നല്ല മനസ്സുണ്ടാകാൻ നാലു കാര്യങ്ങൾ
ദുൽക്കർഷാൻ അലനല്ലൂർ
2024 നവംബർ 02, 1446 റ. ആഖിർ 30

ഒരു മുസ്‌ലിമിന്റെ ജീവിതത്തിൽ ഈമാൻ അഥവാ വിശ്വാസം വർധിക്കുകയും കുറയുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ടാകും. മുസ്‌ലിമായിരിക്കെ തന്നെ നിർബന്ധ ആരാധനകർമങ്ങളായ നമസ്‌കാരം കൃത്യതയും കണിശതയുമില്ലാതെ അലസമായും സമയബന്ധിതമായല്ലാതെയും നിർവഹിക്കൽ, സകാത്ത് കണക്കനുസരിച്ച് നൽകണമെന്നറിഞ്ഞിട്ടും അതിൽ താൽപര്യക്കുറവ് കാണിക്കൽ, റമദാനിൽ നോമ്പുകാരനായിരിക്കെത്തന്നെ നോമ്പിന്റെ പ്രതിഫലത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിങ്ങനെ തുടങ്ങി, ഒരുവേള ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങളിലേക്കുവരെ ചെന്നെത്തുമ്പോൾ വിശ്വാസത്തിന്റെ തോത് കുറഞ്ഞുവരും എന്നതിൽ സംശയമില്ല. എന്നാൽ അഞ്ചുനേരത്തെ നമസ്‌കാരം കൃത്യമായും സമയബന്ധിതമായും നിർവഹിച്ച്, അനുബന്ധമായ ഐഛിക നമസ്‌കാരങ്ങൾ നഷ്ടപ്പെടുത്താതെ, സകാത്ത് കണക്കനുസരിച്ച് കൊടുത്ത്, നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ പുലർത്തി, നന്മ ചെയ്യാനുള്ള അവസരങ്ങളെല്ലാം യഥോചിതം ഉപയോഗിച്ച് ജീവിക്കുമ്പോൾ ഈമാൻ വർധിക്കുമെന്നതിൽ സംശയമില്ല.
സദാസമയവും ഹൃദയത്തിൽ ഈമാൻ നിറഞ്ഞുനിൽക്കുക എന്നത് ഒരു വിശ്വാസിയുടെ ജീവിതത്തിലെ വലിയ സൗഭാഗ്യമാണ്. അത് എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല. അല്ലാഹു വിശുദ്ധ ക്വുർആനിലൂടെ രണ്ട് തരം മനസ്സുകളെ കുറിച്ച് നമുക്ക് പറഞ്ഞുതരുന്നുണ്ട്:
“അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽനിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവൻ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?). എന്നാൽ അല്ലാഹുവിന്റെ സ്മരണയിൽനിന്ന് അകന്ന് ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ’’ (ക്വുർആൻ 39:22).
മേൽ വചനത്തിൽ രണ്ടുതരം ഹൃദയങ്ങളെ കുറിച്ചുള്ള പരാമർശമുണ്ട്. ഒന്ന്, ഹിദായത്തിന്റെ (സന്മാർഗം) പ്രകാശം ലഭിച്ച് ഇസ്‌ലാമിനെ സ്വീകരിക്കാനും ഉൾക്കൊള്ളാനും അതനുസരിച്ച് ജീവിക്കാനും ഭാഗ്യം ലഭിച്ചത്. മറ്റൊന്ന്, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയില്ലാത്തത്. അല്ലാഹുവിനെ ഓർക്കുന്നതിൽനിന്ന് മനസ്സ് മാറിപ്പോവുകയും ഇസ്‌ലാമിക നിയമസംഹിതകളിൽ നിന്ന് അകലുകയും ചെയ്യുമ്പോൾ സ്വാഭാവികമായും മനസ്സ് കടുത്തുപോകും.
നബിﷺ പറഞ്ഞതായി ഇബ്‌നു ഉമർ(റ) നിവേദനം ചെയ്യുന്നു: “നിങ്ങൾ അല്ലാഹുവിന്റെ ‘ദിക്ർ’ അല്ലാത്ത വിഷയത്തിൽ സംസാരം അധികരിപ്പിക്കരുത്. കാരണം ‘ദിക്ർ’ അല്ലാത്തതിൽ സംസാരം വർധിപ്പിക്കുന്നത് ഹൃദയത്തിനു കാഠിന്യം ഉണ്ടാക്കുന്നതാണ്. ജനങ്ങളിൽ നിന്ന് അല്ലാഹുവിനോട് ഏറ്റവും അകന്നത് കടുത്ത ഹൃദയമത്രെ’’ (തിർമിദി).
ദാമ്പത്യരംഗത്തും സാമ്പത്തികരംഗത്തും സാമൂഹികരംഗത്തും, ഇടപാടുകളും ഇടപെടലുകളും നടത്തുമ്പോഴും തുടങ്ങി, മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും രണ്ടുതരം ഹൃദയത്തിന്റെ ഉടമകളെ നമുക്ക് കാണുവാൻ സാധിക്കും.
ഇതിൽ ഒന്നാമത്തെ ഹൃദയം ലഭിച്ചവരിൽനിന്ന് ലോലവും കാരുണ്യവും സ്‌നേഹവുമുള്ള സമീപനങ്ങളും പെരുമാറ്റങ്ങളുമാണ് നമുക്ക് കാണാൻ സാധിക്കുക. എന്നാൽ രണ്ടാമത് പറഞ്ഞ ഹൃദയത്തിന്റെ ഉടമകളിൽനിന്ന് പരുഷതയും ഗൗരവവും കാർക്കശ്യവും അസൂയയും നിറഞ്ഞ സമീപനങ്ങളും പെരുമാറ്റങ്ങളുമായിരിക്കും നാം കാണുക.
മനസ്സ് നിർമലവും വിശാലവും സ്‌നേഹം, കരുണ, അലിവ്, അനുകമ്പ പോലുള്ള സദ്ഗുണങ്ങളുള്ളതുമാകുവാനുള്ള ചില കാര്യങ്ങൾ പണ്ഡിതന്മാർ വിശദീകരിച്ചതായി കാണാം. അതിൽ പ്രധാനപ്പെട്ട നാലു കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം:
1. മരണത്തെക്കുറിച്ചുള്ള ചിന്ത
അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ പറഞ്ഞു: “സർവ ആസ്വാദനങ്ങളേയും മുറിച്ച് കളയുന്ന മരണ ചിന്ത നിങ്ങൾ അധികരിപ്പിക്കുക’’ (തിർമുദി).
ജീവിതത്തിലെ സർവ ആസ്വാദനങ്ങൾക്കും അവസാനം കുറിക്കുന്നത് മരണത്തോടെയാണല്ലോ. അതാകട്ടെ ഏതു നിമിഷവും എവിടെവെച്ചും സംഭവിക്കാം.
അല്ലാഹു പറയുന്നു: “ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും’’ (ക്വുർ ആൻ 29:57).
“ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ ഒരു നാഴികനേരം പോലും വൈകിക്കുകയോ നേരത്തെയാക്കുകയോ ഇല്ല’’ (ക്വുർആൻ 7:34).
“താൻ ഏതു നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല’’ (ക്വുർആൻ 31:34).
അബൂദർദ്ദാഅ്(റ) പറഞ്ഞു: “ആരെങ്കിലും മരണത്തെക്കുറിച്ച് അധികമായി ഓർത്താൽ അവന് അസൂയ കുറയുകയും അമിതമായി സന്തോഷിക്കുന്നത് കുറയുകയും ചെയ്യും.’’
ജീവിതത്തിൽ തനിക്ക് ലഭിക്കാത്തത് മറ്റുള്ളവർക്ക് ലഭിക്കുമ്പോഴും മറ്റുള്ളവരുടെ വളർച്ചയിലും മറ്റും സ്വാഭാവികമായും ഉണ്ടായേക്കാനിടയുള്ള അസൂയയെന്ന തിന്മയും തനിക്ക് വല്ല നേട്ടവും ലഭിച്ചാലുള്ള അമിതമായ സന്തോഷവും ഇല്ലാതാകുവാനും മനസ്സ് ലോലമാകുവാനും മരണചിന്ത സഹായകമാണ്.
2. രോഗികളെയും പരീക്ഷിക്കപ്പെട്ടവരെയും സന്ദർശിക്കുക
ഇഹലോകത്തിന്റെ നിസ്സാരത നമ്മെ ബോധ്യപ്പെടുത്ത സന്ദർഭങ്ങളിലൊന്നാണ് അപകടം സംഭവിച്ചവരെയോ, മാരകമായ രോഗങ്ങൾക്ക് വിധേയരായവരെയോ, അതല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും വലിയ ബുദ്ധിമുട്ടുകൾകൊണ്ടോ പ്രയാസങ്ങൾകൊണ്ടോ പരീക്ഷിക്കപ്പെട്ടവരെയോ കാണുക എന്നത്.
പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോൾ പ്രാർഥിക്കാനായി നബിﷺ പഠിപ്പിച്ച പ്രാർഥനയിൽ തന്നെ അതിന്റെ പൊരുൾ നമുക്ക് കാണാൻ കഴിയും. അത് ഇപ്രകാരമാണ്: “നിന്നെ ബാധിച്ച പരീക്ഷണത്തിൽ നിന്ന് എനിക്ക് സൗഖ്യം നൽകുകയും സൃഷ്ടികളിൽ അനേകം ആളുകളെക്കാൾ എന്നെ ഉൽകൃഷ്ടനാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സർവസ്തുതിയും’’ (തിർമുദി).
നാം സൂക്ഷിച്ചും ശ്രദ്ധിച്ചും കൊണ്ടുനടക്കുന്ന നമ്മുടെ ശരീരത്തിന്റെ അവസ്ഥ ഒരു ചെറിയ അപകടം കൊണ്ട് മാറിമറിയാം. ദീർഘകാലത്തെ സമ്പാദ്യം വലിയ ഒരു രോഗത്തിന്റെ ചികിത്സക്ക് തികയാതെ വരികയും വലിയ കടബാധ്യത വരുത്തിവയ്ക്കുകയും ചെയ്‌തേക്കാം. അത്തരം ഒരവസ്ഥ എനിക്ക് രക്ഷിതാവ് നൽകിയില്ല എന്നത് വലിയ അനുഗ്രഹമാണെന്ന് തിരിച്ചറിയാൻ ഇത്തരം സന്ദർശനങ്ങൾ സഹായിക്കും.
3. മരണാസന്നരായവരെ സന്ദർശിക്കുക
ദീർഘകാലമായി രോഗത്തിൽ കിടക്കുകയോ, അപകടം സംഭവിച്ച് അത്യാസന്ന നിലയിൽ കഴിയുകയോ ചെയ്യുന്ന, ഇനി സാധാരണ ജീവിതത്തിലേക്ക് ഒരു മടക്കമില്ല എന്ന അവസ്ഥയിലെത്തിയ, അന്ത്യനിമിഷങ്ങളടുത്തവരെ സന്ദർശിച്ചാൽ അത് ജീവിത്തിൽ ഒരു വീണ്ടുവിചാരത്തിന് ഇടയാക്കിയേക്കാം.
ഒരിക്കൽ മരണാസന്നനായ ഒരു രോഗിയെ സന്ദർശിച്ചു വന്ന ഹസനുൽ ബസ്വരി(റഹി)യോട് തന്റെ കുടുംബം ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ ഭക്ഷണത്തോട് താൽപര്യം കാണിക്കാതെ അവരോടായി അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ കഴിക്കുകയും കുടിക്കുകയും ചെയ്യുക. ഇന്ന് ഞാൻ വല്ലാത്ത ഒരു കാഴ്ച കണ്ടു. ആ അവസ്ഥ എനിക്ക് എത്തുന്നതുവരെ അതിനുവേണ്ടി ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കും.’
ഉറ്റാലോചിക്കാനും ജീവിതത്തിൽ വന്നുപോയ തെറ്റുകൾ തിരുത്താനും മനസ്സിനെ പാകപ്പെടുത്താൻ ഇത്തരം സന്ദർഭങ്ങളും സാഹചര്യങ്ങളും തുണയാകും.
4. ക്വബ്ർ സന്ദർശനം
മനസ്സിനെ ശുദ്ധീകരിക്കാൻ ഉതകുന്ന ഏറ്റവും നല്ല മാർഗമാണ് ക്വബ്ർ സന്ദർശനം. മാതാപിതാക്കളുടെയോ മക്കളുടെയോ മറ്റു ഉറ്റ ബന്ധുക്കളുടെയോ ക്വബ്ർ സന്ദർശിക്കുന്ന വേളയിൽ ഏതൊരു വ്യക്തിയും നാളെ താനും ആറടി മണ്ണിൽ ഇതുപോലെ കിടക്കേണ്ടവനാണല്ലോ എന്നു ചിന്തിച്ചുപോകും.
അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ പറഞ്ഞു: “നിങ്ങൾ ക്വബ്‌റുകൾ സന്ദർശിക്കുക, കാരണം അത് നിങ്ങൾക്ക് പരലോകത്തെ ഓർമപ്പെടുത്തും’’ (ഇബ്‌നുമാജ).
ഉസ്മാൻ ഇബ്‌നു അഫ്ഫാൻ(റ) ക്വബ്‌റിനരികിലൂടെ നടന്നുപോയാൽ തന്റെ താടിരോമങ്ങൾ നനയുമാറ് കരയുമായിരുന്നു. അദ്ദേഹത്തോട് ആരോ ചോദിച്ചു: ‘നിങ്ങൾ സ്വർഗ-നരകത്തെ ഓർത്ത് കരയാതെ ക്വബ്ർ കണ്ടിട്ടാണോ കരയുന്നത്?’ ഉസ്്മാൻ(റ) പറഞ്ഞു: ‘പരലോകത്തിന്റെ ഒന്നാമത്തെ ഇടം ക്വബ്‌റാകുന്നു. ഒരാൾ അവിടെ രക്ഷപ്പെട്ടാൽ ശേഷമുള്ളത് അവന് വളരെ എളുപ്പമാകുന്നു. അതിൽ രക്ഷപ്പെടാത്തവന് ബാക്കിയുള്ളതെല്ലാം പ്രയാസകരമായിരിക്കും.’ എന്നിട്ടദ്ദേഹം നബി ﷺ പറഞ്ഞ ഒരു വചനം പറഞ്ഞു: ‘ക്വബ്‌റിനെക്കാൾ ഭീകരമായതും മോശമായതുമായ ഒരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല’ (തിർമുദി).
ഉറ്റവർക്കു വേണ്ടി പ്രാർഥിക്കുന്നതോടൊപ്പം ജീവിതത്തിലെ അനിവാര്യമായും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചിന്തിക്കുകയും ജീവിതത്തിലെ എല്ലാ രംഗത്തും മാറണമെന്ന തീരുമാനം എടുക്കുകയും മനസ്സിനെ അതിനായി പാകപ്പെടുത്തുകയും ചെയ്യാൻ സഹായിക്കുന്ന അവസരമാണത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾകൊണ്ട് മനസ്സിനെ നിർമലമാക്കാനും വിനയമുള്ളതാക്കാനും നന്നാക്കാനും നാം പരിശ്രമിക്കണം.
