്കിൽ കൂടി- കാരണം മധ്യമ നമസ്‌കാരം അസ്വ‌്ർ നമസ്‌കാരമാണെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ (മാവർദിയുടെ) ഈ രീതിയോട് ശാഫിഈ മദ്ഹബിലെ ഹദീസ് പണ്ഡിതന്മാരിൽ ഒരു വിഭാഗം യോജിച്ചിട്ടുമുണ്ട്. അല്ലാഹുവിന്നാകുന്നു സർവസ്തുതിയും’’ (തഫ്‌സീർ ഇബ്‌നു കസീർ, അൽബക്വറ സൂക്തം 238ന്റെ വിവരണം).

ഇബ്‌നുഹജർ (റഹി) ഫത്ഹു ൽ ബാരിയിൽ പറയുന്നു: “രണ്ട് റകഅത്ത് പൂർത്തിയാക്കി മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റ് നിൽക്കുമ്പോൾ കൈകൾ രണ്ടും ഉയർത്തണം എന്ന വിഷയത്തിൽ ശാഫിഈ മദ്ഹബിലെ ഹദീസ് പണ്ഡിതനായ ഇബ്‌നു ഖുസൈമ(റഹി) പറയുന്നു: ‘ഇമാം ശാഫിഈ(റഹി) പറഞ്ഞിട്ടില്ലായെങ്കിലും അതാണ് സുന്നത്ത്. കാരണം, ഹദീസ് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ(റ) ഇങ്ങനെയാണല്ലോ പറഞ്ഞിട്ടുള്ളത്; നിങ്ങൾ സുന്നത്തനുസരിച്ച് വിധി പറയുക, എന്റെ വാക്ക് ഉപേക്ഷിക്കുക’’ (ഫത്ഹുൽ ബാരി 2/222).

ഇബ്‌നു ഹജർ(റഹി) ഫത്ഹു ൽ ബാരിയിൽ തന്നെ ഉദ്ധരിക്കുന്നു: “ഇബ്‌നു ഖുസൈമ(റഹി) പറഞ്ഞു: ‘നബിﷺയുടെ സുന്നത്ത് ഇതാണെന്നു മനസ്സിലായശേഷം അതിന് എതിരു പറയൽ ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം ഹറാം(നിഷിദ്ധം) ആണ്’’ (3/95).

“ഇമാം ശാഫിഈ(റഹി) പറഞ്ഞതായി റബീഇൽ നിന്നും ബൈഹക്വി തന്റെ ‘അൽമഅ്‌രിഫ’യിൽ ഉദ്ധരിക്കുന്നു: ‘രണ്ടു പെരുന്നാളുകൾക്കും സ്ത്രീകൾ (മുസ്വല്ലയിലേക്ക്) പുറപ്പെടണമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. പ്രസ്തുത ഹദീസ് സ്ഥിരപ്പെട്ടതാണെങ്കിൽ ഞാനതനുസരിച്ച് പറയും.’ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അത് ഉദ്ധരിച്ചിട്ടുണ്ട്. അതായത്, ഉമ്മു അത്വിയ്യ(റ)യുടെ ഹദീസ്. അതിനാൽ ശാഫിഈ മദ്ഹബ് അംഗീകരിക്കുന്നവർക്ക് അതനുസരിച്ച് പറയൽ അനിവാര്യമായിരിക്കും’’ (ഫത്ഹുൽ ബാരി 2/470).

ഒട്ടകമാംസം ഭക്ഷിച്ചശേഷം ‘വുദൂഅ്’ ചെയ്യണമോ എന്ന വിഷയത്തിലെ വ്യത്യസ്ത പണ്ഡിതാഭിപ്രായങ്ങൾ പറഞ്ഞശേഷം ശർഹു മുസ്‌ലിമിൽ (4/49) ഇമാം നവവി(റഹി) പറയുന്നു: “ഇമാം അഹ്‌മദും ഇസ്ഹാക്വ് ഇബ്‌നു റാഹവൈഹിയും പറയുന്നു: “ഈ വിഷയത്തിൽ അഥവാ ഒട്ടകമാംസം കഴിച്ചാൽ വുദൂഅ് ചെയ്യണമെന്ന വിഷയത്തിൽ രണ്ട് ഹദീസുകൾ വന്നിട്ടുണ്ട്. ഒന്ന് ജാബിർ(റ) നിവേദനം ചെയ്യുന്നതാണ്. ഈ അഭിപ്രായത്തിനാണ് ഏറ്റവും ശക്തമായ തെളിവുകളുടെ പിൻബലമുള്ളത്; ഭൂരിപക്ഷം അതിന് എതിരാണെങ്കിലും.’’

‘അല്ലാഹുവല്ലാതെ ആരധനക്കർഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കുന്നതുവരെ യുദ്ധം ചെയ്യാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു’ എന്ന, ഇബ്‌നു ഉമർ(റ) നിവേദനം ചെയ്ത ഹദീസിന്റെ വിവരണത്തിൽ, അബൂബക്‌റും(റ) ഉമറും(റ) തമ്മിൽ സകാത്ത് നൽകാൻ വിസമ്മതിക്കുന്നവരുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന വിഷയത്തിൽ നടന്ന ചർച്ചയും വാഗ്വാദങ്ങളും ഉദ്ധരിച്ച ശേഷം ഇബ്‌നു ഹജർ(റഹി) പറഞ്ഞു: “സുന്നത്ത് അഥവാ ഹദീസുകൾ ചിലപ്പോൾ വലിയ പ്രമുഖരായ സ്വഹാബിമാർക്ക് ലഭിക്കാതിരിക്കുകയും സാധാരണക്കാരായ സ്വഹാബിമാർ അത് അറിയുകയും ചെയ്യാനും സാധ്യതയുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. അതിനാൽ സുന്നത്ത് സ്ഥിരപ്പെട്ടുവന്നശേഷം അതിനെതിരിൽ വന്ന അഭിപ്രായങ്ങൾ ആരുടെത് തന്നെയായാലും, എത്ര ശക്തമാണെങ്കിലും അവയിലേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല. ഇന്നയിന്ന മഹാന്മാർക്ക് അതെങ്ങനെ അറിയാതെപോയി എന്ന് അത്ഭുതം കൂറേണ്ടതുമില്ല’’ (ഫത്ഹുൽ ബാരി 1/76).

ഫത്ഹുൽ ബാരിയിൽ തന്നെ പറയുന്നു: “ഹജ്ജിന് ബലിയറുക്കാനുള്ള മൃഗങ്ങൾക്ക് അടയാളം വെക്കൽ അനുവദനീയമാണെന്ന് മുൻഗാമികളും പിൻക്കാലക്കാരുമായ ഭൂരിപക്ഷം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ അത് വെറുക്കപ്പെട്ടതാണെന്നു (മക്‌റൂഹ്) ആണ്. അബൂഹനീഫ(റ) അഭിപ്രായമെന്ന് ഇമാം ത്വഹാവി ഉദ്ധരിക്കുന്നു. മറ്റു പണ്ഡിതന്മാർ നബിﷺയുടെ ചര്യയെ പിൻപറ്റികൊണ്ട് അങ്ങനെ അടയാളം വെക്കൽ സുന്നത്താണെന്നും അഭിപ്രായപ്പെടുന്നു. എത്രത്തോളമെന്നാൽ ഇമാം അബൂഹനീഫ (റ)യുടെ പ്രമുഖരായ രണ്ട് ശിഷ്യന്മാർ - മുഹമ്മദ്ബ്‌നുൽ ഹസനും അബൂയൂസുഫും വരെയും അത് നല്ലതാണെന്ന് പറയുന്നു’’ (ഫത്ഹുൽ ബാരി 3/544)

ബിദ്അത്തുകളെല്ലാം വഴികെടാകുന്നു; അതിൽ നല്ലതില്ല

ബിദ്അത്തുകളെല്ലാം വഴികേടാണ്. ജാബിർ(റ), ഇർബാദ്(റ) എന്നിവർ ഉദ്ധരിക്കുന്ന നബിﷺയുടെ വാക്കുകളിൽനിന്ന് അത് ഗ്രഹിക്കാവുന്നതാണ്. ‘എല്ലാ ബിദ്അത്തുകളും വഴികേടാണ്’ എന്ന നബി വചനത്തിൽനിന്നുതന്നെ ‘ഇസ്‌ലാമിൽ നല്ല ബിദ്അത്തുകളുണ്ട്’ എന്ന വാദത്തിന്റെ നിരർഥകത മനസ്സിലാക്കാം.

ഇബ്‌നു ഉമറിന്റെ(റ) വാക്കിലും ഇത് കാണാം: “എല്ലാ ബിദ്അത്തുകളും വഴികേടാണ്; ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും.’’

ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെയും അതിനുശേഷം അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെയും പ്രതിഫലമുണ്ടായിരിക്കും; അവരുടെ പ്രതിഫലത്തിൽ ഒട്ടും കുറയാതെ തന്നെ. ആരെങ്കിലും ഇസ്‌ലാമിൽ ഒരു ചീത്ത സമ്പ്രദായം തുടങ്ങിവെച്ചാൽ അയാൾക്ക് അതിന്റെയും അതിനുശേഷം അത് പ്രവർത്തിച്ചവരുടെയും പാപഭാരമുണ്ടായിരിക്കും; അവരുടെ പാപഭാരത്തിൽ ഒട്ടും കുറയാതെ തന്നെ’’ (മുസ്‌ലിം).

ഈ ഹദീസിനെ തെളിവാക്കിക്കൊണ്ട് ഇസ്‌ലാമിൽ നല്ല ബിദ്അത്തുണ്ട് എന്ന് ചിലർ പറയാറുണ്ട്. അതൊരിക്കലും ശരിയല്ല. കാരണം, മേൽപറഞ്ഞ ഹദീസിന്റെ ഉദ്ദേശ്യം ഇസ്‌ലാം അംഗീകരിച്ച ഒരു സൽകർമത്തിലെക്ക് മുന്നിട്ടുചെല്ലലും അതിനെ മറ്റുള്ളവർ മാതൃകയാക്കലുമാണ്. പ്രസ്തുത ഹദീസിന്റെ പശ്ചാത്തലം അത് വ്യക്തമാക്കുന്നുണ്ട്.

മുള്ർ ഗോത്രത്തിൽപെട്ട ഒരു സംഘമാളുകൾ മദീനയിൽ വന്നു. അവരുടെ ദാരിദ്ര്യവും അവശതയും അവരിൽ പ്രകടമായിരുന്നു. അപ്പോൾ നബിﷺ ദാനധർമങ്ങൾക്കായി (സ്വദക്വ) ആളുകളെ പ്രേരിപ്പിച്ചു. അങ്ങനെ അൻസ്വാറുകളിൽപെട്ട ഒരു സ്വഹാബി ഒരു ചാക്ക് നിറയെ സാധനങ്ങളുമായി വന്നു. അയാൾക്ക് സ്വന്തമായി കയ്യിൽ പിടിച്ചു കൊണ്ടുവരാൻ സാധിക്കാത്തയത്രയുണ്ടായിരുന്നു അത്. അങ്ങനെ അയാളുടെ പിന്നാലെ ആളുകൾ ഓരോരുത്തരായി ദാനധർമങ്ങൾ ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ്’ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല ചര്യ നടപ്പിലാക്കിയാൽ...’ എന്ന വചനം നബിﷺ പറഞ്ഞത്.

(ഏതെങ്കിലും ഒരു പ്രദേശത്ത്) നബിﷺയുടെ സ്ഥിരപ്പെട്ട ഒരു സുന്നത്ത് പ്രകടമായി കാണാതിരിക്കുകയും അങ്ങനെ ആരെങ്കിലും പ്രസ്തുത സുന്നത്തിനെ അവർക്കിടയിൽ പ്രയോഗവൽക്കരിക്കുകയും അതുവഴി അതിനെ ജീവിപ്പിക്കുകയും ചെയ്താൽ അയാൾക്ക് ആ പ്രതിഫലമുണ്ടായിരിക്കുമെന്നാണ് ഹദീസിന്റെ താൽപര്യം. അല്ലാതെ മതത്തിൽ പുതിയതായ ആചാര-അനുഷ്ഠാനങ്ങൾ ഉണ്ടാക്കുന്നതിന് അതൊരിക്കലും തെളിവാകുകയില്ല. കാരണം, നബിﷺതന്നെ പറഞ്ഞിട്ടുണ്ട്; ‘ആരെങ്കിലും നമ്മുടെ ഈ മതകാര്യങ്ങളിൽ അതിലില്ലാത്തത് പുതുതായി കടത്തിക്കൂട്ടിയാൽ അത് തള്ളപ്പെടേണ്ടതാണ്’ എന്ന്.

ഇസ്‌ലാമിക ശരീഅത്ത് സമ്പൂർണമാണ്. ഇനി അതിലേക്ക് ഒന്നും കൂട്ടിച്ചേർക്കേണ്ടതില്ല. മതത്തിൽ പുതിയതായി ബിദ്അത്തുകൾ ഉണ്ടാക്കുന്നതിലൂടെ അതിന്റെ സമ്പൂർണതയെ നിരാകരിക്കുകയും അതിന്റെ പൂർണതയിൽ സംശയം പ്രകടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ‘എല്ലാ ബിദ്അത്തുകളും വഴികേടാണ്, ജനങ്ങൾ അവയെ നല്ലതായി കണ്ടാലും’ എന്ന, ഇബ്‌നു ഉമറിന്റെ(റ) വാചകം നേരത്തെ ഉദ്ധരിച്ചത് ഓർക്കുക.

അപ്രകാരം തന്നെ ഇമാം മാലിക്(റഹി) പറയുന്നു: “ആരെങ്കിലും ഇസ്‌ലാമിൽ നല്ലതായി കണ്ടുകൊണ്ട് വല്ല ബിദ്അത്തും ഉണ്ടാക്കിയാൽ മുഹമ്മദ് നബിﷺ തന്റെ ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നാണ് അയാൾ അതിലൂടെ ജൽപിക്കുന്നത്. കാരണം, അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ഇന്നേദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു.’ അതിനാൽ അന്ന് ദീനല്ലാത്തത് ഇന്ന് ദീനാകുകയില്ല.

എന്നാൽ ഉമർ(റ) തറാവീഹ് നമസ്‌കാരത്തിൽ ആളുകളെ ഒരു ഇമാമിന്റെ കീഴിലാക്കിയത് ദീനിൽ പുതിയതായി ബിദ്അത്തുണ്ടാക്കിയതല്ല. മറിച്ച് ദീനിൽ സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ ജീവിപ്പിക്കുകയും പ്രകടമാക്കുകയും മാത്രമാണ് അദ്ദേഹം ചെയ്തത്. കാരണം, നബിﷺ ഏതാനും രാത്രികളിൽ ആളുകളെയും കൂട്ടി റമദാനിൽ രാത്രി നമസ്‌കാരം (ക്വിയാമുല്ലൈൽ) നിർവഹിച്ചിട്ടുണ്ട്. പിന്നീട് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയത്തിലാണ് തുടരാതിരുന്നത്. അക്കാര്യം ഇമാം ബുഖാരി (ഹദീസ് നമ്പർ 1129ൽ) ഉദ്ധരിച്ചിട്ടുണ്ട്. നബിﷺ വഫാത്താകുകയും വഹ്‌യ് നിലച്ചതിലൂടെ ഇനി അത് നിർബന്ധമാക്കപ്പെടുമെന്ന ആശങ്ക നീങ്ങുകയും തറാവീഹ് നമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കൽ ഒരു സുന്നത്തായി നിലനിൽക്കുകയും ചെയ്തപ്പോഴാണ് ഉമർ(റ) അപ്രകാരം ചെയ്തത്.

എന്നാൽ ഉമർ(റ) പ്രസ്തുത തറാവീഹ് നമസ്‌കാരത്തെ കുറിച്ച് ‘ഇത് എത്ര നല്ല ബിദ്അത്ത് (നിഅ്്മൽ ബിദ്അത്തു ഹാദിഹി) എന്നു പറഞ്ഞത് മതത്തിലെ പുതുനിർമിതിയായ ബിദ്അത്ത് എന്ന അർഥത്തിലല്ല, മറിച്ച് ഭാഷാർഥത്തിലുള്ള ‘ബിദ്അത്ത്’ അഥവാ ആളുകൾക്കിടയിൽ പരിചയമില്ലാതിരുന്ന ഒരു സുന്നത്ത് പുതുക്കി ജീവിപ്പിച്ചു കാണിച്ചു എന്ന അർഥത്തിലാണ്.

(തുടരും)